
കാലഘട്ടം 1980കളുടെ മദ്ധ്യം. ഇംഗ്ലണ്ടിൽ വസന്തകാലമായിരുന്നു. അവിചാരിതമായി പോസ്റ്റുമാൻ വീട്ടിലെ കോളിംഗ്ബെൽ അമർത്തി കാത്തുനിൽക്കുന്നു. എനിക്കായി രണ്ടു രജിസ്റ്റേർഡ് കവറുകൾ കൊണ്ടുവന്നിട്ടുണ്ട്. ഞാൻ ഒപ്പിട്ട് വാങ്ങി. ആദ്യം വലിയ കവർ തുറന്നു. ഒ.വി.വിജയന്റെ മുഖചിത്രമുള്ള കഥ ആഴ്ചപ്പതിപ്പ്. 2-ാമത്തെ കവറിൽ ലെറ്റർപാഡിൽ അർത്ഥവത്തായ ഒരു കത്ത്. അതിങ്ങനെ: എന്റെ 'ആയിരം ശിവരാത്രികൾ' വളരെ നന്നാ യിരിക്കുന്നു. ഒരുപക്ഷേ, എം.ടിയുടെ മഞ്ഞിനുശേഷം മലയാളത്തിൽ പ്രസിദ്ധമായേക്കാവുന്ന മറ്റൊരു കഥ. എനിക്കു നന്നായി എഴുതാൻ കഴിവുണ്ടെന്ന പ്രശംസയും. കത്തിനൊപ്പം 200 രൂപയുടെ ചെക്കും.
എം.ടിയെക്കുറിച്ച് അന്ന് കേട്ടറിവ് മാത്രമേ എനിക്കുണ്ടായിരുന്നുള്ളു. മഞ്ഞ് ഞാൻ വായിച്ചിട്ടുമില്ല. എന്റെ കഥയ്ക്ക് ചിത്രങ്ങൾ വരച്ചത് ആർട്ടിസ്‌റ്റ് നമ്പൂതിരിയായിരുന്നു. നമ്പൂതിരിയുടെ കൗതുക വരകളിലൂടെ എന്റെ കഥാപാത്രങ്ങൾ ജീവൻ വയ്ക്കുന്നത് കഥ ആഴ്ചപ്പതിപ്പിൽ ഞാൻ കണ്ടു. എൻ.ആർ.എസ്.ബാബു സാറും ഞാനും പരസ്പരം അറിയുന്നവരായിരുന്നില്ല. കൗമുദി ബാലകൃഷ്ണന്റെ സഹോദരപുത്രി പ്രൊഫ.ശോഭയും ഭർത്താവ് അനിൽകുമാറും ലണ്ടൻ സന്ദർശിച്ച് നാട്ടിലേക്ക് മടങ്ങിയപ്പോൾ എന്റെ ആയിരം ശിവരാത്രികളുടെ കഥയും കൊണ്ടുപോയിരുന്നു.
അവരത് അയൽവാസിയായിരുന്ന എൻ.ആർ.എസിനു കൊടുത്തു. അത് വായിച്ചപ്പോൾ അദ്ദേഹത്തിന് ഇഷ്ടമായി.അങ്ങനെ ഞാനെഴുതിയ ആയിരം ശിവരാത്രികൾ കഥ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു. കഥ പ്രസിദ്ധീകരിച്ച സമയത്തുതന്നെ സാജ് പ്രൊഡക്ഷൻസ് ഈ കഥ മൂന്നു ഭാഷകളിൽ ചലച്ചിത്രമാക്കാൻ രജിസ്റ്റർ ചെയ്തിരുന്നു. ബാബുസാറിന്റെ നിർദ്ദേശപ്രകാരം എന്റെ ഭർത്താവിന്റെ നാട്ടുകാരൻ ആലപ്പുഴക്കാരനായ ഫാസിലിനു കഥ കൈമാറി. കഥയുടെ കോൺട്രാക്ട് ഒപ്പിട്ടത് എൻ.ആർ.എസ്. ബാബുസാറിന്റെ തിരുവനന്തപുരത്തെ പട്ടത്തെ വീട്ടിൽ വച്ചായിരുന്നു.
അങ്ങനെ മണിവത്തൂരിലെ ആയിരം ശിവരാത്രികൾ ചലച്ചിത്രമായി പിറവികൊണ്ടു. ബാബു സാറും ഫാസിലും കള്ളിക്കാട് രാമചന്ദ്രനും എന്റെ കുടുംബവും ഒത്തുള്ള ചിത്രം ഇപ്പോഴും മനസിലുണ്ട്. ആ സിനിമയുടെ ചിത്രീകരണം ഊട്ടിയിലായിരുന്നു. 1987 ഓണത്തിന്- സെപ്തംബർ നാലിന് പടം റിലീസ് ആയി. ഞാൻ ജന്മനാട്ടിൽ അമ്മയ്ക്കൊപ്പമിരുന്ന് ചലച്ചിത്രം കണ്ടു.
ബാബുസാറിന്റെ അനുഗ്രഹം തുടർന്നും എഴുതാൻ പ്രചോദനമായി. നാളിതുവരെ 26 നോവലുകളും 12 ചെറുകഥകളും പന്ത്രണ്ടോളം കവിതകളും ലണ്ടനിലെ പ്രവാസ ജീവിതത്തിനിടയിൽ എഴുതാനായി. 2024ൽ ശ്രീനാരായണഗുരുവിന്റെ ജീവചരിത്രം 'ഗുരുവിന്റെ വഴിയെ' എഴുതി. നാട്ടിലേക്കുള്ള യാത്രകളിലെല്ലാം ഞാനെപ്പോഴും അദ്ദേഹത്തെ സന്ദർശിക്കാൻ ശ്രമിച്ചിരുന്നു. 2024ൽ അദ്ദേഹത്തെ തേടി വീട്ടിലെത്തിയെങ്കിലും എനിക്ക് നേരിട്ട് കാണാൻ സാധിച്ചില്ല. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |