
ഒരിക്കൽ ഒരു കോളേജ് അദ്ധ്യാപകൻ വിദ്യാർത്ഥികളുമൊത്ത് വിനോദയാത്രയ്ക്കു പോയി. വഴിയിലൊരിടത്ത് കുറെ പാവപ്പെട്ട തൊഴിലാളികൾ വലിയൊരു കെട്ടിടത്തിന്റെ നിർമാണത്തിലായിരുന്നു. പണിക്കാരെല്ലാം അവരുടെ ചെരുപ്പുകൾ പുറത്തൊരിടത്ത് അഴിച്ചുവച്ചിട്ടുണ്ടായിരുന്നു. അതു കണ്ടപ്പോൾ ചില വിദ്യാർത്ഥികൾക്കൊരു കുസൃതി തോന്നി. അവർ ചെരുപ്പുകൾ അടുത്തുള്ള കുറ്റിക്കാട്ടിൽ ഒളിപ്പിച്ചു. പണിക്കാർക്കെല്ലാം വീട്ടിലേയ്ക്ക് തിരിച്ചുപോകേണ്ട സമയമായതിനാൽ അവർ പുറത്തുവരുമ്പോൾ ചെരുപ്പു കാണാതെ പരിഭ്രമിക്കുന്നതും അതന്വേഷിച്ച് വിഷമിക്കുന്നതും കണ്ടു രസിക്കാമെന്നാണ് വിദ്യാർത്ഥികൾ കരുതിയിരുന്നത്.
വിദ്യാർത്ഥികളുടെ പ്രവൃത്തി ശ്രദ്ധിച്ച അദ്ധ്യാപകൻ പറഞ്ഞു. 'ഇതിലും നല്ലൊരു തമാശ ഞാൻ കാണിച്ചുതരാം. നിങ്ങൾ ഞാൻ പറയുന്നതുപോലെ ചെയ്തുനോക്കൂ. ആദ്യം ആ ചെരുപ്പുകളൊക്കെ പഴയസ്ഥാനത്തുതന്നെ തിരിച്ചുവയ്ക്കാം. എന്നിട്ട് അവയിൽ ഓരോന്നിലും ഓരോ നാണയം വയ്ക്കാം. പണിക്കാരെല്ലാം ചെരുപ്പിടുമ്പോൾ അവരുടെ മുഖം നിങ്ങൾ ശ്രദ്ധിക്കണം. ജീവിതത്തിൽ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ആനന്ദം നിങ്ങൾക്ക് അപ്പോൾ അനുഭവിക്കാം.
വിദ്യാർത്ഥികൾ അദ്ദേഹം പറഞ്ഞതുപോലെ ചെയ്തുകാത്തിരുന്നു. പണിക്കാർ ഓരോരുത്തരായി പുറത്തുവന്നു. ചെരുപ്പിനകത്തു നാണയങ്ങൾ കണ്ടപ്പോൾ, പണിക്കാരുടെ മുഖത്ത് സന്തോഷം നിറയുന്നതു കണ്ട വിദ്യാർത്ഥികളുടെ ഹൃദയവും നിറഞ്ഞു. സന്തോഷത്തിലേയ്ക്കുള്ള പുതുവഴി അവർ കണ്ടെത്തുകയായിരുന്നു.
നിത്യജീവിതത്തിലെ ദുഃഖങ്ങളും ദുരിതങ്ങളും വെല്ലുവിളികളും നേരിടേണ്ടി വരുന്നവരാണ് ഭൂരിപക്ഷം ജനങ്ങളും, അവരെ സംബന്ധിച്ചിടത്തോളം കഷ്ടപ്പാടുകളും വേദനയും സന്തോഷവുമൊക്കെ സത്യമാണ്. അവ വളരെ പ്രധാനമാണ്. 'ലോകം മിഥ്യയാണ്. ഈ അനുഭവങ്ങളൊക്കെ നൈമിഷികമാണ്. നിത്യമായിട്ടുള്ളത് ആത്മാവു മാത്രമാണ്' എന്നൊക്കെ പറഞ്ഞാൽ, അവർക്കത് മനസിലാക്കാൻ പ്രയാസമാണ്. അവരുടെ തലത്തിൽ നിന്ന് ചിന്തിക്കാനും അനുഭാവപൂർവ്വം പെരുമാറാനും നമുക്ക് സാധിക്കണം. യഥാർത്ഥത്തിൽ ആത്മീയത എന്നാൽ നിസ്വാർത്ഥതയാണ്, തന്നെപ്പോലെ മറ്റുള്ളവരെ കാണുന്ന ഭാവമാണ്. ഏതൊരു സാഹചര്യത്തിലും വിവേകം നഷ്ടപ്പെട്ടു പോകാത്ത അവസ്ഥയാണ്.
സ്വന്തം സുഖത്തെക്കുറിച്ചും സ്വന്തം സന്തോഷത്തെക്കുറിച്ചും മാത്രം ചിന്തിക്കുന്നതുകാരണം മനുഷ്യർക്ക് വിവേകബുദ്ധി പൂർണ്ണമായി കൈമോശം വന്നുപോകുന്നതാണ് ഇന്നത്തെ വലിയ പ്രശ്‌നം. വിവേകശക്തി നഷ്ടപ്പെടുമ്പോൾ, ബാഹ്യലോകത്തിനും വസ്തുക്കൾക്കും ശാരീരികസുഖത്തിനും നമ്മൾ അമിത പ്രാധാന്യം നൽകും. അതിൽ മാത്രം ശ്രദ്ധിക്കും. അതോടെ സ്വാർത്ഥത വർദ്ധിക്കും. എടുക്കുന്നതിനെക്കുറിച്ച് മാത്രമാകും ചിന്ത. അങ്ങനെ പ്രപഞ്ചവുമായി നമുക്കുള്ള ആന്തരിക ബന്ധത്തെ നമ്മൾ പൂർണ്ണമായി മറക്കും. ഇത് മനുഷ്യമനസിന്റെയും, ലോകത്തിന്റെയും സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തും.
'ഞാൻ മനസല്ല, ബുദ്ധിയല്ല; ആത്മാവാണ്' എന്നുള്ള അവസ്ഥ നേടുക എളുപ്പമല്ല.എന്നാൽ എല്ലാവരെയും തന്നെപ്പോലെ കാണാൻ സാധിച്ചാൽ അത് വലിയ ആത്മീയ മുന്നേറ്റമാണ്. അതിലൂടെ നമ്മുടെ കാഴ്ച്ചപ്പാടിന് വിവേകത്തിന്റെ വെളിച്ചവും കാരുണ്യത്തിന്റെ ആർദ്രതയും കൈവരും. അത് സമൂഹത്തെയും ലോകത്തെയും ഉദ്ധരിക്കും. ഒപ്പം നമ്മെത്തന്നെയും അതിവേഗം പൂർണ്ണതയിൽ എത്തിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |