
വീടിന്റെ മൂലയിൽ ഒരു ചെണ്ട കിടക്കുന്നുണ്ടായിരുന്നു. ആ വീട് സന്ദർശിച്ച ഒരാൾ വീട്ടിലെ കുട്ടിയോടു ചോദിച്ചു, ''ഈ ചെണ്ട നിന്റെയാണോ''? കുട്ടി പറഞ്ഞു, ''അതേ''. സന്ദർശകൻ ചോദിച്ചു. ''നിനക്കിത് വായിക്കാനറിയാമോ''? അവൻ പറഞ്ഞു, ''ഇല്ല, ഇതുവരെ എനിക്ക് ചെണ്ട വശമായിട്ടില്ല. എന്നാലും ഈ ചെണ്ട കാരണം എനിക്കുവേണ്ട പണം കിട്ടുന്നുണ്ട്''. സന്ദർശകൻ വീണ്ടും ചോദിച്ചു, ''അതെങ്ങനെ''? ''ഇതു വായിക്കാൻ തുടങ്ങിയാൽ അതു നിർത്താനായി പകൽ അമ്മ പത്തു രൂപ തരും. രാത്രി അച്ഛനും പത്തുരൂപ തരും''. ആ കുട്ടിക്ക് ചെണ്ട വായിക്കാതെതന്നെ അതുകൊണ്ട് ഗുണമുണ്ടെങ്കിലും ചെണ്ടകൊണ്ടുള്ള ശരിയായ പ്രയോജനം അതു നന്നായി വായിക്കുക എന്നതാണ്. അതുപോലെ മനുഷ്യജന്മം കൊണ്ടുള്ള ശരിയായ പ്രയോജനം എന്തെന്ന് ഓരോരുത്തരും ആലോചിക്കണം,അന്വേഷിക്കണം.
അവനവൻ യഥാർത്ഥത്തിൽ ആരാണെന്ന് അറിയുക തന്നെയാണ് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട അറിവ്. താൻ രാജാവാണെന്ന് അറിയാത്ത ഒരാൾക്ക് രാജസുഖങ്ങൾ അനുഭവിക്കാൻ കഴിയുമോ? കയ്യിലുള്ള ഉപകരണം എന്താണെന്ന് അറിയാത്ത ഒരാൾക്ക് അത് ശരിയായി ഉപയോഗിക്കാൻ കഴിയുമോ? അതിനാൽ സ്വയം അറിയുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനം. ജീവിതത്തിന്റെ ലക്ഷ്യവും അതാണെന്ന് പറഞ്ഞാൽ തെറ്റാവില്ല. നിങ്ങളുടെ ലക്ഷ്യമെന്തെന്നു ചോദിച്ചാൽ ചിലർ ''ഞാൻ നല്ലൊരു മനുഷ്യനാകാൻ ആഗ്രഹിക്കുന്നു'' എന്നു പറയും. ഞാൻ മനുഷ്യനാണ് എന്ന ധാരണയിൽ നിന്നാണ് അങ്ങനെ പറയുന്നത്. എന്നാൽ അത് മാത്രമാണോ ഞാൻ എന്ന് ആലോചിക്കണം. അപ്പോൾ ഞാൻ യഥാർത്ഥത്തിൽ എന്താണ് എന്ന് അന്വേഷണം വരും. നല്ല മനുഷ്യനാകാൻ ശ്രമിക്കുന്നതോടൊപ്പം നമ്മുടെ യഥാർത്ഥ സ്വരൂപം എന്തെന്നറിയാനും ശ്രമിക്കാം.
നമ്മൾ യഥാർത്ഥത്തിൽ ആരാണ് അല്ലെങ്കിൽ എന്താണ് എന്ന് സനാതന ധർമ്മശാസ്ത്രങ്ങൾ നമ്മളോട് പറയുന്നുണ്ട്. അത് വിശ്വസിച്ച് ആ വഴിക്ക് അന്വേഷിച്ചാൽ എളുപ്പമായി.
ഒരു വ്യാപാരി കച്ചവടം ആരംഭിക്കുമ്പോൾ അതു വേണ്ടവിധം നടത്തുന്നതിനാവശ്യമായ പണം അയാളുടെ പക്കലുണ്ടാകണമെന്നില്ല. എന്നാൽ തുടങ്ങാൻ പോകുന്ന കച്ചവടത്തിൽ വിജയിക്കുമെന്ന് കണക്ക് കൂട്ടാനുള്ള അറിവ് അയാൾക്ക് ഉണ്ടെങ്കിൽ ബാങ്ക് വായ്പയെടുക്കും. നമ്മുടെ യഥാർത്ഥ സ്വരൂപത്തെ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ നമുക്കും ഈ വ്യാപാരിയെപ്പോലെ നമ്മൾ പിന്തുടരുന്ന മാർഗത്തെക്കുറിച്ച് ബോദ്ധ്യമുണ്ടാകണം.
ജീവിതത്തിൽ എല്ലാവരുടെയും തേടുന്ന ഒന്ന് സന്തോഷമാണന്ന് ആലോചിച്ചാൽ നമുക്ക് ബോദ്ധ്യമാകും. ഓരോരോ ലോകവസ്തുക്കളെ കണ്ട് ഇതുകിട്ടിയാൽ സുഖമാകും, ഇതുകിട്ടിയാൽ സന്തോഷമാകും എന്നു മനുഷ്യൻ മോഹിക്കുന്നു. ഒടുവിൽ അവ ലഭിക്കുമ്പോൾ ഒരു സുഖം അനുഭവിക്കുകയും ചെയ്യുന്നു. എന്നാൽ ക്ഷണികമാണ് ആ സംതൃപ്തി. അടുത്ത നിമിഷം തന്നെ അവൻ മറ്റൊരു വസ്തുവിനെ തേടുന്നു. എന്നാൽ നശ്വരമായ ലോകവസ്തുക്കൾക്കൊന്നും താൻ തേടുന്ന ശാശ്വത സുഖം തരാൻ കഴിയില്ലെന്നറിഞ്ഞ് ഒടുവിൽ അവൻ സ്വന്തം ഉള്ളിലേയ്ക്ക് തിരിയുന്നു. അന്തർമുഖമായ അന്വേഷണം ആരംഭിക്കുന്നു. സ്വന്തം ആത്മാവിൽ അഥവാ ഈശ്വരനിൽ ശാശ്വതസുഖം കണ്ടെത്തുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |