SignIn
Kerala Kaumudi Online
Sunday, 21 June 2026 4.54 AM IST

അമൃതകിരണം മഹത്വത്തിന്റെ മാനദണ്ഡം

asd

വിശ്വാമിത്രൻ വലിയ തപസ്വിയായിരുന്നു. വസിഷ്ഠമഹർഷിയെക്കാൾ കേമനായിത്തീരണമെന്നായിരുന്നു അദ്ദേഹത്തിന്റെ ഒരേ ഒരാഗ്രഹം. എന്നാൽ എല്ലാവരും വിശ്വാമിത്രനേക്കാൾ വസിഷ്ഠനെയാണ് ബഹുമാനിച്ചിരുന്നത്. എത്ര ചിന്തിച്ചിട്ടും ഇതിന്റെ കാരണം വിശ്വാമിത്രനു മനസ്സിലായില്ല. അദ്ദേഹത്തിന്റെ മനസ് ദേഷ്യവും അമർഷവും അസൂയയും കൊണ്ട് കലുഷമായി. നേരിൽകണ്ട് സംശയം തീർക്കാമെന്നു കരുതി ബ്രഹ്മാവിന്റെ അടുക്കൽ ചെന്നു ചോദിച്ചു, ''ഞാൻ എത്രയോ കാലം കഠിന തപസ്സ് ചെയ്തു. വസിഷ്ഠനേക്കാൾ ഞാൻ ഒരു കാര്യത്തിലും പിന്നിലല്ല. എന്നിട്ടും എല്ലാവരും എന്നെക്കാളധികം വസിഷ്ഠനെ ആദരിക്കുന്നത് എന്തുകൊണ്ടാണ്''?
ബ്രഹ്മാവ് പറഞ്ഞു: ''വസിഷ്ഠനെയും കൂട്ടി അനന്തന്റെ അടുത്തുപോകുക. അനന്തൻ നിന്റെ സംശയം തീർക്കും''
വിശ്വാമിത്രൻ അനന്തനെക്കണ്ട് കാര്യങ്ങളെല്ലാം വിവരിച്ചു. അപ്പോൾ അനന്തൻ പറഞ്ഞു. ''ഞാൻ ഭൂമിയുടെ ഭാരം താങ്ങി തളർന്നിരിക്കുകയാണ്. സ്വല്പനേരത്തേയ്ക്ക് ഇതിനെ ഒന്നു പിടിക്കൂ''. ''ഭൂമിയെ എടുക്കുന്നത് എനിക്ക് ഒരു പുൽക്കൊടി പൊക്കുന്നതു പോലെയേ ഉള്ളു'' എന്നു പറഞ്ഞുകൊണ്ട് വിശ്വാമിത്രൻ ഭൂമിയെ കൈയിലെടുക്കാൻ തുനിഞ്ഞു. അനന്തൻ വിശ്വാമിത്രന്റെ കൈകളിലേക്കു ഭൂമിയെ വയ്ക്കാൻ ശ്രമിച്ചപ്പോൾത്തന്നെ ഭാരം താങ്ങാനാവാതെ വിശ്വാമിത്രൻ മറിഞ്ഞു വീണു.
അപ്പോൾ അനന്തൻ വസിഷ്ഠനോട് കുറച്ചുനേരം ഭൂമിയെ താങ്ങാൻ ആവശ്യപ്പെട്ടു. ''ഏതൊരു ശക്തിയാണോ എന്നെ നയിക്കുന്നതും എന്നിലൂടെ പ്രവർത്തിക്കുന്നതും, ആ ശക്തി തന്നെ ഇതു താങ്ങട്ടെ'' എന്നു പറഞ്ഞുകൊണ്ട് വസിഷ്ഠൻ വളരെ വിനയത്തോടെ കൈ രണ്ടും നീട്ടി. യാതൊരു വിഷമവും കൂടാതെ ഭൂമിയെ താങ്ങുവാൻ അദ്ദേഹത്തിനു സാധിച്ചു. ഇതുകണ്ട് വിശ്വാമിത്രൻ അത്ഭുതപ്പെട്ടു. അപ്പോൾ അനന്തൻ പറഞ്ഞു, ''വിശ്വാമിത്രാ, തപശ്ശക്തിയിൽ അങ്ങ് ആർക്കും പിന്നിലല്ല. പക്ഷെ 'ഞാൻ ചെയ്യുന്നു' എന്ന ഭാവമുണ്ട്. എന്നാൽ വസിഷ്ഠനാകട്ടെ 'ഈശ്വരനാണ് എല്ലാം ചെയ്യുന്നതും ചെയ്യിക്കുന്നതും' എന്ന ബോധത്തോടെയാണ് ജീവിക്കുന്നത്. വസിഷ്ഠനെ എല്ലാവരും ആദരിക്കാൻ അതാണു കാരണം.''

നിസ്സാരമെന്ന് നമ്മൾ കരുതുന്ന പ്രവൃത്തികൾപോലും നമുക്കു ചെയ്യുവാൻ സാധിക്കുന്നത് ഈശ്വരകൃപ ഒന്നുകൊണ്ടു മാത്രമാണ്. കോട്ടുവാ ഇടുവാൻ വാ തുറന്നാൽ അത് അടയ്ക്കണമെങ്കിൽ ആ ശക്തിയുടെ അനുഗ്രഹമില്ലാതെ സാദ്ധ്യമല്ല. ഈശ്വരന്റെ ശക്തിയാണ് നമ്മെ നയിക്കുന്നത്. ഈ സത്യം മനസ്സിലാക്കി 'അവിടുത്തെ കയ്യിലെ ഒരു ഉപകരണം മാത്രമാണു ഞാൻ.അവിടുന്നു ചെയ്യിക്കുന്നു.അവിടുത്തെ ശക്തികൊണ്ടു ചെയ്യുന്നു' എന്ന ഭാവമാണ് നമുക്കുണ്ടാകേണ്ടത്.

ജീവിതത്തിൽ നമ്മളനുഭവിക്കുന്ന എല്ലാ ദുഃഖത്തിനും കാരണം നമ്മുടെ അഹങ്കാരവും സ്വാർത്ഥതയുമാണ്. ഞാൻ എന്നും എന്റേത് എന്നുമുള്ള ഭാവം പോയാൽ മാത്രമേ നമുക്കു യഥാർത്ഥ സുഖവും ശാന്തിയും അനുഭവിക്കാൻ കഴിയുകയുള്ളു. വിത്തിന്റെ പുറന്തോടു പൊട്ടിയാൽ മാത്രമേ അതു മുളച്ച് ഭാവിയിൽ എല്ലാവർക്കും തണലേകുന്ന ഒരു മഹാവൃക്ഷമായി വളരുകയുള്ളു. നമ്മുടെ അഹങ്കാരമാകുന്ന തോടു പൊട്ടണം. എങ്കിൽ മാത്രമേ നമുക്ക് ഈശ്വരകൃപയ്ക്കു പാത്രമാകാനും, പൂർണ്ണമായി വളരാനും സാധിക്കൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AMRTITHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION