SignIn
Kerala Kaumudi Online
Wednesday, 22 July 2026 1.31 PM IST

അവമതിപ്പ് വിതയ്ക്കുന്ന കൃമികീടങ്ങൾ

s

ജുഡിഷ്യറിയിലെ അഴിമതിയെക്കുറിച്ച് എൻ.സി.ഇ.ആർ.ടിയുടെ എട്ടാം ക്ളാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ വിവാദ പരാമർശങ്ങൾ ഉൾപ്പെടാൻ ഇടയായ സംഭവത്തെ അതീവ ഗുരുതര സാഹചര്യമായാണ്

സുപ്രീം കോടതിയും പൊതുസമൂഹവും വിലയിരുത്തുന്നത്. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ പുസ്തക വിതരണം നിറുത്തിവയ്ക്കാനും വിതരണം ചെയ്ത മുഴുവൻ പുസ്തകങ്ങളും തിരിച്ചെടുക്കാനുമാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. 'ദേശീയ വിദ്യാഭ്യാസ ഗവേഷണ കൗൺസിൽ

(എൻ.സി.ഇ.ആർ.ടി) ജുഡിഷ്യറിക്കു നേരെ വെടിയുതിർത്തിരിക്കുന്നു" എന്നും, 'നീതിപീഠത്തിന് രക്തം ചിന്തിയിരിക്കുന്നു" എന്നും മറ്റുമുള്ള പരാമർശങ്ങളോടെ കടുത്ത അതൃപ്തി പ്രകടിപ്പിച്ച സുപ്രീം കോടതി, ജുഡിഷ്യറിയുടെ അന്തസിന് കളങ്കമേല്പിക്കാൻ ആഴത്തിലുള്ള ഗൂഢാലോചന നടന്നിട്ടുള്ളതായും നിരീക്ഷിച്ചു. എൻ.സി.ഇ.ആർ.ടി നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ നീരസം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. എന്തായാലും,​ വിവാദ പാഠഭാഗം പ്രസിദ്ധീകരിക്കാനിടയായതിനു പിന്നിൽ 'എന്തോ ചീഞ്ഞുനാറുന്നുണ്ടെ"ന്ന് ന്യായമായൊരു സംശയം പൊതുസമൂഹത്തിന് തോന്നുകതന്നെ ചെയ്യും.

പുസ്തകം നിരോധിച്ച സുപ്രീം കോടതി,​ എൻ.സി.ഇ.ആർ.ടിയോട് മാപ്പപേക്ഷ നടത്താൻ നിർദ്ദേശിക്കുകയും,​ ആ പാഠഭാഗം തയ്യാറാക്കിയവരുടെ പേരുവിവരവും,​ തീരുമാനമെടുത്ത യോഗത്തിന്റെ മിനിട്ട്സും ഹാജരാക്കാൻ ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്. വിശദീകരണം ചോദിച്ച് കൗൺസിലിന്റെ ഡയറക്ടർക്കും കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറിക്കും കത്തയയ്ക്കുകയും ചെയ്തിട്ടുണ്ട്. ജുഡിഷ്യറിയെ അവഹേളിക്കാൻ മന:പൂർവമായ ശ്രമം നടന്നിട്ടുള്ളതായി തെളിഞ്ഞാൽ ബന്ധപ്പെട്ടവർക്കെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടികളുണ്ടാകും. അതേസമയം,​ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തേണ്ട വിഷയം നിശ്ചയിച്ചവർക്കും,​ അത് തയ്യാറാക്കിയവർക്കും,​ പാഠഭാഗം പരിശോധിച്ചവർക്കും,​ പ്രസിദ്ധീകരണത്തിന് അന്തിമാനുമതി നല്കിയവർക്കുമെല്ലാം ഒരുപോലെ അബദ്ധം സംഭവിച്ചുവെന്നോ,​ വീഴ്ച മന:പൂർവമല്ലെന്നോ വിചാരിക്കാനാവില്ല. കോടതി സംശയം പ്രകടിപ്പിച്ചതുപോലെ ഇക്കാര്യത്തിൽ ഒരു ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അത് ഭരണ സംവിധാനത്തിൽ നുഴഞ്ഞുകയറിയ 'വിനാശകാരികളായ കൃമികീടങ്ങളുടെ" സ്വാധീനം എത്രത്തോളമാണെന്ന് വ്യക്തമാക്കുന്നതാണ്.

രാജ്യത്ത്,​ രാഷ്ട്രീയക്കാർക്ക് കടന്നുകൂടാൻ ഇതേവരെ അവസരം കിട്ടിയിട്ടില്ലാത്ത രണ്ടു മേഖലകളാണ് സൈന്യവും,​ ജുഡിഷ്യറിയും. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതാണ് ആദ്യത്തെ മേഖലയെങ്കിൽ,​ പൊതുനീതിയും വിശ്വാസ്യതയുമായി ബന്ധപ്പെട്ടതാണ് ജുഡിഷ്യറി. ജുഡിഷ്യറിയിലെ ചില പുഴുക്കുത്തുകളെക്കുറിച്ച് വാർത്തകൾ പുറത്തുവന്നിട്ടുണ്ട് എന്നതും,​ ഉന്നത നീതിപീഠത്തിലെ തന്നെ ചില ജഡ്‌ജിമാർ ആരോപണവിധേയരായിട്ടുണ്ട് എന്നതും പരമാർത്ഥം തന്നെ. പക്ഷേ,​ അഴിമതിയുടെ കൂത്തരങ്ങായ രാഷ്ട്രീയ രംഗത്തെക്കുറിച്ചോ,​ പൊതു ഖജനാവ് ധൂർത്തടിക്കുന്ന ഭരണരംഗത്തെക്കുറിച്ചോ മിണ്ടാട്ടമില്ലാതെ,​ ജുഡിഷ്യറിയെ മാത്രം ഉന്നമിട്ടു എന്നതാണ് ഇക്കാര്യത്തിൽ ഒരു ഗൂഢാലോചന നടന്നിട്ടുണ്ടെന്ന സംശയം ബലപ്പെടുത്തുന്നത്. ജനാധിപത്യം ശക്തമാക്കുന്നതിൽ ജുഡിഷ്യറിയുടെ പങ്കിനെക്കുറിച്ചാകട്ടെ,​ പരാമർശമില്ല താനും. മാത്രമല്ല,​ പൊതുവിഷയങ്ങളിൽ അടിസ്ഥാന വിദ്യാഭ്യാസം ആർജ്ജിക്കുന്ന പ്രായക്കാരെ ഉദ്ദേശിച്ച് തയ്യാറാക്കിയ പാഠഭാഗത്തിലാണ് ജുഡിഷ്യറിയെക്കുറിച്ച് അപകീർത്തി പരാമർശങ്ങൾ പ്രത്യക്ഷപ്പെട്ടത് എന്നതും ശ്രദ്ധേയമാണ്.

പൊതുവിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് സ്വന്തമായി വിവേചന ശേഷിയും ത്യാജ്യഗ്രാഹ്യബുദ്ധിയും രൂപപ്പെട്ടതിനു ശേഷം,​ സർവകലാശാലാ പാഠഭാഗങ്ങളിലും മറ്റും അഴിമതിയുടെ വ്യാപ്തിയെക്കുറിച്ചും കാരണങ്ങളെക്കുറിച്ചും മറ്റും ചർച്ച ചെയ്യുന്നതിൽ തെറ്റു പറയാനില്ല. കാരണം,​ യാഥാർത്ഥ്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ രൂപപ്പെട്ടവരും,​ വിഷയങ്ങളിൽ സ്വന്തം നിലപാടിൽ എത്തിക്കഴിഞ്ഞവരുമാകും ആ പ്രായക്കാർ. അതിനു പകരം,​ പതിനാലോ പതിനഞ്ചോ വയസുമാത്രമുള്ള കുട്ടികളുടെ മനസിൽ ജുഡിഷ്യറിയെക്കുറിച്ച് അവമതിപ്പു സൃഷ്ടിക്കാൻ കാരണമാകുന്ന പരാമർശങ്ങൾ രാജ്യത്തെ ഏറ്റവും ഉന്നതമായ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനത്തിൽ നിന്നുതന്നെ ഉണ്ടാകുന്നതാണ് വിചിത്രവും സംശയങ്ങൾക്ക് വഴിവയ്ക്കുന്നതും. എന്തായാലും,​ ഈ വിഷയം അവസാനിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജുഡിഷ്യൽ തലത്തിൽത്തന്നെ നടന്നേക്കാവുന്ന ഉന്നതാന്വേഷണത്തിൽ സത്യം പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് പൊതുസമൂഹം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY