
''വീണ്ടും, ഒരോണക്കാലം കൂടി ആഘോഷിക്കാനുള്ള ഭാഗ്യം നമുക്ക് ലഭിച്ചിരിക്കുന്നു. സമൂഹത്തിൽ എല്ലാ ദിവസവും ഓണംപോലെ ആഘോഷിച്ചു കഴിയുന്ന ചിലരുണ്ട്. അവരുടെ ആഘോഷങ്ങളും, ആണ്ടിലൊരിക്കലെത്തുന്ന നമ്മുടെ ഓണാഘോഷവും തമ്മിൽ താരതമ്യം സാദ്ധ്യമാണോ? അല്ലല്ലോ, നമ്മുടെ ഓണം ഒരുക്കുന്നത് ഒരുമയുടെ പൂക്കളമാണ്! ഓണം ആഘോഷം മാത്രമല്ല; മലയാളിയുടെ മനസിൽ ഒരുമയുടെയും, സ്നേഹത്തിന്റെയും, സമത്വത്തിന്റെയും പൂക്കളം തീർക്കുന്ന മഹത്തായ സന്ദർഭമാണ് പൊന്നോണം! മഹാബലിയുടെ നാടിനെക്കുറിച്ചുള്ള നമ്മുടെ സങ്കൽപ്പത്തിൽ മനുഷ്യരെല്ലാം തുല്യരായിരുന്നു. ഇന്ന് വീടുകൾ പൂക്കളങ്ങൾക്കൊണ്ട് മനോഹരമാക്കുമ്പോൾ, നമ്മുടെ മനസിലും ഒരു പൂക്കളം തീർക്കാം. അതിൽ സ്നേഹത്തിന്റെ പൂക്കളും, കരുണയുടെ പൂക്കളും, സൗഹൃദത്തിന്റെ പൂക്കളും, സഹാനുഭൂതിയുടെ പൂക്കളുമുണ്ടാകട്ടെ. ഓണസദ്യയുടെ മഹത്വം വിഭവങ്ങളുടെ എണ്ണത്തിലല്ല; ഒരേ വാഴയിലയ്ക്കു ചുറ്റുമിരുന്ന് ഭക്ഷണം പങ്കിടുന്നതിലാണ്. അതുപോലെ ജീവിതത്തിന്റെ സൗന്ദര്യവും സമ്പത്തിൽ മാത്രമല്ല, നമുക്കുള്ളത് മറ്റുള്ളവരുമായി പങ്കിടുന്നതിലാണ്. മാവേലിയുടെ കാലത്തെപ്പോലെ, എല്ലാവരെയും ചേർത്തുപിടിക്കാനായി നമുക്ക് മറ്റുള്ളവർക്ക് ഒരു പുഞ്ചിരി നൽകാം. വിഷമിക്കുന്ന ഒരാളെയെങ്കിലും ആശ്വസിപ്പിക്കാം. വിശക്കുന്നവന് ഭക്ഷണം നൽകാം. ഒറ്റപ്പെട്ടുപോയ ഒരാളിനെയെങ്കിലും ചേർത്തുപിടിക്കാം. അതല്ലേ യഥാർത്ഥ ഓണം!"" ഇപ്രകാരം പറഞ്ഞുകൊണ്ട് പ്രഭാഷകൻ നോക്കിയപ്പോൾ, സദസ്യരുടെ കണ്ണുകളിൽ പുതിയൊരു പൊന്നോണ ശോഭയാണ് ദർശിക്കാനായത്.
''എല്ലാവരുടെയും ജീവിതത്തിൽ സ്നേഹത്തിന്റെയും സമൃദ്ധിയുടെയും പുതിയ പൂക്കാലം വിരിയാനാണ് പ്രാർത്ഥിക്കേണ്ടത്. അയൽവീട്ടിലെ വിളക്കണച്ചിട്ട്, നമുക്കെന്തു പൊന്നോണം. കോളിംഗ്ബെല്ലിന്റെ നിറുത്താത്ത ശബ്ദം സൃഷ്ടിച്ച അസ്വസ്ഥതയിലാണ് അദ്ദേഹം വാതിൽ തുറന്നത്. മുന്നിൽ ഒരു കൂട്ടം കുട്ടികൾ. 'ഓ, ആ കോളനിയിലെ പിള്ളേരാണ്, ശല്യങ്ങൾ" ഉള്ളിലെ അസംതൃപ്തി മുഖത്ത് പ്രകടിപ്പിച്ചുകൊണ്ട്, പൊലീസിലെ ഉന്നതസ്ഥാനത്ത് നിന്ന് വിരമിച്ച അദ്ദേഹം ഗൗരവത്തിൽ ചോദിച്ചു 'എന്താ?" 'സാർ, തിരുവോണത്തിന് പൂക്കളത്തിൽ വയ്ക്കാനായി പത്ത് റോസാപ്പൂക്കൾ തരുമോ?" 'പൂവൊക്കെ കൊടുത്തുപോയി" മുറ്റത്തെ പൂച്ചട്ടിയിലെ റോസാപ്പൂക്കളെ നോക്കിക്കൊണ്ട് രോഷത്തോടെ അദ്ദേഹം പറഞ്ഞു. ഭയന്ന കുട്ടികൾ അവിടെ നിന്ന് ഓടിപ്പോയി. തിരുവോണ ദിവസം രാവിലെ, കുട്ടികൾ പൂക്കൾ ശേഖരിക്കാൻ ഇറങ്ങിയപ്പോൾ, റോസാപ്പൂക്കളുള്ള ആ വീടിനു മുന്നിൽ വലിയൊരു ആൾക്കൂട്ടം. ആളുകൾക്കിടയിൽ അവിടത്തെ സാറുമുണ്ട്. 'എന്താ സാർ?" കുട്ടികളിലൊരാൾ, ചോദിച്ചു. 'സാറിന്റെ റോസാച്ചെടികൾ മോഷണം പോയി."കുട്ടിയുടെ ചോദ്യം കേട്ട ആരോ മറുപടി പറഞ്ഞു. 'അയ്യോ സാർ, ഞങ്ങൾ വെളുപ്പിന്, പൂക്കൾ ശേഖരിക്കാൻ വന്നപ്പോൾ, ആരോ രണ്ടുമൂന്നുപേർ ഒരു ലോറിയിൽ റോസാച്ചട്ടികൾ കയറ്റുന്നതു കണ്ടായിരുന്നു. സാറ്, വേറെ കൊടുത്തു എന്നു പറഞ്ഞതിനാൽ ഞങ്ങൾ പോയി. ശ്ശോ, കഷ്ടമായല്ലോ!" കുട്ടികളിലാരോ ആത്മഗതം പോലെ പറഞ്ഞു. ഇപ്പോൾ, മനസിലായോ ഓണം സത്യമുള്ളതാണെന്ന്!"" ഇപ്രകാരം, പ്രഭാഷകൻ നിറുത്തിയപ്പോൾ, സദസ്യരെല്ലാവരും ഓണത്തിന്റെ ലഹരിയിലായിരുന്നു!
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |