SignIn
Kerala Kaumudi Online
Sunday, 21 June 2026 4.54 AM IST

മുഖസ്തുതിക്കാർ: അപകടകാരികൾ!

dsa

''പ്രശംസ ഇഷ്ടപ്പെടാനും ആസ്വദിക്കാനും തുടങ്ങിയാൽ ഏത് 'കൊമ്പനും' ക്രമേണ വെറും 'മോഴ'യായി മാറുന്ന മാജിക്ക് കണ്ടിട്ടുണ്ടോ? വില്ലാളിവീരനായാലും പ്രശംസയിൽ വീണുപോയാൽ തഥൈവ! പിന്നെ ആർക്കും അദ്ദേഹത്തെ നല്ലവഴിക്ക് കൊണ്ടുവരാൻ കഴിയില്ല. കാരണം അദ്ദേഹം പോകുന്ന അബദ്ധവഴിയൊക്കെ മികച്ചതാണെന്ന് മുഖസ്തുതിക്കാർ പറഞ്ഞൊപ്പിക്കും. അതിനാൽ വീരനും ശൂരനുമൊന്നുമായില്ലെങ്കിലും മുഖസ്തുതിയിൽ നിന്ന് അകന്നു നിൽക്കുന്നതാണ് എല്ലാക്കാലത്തും ഉചിതം. സ്വന്തംപ്രവൃത്തിയിൽ ശ്രദ്ധിക്കുക, നമ്മുടെ കഴിവിൽ വിശ്വസിക്കുക. മുഖസ്തുതിയിൽ വീണുപോകാതിരിക്കാൻ പ്രത്യേകംശ്രദ്ധിക്കുക.

ഒരു പ്രബലനെ നിലംപരിശാക്കാൻ അയാളുടെ തലക്കടിച്ച് താഴെയിടേണ്ട കാര്യമില്ല. മുഖസ്തുതിയുടെ മധുര വാക്കുകൾകൊണ്ട് യാഥാർത്ഥ്യബോധം നഷ്ടപ്പെടുത്തുകയാണെങ്കിൽ, അയാൾ സ്വയം താഴെവീഴും. ശക്തരായ വ്യക്തികൾ പലപ്പോഴും പുറമേയുള്ള ആക്രമണങ്ങളേക്കാൾ അപകടത്തിലാകുന്നത് തെറ്റായ ഉപദേശങ്ങളിലും മുഖസ്തുതിയിലുമാണ്. മുഖസ്തുതിക്കാർ സത്യംമറച്ചുവയ്ക്കുകയും അധികാരിയുടെ തെറ്റുകൾ ശരിയാണെന്ന് വിശ്വസിപ്പിക്കുകയും ചെയ്യുന്നു. അതിലൂടെ വിവേകവും ആത്മ പരിശോധനയും നഷ്ടപ്പെടുമ്പോൾ തെറ്റായ തീരുമാനങ്ങൾ ഉണ്ടാകുന്നു. ഒടുവിൽ, എതിരാളികൾക്ക് ചെയ്യാൻ കഴിയാത്ത നാശം മുഖസ്തുതിക്കാർക്കാകുന്നു. ഇതിന് ഒരു ചൊല്ലുണ്ട്- 'ശത്രുവിന്റെ വാൾ മുറിവേൽപ്പിക്കും, മുഖസ്തുതിക്കാരന്റെ വാക്കുകൾ നാശംവിതയ്ക്കും'. അതിനാൽ, ഒരു നേതാവിനോ അധികാരിയ്‌ക്കോ ഏറ്റവും വിലപ്പെട്ടത് പ്രശംസിക്കുന്നവരല്ല, ആവശ്യമുള്ളപ്പോൾ സത്യം പറയാൻ ധൈര്യമുള്ള ഉപദേശകരാണ്. പല പ്രമുഖരുടേയും പോക്കുകണ്ട് ഇങ്ങനെയൊക്കെചിന്തിച്ചുപോയതാണ്! അപ്പോൾ പിന്നെ ഇത് നിന്നെപ്പറ്റിയാണോ, എന്നെപ്പറ്റിയാണോ എന്നൊരു ചോദ്യമില്ല''-ഇത്രയും പറഞ്ഞുകൊണ്ട് പ്രഭാഷകൻ സദസ്യരെ നോക്കിയപ്പോൾ മുഖസ്തുതിയിൽ വീണതും വീണുകൊണ്ടിരിക്കുന്നതുമായ കുറച്ചുപേരെ മനസിൽ കാണുന്നൊരുഭാവമായിരുന്നു. എല്ലാവരേയും നോക്കി പുഞ്ചിരിച്ചു കൊണ്ട് പ്രഭാഷകൻ തുടർന്നു. ''അതെ, അധികാരത്തിന്റെ അരികുപറ്റിവരുന്ന മുഖസ്തുതിക്കാർ അപകടകാരികളാണ് എന്നത് ആഴമുള്ള നിരീക്ഷണമാണ്.
അധികാരമുള്ള വ്യക്തികൾക്ക് ചുറ്റും ചിലർ വ്യക്തിപരമായ നേട്ടങ്ങൾക്കായി കൂടിച്ചേരാറുണ്ട്. അവർ സത്യംപറയുന്നതിനുപകരം അധികാരിക്ക് ഇഷ്ടപ്പെടുന്ന കാര്യങ്ങൾ മാത്രം പറയുകയും എല്ലാ തീരുമാനങ്ങളെയും ശരിവയ്ക്കുകയും ചെയ്യും. ഇതിന്റെ അപകടങ്ങൾ: അധികാരിക്ക് യഥാർത്ഥ സ്ഥിതിഗതികൾ അറിയാതെ പോകുന്നു.
തെറ്റായ തീരുമാനങ്ങൾ തിരുത്തപ്പെടാതെ തുടരുന്നു. സത്യസന്ധരായ ഉപദേശകർ അവഗണിക്കപ്പെടുന്നു. സ്ഥാപനത്തിനോ സമൂഹത്തിനോ നഷ്ടം സംഭവിക്കുന്നു. ഒടുവിൽ അധികാരിയുടെയും സ്ഥാപനത്തിന്റെയും വിശ്വാസ്യത തകരുന്നു. ചാണക്യന്റെ ആശയമുണ്ട് - രാജാവിന് ഏറ്റവും വലിയ ശത്രു പുറത്തുള്ളവനല്ല; സത്യം മറച്ചുവെക്കുന്ന അടുത്തവനാണ്. അതുപോലെ, ഷേക്സ്പിയറിന്റെ 'കിംഗ് ലയർ' എന്ന നാടകത്തിലും മുഖസ്തുതി ക്കാരുടെ വാക്കുകൾ വിശ്വസിച്ച രാജാവ് ദുരന്തത്തിലേയ്ക്ക് നീങ്ങുന്ന കഥ കാണാം. അധികാരത്തെ വിമർശ നാത്മകമായി പരിശോധിക്കുന്നവരാണ് അതിനെ സംരക്ഷിക്കുന്നത്; മുഖസ്തുതിക്കാർ പലപ്പോഴും അതിനെ ദുർബലമാക്കുന്നു.അപ്പോൾ,നല്ലജാഗ്രതവേണ്ടേ?'' - പ്രഭാഷകൻ നിറുത്തിയപ്പോൾ ജാഗ്രതയുടെ പുതുവെളിച്ചം ലഭിച്ച് പോലെയായിരുന്നു സദസ്യർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHINTHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION