SignIn
Kerala Kaumudi Online
Monday, 03 August 2026 1.24 AM IST

ദേവസ്വം ട്രൈബ്യൂണൽ ബില്ലും ക്ഷേത്രസ്വത്ത് സംരക്ഷണവും

dd

കേരളത്തിലെ ആയിരക്കണക്കിന് പ്രശസ്തവും പുരാതനവുമായ ക്ഷേത്രങ്ങളുടെ സ്വത്തുക്കളും ഭൂമിയും സംരക്ഷിക്കുന്നതിനും ദേവസ്വം ഭരണത്തിൽ സുതാര്യത ഉറപ്പുവരുത്താനും സംസ്ഥാന സർക്കാർ അവതരിപ്പിക്കാൻ പോകുന്ന 'കേരള സ്റ്റേറ്റ് ദേവസ്വം ട്രൈബ്യൂണൽ ബിൽ 2026' നിയമനിർമ്മാണ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാകും. തിരുവിതാംകൂർ, കൊച്ചി, മലബാർ, ഗുരുവായൂർ, കൂടൽമാണിക്യം ദേവസ്വങ്ങൾക്കു പുറമെ കുടുംബക്ഷേത്രങ്ങൾ, സ്വകാര്യ ദേവസ്വങ്ങൾ, ട്രസ്റ്റുകൾ എന്നിവയുടെ തർക്കങ്ങൾ വേഗത്തിൽ തീർപ്പാക്കാൻ ഇതിലൂടെ കഴിയും.

​കേരളത്തിലെ ദേവസ്വം ബോർഡുകൾക്ക് കീഴിലും സ്വകാര്യ ട്രസ്റ്റുകളുടെ നിയന്ത്രണത്തിലുമായി ലക്ഷക്കണക്കിന് ഏക്കർ ഭൂമിയും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളുമുണ്ട്. എന്നാൽ പതിറ്റാണ്ടുകളായി തുടരുന്ന കൈയേറ്റങ്ങൾ, വ്യാജ പ്രമാണങ്ങൾ ചമയ്ക്കൽ, സാമ്പത്തിക ക്രമക്കേടുകൾ, കുടുംബ തർക്കങ്ങൾ എന്നിവ കാരണം വൻതോതിലുള്ള ആസ്തികളാണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. സിവിൽ കോടതികളിൽ തർക്കങ്ങൾ വർഷങ്ങളോളം നീണ്ടുനിൽക്കുന്നത് ദേവസ്വം സ്വത്തുക്കൾ വീണ്ടെടുക്കുന്നതിന് കടുത്ത തടസമായിരുന്നു.


​സിവിൽ കോടതികളുടെയും ഹൈക്കോടതി റിട്ട് ഹർജികളുടെയും അമിത ഭാരം കുറയ്ക്കാനും സാമ്പത്തിക തർക്കങ്ങളിലും കൈയേറ്റങ്ങളിലും അതിവേഗം നീതി ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് പ്രത്യേക ട്രൈബ്യൂണലിന് രൂപം നൽകിയിരിക്കുന്നത്. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ഭരണപരമായ വിഷയങ്ങളിൽ ശാശ്വത പരിഹാരം കാണാൻ ഈ വിപ്ലവാത്മക നിയമം വഴി സാധിക്കും.


ട്രൈബ്യൂണലിന്റെ ഘടന
​ഹൈക്കോടതിയിലെ സർവീസിലുള്ളതോ വിരമിച്ചതോ ആയ ജഡ്ജി ചെയർപേഴ്സണായി പ്രവർത്തിക്കുന്ന 'കേരള സ്റ്റേറ്റ് ദേവസ്വം ട്രൈബ്യൂണൽ' ആണ് രൂപീകരിക്കപ്പെടുന്നത്. തിരുവനന്തപുരത്ത് പ്രിൻസിപ്പൽ ബെഞ്ചും, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ റീജിയണൽ ബെഞ്ചുകളും പ്രവർത്തിക്കും.


ഓരോ ബെഞ്ചിലും ജില്ലാ ജഡ്ജി റാങ്കിലുള്ള ജുഡിഷ്യൽ അംഗവും, അഡിഷണൽ സെക്രട്ടറി റാങ്കിലുള്ള അഡ്മിനിസ്ട്രേറ്റീവ് അംഗവും, ആചാരങ്ങളിലും ക്ഷേത്ര ശാസ്ത്രങ്ങളിലും പ്രഗത്ഭനായ റിലീജിയസ് കൺസൾട്ടന്റ് എക്സ്പർട്ടും അടങ്ങുന്ന പാനൽ ഉണ്ടാകും


ക്ഷേത്രത്തിലെ പ്രതിഷ്ഠയെ നിയമപരമായി 'നിത്യ പ്രായപൂർത്തിയാകാത്ത വ്യക്തി' (Perpetual Minor) ആയി പരിഗണിച്ചാണ് ട്രൈബ്യൂണലിന് സംരക്ഷണ ചുമതല ('Parens Patriae' jurisdiction) നൽകിയിരിക്കുന്നത്. അതിനാൽ ക്ഷേത്രസ്വത്തുക്കൾ നിയമവിരുദ്ധമായി കൈമാറ്റം ചെയ്യാനോ, പണയംവയ്ക്കാനോ, നശിപ്പിക്കാനോ ശ്രമിച്ചാൽ ട്രൈബ്യൂണലിന് സ്വമേധയാ ഇടപെട്ട് സ്റ്റേ ഉത്തരവുകൾ ഇറക്കാനും സ്വത്തുക്കൾ പിടിച്ചെടുക്കാനും പൂർണ അധികാരമുണ്ട്.

ബില്ലിന്റെ പ്രധാന

സവിശേഷതകൾ

കൈയേറ്റം ഒഴിപ്പിക്കൽ: ദേവസ്വം ഭൂമിയിലെ അനധികൃത കൈയേറ്റക്കാരെ ഒഴിപ്പിക്കാൻ ട്രൈബ്യൂണലിന് അന്തിമ അധികാരമുണ്ട്. ഇത്തരം ഭൂമികളിൽ പ്രിസ്ക്രിപ്ഷൻ വഴിയോ അനധികൃത കൈവശം വഴിയോ (Adverse Possession) അവകാശം ഉന്നയിക്കാൻ സാധിക്കില്ല.

ഓഡിറ്റ് നിർബന്ധം: രണ്ട് ലക്ഷത്തിന് മുകളിൽ വാർഷിക വരുമാനമുള്ള എല്ലാ ക്ഷേത്രങ്ങളും സ്ഥാപനങ്ങളും അക്രൂവൽ അക്കൗണ്ടിംഗ് രീതിയിൽ നിർബന്ധമായും ഓഡിറ്റ് നടത്തണം. വൈകിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും പ്രതിദിനം 100 രൂപ വ്യക്തിഗത പിഴ ഈടാക്കും.
വ്യക്തിഗത സർചാർജ്: ക്ഷേത്ര ഫണ്ട് വകമാറ്റുകയോ സാമ്പത്തിക നഷ്ടമുണ്ടാക്കുകയോ ചെയ്താൽ ഭാരവാഹികളിൽ നിന്നും വ്യക്തിഗത സ്വത്ത് കണ്ടുകെട്ടി 6 ശതമാനം പലിശയോടെ തുക ഈടാക്കും.

​JDAC ഡിജിറ്റൽ സർട്ടിഫിക്കറ്റ്: സ്വകാര്യ കുടുംബക്ഷേത്രങ്ങളുടെയും ട്രസ്റ്റുകളുടെയും ഭൂമി ഡിജിറ്റലായി സർവേ ചെയ്ത് 'ജൂറിസ്റ്റിക് ഡിജിറ്റൽ അസറ്റ് സർട്ടിഫിക്കറ്റ്' നൽകും.

തനതു സ്വഭാവം

സംരക്ഷിക്കൽ
ക്ഷേത്രങ്ങളുടെ ഭരണപരമായ തനതു സ്വഭാവം സംരക്ഷിക്കുന്നതിനായി അവയെ രണ്ട് ഷെഡ്യൂളുകളായി (ഷെഡ്യൂൾ I, ഷെഡ്യൂൾ II)​ തിരിച്ചിരിക്കുന്നു. ഈ ഷെഡ്യൂളുകളിൽ ഉൾപ്പെടുന്ന

സ്ഥാപനങ്ങളും പ്രധാന നിയമങ്ങളും സംരക്ഷണങ്ങളും:

ഷെഡ്യൂൾ I- തിരുവിതാംകൂർ, കൊച്ചി, മലബാർ, ഗുരുവായൂർ, കൂടൽമാണിക്യം തുടങ്ങിയ സർക്കാർ അഡ്മിനിസ്ട്രേറ്റീവ് ബോർഡുകൾ. പൂർണ ജുഡിഷ്യൽ മേൽനോട്ടം, നിർബന്ധിത വാർഷിക ഓഡിറ്റ്, ജീവനക്കാരുടെ സർവീസ് തർക്ക പരിഹാരം.

ഷെഡ്യൂൾ II- കുടുംബക്ഷേത്രങ്ങൾ, സ്വകാര്യ ട്രസ്റ്റുകൾ, കാവുകൾ, ജെയിൻ/സിഖ്/ബുദ്ധ കേന്ദ്രങ്ങൾ. സ്വകാര്യ ഭരണാവകാശം പൂർണമായി നിലനിറുത്തൽ, JDAC ഡിജിറ്റൽ സർട്ടിഫിക്കറ്റ്, കൈയേറ്റങ്ങളിൽ നിന്നുള്ള ട്രൈബ്യൂണൽ സംരക്ഷണം.

ഷെഡ്യൂൾ II-ൽ രജിസ്റ്റർ ചെയ്യുന്നതിലൂടെ സ്വകാര്യ കുടുംബക്ഷേത്രങ്ങളുടെ ഭരണത്തിൽ സർക്കാർ ബോർഡുകൾക്ക് യാതൊരുവിധ ഇടപെടൽ അവകാശവും ലഭിക്കില്ല. അതേസമയം ബാഹ്യ കൈയേറ്റങ്ങളിൽ നിന്നും ഭൂമാഫിയകളിൽ നിന്നും പൂർണ നിയമസംരക്ഷണം ലഭിക്കുകയും ചെയ്യും.


സർവേ കമ്മിഷൻ,

ഡിജിറ്റൽ രജിസ്ട്രേഷൻ

​ബിൽ പ്രാബല്യത്തിൽ വരുന്നതോടെ സംസ്ഥാനത്തെ മുഴുവൻ ദേവസ്വം സ്വത്തുക്കളും ആറുമാസത്തിനകം കൃത്യമായി സർവേ ചെയ്തു തിട്ടപ്പെടുത്താൻ റവന്യു വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ 'സർവേ കമ്മിഷനെ' നിയമിക്കും. സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തർക്കങ്ങൾ ട്രൈബ്യൂണൽ പരിഹരിച്ചശേഷം അന്തിമ ദേവസ്വം സ്വത്ത് വിവരപ്പട്ടിക ഗസറ്റിൽ പ്രസിദ്ധീകരിക്കും. തുടർന്ന് റവന്യു വില്ലേജ് ഓഫീസുകളിൽ ബേസിക് ടാക്സ് രജിസ്റ്ററിൽ (BTR) ഭൂമിയുടെ ഉടമസ്ഥാവകാശം ബന്ധപ്പെട്ട ക്ഷേത്ര പ്രതിഷ്ഠയുടെ പേരിൽ മാറ്റിയെഴുതും.


തർക്കപരിഹാര

നടപടിക്രമങ്ങൾ

ട്രൈബ്യൂണലിൽ സമർപ്പിക്കപ്പെടുന്ന ഹർജികളിൽ സ്വാഭാവിക നീതി ഉറപ്പാക്കിക്കൊണ്ട് 6 മാസത്തിനകം അന്തിമ തീരുമാനം കൈക്കൊള്ളണം. അനാവശ്യമായി നടപടികൾ നീട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്ന കക്ഷികൾക്ക് കനത്ത പിഴ ഈടാക്കും. ട്രൈബ്യൂണലിന്റെ വിധികൾക്ക് സിവിൽ കോടതി ഡിക്രിയുടെ തുല്യ ശക്തിയുണ്ടായിരിക്കും. ട്രൈബ്യൂണൽ തീരുമാനങ്ങൾക്കെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ മാത്രമേ അപ്പീൽ നൽകാനാകൂ.

​ക്ഷേത്രങ്ങളുടെ ആചാര മര്യാദകളിലും പരമ്പരാഗത അവകാശങ്ങളിലും അനാവശ്യമായി ഇടപെടാതെ, അതേസമയം അവയുടെ വൻതോതിലുള്ള സ്വത്തുക്കളും സാമ്പത്തിക ഭദ്രതയും ഉറപ്പുവരുത്താൻ ദേവസ്വം ട്രൈബ്യൂണൽ ബിൽ വഴി സാധിക്കും. ഭക്തജനങ്ങളുടെ വികാരങ്ങളെ മാനിക്കുകയും, സാമ്പത്തിക സന്മാർഗികത ഉറപ്പാക്കുകയും ചെയ്യുന്ന ഈ നിയമനിർമ്മാണം കേരളത്തിലെ ആരാധനാലയ ഭരണരംഗത്ത് പുതിയൊരു അദ്ധ്യായം കുറിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEVASWOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY