SignIn
Kerala Kaumudi Online
Monday, 20 July 2026 8.11 PM IST

പിള്ളേർക്കെന്ത് കാര്യം?; 'ബഡായി കപ്പൽശാലയും'

d

'കണ്ടു, കണ്ടു, കണ്ടില്ല. കേട്ടു,കേട്ടു,കേട്ടില്ല'. സദാ പുഞ്ചിരിക്കുന്ന ഒരു മുഖ്യമന്ത്രിയെയാണ് നമുക്ക് കിട്ടിയിരിക്കുന്നതെന്നും, ഇത്രയും ജനകീയനായ മുഖ്യമന്ത്രി അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ലെന്നുമാണ് വി.ഡി.സതീശനെക്കുറിച്ച് മന്ത്രി കെ.മുരളീധരൻ പറഞ്ഞത്.പക്ഷേ, കെ.എസ്.യു നേതാക്കളിൽ പലരും ഇപ്പോഴത് സമ്മതിച്ചു തരണമെന്നില്ല. വിശേഷിച്ച്,സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. പൊതുവേദിയിൽ മുഖ്യമന്ത്രിയെ നോക്കി വെളുക്കെ ചിരിക്കാൻ ശ്രമിച്ചിട്ടും അദ്ദേഹം കണ്ടഭാവം കാട്ടാതെ തന്റെ മുന്നിലൂടെ മുഖം തിരിച്ച് നടന്നതിലാണ് അലോഷ്യസിന് പരിഭവം. അതും, ജനക്കൂട്ടത്തിന്റെയും ചാനൽ ക്യാമറകളുടെയും മുന്നിൽവച്ച്.

'കെ.എസ്.യുക്കാരുടെ കൂടി ചോരയും നീരുമാണ് ഈ സർക്കാർ. സർക്കാരിന് സംഭവിച്ച വീഴ്ചകൾ ചൂണ്ടിക്കാട്ടിയതാണ് താൻ ചെയ്ത തെറ്റെങ്കിൽ, ആ തെറ്റ് ഇനിയും ആവർത്തിക്കും'. മുഖ്യമന്ത്രി പോയശേഷം ചമ്മൽ മറച്ച് അലോഷ്യസ് പറഞ്ഞു. സർക്കാർ പ്ലീഡർമാരായി എസ്.എഫ്.ഐ, എ.ബി.വി.പി പശ്ചാത്തലമുള്ള രണ്ടുപേരെ നിയമിച്ചതിനെ കെ.എസ്.യു നേതാക്കൾ വിമർശിച്ചതും പ്ലീഡർ നിയമനത്തിൽ കെ.എസ്.യുവിന് എന്തുകാര്യമെന്ന് സതീശൻ തിരിച്ചടിച്ചതുമാണ് കലിപ്പിനിടയാക്കിയത്.

ലായേഴ്സ് കോൺഗ്രസ് നൽകിയ പട്ടികയിൽ നിന്നാണ് താൻ നിയമനം നടത്തിയതെന്നാണ് മുഖ്യമന്ത്രിയുടെ വാദം. ലായേഴ്സ് കോൺഗ്രസ് ഭാരവാഹികൾ അത് നിഷേധിച്ചത് ആന്റി ക്ളൈമാക്സ്! മുഖ്യമന്ത്രിയെ കാണാനുള്ള അലോഷ്യസിന്റെ ആവശ്യം നിരസിക്കപ്പെട്ടതും കലിപ്പ് കൂട്ടി. ഹിന്ദു ഐക്യവേദി നേതാക്കൾക്ക് നൽകിയ സന്ദർശനാനുമതിപോലും മുഖ്യമന്ത്രി കെ.എസ്.യുക്കാർക്ക് നിഷേധിക്കുന്നുവെന്നാണ് പരാതി. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയെ കോൺഗ്രസ് മുഖ്യമന്ത്രി പരസ്യമായി തള്ളിപ്പറയുന്നു. എസ്.എഫ്.ഐക്കാരോ, ഡി.വൈ.എഫ്.ഐക്കാരോ വേണ്ടാതീനം കാണിച്ചാലും, അതിനെ 'രക്ഷാപ്രവർത്തന'മെന്ന് പറഞ്ഞ് ന്യായീകരിക്കാനല്ലാതെ, അവരെ തള്ളിപ്പറയാൻ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ തയ്യാറായിട്ടില്ലെന്ന് കെ.എസ്.യുക്കാർ പറയുന്നു.

സതീശനെ അനുകൂലിച്ചും എതിർത്തും പാർട്ടി നേതാക്കളും എത്തിയതോടെ, കോൺഗ്രസിലും ചേരിപ്പോരായി. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ പറഞ്ഞത് പലതും സതീശൻ വിഴുങ്ങുന്നുവെന്നും ആരോപണം. പിണറായിയുടെ നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് മർദ്ദമേറ്റ കേസ് എ.ഡി.ജി.പി എം.ആർ.അജിത് കുമാർ അട്ടിമറിച്ചെന്ന് പ്രത്യേക അന്യേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ട് രണ്ടാഴ്ച ഇപ്പോഴത്തെ ഡി.ജി.പിയുടെ പോക്കറ്റിൽ ഭദ്രമായി ഇരുന്നു. ഡി.ജി.പി നിതിൻ അഗർവാൾ ഈ മാസം 31ന് വിരമിക്കുമ്പോൾ ഒഴിവുവരുന്ന ഡി.ജി.പി റാങ്ക് ലഭിക്കേണ്ടത് അജിത് കുമാറിനാണ്.

പ്രതിപക്ഷത്തിരുന്നപ്പോൾ അജിത് കുമാറിനെ പിണറായിയുടെ പിണിയാളും, ആർ.എസ്.എസ് ഏജന്റുമായി ചിത്രീകരിച്ച വി.ഡി.സതീശനും, രമേശ് ചെന്നിത്തലയും അജിത്തിന് ഡി.ജി.പി റാങ്ക് ലഭിക്കാനാണ് റിപ്പോർട്ടിൽ മെല്ലെപ്പോക്ക് കാട്ടുന്നതെന്നാണ് യൂത്ത് കോൺഗ്രസ് ഉയർത്തിയ ആരോപണം.അതിനുശേഷമാണ് ഡി.ജി.പി റിപ്പോർട്ട് പുറത്തെടുത്ത് പുനരന്വേഷണത്തിന് കൈമാറിയത്. ഇക്കാര്യത്തിൽ തീരുമാനത്തിന് ഇനി ദിവസങ്ങൾ മാത്രം. സംസ്ഥാന ഇലക്ഷൻ കമ്മിഷണറായി നിയമിതനായ ശേഷാദ്രിനാഥൻ സംഘപരിവാർ ബന്ധമുള്ളയാളാണെന്ന യൂത്ത് കോൺഗ്രസ് നേതാവിന്റെ ആരോപണമുനയും ചെന്നുതറയ്ക്കുന്നത് മുഖ്യമന്ത്രിക്ക് നേരേ. ഇതെല്ലാം ചേർത്തു വായിക്കുമ്പോൾ, ഇതിനെല്ലാം പിന്നിൽ കെ.സി.വേണുഗോപാൽ വിഭാഗത്തിന്റെ ഒളിയമ്പാണെന്നാണ് സതീശൻ വിഭാഗം കരുതുന്നത്. കോൺഗ്രസിൽ പഴയ

എ.ഐ ഗ്രൂപ്പുകൾക്ക് പകരം,പുതിയ കെ.സി, സതീശൻ ഗ്രൂപ്പുകൾ രൂപം കൊണ്ടെന്ന അരമന രഹസ്യം ഒടുവിൽ അങ്ങാടിപ്പാട്ടായി.



'ആന കൊടുത്താലും കിളിയേ ആശ കൊടുക്കാമോ?,​ ആശ കൊടുത്താലും കിളിയേ വാക്കു കൊടുക്കാമോ?' വിഴിഞ്ഞത്ത് കപ്പൽ നിർമ്മാണശാല സ്ഥാപിക്കാൻ ടാറ്റ ഗ്രൂപ്പ് 10,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അറിയിച്ചെന്ന മുഖ്യമന്ത്രി വി.ഡി.സതീശന്റെ വെളിപ്പെടുത്തൽ കേരളീയർക്ക്,​ വിശേഷിച്ച് അവിടത്തെ തീരദേശവാസികൾക്ക് നൽകിയ ആശ ചെറുതല്ല.വിഴിഞ്ഞത്തിന് സമീപത്ത് അനുയോജ്യമായ ആഴക്ക‌ടലുള്ള പൂവാർ കേന്ദ്രമാക്കി കപ്പൽ നിർമ്മാണശാലയെന്ന തങ്ങളുടെ ചിരകാല സ്വപ്നമാണ് പൂവണിയാൻ പോകുന്നതെന്ന് അവർ ആഹ്ളാദിച്ചു.

കപ്പൽശാലയ്ക്ക് സർക്കാർ ഭൂമി ഉടനെ നൽകുമെന്ന മുഖ്യമന്ത്രിയുടെ വാക്ക് കൂടിയായപ്പോൾ പിന്നെന്തിന് സംശയം. കപ്പൽശാല വന്നാലുള്ള വികസന സാദ്ധ്യതകളെക്കുറിച്ച് പത്രങ്ങളും വാചാലമായി. പക്ഷേ,മുഖ്യമന്ത്രിയെയും ആ വാക്ക് വിശ്വസിച്ചവരെയും ഇളിഭ്യരാക്കുന്നതായിരുന്നു ടാറ്റ ഗ്രൂപ്പിന്റെ പിറ്റേദിവസത്തെ വെളിപ്പെടുത്തൽ. ഒരു ധനകാര്യ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു വി.ഡി.സതീശന്റെ പ്രഖ്യാപനം. തുടർന്ന്,തിരുവനന്തപുരത്ത് നടന്ന കേരള സമുദ്ര മിഷൻ കോൺക്ലേവിലും അദ്ദേഹം ആതാവർത്തിച്ചു. എന്നാൽ, മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കേട്ട് അമ്പരന്ന് പോയെന്നാണ് ടാറ്റ ഗ്രൂപ്പിലെ ഉന്നതൻ പറഞ്ഞത്. കേരളം ഉൾപ്പെടെ ഒരു ദക്ഷിണേന്ത്യൻ സംസ്ഥാനത്തും അത്തരമൊരു നിക്ഷേപ പദ്ധതി ഇപ്പോൾ ആലോചിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതോടെ സർക്കാർ വെട്ടിലായി.

ചമ്മൽ മറയ്ക്കാൻ സർക്കാർ ഉടനെ വാർത്താക്കുറിപ്പിറക്കി: 'മിഷൻ സമുദ്ര‌യുമായി ബന്ധപ്പെട്ട് വിവിധ പദ്ധതികളിലൂടെയും, സ്വകാര്യ നിക്ഷേപകരിലൂടെയും ഭാവിയിൽ ആകർഷിക്കാൻ ലക്ഷ്യമിടുന്ന ആകെ നിക്ഷേപത്തിന്റെ വ്യാപ്തിയാണ് 10,000 കോടി രൂപ. ഏതെങ്കിലുമൊരു സ്ഥാപനവുമായി 10,000 കോടിയുടെ നിക്ഷേപ കരാർ ഉറപ്പിച്ചതല്ല'. അതോടെ മുഖ്യമന്ത്രി കഥയറിയാതെ എടുത്തുചാടി കുഴിയിൽ വീണെന്ന് വിമർശനം. വി.ഡി. സതീശന്റെ ഒരു നുണ കൂടിപൊളിഞ്ഞെന്നും, കേരളത്തിന് മുഖ്യമന്ത്രി അപമാനം വരുത്തിയെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇക്കാര്യത്തിൽ കഴിഞ്ഞ പിണറായി സർക്കാരിന്റെ കുഞ്ഞിന്റെ പിതൃത്വം സതീശൻ സർക്കാർ അവകാശപ്പെടുകയാണെന്ന പരിഹാസവും സി.പി.എം ഉയർത്തുന്നു.

കഴിഞ്ഞ സ‌ർക്കാരിന്റെ കാലത്ത് ടാറ്റ ഗ്രൂപ്പിന്റെ ഉപ കമ്പനിയായ ആർട്സൺ

എൻജിനിയറിംഗും മലബാർ സിമന്റ്സും ചേ‌ർന്ന് കൊച്ചിയിൽ ബോട്ട് നിർമ്മാണത്തിനായി രൂപീകരിച്ച സംയുക്ത സംരംഭമാണ് വിഷയം. 300 കോടിയുടെ ഈ പദ്ധതി പിണറായി സർക്കാരിന്റെ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ പ്രഖ്യാപിച്ചതാണെന്ന് അന്നത്തെ വ്യവസായ മന്ത്രി പി.രാജീവ്. എന്നാൽ, ഈ സർക്കാർ കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത്

സംഘടിപ്പിച്ച മിഷൻ സമുദ്ര‌‌യുടെ ഭാഗമാണിതെന്നാണ് പി.ആർ.ഡി ഇറക്കിയ വാർത്താക്കുറിപ്പിലെ അവകാശ വാദം.

യ‌ഥാർത്ഥത്തിൽ, കൊച്ചിൻ പോർട്ടിൽ മലബാർ സിമന്റ്സ് പാട്ടത്തിെനെടുത്ത ഭൂമി ഉപയോഗ ശൂന്യമായപ്പോൾ, ആർട്സൺ കമ്പനി ബോട്ട് നിർ‌മ്മാണത്തിനുള്ള സംയുക്ത സംരംഭത്തിന് താത്പര്യം പ്രകടിപ്പിച്ചു. 2025ലെ നിക്ഷേപക സംഗമത്തിൽ 300 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു. ഭൂമിവില ഓഹരിയാക്കി മാറ്റി പദ്ധതിയുമായി മുന്നോട്ടു പോകാൻ മലബാർ സിമന്റ്സിന് കഴിഞ്ഞ ഫെബ്രുവരിയിൽ സംസ്ഥാന സർക്കാർ അനുമതി നൽകി. പുതിയ സർക്കാർ അധികാരമേറ്റത് മേയ് മാസത്തിൽ. കുഞ്ഞിന്റെ പിത‌ൃത്വം കഴിഞ്ഞ സർക്കാരിനെന്ന് വ്യക്തം. എന്നിട്ടും പിത‌ൃത്വം അവകാശപ്പെടാൻ ഈ സർക്കാരിന് നാണമില്ലേ എന്നാണ് രാജീവിന്റെ ചോദ്യം! ഗുണപാഠം: എടുത്തുചാട്ടം അപകടം!

(വിദുരരുടെ ഫോൺ: 9946108221)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VARAVISHESHAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY