SignIn
Kerala Kaumudi Online
Monday, 10 August 2026 3.03 AM IST

ആകാശ വിസ്മയം, ഔചിത്യക്കേടും

f

'ചേട്ടാ, ഒരു കാര്യം ഞാൻ ഇപ്പോഴാ ശ്രദ്ധിച്ചത്. എന്റെയും ചേട്ടന്റെയും ശബ്ദം ഒരു പോലെയിരിക്കുന്നു.' 'നാടോടിക്കാറ്റ്' സിനിമയിൽ താടിയും മുടിയും നീട്ടി വളർത്തി സൈക്കിളിന് പിന്നിലിരുന്ന് കൊപ്രാക്കളത്തിലേക്ക് പോകുന്ന തിലകന്റെ കഥാപാത്രത്തോട്, അതേ രൂപത്തിലിരുന്ന് സൈക്കിൾ ചവിട്ടുന്ന ശ്രീനിവാസന്റെ കഥാപാത്രം. 'അനിയന്റെ വീടെവിടെയാ' എന്ന് തിലകന്റെയും, 'ചേട്ടന്റെ വീടെവിടെയാ' എന്ന് ശ്രീനിവാസന്റെയും ചോദ്യം. അതിന് ഇരുവരും പറയുന്ന ഉത്തരം ചിന്ത്യം.

കേന്ദ്ര സർക്കാരിന്റെ പി.എംശ്രീ പദ്ധതിയുടെയും, കഴിഞ്ഞ പിണറായി സർക്കാർ പ്രതിമാസം 80 ലക്ഷം രൂപ നിരക്കിൽ വാടകയ്ക്കെടുത്ത ഹെലികോപ്ടർ ഉപയോഗത്തിന്റെയും കാര്യത്തിൽ ഇന്നത്തെ ഭരണപക്ഷമായ യു.ഡി.എഫിന്റെയും പ്രതിപക്ഷമായ എൽ.ഡി.എഫിന്റെയും നേതാക്കളുടെ വാക്കുകൾക്ക് ഒരേ സ്വരം. പി.എംശ്രീ പദ്ധതി കേരളത്തിൽ അതേപടി നടപ്പാക്കുമോയെന്ന് ചോദിച്ചാൽ 'ആർ.എസ്.എസ് അജൻഡ നടപ്പാക്കുന്ന പ്രശ്നമില്ല' എന്ന് ആണയിടും. അതിന്റെ പേരിൽ കേന്ദ്രത്തിൽ നിന്ന് കിട്ടേണ്ട കോടികൾ വേണ്ടെന്ന് വയ്ക്കണോ എന്നാണ് ചോദ്യമെങ്കിലോ?, 'കിട്ടുന്ന പണം എന്തിന് കളയണം' എന്നാവും ഉത്തരം. ഒന്ന് ആശയപരം. രണ്ടാമത്തേത് ആമാശയപരം.

പി.എംശ്രീയുടെ മറവിൽ സംഘപരിവാർ ആശയങ്ങളുള്ള ദേശീയ വിദ്യാഭ്യാസ നയം അടിച്ചേൽപ്പിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് രണ്ടു കൂട്ടരും. അതിന്റെ പേരിൽ കേരളത്തിന് കിട്ടേണ്ട എസ്.എസ്.കെ ഫണ്ടും കേന്ദ്ര സർക്കാർ തടഞ്ഞു വച്ചതോടെയാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയനും, വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയും ചേർന്ന് രായ്ക്കുരാമാനം വിദ്യാഭ്യാസ സെക്രട്ടറിയെ രഹസ്യമായി ഡൽഹിക്കയച്ച് ധാരണാ പത്രത്തിൽ ഒപ്പിടുവിച്ചത്.

കഥയറിഞ്ഞ് ഉറഞ്ഞു തുള്ളിയവരിൽ യു.ഡി.എഫുകാർ മാത്രമല്ല, ഭരണപക്ഷത്തെ സി.പി.ഐക്കാരുമുണ്ടായിരുന്നു. സി.പി.എം-ബി.ജെ.പി ഡീലെന്ന് വി.ഡി.സതീശനും രമേശ് ചെന്നിത്തലയും. യു.‌ഡി.എഫ് അധികാരത്തിൽ വന്നാൽ പി.എം ശ്രീ അറബിക്കടലിൽ എറിയുമെന്ന് ഇപ്പോഴത്തെ ലീഗ് മന്ത്രി കെ.എം.ഷാജി. ഇക്കാര്യത്തിൽ 'ഉർവശി ശാപം ഉപകാരമായ' മട്ടിലാണ് തുടർ‌ന്ന് അധികാരമേറ്റ വി.ഡി.സതീശൻ സർക്കാർ.

കഴിഞ്ഞ സർക്കാർ ഒപ്പിട്ടു പോയതിനാൽ ഇനി പിന്മാറാനാവില്ലെന്നാണ് വാദം. പിന്മാറാമെന്ന് കേന്ദ്രമന്ത്രി പാർലമെന്റിൽ പറഞ്ഞിട്ടും സർക്കാരിന് കുലുക്കമില്ല. പി.എംശ്രീയുമായി മുന്നോട്ട് പോകാൻ യു.ഡി.എഫ് നേതൃയോഗം തീരുമാനിച്ചെന്ന കൺവീന‌ർ അടൂർ പ്രകാശിന്റെ വെളിപ്പെടുത്തൽ തറച്ചത് ലീഗ് നേതാക്കളുടെ ചങ്കിൽ. വിഷയം ചർച്ച ചെയ്തിട്ടേയില്ലെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി. ഇതിലാർക്കാണ് മറവി രോഗം?. വലിയ ചന്ദനാദി എണ്ണ മറക്കേണ്ട!. കൈയാലപ്പുറത്തെ തേങ്ങ പോലെ ഇപ്പോഴും പി.എം ശ്രീ. ലക്ഷണം കണ്ടിട്ട് യു.ഡി.എഫിന്റെ പറമ്പിലേക്ക് വീഴുന്ന കോളാണ്!

കഴിഞ്ഞ സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്ടർ പ്രളയ സമാനമായ മഴ പെയ്ത ദിവസം മുഖ്യമന്ത്രി വി.ഡി.സതീശനുമായി തിരുവനന്തപുരത്തിനും എറണാകുളത്തിനുമിടയിൽ 'ആകാശ വിസ്മയം' നടത്തിയത് രണ്ടുതവണ. കോടികൾ മുടക്കി ഹെലികോപ്ടർ വാടകയ്ക്കെടുത്തത് ധൂർത്താണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്ന് പ്രതിപക്ഷം ഉയർത്തിയ ആരോപണം. തൊഴിലാളി നേതാവ് ഹെലികോപ്ടറിൽ കറങ്ങുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റായിരുന്ന കെ.സുധാകരന്റെ പരിഹാസം. സർക്കാരിന്റെ പക്കലുള്ള ഹെലികോപ്ടറിൽ മുഖ്യമന്ത്രി വി.‌ഡി.സതീശന്റെ യാത്ര അസുഖബാധിതനായ ഭാര്യാ പിതാവിനെ കാണാനെന്ന് പ്രതിപക്ഷം. എറണാകുളത്ത് ഒരു നിക്ഷേപകനെ അടിയന്തരമായി കാണാനായിരുന്നുവെന്നും അല്ലെങ്കിൽ കൈവിട്ട് അയാൾ തമിഴ്നാട്ടിലേക്ക് പോകുമായിരുന്നുവെന്നും സതീശൻ.

നിക്ഷേപകൻ ആരെന്നത് മാത്രം പരമ രഹസ്യം. തന്റെ ഹെലികോപ്ടർ യാത്രകൊണ്ട് സർക്കാരിന് ഒരു പൈസയുടെ പോലും ചെലവില്ലെന്ന് മുഖ്യമന്ത്രി. സെപ്തംബർ വരെയുള്ള വാടക കഴിഞ്ഞ സർക്കാർ നൽകിക്കഴിഞ്ഞു. ഹെലികോപ്ടർ വെറുതെ കിടക്കുന്നതിനാലാണ് ഉപയോഗിച്ചതെന്നും. മാസം 80 ലക്ഷം രൂപ വാടക നൽകുന്ന ഹെലികോപ്ടർ സെപ്തംബറിന് ശേഷം സർ‌ക്കാർ ഒഴിവാക്കുമോ? കാലം മാറിയില്ലേ, കാലത്തിനനുസരിച്ച് കോലവും മാറേണ്ടേ?. വിശേഷിച്ച് പുതുയുഗ സർക്കാർ!. പി.എം ശ്രീ പോലെ ഹെലികോപ്ടറിലും 'ഇന്നലെ ചെയ്തോരബദ്ധം ഇന്നത്തെ ആചാരമാകാം, നാളത്തെ ശാസ്ത്രവുമതാകാം'. ഇങ്ങനെയുമുണ്ടോ മനുഷ്യർ, എത്ര ക്രൂരവും അപലപനീയവുമാണിത് ?

മുഖ്യമന്ത്രി വി.ഡി.സതീശനെ പ്രകോപിപ്പിച്ചത് ഇതൊന്നുമല്ല. പ്രളയ ഭീതിയിൽ നാട് നടുങ്ങുമ്പോൾ താൻ ലീഗ് നേതാവിന്റെ വസതിയിൽ ഒരുക്കിയ വിരുന്നു സത്കാരത്തിൽ പങ്കെടുത്തെന്ന ചിലരുടെ കണ്ണിൽ ചോരയില്ലാത്ത 'ദുഷ്പ്രചാരണ'മാണ്. പാർട്ടിയുടെ മുതിർന്ന നേതാവിനെ കണ്ട് മടങ്ങവെ, ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് ഭക്ഷണം കഴിച്ചത്. 2018ലെ പ്രളയ കാലത്ത് അന്നത്തെ മുഖ്യമന്ത്രി നിരാഹാരം കിടന്ന കാര്യം അറിഞ്ഞില്ല. ഇനി ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാതിരിക്കാം', പത്രക്കാരോട് വികാരഭരിതനായി മുഖ്യമന്തി. ചങ്കെടുത്ത് കാണിച്ചാലും വാഴനാരെന്ന് പറഞ്ഞാൽ എന്തു ചെയ്യും?.

ദാനം കിട്ടിയ പശുവിന്റെ പല്ലെണ്ണരുതെന്ന് പറയാറുണ്ട്. അതുപോലെ ഔചിത്യമില്ലായ്മയാണ് ദാനം വാങ്ങിയ ആളെ അപമാനിക്കുന്നതും. യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയാൽ നടപ്പാക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ രാഹുൽഗാന്ധി പ്രഖ്യാപിച്ച അഞ്ച് ഇന്ദിരാ ഗ്യാരന്റികളിലൊന്നാണ് കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര. അധികാരത്തിൽ വന്നപ്പോൾ, നഷ്ടം സഹിച്ചും ആ വാഗ്ദാനം നടപ്പാക്കൽ വി.ഡി.സതീശൻ സർക്കാരിന്റെ ആദ്യ തീരുമാനമായി. അന്തസ്സുറ്റ ആ പ്രഖ്യാപനം നടത്തുമ്പോഴും, ഉദ്ഘാടന വേളയിലും മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും പറഞ്ഞത് സൗജന്യ യാത്ര എല്ലാ സ്ത്രീകൾക്കുമാണെന്നും,അതിൽ വേർതിരിവില്ലെന്നുമായിരുന്നു.

സൗജന്യ യാത്രയുടെ പേരിൽ സ്ത്രീകളെയാകെ അപമാനിക്കുന്ന തരത്തിലായിപ്പോയി ഗതാഗതമന്ത്രി സി.പി.ജോണിന്റെ പരാമർശം.'ബസിന് കൊടുക്കാൻ കാശില്ലാത്ത സ്ത്രീകൾ മക്കളെ സ്വകാര്യ സ്കൂളുകളിൽ വിടും.രോഗം വരുമ്പോൾ അച്ഛനെയും ഭർത്താവിനെയും കൊണ്ട് സർക്കാർ ആശുപത്രിയുടെ വരാന്തയിൽ കിടക്കും. കാശ് വേണ്ടാത്ത ട്രാൻസ്പോർട്ട് ബസിൽ തള്ളിക്കയറും.' പ്രതിഷേധമുയർന്നപ്പോൾ, ഇതിൽ, 'തള്ളിക്കയറും' എന്ന വാക്ക് മന്ത്രി തിരുത്തി. എറിഞ്ഞ കല്ലും, പറഞ്ഞ വാക്കും തിരിച്ചെടുക്കാനാവില്ല.

പ്രകൃതി ക്ഷോഭത്തിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായി ബന്ധുക്കൾ കടൽത്തീരത്ത് കാത്തിരിക്കുന്ന കാര്യം പത്രക്കാർ സൂചിപ്പിച്ചപ്പോൾ, 'അയ്യോ,കടൽത്തീരത്ത് പോയാലുള്ള അവസ്ഥ അറിയാമല്ലോ ' എന്നായിരുന്നു മുഖ്യമന്ത്രി വി.ഡി.സതീശന്റെ പ്രതികരണം. 'കടലിൽ കാണാതാവുന്നവരുടെ ബോഡി കണ്ടെത്താൻ ദിവസങ്ങളെടുക്കു'മെന്ന മന്ത്രി കെ.മുരളീധരന്റെ പരാമർശവും വിവാദമായി. ഇത്തരം 'നാവ് പിഴകൾ' ബന്ധപ്പെട്ടവരെ എത്രമാത്രം വേദനിപ്പിക്കുമെന്ന് തിരിച്ചറിയുക.

നുറുങ്ങ്

തിരുവാതിരക്കളിയും കാരണഭൂതനും പോലുള്ള വിദ്യകളുമായി തന്റെയടുത്ത് വന്നാൽ വിവരമറിയുമെന്ന് സെക്രട്ടേറിയറ്റിലെ കോൺഗ്രസ് അനുകൂല ജീവനക്കാരോട് മുഖ്യമന്ത്രി വി.ഡി.സതീശൻ.

► ഓട്ടൻതുള്ളലായാലോ?. 'എന്നാലിനിയൊരു കഥയുര ചെയ്യാം....'

(വിദുരരുടെ ഫോൺ:9946108221)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VARAVISHESHAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY