SignIn
Kerala Kaumudi Online
Monday, 27 July 2026 4.41 AM IST

കോലം മാറുന്ന കാലാവസ്ഥ, കർഷകർക്ക് ദുരവസ്ഥ

s

മദ്ധ്യകേരളത്തിലെ പ്രധാന നെല്ലറകളായ കോൾനിലങ്ങൾ നെല്ലുത്പാദനത്തിൽ വഹിക്കുന്ന പങ്ക് ചെറുതല്ല. പതിറ്റാണ്ടുകളായി കോൾനിലങ്ങളിൽ നിന്ന് ലഭിക്കുന്ന നെല്ലാണ് തൃശൂർ അടക്കമുളള ജില്ലകളുടെ ഭക്ഷ്യസുരക്ഷയെ താങ്ങിനിറുത്തുന്നത്. കാലാവസ്ഥയിലെ തകിടം മറിച്ചിലുകളും സർക്കാരിന്റെ സഹായങ്ങൾ ലഭ്യമാകാത്ത അവസ്ഥയും കാരണം അടുത്തകാലത്ത് ഗുരുതരമായ പ്രതിസന്ധിയിലാണ് കോൾനിലങ്ങൾ. കഴിഞ്ഞവർഷം വേനലിൽ വിളവെടുപ്പ് സമയത്ത് കോൾ നിലങ്ങളിലേക്കുളള കൊയ്ത്തു മെതിയന്ത്രങ്ങൾ കട്ടപ്പുറത്തായിരുന്നെങ്കിൽ, ഈയാണ്ടിൽ മില്ലുകാർ നെല്ലിന് കിഴിവ് ചോദിക്കുന്നതും അപ്രതീക്ഷിതമായ വേനൽമഴയുമാണ് കർഷകരെ ഈയാണ്ടിൽ വട്ടംകറക്കിയത്.

ഒരു ഭാഗത്ത് വെള്ളത്തിന്റെ ലഭ്യത കുറവെങ്കിൽ, മറുഭാഗത്ത് കൊയ്‌തെടുത്ത നെല്ല് മില്ലുകാർ കൊണ്ടുപോകാത്തതിലുള്ള ആശങ്കയായിരുന്നു കർഷകർക്ക്. കഴിഞ്ഞ ദിവസം രാത്രി ജില്ലയുടെ പല ഭാഗങ്ങളിലും വേനൽ മഴ പെയ്തതോടെ നെൽക്കർഷകരുടെ നെഞ്ചുരുകി. അതേസമയം, കൃത്യമായ സമയത്ത് വെള്ളം തുറന്നു വിടാത്തതിനെ തുടർന്ന് പല സ്ഥലങ്ങളിലും ഉണക്കുഭീഷണിയുമുണ്ട്. ഇവർക്ക് മഴ ആശ്വാസമായിട്ടുമുണ്ട്. ഉണക്കുഭീഷണി വന്നത് പ്രതിഷേധത്തിന് ഇടയാക്കിയതോടെ ജില്ലാ കളക്ടർ, വീഴ്ച്ച വരുത്തിയ ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിര കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ്. ഇതിനിടയിലാണ് ഒരു ഭാഗത്ത് കൊയ്‌തെടുത്ത നെല്ല് കരാറെടുത്ത മില്ലുകാർ കയറ്റിക്കൊണ്ടുപോകാതെ പാടത്ത് കൂട്ടിയിട്ടിരിക്കുന്നത്. അരിമ്പൂർ, തെക്കുംകര പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെല്ലാം ഒരാഴ്ച്ചയിലേറെയായി കൊയ്‌തെടുത്ത നെല്ല് പാടത്ത് കൂട്ടിയിട്ടിരിക്കുകയാണ്. അരിമ്പൂരിൽ പാഡി വിഭാഗത്തിന്റെ ഇടപെടലിനെ തുടർന്ന് ഇന്നലെ നെല്ല് മില്ലുകാർ ലോറികളിൽ കയറ്റുന്നുണ്ട്. മഴ കൂടിയാൽ പാടത്തേക്ക് ലോറികൾ ഇറക്കാൻ സാധിക്കാത്ത സ്ഥിതിവിശേഷം ഉണ്ടാകും.

സാഹചര്യം മുതലെടുത്ത് മില്ലുകാർ

മില്ലുകാരുടെ വിലപേശൽ ഗുണനിലവാരം സംബന്ധിച്ച് മില്ലുകാരുടെ വിലപേശൽ നെൽക്കർഷകരെ ദുരിതത്തിലാക്കുന്നുണ്ട്. ഉണങ്ങാത്തതും പതിരും ചൂണ്ടിക്കാട്ടി കൂടുതൽ കിഴിവ് മില്ലുകാർ ആവശ്യപ്പെടുന്നത് പ്രതിസന്ധിയുണ്ടാക്കുന്നു. പല സ്ഥലങ്ങളിലും ആറു ശതമാനം കിഴിവ് വരെ ആവശ്യപ്പെടുന്നുണ്ട്. ഒടുവിൽ കർഷകരും പാടശേഖര സമിതികളും ചേർന്ന് വിലപേശി ഒന്നര മുതൽ നാലു ശതമാനം വരെ കിഴിവ് നൽകി നെല്ല് നൽകുകയാണ് ചെയ്യുന്നത്. ചിലർ മില്ലുകാരുടെ വിലപേശലിന് വഴങ്ങാതെ പാടത്ത് തന്നെ നെല്ല് വ്യത്തിയാക്കി ഉണക്കിയശേഷം നൽകുന്നവരുമുണ്ട്. സംസ്ഥാനത്ത് 38 മില്ലുകാരാണ് നെല്ല് സംഭരണത്തിന് സപ്ലൈകോയുമായി കരാർ ഒപ്പിട്ടിരിക്കുന്നത്.

പുല്ലഴി കോൾപ്പടവിൽ, മുഴുവൻ നെല്ലും എടുക്കണമെന്ന് മില്ലുകാരുമായി ധാരണയുണ്ടാക്കിയിട്ടുണ്ട്. ഈർപ്പം കൂടുന്നുവെന്നും പതിരുണ്ടെന്നും പറഞ്ഞാണ് ചൂഷണം. ഒരു ക്വിന്റൽ നെല്ലിന് രണ്ടര ശതമാനത്തിലേറെയാണ് ചേർപ്പ് ഭാഗങ്ങളിൽ മില്ലുകാർ ചോദിച്ചത്. ഈ ആവശ്യം കർഷകരും പടവ് ഭാരവാഹികളും അംഗീകരിക്കാതിരുന്നതിനാൽ കമ്പനിക്കാർ ചേനംപടവിൽ കൊയ്ത്ത് നിറുത്തിവച്ചിരുന്നു.

മുൻ കാലങ്ങളിൽ വൈക്കോൽ ഇനത്തിൽ കർഷകർക്ക് വലിയ തുക ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ വൈക്കോൽ എടുക്കുന്നവർ കുറവ് വിലയേ നൽകുന്നുള്ളു. മുൻകാലങ്ങളിൽ 130 രൂപ മുതൽ 180 വരെ ഒരു കെട്ടിന് ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ 80 മുതൽ നൂറു മാത്രമാണ് ലഭിക്കുന്നത്. ഓഫീസർ ഇല്ല സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്ന ജില്ലകളിലൊന്നായ തൃശൂരിൽ സ്ഥിരമായി പാഡി ഓഫീസർ ഇല്ലാത്ത സാഹചര്യമാണ്. നിലവിലുണ്ടായിരുന്ന പാഡി ഓഫീസർ സ്ഥലം മാറി പോയതോടെ എറണാകുളം ജില്ലയിലെ പാഡി ഓഫീസർക്കാണ് ചുമതല. കൊയ്ത്തു കഴിഞ്ഞിട്ടും നെല്ല് കയറ്റിപ്പോകാത്തതിനെ തുടർന്ന് പാടത്ത് തന്നെ ചാക്കിലാക്കി ടാർപോളിനിട്ട് മൂടിയിട്ടിരിക്കുകയാണ്.

ഡാമിലെ വെളളം എന്തിനുവേണ്ടി?

തൃശൂരിലെ പ്രധാന ഡാമായ ചിമ്മിനി ഡാമിൽ നിന്നുള്ള വെള്ളം നെൽക്കൃഷിയ്ക്കായാണ് പതിറ്റാണ്ടുകളായി വിനിയോഗിച്ചിരുന്നത്.
പക്ഷേ, ഈയിടെയായിമറ്റു കൃഷികൾക്കായി ഉപയോഗിക്കുന്നതിനാൽ തട്ടിത്തടഞ്ഞ് പതുക്കെയാണ് ഡാമിൽ നിന്ന് വെള്ളമെത്തുന്നത്. അതുകൊണ്ടു തന്നെ കോൾപ്പാടത്ത് കൊയ്ത്ത് തുടങ്ങാനിരിക്കെ

വരൾച്ച പ്രതിസന്ധിയായിരുന്നു. താറാവുകൃഷിക്ക് വെള്ളം കൊണ്ടുപോകുന്നത് ദുരിതത്തിലാക്കുന്നതായും കർഷകർക്ക് പരാതിയുണ്ട്. ചിലയിടങ്ങളിൽ കൊയ്ത്തുകഴിഞ്ഞ പാടത്തേക്ക് ചാലിലൂടെ വെള്ളം കൊണ്ടുപോകുന്നത് കാരണം പ്രധാന ചാലിൽ വെള്ളം ഉയരാത്തതിനാൽ പടവിലേക്ക് വെള്ളം എത്തുന്നുണ്ടായിരുന്നില്ല. പറപ്പൂർ, അടാട്ട്, കൈപ്പറമ്പ്, എളവള്ളി പാടശേഖരങ്ങളിലെ മൂവായിരത്തോളം ഏക്കർ നെൽകൃഷിയാണ് വറ്റിവരണ്ടത്. ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയറുടെ അനുമതിയില്ലാതെയാണ് കാനാതോട് റെഗുലേറ്റർ അടച്ചതെന്ന് ജില്ലാ കോൾ കർഷകസംഘം ആരോപിച്ചിരുന്നു.

ജില്ലയിലെ കോൾ നിലം 13,000 ഏക്കറിലേറെ വരും. കിലോഗ്രാമിന് നെല്ലിന്റെ വില 30 രൂപയാണ്. വിളവെടുക്കാൻ 130 ദിവസമാണ് കാലാവധി.

മഴ പെയ്താൽ മാലിന്യം?

കഴിഞ്ഞവർഷങ്ങളിൽ

കാലം തെറ്റി പെയ്ത മഴയിൽ തൃശൂർ നഗരത്തിലെ കാനകളിലെ മലിനജലവും സെപ്ടിക് ടാങ്ക് മാലിന്യവും നിറഞ്ഞ് മണിനാടൻ കോൾപ്പാടം ഗുരുതരമായ പ്രതിസന്ധിയിലായിരുന്നു. അതിനു പിന്നാലെ കൂമ്പുചീയലും പുഴുക്കേടും വ്യാപകമായി. കതിരിലെ നീരൂറ്റികുടിക്കുന്ന തണ്ടുതുരപ്പൻ പ്രാണികളുടെ ശല്യവുമുണ്ടായി. ഒന്നാംഘട്ടത്തിൽ കീടനാശിനി പ്രയാേഗിച്ചിട്ടും ഫലം കണ്ടില്ല. തുടർന്ന് വീണ്ടും മറ്റൊരു കീടനാശിനി അടിയ്ക്കാനായിരുന്നു കർഷകർ ശ്രമിച്ചത്. മഴ പെയ്താലും മഴയില്ലെങ്കിലും പ്രതിസന്ധിയിലാകുന്ന ഗുരുതര സ്ഥിതിവിശേഷമാണ് കോൾപ്പാടങ്ങളിലുളളതെന്ന് ചുരുക്കം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY