SignIn
Kerala Kaumudi Online
Monday, 27 July 2026 4.41 AM IST

വി.വി. വിജയൻ ഇനി ദീപ്തസ്മൃതി,​ മനസുകളിൽ സ്‌പന്ദിച്ച ജനകീയൻ

s

സംസ്ഥാന സിവിൽ ഭരണരംഗത്ത് അതിപ്രഗത്ഭരായ നിരവധി ഐ.എ.എസ് ഉദ്യോഗസ്ഥന്മാർ തിരുവനന്തപുരം ജില്ലാ കളക്ടർമാരായിരുന്നു. ഓമന കുഞ്ഞമ്മ, സരളാ ഗോപാലൻ, സി.പി. നായർ, കൃഷ്ണമൂർത്തി, ഗ്യാനേഷ് കുമാർ (കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ) എന്നിവരുടെ ആ പട്ടികയിൽ വി. വി. വിജയനും ഉൾപ്പെട്ടിരുന്നു. പേട്ടയിലെ പുളിമൂട്ടിൽ തറവാട്ടിലെ അംഗവും, വി.കെ. വേലായുധന്റെ പുത്രനുമായിരുന്നു വിജയൻ. കേരള പബ്ലിക് സർവീസ് കമ്മിഷൻ അംഗമായിരുന്നു,​ വേലായുധൻ, മുരുക്കുംപുഴ കുഞ്ഞുകൃഷ്ണൻ, എം.കെ. കുമാരൻ, തിരുനല്ലൂർ കരുണാകരൻ തുടങ്ങിയ അതിപ്രശസ്തരായ അംഗങ്ങളായിരുന്നു പബ്ലിക് സർവീസ് കമമിഷനിൽ സേവനം അനുഷ്ഠിച്ചിരുന്നത്.


തിരുവനന്തപുരം ജില്ലാ കളക്ടറായിരുന്ന വി. വി. വിജയൻ ജില്ലയിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രിയപ്പെട്ട വിജയൻ സാർ ആയിരുന്നു. അദ്ദേഹത്തിന്റെ വിയോഗ വാർത്ത ഞാനറിഞ്ഞത് കേരളകൗമുദിയിൽ നിന്നായിരുന്നു. സുദീർഘമായ എന്റെ പൊതുജീവിതത്തിൽ ആദ്യമായി ഞാൻ ഒരു ഐ.എ.എസുകാരനെ പരിചയപ്പെട്ടത് തിരുവനന്തപുരം ജില്ലാ കളക്ടറായിരുന്ന വിജയനെയായിരുന്നു. ഒരിക്കലും ആരോടും ക്ഷുഭിതനാകാതെ, ഐ.എ.എസുകാരന്റെ 'ജാഡ"യൊന്നും കൂടാതെ എല്ലാവരോടും സമഭാവനയോടെ ഇടപെട്ടിരുന്ന വിജയൻ അതിവേഗം ജില്ലയിലെ പൊതുജനങ്ങളുടെ പ്രീതി നേടി ജനകീയ കളക്ടറായി മാറുകയായിരുന്നു.


കറപുരളാത്ത സർവീസ് ട്രാക്കുള്ള വിജയൻ തലസ്ഥാന നഗരത്തിന്റെ സ്പന്ദനം മനസിലാക്കി പ്രവർത്തിച്ച പ്രഗത്ഭനായിരുന്നു. തിരുവനന്തപുരം നഗരത്തിന്റെ എല്ലാ ആവശ്യങ്ങളും മനസിലാക്കി അവയ്‌ക്കെല്ലാം അടിയന്തര പരിഹാരം കാണുന്നതിൽ ജില്ലാ കളക്ടർ എന്ന നിലയ്ക്കപ്പുറം ഒരു ജനപ്രതിനിധി എന്ന പോലെ അദ്ദേഹം ഇടപെട്ടിരുന്നു. കേവലം ബ്യൂറോക്രസി തീർത്ത ചില്ലുകൊട്ടാരത്തിലിരുന്ന് ഭരണം നടത്തിയ ഉദ്യോഗസ്ഥനായിരുന്നില്ല വിജയൻ. ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കുന്നതിലും, അതിവേഗം പരിഹാരം കാണുന്നതിലും വിജയൻ പലപ്പോഴും ജനപ്രതിനിധികളെപ്പോലും പിന്നിലാക്കിയിരുന്നു. അസാധാരണമായ പ്രവർത്തനശൈലി കാരണം ജില്ലയിലെ ഒരു ജനകീയനായി അതിവേഗം മാറാൻ അദ്ദേഹത്തിന് കഴിഞ്ഞു.


സെക്രട്ടേറിയറ്റ് നടയിലെ സമരങ്ങൾ പലപ്പോഴും പൊതുജനങ്ങളുടെ സഞ്ചാരസ്വാത്രന്ത്ര്യം പോലും തടഞ്ഞ സംഭവങ്ങളുണ്ടായതിൽ ജില്ലാ കളക്ടർ എന്ന നിലയിൽ അദ്ദേഹം അസ്വസ്ഥനായിരുന്നു. ആ വിധമുള്ള സമരങ്ങൾക്ക് നേതൃത്വം നൽകുന്നവരിൽ ഒരാളായിരുന്ന എന്നോട് പലപ്പോഴും നീരസം പ്രകടിപ്പിക്കുകയും 'ദിവാകരനെപോലുള്ള നേതാക്കൾക്കെങ്കിലും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാത്ത സമരമുറകളെപ്പറ്റി ആലോചിച്ചുകൂടേ" എന്ന് പരിഭവിക്കുകയും ചെയ്ത സന്ദർഭം ഞാനിന്നും ഓർമ്മിക്കുന്നു. സമരങ്ങളോടുള്ള വെറുപ്പല്ല, പൊതുജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളാണ് അദ്ദേഹത്തെ അസ്വസ്ഥനാക്കിയത്.


തിരുവനന്തപുരം ജില്ലയ്ക്കും തലസ്ഥാന നഗരത്തിനും ഒരിക്കലും മറക്കാനാവാത്ത വിജയൻ എന്ന,​ എല്ലാവരുടെയും വിജയൻ സാറിന്റെ വേർപാട് എന്റെ പൊതുജീവിതത്തിൽ ഒരു നൊമ്പരമായി എന്നും ശേഷിക്കും. പ്രകാശം നിറഞ്ഞ മുഖത്ത് കറുത്ത ഫ്രെയിമുള്ള കണ്ണടയും, ചിരിക്കാനറയ്ക്കുന്ന ചുണ്ടുകളും, പതിഞ്ഞ സ്വരവും, മണൽത്തരികൾക്കു പോലും വേദനയുണ്ടാക്കാതെ നഗരത്തിന്റെ തിരക്കുകൾക്കിടയിലൂടെ വിജയൻ സാർ നടന്നുപോയിരുന്ന കാഴ്ച ഒരിക്കലും മറക്കാനാവുന്നതല്ല.

എന്റെ സുദീർഘമായ ജീവിതയാത്രയിൽ കണ്ടുമുട്ടിയ അപൂർവങ്ങളിൽ അപൂർവങ്ങളായ രണ്ടു വ്യക്തികളിൽ ഒരാൾ മുൻ മുഖ്യമന്ത്രി സി. അച്ചുതമേനോനും മറ്റൊരാൾ വി. വി. വിജയനും മാത്രം. ഈവിധമുള്ള മാന്യ വ്യക്തികളുടെ പുനരാഗമനം സമൂഹം ഇപ്പോഴും പ്രതീക്ഷിക്കുക സ്വാഭാവികം മാത്രം.

(മുതിർന്ന സി.പി.ഐ നേതാവും മുൻ മന്ത്രിയുമാണ് ലേഖകൻ )

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COLUMNS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY