SignIn
Kerala Kaumudi Online
Friday, 03 July 2026 2.08 AM IST

ഗൗരിഅമ്മ വീണ്ടും ഓർമ്മിക്കപ്പെടുമ്പോൾ

k

കെ.ആർ. ഗൗരിഅമ്മയുടെ

107-ം ജന്മദിനമാണ് ഇന്ന്

കൊല്ലവർഷം കണക്കിൽ മിഥുന മാസത്തിലെ തിരുവോണം നക്ഷത്രത്തിലാണ് കെ.ആർ. ഗൗരിഅമ്മയുടെ ജനനം. ക്രിസ്തുവർഷം കണക്കിൽ ജൂലായ് മാസം മൂന്ന്. 2026 ജൂലായ് മൂന്നിന് ഗൗരിഅമ്മയുടെ 107-ം പിറന്നാൾ. ഒരു നൂറ്റാണ്ട് കാലത്തെ ഐതിഹാസികമായ ജീവിതവും ഭൗതിക ജീവിതത്തിന് ശേഷം നിലനിറുത്തിയ രാഷ്ട്രീയ സാന്നിദ്ധ്യവും ഓർമ്മിക്കപ്പെടേണ്ട സന്ദർഭമാണിത്. ദീർഘമായ ഒരു നൂറ്റാണ്ടുകാലം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിനൊപ്പം ചുവടുവച്ച ആ അതുല്യ വ്യക്തിത്വം ഇന്നുമൊരു ചരിത്രസാന്നിദ്ധ്യമാണ്. യൗവനമാരംഭിക്കും മുമ്പേ കമ്മ്യൂണിസത്തിന്റെ കനൽവഴികളിലൂടെ ഗൗരിഅമ്മ നടന്നു തുടങ്ങിയിരുന്നു.

ആലപ്പുഴ പട്ടണക്കാട്ടുളള പുരാതന ഈഴവ തറവാടുകളിൽ അക്കാലത്ത് പിറന്നു വീഴുന്ന പെൺകുട്ടികളിൽ നിന്നും വൃത്യസ്തമായ തരത്തിലായിരുന്നു ഗൗരിഅമ്മയുടെ ബാല്യകാല അനുഭവങ്ങളിലൂടെ ആർജ്ജിച്ച രാഷ്ട്രീയനിലപാടുകൾ. കേരളം സമര സന്നിഭമായിരുന്ന അക്കാലം വനിതകൾക്ക് രാഷ്ട്രീയ ചിന്ത പോലും വിലക്കപ്പെട്ടിരുന്നു. അതിനെ വെല്ലുവിളിച്ചുകൊണ്ടാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. പ്രതീക്ഷിക്കാൻ ദുരിതങ്ങളും ദുരന്തങ്ങളും മാത്രമാണ് അക്കാലത്ത് ഉണ്ടായിരുന്നത്. പക്ഷേ,​ സമ്പന്ന പശ്ചാത്തലമുണ്ടായിരുന്ന ഗൗരിഅമ്മ പതറിയില്ല.

മികച്ച സ്‌കൂൾ പഠനവും നിയമബിരുദവും നേടികഴിഞ്ഞപ്പോഴേക്കും പ്രസ്ഥാനത്തിന്റെ ആലപ്പുഴയിലെ പകരം വയ്ക്കാനില്ലാത്ത മുൻനിര നേതാക്കളിലൊരാളായി ഗൗരിഅമ്മ മാറി. ത്യാഗ പൂർണ്ണമായ രാഷ്ട്രീയ ജീവിതത്തിന്റെ ആദ്യ അദ്ധ്യായം അവസാനിക്കുന്നത് 1982ൽ തിരു-കൊച്ചി പ്രജാസഭയിലേക്ക് പാർട്ടി സ്ഥാനാർത്ഥിയായി ഗൗരിഅമ്മ വിജയിക്കുമ്പോഴാണ്. തുടർന്ന് 1957ൽ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ ഏക വനിതാ മന്ത്രിയായി എത്തി. കേരളത്തെ മാറ്റി മറിച്ച ഭൂപരിഷ്‌കരണ നിയമത്തിൽ ഗൗരിഅമ്മ അന്ന് കൈയൊപ്പിട്ടു.

ഭരണ നൈപുണൃത്തിന്റെയും, രാഷ്ട്രീയ തന്ത്രജ്ഞതയുടെയും സജീവസാന്നിദ്ധ്യമായി അര നൂറ്റാണ്ടു കാലം ഗൗരിഅമ്മ തിളങ്ങി നിന്നു. 1987ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള ത്തിലുടനീളം മുഴങ്ങികേട്ട ഇടതുമുന്നണിയുടെ രാഷ്ട്രീയ മുദ്രാവാകൃമായിരുന്നു 'കേരം തിങ്ങും കേരള നാട്ടിൽ കെ.ആർ.ഗൗരി ഭരീച്ചീടുമെന്നത്'. തിരഞ്ഞെടുപ്പിൽ മുന്നണി അധികാരത്തിലെത്തിയെങ്കിലും ഗൗരിഅമ്മയ്ക്ക് മുഖ്യമന്തി പദം ലഭിച്ചില്ല.

1994ൽ സി.പി.എമ്മിൽ നിന്നും ഗൗരിഅമ്മ പുറത്താക്കപ്പെടുന്നത് ഞെട്ടലോടെയാണ് രാഷ്ട്രീയ കേരളം കേട്ടത്. തുടർന്ന് ഒരു ബദൽ സംവിധാനത്തിന് വേണ്ടി നാടിന്റെ നാനാഭാഗത്ത് നിന്നും ഉയർന്ന മുറവിളിയാണ് ജനാധിപത്യ സംരക്ഷണ സമിതിക്ക് രൂപം നൽകാൻ ഗൗരിഅമ്മയെ പ്രേരിപ്പിച്ചത്. എല്ലാ മേഖലയിൽ നിന്നും ജെ.എസ്.എസിന് വൻ പിന്തുണ ലഭിച്ചു.

അവസരോചിതമായ നിലപാടിലൂടെ ലീഡർ കെ. കരുണാകരൻ ഗൗരിഅമ്മയെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്തു. 2001ലെ ആന്റണി മന്ത്രിസഭയിൽ മന്ത്രിപദവി നൽകി യു.ഡി.എഫ് ആദരിച്ചു. അതിന്റെ തുടർച്ചയാണ് ഇന്നും യു.ഡി.എഫിന്റെ ഭാഗമായി ജെ.എസ്.എസ് തുടരുന്നത്. ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിക്ക് ആലപ്പുഴ റെയ്ബാൻ ഓഡിറ്റോറിയത്തിൽ ഗൗരിഅമ്മയുടെ 107 -ാം ജന്മദിനാഘോഷം നടക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചടങ്ങ് ഉദ്ഘാടനം ചെയ്യും.

(ജെ.എസ്.എസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റാണ് ലേഖകൻ)​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KR GOWRIAMMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY