SignIn
Kerala Kaumudi Online
Monday, 27 July 2026 3.19 PM IST

സ്വയം മാർക്കിടുന്നവർ!

d

'സ്വന്തമായി ഒരു 'അവാർഡ് "ഏർപ്പെടുത്തി, സ്വയം മാർക്കിട്ട്, അതു സ്വീകരിക്കുന്നതിൽ താല്പര്യമുള്ളവരുടെ എണ്ണം കൂടി വരുന്ന കാലഘട്ടത്തിലാണ് നമ്മളിപ്പോൾ ജീവിക്കുന്നതെന്ന് ആർക്കാണ്അറിയാത്തത്! എന്നാൽ, നമുക്കിതൊന്നുകണ്ടാലോ: അന്ന്, ആ സ്‌കൂളിലെ പ്രധാനഅദ്ധ്യാപകന്റെ യാത്രഅയപ്പുദിവസമായിരുന്നു. പൂർവവിദ്യാർത്ഥികളും, അദ്ധ്യാപകരും,കുട്ടികളും കൂടിയായപ്പോൾ വലിയൊരു യാത്രഅയപ്പാണ് അദ്ദേഹത്തിന് ഒരുക്കിയത്. മറുപടി പ്രസംഗത്തിൽ നന്ദി സൂചകമായി ചില കാര്യങ്ങൾ പറഞ്ഞശേഷം, അദ്ദേഹം ഇപ്രകാരം തുടർന്നു: 'അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ ആഗ്രഹിക്കാത്തവരായി ആരെങ്കിലും നിങ്ങൾക്കിടയിലുണ്ടാകുമോ? 'ചോദ്യം കേട്ടിട്ടും, മിക്കവരും അശ്രദ്ധമായൊരു ഭാവത്തിലിരുന്നതേയുള്ളു. രണ്ടാംനിരയിൽ ഏകദേശം മധ്യഭാഗത്തിരിക്കുകയായിരുന്ന ഒരു കുട്ടി എഴുന്നേറ്റ് കൈ ഉയർത്തി! അതുകണ്ട ആ പ്രധാനഅദ്ധ്യാപൻ, തന്റെ പ്രസംഗം തുടർന്നുകൊണ്ടുതന്നെ ആ കുട്ടിയോട് വിവരമന്വേഷിച്ചു. കുട്ടി, വളരെ ശാന്തമായി തെളിഞ്ഞ സ്വരത്തി ൽ ഇപ്രകാരം പറഞ്ഞു: 'സാർ, എനിക്ക് അഭിനന്ദനമൊന്നും ഇപ്പോൾ ആഗ്രഹമില്ല. കാരണം, അഭിനന്ദനമർഹിക്കുന്നു എന്ന് സ്വയം വിലയിരുത്താൻ കഴിയുന്ന എന്തെങ്കിലുമൊരു കാര്യം ഞാൻചെയ്തതായി എനിക്ക് ബോധ്യപ്പെട്ടിട്ടില്ല. അപ്രകാരം ബോധ്യപ്പെടാത്തിടത്തോളം കാലം ആരെങ്കിലും എന്നെ പ്രശംസിച്ചാൽ അത്, ഞാനർഹിക്കുന്ന ഒരു പ്രശംസയായി സ്വീകരിക്കാൻ എനിക്കുകഴിയില്ല. കാരണം, അത്തരമൊരു പ്രശംസ, സത്യത്തിനും, ന്യായത്തിനും വിരുദ്ധമാവുമെന്നൊരു ഗൗരവപ്രശ്നം കൂടിയുണ്ട്. 'ഒരു ഒൻപതാം ക്ലാസുകാരനിൽ നിന്നും, ഇത്രയും ഉൾക്കാഴ്ച പകരുന്ന വാക്കുകൾ ഉണ്ടാവുമെന്ന്, ആരും പ്രതീക്ഷിച്ചിരുന്നില്ല. പ്രധാന അദ്ധ്യാപകൻ, 'സിദ്ധു' എന്ന ആ കുട്ടിയെ തന്റെ അടുത്തേക്കു വിളിപ്പിച്ചു. കുട്ടിയുടെ വ്യക്‌തിഗത വിവരങ്ങൾ ചോദിച്ചശേഷം, അദ്ദേഹം, അഞ്ചുചോദ്യങ്ങൾകൂടി ആ കുട്ടിയോട് ചോദിച്ചു, അവ ഇപ്രകാരമായിരുന്നു: (1)എന്തുകൊണ്ടാണ് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾക്ക് ഇപ്പോൾ ആഗ്രഹമില്ലയെന്നു പറഞ്ഞത്?-അതിന് മറുപടിയായി കുട്ടി ഇപ്രകാരം പറഞ്ഞു: സാർ, നേരത്തെ പറഞ്ഞതുപോലെ അഭിനന്ദനം അർഹിക്കുന്ന ഒരു കാര്യവും എന്റെ ബോധ്യത്തിൽ ഞാൻ ചെയ്തിട്ടില്ല. (2)എന്നിരുന്നാലും, ഒരു പ്രത്യേക പരിഗണന വെച്ച് ആർക്കെങ്കിലും കുട്ടിയെ അഭിനന്ദിക്കണമെന്നു തോന്നിയാലോ? സാർ, അങ്ങനെ അവർക്കു തോന്നുന്നതിന് ഞാൻ ഉത്തരവാദിയല്ലയെന്നാലും, അർഹതയില്ലാത്തതൊന്നും എനിക്കുവേണ്ട. (3)ഇപ്പോൾ ഒൻപതാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയെന്ന നിലയിൽ, നിങ്ങൾക്ക് മികവുപുലർത്താൻ കഴിയുന്ന മേഖല ഏതാണ് എന്നൊരു സ്വയം വിലയിരുത്തലുണ്ടോ?സാർ, നന്നായി പഠിക്കുകയെന്നതിൽ തന്നെയാണ് ഒരുവിദ്യാർത്ഥിയെന്ന നിലയിൽ ഞാൻ മികവു പുലർത്തേണ്ടതെങ്കിലും, അതുപാലിച്ചുകൊണ്ട് സാമൂഹികപ്രതിബദ്ധതയുള്ള ഒരു വിദ്യാർത്ഥിയായിരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. (4)അപ്രകാരം, സാമൂഹികപ്രതിബദ്ധതയോടെ എന്തെങ്കിലുമൊരു പ്രവൃത്തി ചെയ്തതായി സ്വയം വിലയിരുത്തലുണ്ടോ? പതിവിന് വിപരീതമായി ഈ ചോദ്യത്തിന് കുട്ടി ഒരു മറുപടിയും പറയാതെ നിൽക്കുന്നതുകണ്ട്, മറ്റൊരു കുട്ടിയാണ്, പ്രധാന അദ്ധ്യാപകനിൽ നിന്നും അനുവാദം വാങ്ങി മറുപടി പറഞ്ഞത്: 'സാർ,സിദ്ധു മിക്കദിവസങ്ങളിലും ഉച്ചഭക്ഷണം കഴിക്കാറില്ല, അയാൾ വീട്ടിൽ നിന്നും കൊണ്ടുവരുന്ന ഭക്ഷണം,ഭക്ഷണമില്ലാതെ വരുന്നവർക്കു കൊടുക്കുകയാണ് പതിവ്. 'അത്തരമൊരു ഉത്തരംകേട്ട പ്രധാന അദ്ധ്യാപകൻ സംതൃപ്തിയോടെ സിദ്ധുവിനെ നോക്കി. അപ്പോഴും, അയാൾ, പ്രത്യേകിച്ചൊരു ഭാവമാറ്റവുമില്ലാതെ നിൽക്കുകയായിരുന്നു. (5)മോന് ഏറ്റവും കൂടുതൽ സന്തോഷം തോന്നുന്നത് എപ്പോഴാണ്? ചോദ്യകർത്താവിന്റെ കണ്ണിൽ നോക്കി, സിദ്ധു മൃദുഭാഷയിൽ ഇപ്രകാരം പറഞ്ഞു : സത്യംപറയാൻ സാധിക്കുമ്പോൾ."ഇപ്രകാരം പറഞ്ഞു കൊണ്ട്, പ്രഭാഷകൻ, സദസ്യരെ നോക്കിയപ്പോൾ, എല്ലാവരും സിദ്ധുവെന്ന ആ കൊച്ചുപയ്യനെ ശ്വാസമടക്കിപ്പിടിച്ച് നോക്കിയിരിക്കുന്ന ഒരുഭാവത്തിലെ കാഴ്ചയാണ്കണ്ടത്.എല്ലാവരേയും വാത്സല്യപൂർവം നോക്കി പുഞ്ചിരിച്ചുകൊണ്ട് പ്രഭാഷകൻ ഇപ്രകാരം തുടർന്നു:"അഭിനന്ദനങ്ങളും,ആക്ഷേപങ്ങളും ഒരു വ്യക്തിയുടെ വാക്കുകളുടേയോ,പ്രവൃത്തികളുടേയോ,രണ്ട് വശങ്ങളാണ്. അഭിനന്ദനം പ്രോത്സാഹനവും അംഗീകാരവും നൽകുമ്പോൾ, ആക്ഷേപം തിരുത്തലുകൾക്കും മെച്ചപ്പെടുത്തലിനും വഴിയൊരുക്കുന്നു. അഭിനന്ദനങ്ങൾ, മികച്ച പ്രകടനത്തെ അംഗീകരിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ, ആക്ഷേപങ്ങൾ, പോരായ്മകൾ ചൂണ്ടിക്കാട്ടി, സ്വയം തിരുത്താൻ സഹായിക്കുന്നു. പൊതുവേ, ഏതൊരു കാര്യത്തിലും അഭിനന്ദനങ്ങളും ആക്ഷേപങ്ങളും ഒരേപോലെ സ്വാഭാവികമായി വരാം. അതുകൊണ്ടുതന്നെ അവയെ സമാധാനമായി വിലയിരുത്തി മനസിലാക്കാൻ ശ്രമിക്കുക. അദ്ധ്യാപകൻ, അദ്ദേഹത്തിന് യാത്രഅയപ്പു ചടങ്ങിൽ ലഭിച്ചഏറ്റവുംവിലയേറിയ ആ പൊന്നാട ഭാവിവാഗ്ദാനമായ സിദ്ധുവിനെ നിറഞ്ഞ മനസോടെ അണിയിച്ചുകൊണ്ടുപറഞ്ഞു: 'കുഞ്ഞേ, നീ വരുംതലമുറകൾക്ക്, ദിശാബോധമേകുന്നൊരു നവദീപമായ്തെളിയുക യുഗങ്ങളോളം! അതിന്റെ സംതൃപ്തിയോടെ ഞാനിറങ്ങട്ടെ!" ഇപ്രകാരം പറഞ്ഞുകൊണ്ട്, പ്രഭാഷകൻ, സദസ്യരെ നോക്കിയപ്പോൾ, അവർ സിദ്ധുവിനെയും, നല്ലവനായ ആ ഗുരുനാഥനേയും വിട്ടുവന്നിരുന്നില്ല!

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY