SignIn
Kerala Kaumudi Online
Monday, 24 August 2026 1.05 AM IST

പാറ്റകളുടെ ഗർജ്ജനം; 'അഭിമാന' പോരും

h

'നിങ്ങൾ പാറ്റയാണോ സിംഹമാണോ'? സദസിലിരുന്ന വിദ്യാർത്ഥികളെക്കൊണ്ട് പ്രതികരിപ്പിക്കാൻ കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും നടന്നില്ല. കേന്ദ്രത്തിലെ മോദി സർക്കാരിനെ അക്ഷരാർത്ഥത്തിൽ പിടിച്ചു കുലുക്കിയ ഡൽഹി ജന്തർ മന്ദറിലെ പാറ്റ സമരത്തെ വിദ്യാർത്ഥികളെക്കൊണ്ട് തള്ളിപ്പറയിപ്പിക്കുകയെന്ന ലക്ഷ്യമായിരുന്നു അതിന് പിന്നിൽ. അത് തിരിച്ചറിഞ്ഞതിനാലാവാം,​ വി.സി തിരിച്ചും മറിച്ചും ചോദിക്കുകയും പരമാവധി പ്രേരിപ്പിക്കുകയും ചെയ്തിട്ടും അവർ ആ കെണിയിൽ വീണില്ല. ഒടുവിൽ അദ്ദേഹം

അവർക്ക് മുന്നിൽ സുല്ലിട്ടു.

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങിലായിരുന്നു വി.സിയുടെ ചോദ്യം. 'നിങ്ങളെപ്പോലുള്ള ആളുകളെ ചിലർ വിളിക്കുന്നത് എന്തെന്നറിയുമോ?,​ പാറ്റകൾ. നിങ്ങൾ അതാണോ'? ചോദ്യത്തിന് മറുപടി കിട്ടാതെ വന്നപ്പോൾ, അവരുടെ ആത്മാഭിമാനമുണർത്താൻ അദ്ദേഹം തന്നെ മറുപടിയും നൽകി. 'നിങ്ങൾ ഈ നാടിന്റെ കരുത്തായ സിംഹങ്ങളാണ്. ദുർഗാ ദേവികളാണ്. നിങ്ങൾ പാറ്റയാണോ, സിംഹമാണോ'?

പക്ഷേ, കുട്ടികൾ മിണ്ടിയില്ല. ചോദ്യം പലതവണ ആവർത്തിച്ചപ്പോൾ, പാറ്റയല്ലെന്ന് ഒരു പെൺകുട്ടി മാത്രം പറഞ്ഞു. 'ആ മിടുക്കി പറഞ്ഞു,​ പാറ്റയല്ലെന്ന്. ബാക്കി എല്ലാവരും കൂടി ഉറച്ചു പറഞ്ഞേ'. എല്ലാവരെയും കൊണ്ട് അതേറ്റു പറയിക്കാൻ ഡോ. കുന്നുമ്മൽ വീണ്ടും ശ്രമിച്ചിട്ടും അവർ മൗനം തുടർന്നു. പിന്നെ, കുശലാന്വേഷണമായി. 'ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചില്ലേ?,​ ചായ കുടിച്ചില്ലേ?. കുട്ടികളെ തന്റെ വഴിക്ക് കൊണ്ടുവരാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടതിന്റെ ചമ്മൽ മറയാക്കാൻ ഉപദേശമായി. 'നിങ്ങൾ മിടുക്കരായി തുടർന്നാൽ, നിങ്ങളെ പാറ്റകളെന്ന് വിളിക്കുന്നവർ ഈയാംപാറ്റകളെപ്പോലെ ഇല്ലാതാവും'. അദ്ദേഹം കുട്ടികളുടെ മൗനത്തിന് മുന്നിൽ അടിയറവ് പറഞ്ഞു.

അധികാരക്കസേരയിൽ തന്നെ ഇരുത്തിയവരോടുള്ള നന്ദി പ്രകടിപ്പിക്കാൻ വി.സി കുട്ടികളെ കരുവാക്കിയെന്ന വിമർശനമാണ് ഉയരുന്നത്. വന്ദേമാതരത്തെ എതിർക്കുന്നവർ അമ്മയാരെന്ന് അറിയാത്തവരാണെന്ന് അദ്ദേഹം നടത്തിയ പരാമർശവും വിവാദമായിരുന്നു. വൈസ് ചാൻസലർ പോലുള്ള മഹനീയ അക്കാഡമിക് പദവികളിലിരിക്കുന്നവർ രാഷ്ട്രീയ പാർട്ടികളുടെയോ, ബന്ധപ്പെട്ട സംഘടനകളുടെയോ പരിപാടികളിൽ പങ്കെടുക്കുന്നതും, കുഴലൂത്തുകാരാവുന്നതും ഒട്ടും ഭൂഷണമല്ലെന്ന തിരിച്ചറിവാണ് വേണ്ടത്.

ഏത് സിംഹ ഗർജ്ജനത്തെയും വെല്ലുന്നതായിരുന്നു, തുടക്കത്തിൽ നിസാരമെന്ന് കരുതിയ പാറ്റകളുടെ ഗർജ്ജനം. ഒരു രാഷ്ടീയ പാർട്ടിയുടെയും കൊടിയേന്താതെ നടന്ന ഐതിഹാസിക പോരാട്ടം അധികാരക്കസേരകളെ വിറപ്പിച്ചു. യുവശക്തി തിരിച്ചറിഞ്ഞ ബി.ജെ.പി ഒടുവിൽ ജെൻസികളെ ഒപ്പം കൂട്ടാനുള്ള ശ്രമത്തിലാണ്. പാറ്റകളെ ഇനി എളുപ്പം പറത്തി വിടാനാവില്ല. ഡൽഹിയിൽ വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേരേ നടന്ന പൊലീസിന്റെ പെല്ലറ്റ് ആക്രമണത്തിൽ വിദ്യാർത്ഥിയുടെ കണ്ണിന്റെ കാഴ്ചശേഷി തകരാറിലിയിട്ടും കേസെടുക്കാത്ത പൊലീസിനെതിരെ രാഹുൽ ഗാന്ധി പൊലീസ് സ്റ്റേഷനു മുന്നിൽ നടത്തിയ പോരാട്ടത്തിന്റെ വിജയവും യുവജന മുന്നേറ്റം സൃഷ്ടിച്ച കൊടുങ്കാറ്റിന്റെ ബാക്കി പത്രമാണ്.

'ഈ രക്തത്തിൽ ഞങ്ങൾക്ക് പങ്കില്ല'. സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയ ഇ.ഡി അന്വേഷണ വിഷയത്തിൽ ഇടതു മുന്നണിയിലെ മുഖ്യകക്ഷിയെ രണ്ടാമത്തെ വലിയ കക്ഷിയായ സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കൈയൊഴിഞ്ഞു. മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയ്ക് എതിരായ ഇ.ഡിയുടെ പുതിയ ആരോപണങ്ങൾ സംബന്ധിച്ച ബിനോയ് വിശ്വത്തിന്റെ പ്രതികരണം ഇതായിരുന്നു. 'ഞങ്ങൾക്ക് അതുമായി ഒരു ബന്ധവുമില്ല. ഇടതുമുന്നണി രാഷ്ട്രീയം വേറെ,​ ബിസിനസ് വേറെ'. സി.പി.എം നേതൃത്വത്തോടുള്ള സി.പി.ഐയുടെ നീരസവും അതിൽ പ്രകടം.

തന്റെ മകളായതിനാൽ ഇ.ഡി അന്വേഷണത്തിൽ വീണ നേരിടുന്നത് വിചിത്ര നടപടികളാണെന്നാണ് പിണറായിയുടെ വാദം. തന്നിലേക്ക് വിഷയം എത്തിക്കാനാണ്

പലർക്കും താത്പര്യം. താനോ, മകളോ,​ കുടുംബാംഗങ്ങളോ ഹവാല ഇടപാടുകൾ നടത്തിയിട്ടില്ലെന്നും പിണറായി വ്യക്തമാക്കി. അതിന് പിന്നാലെയാണ്, സി.പി.ഐ ആവശ്യപ്പെടുന്ന പ്രതിപക്ഷ ഉപനേതൃപദവി സി.പി.എമ്മിന് തന്നെയെന്നതിൽ സംശയം വേണ്ടെന്ന് അദ്ദേഹം ആവർത്തിച്ചത്.

ഉപനേതാവ് സ്ഥാനത്തിനായി സ്പീക്കർക്ക് താൻ എഴുതിക്കൊടുക്കുന്ന കത്തിൽ സി.പി.എം നേതാവിന്റെ പേരായിരിക്കുമെന്നും പിണറായി പറഞ്ഞത് സി.പി.ഐയെ പ്രകോപിപ്പിച്ചു. ആന മെലിഞ്ഞെന്ന് വച്ച് തൊഴുത്തിൽ കെട്ടാൻ ശ്രമിക്കരുത്. പിണറായിയുടെ പ്രസ്താവന രാഷ്ട്രീയ പക്വതയ്ക്കും എൽ.ഡി.എഫ് സംസ്കാരത്തിനും നിരക്കാത്തതാണെന്നാണ് ബിനോയ് വിശ്വത്തിന്റെ വിമർശനം. പ്രതിപക്ഷ ഉപനേതാവാകുന്നയാൾക്ക് നിയമസഭയിൽ പ്രത്യേകം മുറി കിട്ടും. സഭയിൽ പ്രതിപക്ഷ നേതാവിന്റെ തൊട്ടടുത്ത സീറ്റിലിരിക്കാം. ഇതിലപ്പുറമൊരു പദവിയും, ആനുകൂല്യവും ഉപനേതാവിനില്ല. എന്നിട്ടും, ആ പദവിക്കായി രണ്ട് പാർട്ടികളും കടിപിടി കൂടുന്നു.

തർക്കത്തിലും വാശിയിലും മുന്നണി നിയമസഭാ കക്ഷി യോഗം ചേരാനാവുന്നില്ല.

നിയമസഭയിൽ പ്രത്യേക ബ്ളോക്കായി ഇരിക്കുന്ന കാര്യം വരെ സി.പി.ഐ ചിന്തിക്കുന്നു. ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് സി.പി.എമ്മും. ജനവികാരം ഉൾക്കൊണ്ട് ജനകീയ പ്രശ്നങ്ങളിൽ ഒന്നിച്ച് നിന്ന് പോരാടേണ്ട സമയം. ഐക്യം കപ്പൽ കയറിയാലും പ്രശ്നമില്ലെന്ന നിലപാടിലാണ് ഇരുകൂട്ടരും. ഒരു പക്ഷവും പിടിക്കാനാകാതെ നിസഹായരായി മറ്റ് ഘടകകക്ഷികളും.

സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം സഹകരണ സംഘങ്ങൾ വഴി നേരിട്ട് വീട്ടിലെത്തിക്കുന്ന മുൻ സർക്കാരിന്റെ സംവിധാനം നിറുത്തലാക്കാനും ബാങ്കുകൾ വഴിയാക്കാനുമാണ് സതീശൻ സർക്കാരിന്റെ നീക്കം. പെൻഷൻ വാങ്ങുന്ന ലക്ഷക്കണക്കിന് സാധാരണക്കാരിൽ ഇത് സ‌ൃഷ്ടിച്ച ആശങ്ക ചെറുതല്ല. സാമൂഹ്യക്ഷേമ പെൻഷൻ അട്ടിമറിക്കാനാണ് നീക്കമെന്നാരോപിച്ച് സി.പി.എം സമര രംഗത്തിറങ്ങിയതോടെ, അവരുടെ ആശങ്ക ഇരട്ടിച്ചു. പെൻഷൻ വിതരണം സുതാര്യമാക്കുന്നതിനാണ് ഇടനിലക്കാരെ ഒഴിവാക്കി വിതരണം ബാങ്കുകൾ വഴിയാക്കുന്നതെന്നാണ് സർക്കാരിന്റെ വാദം. വിതരണം ഏതു വഴിയായാലും പെൻഷൻ മുടങ്ങാതെയും ക്ളേശിക്കാതെയും കിട്ടണമെന്ന വികാരമാണ് പാവം പെൻഷൻകാർക്ക്.

നുറുങ്ങ്

പിണറായി വിജയന്റെ വസതിയിൽ റെയ്ഡിനെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഊഞ്ഞാലാടി. അതും,പൊലീസുകാർ ഓണാഘോഷത്തിന് ധരിച്ച അതേ തരം

വേഷത്തിൽ!

► പ്രതി മൈത്രി പൊലീസ്!

(വിദുരരുടെ ഫോൺ: 9946108221)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VARAVISHESHAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION