SignIn
Kerala Kaumudi Online
Friday, 11 September 2026 2.23 AM IST

കാലവർഷത്തെ തകിടംമറിക്കുന്ന എൽനിനോ പ്രതിഭാസം

d

മഴ മാറും മുമ്പേ കേരളം വറചട്ടിയിലേക്ക്. കാലവർഷത്തിലും ചുട്ടുപൊള്ളുന്ന ചൂടാണ് സംസ്ഥാനത്ത്. സൂപ്പർ എൽനിനോ കാലാവസ്ഥ പ്രതിഭാസം കേരളത്തിന്റെ മൺസൂൺ ഭൂപടത്തെയാകെ തലകീഴായ് മറിച്ചിടുന്നു. ഈ മാസം അവസാനത്തോടെ മൺസൂൺ കടന്നുപോകുമ്പോൾ കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ പലയിടങ്ങളിലും മഴക്കുറവാണ്. ആഗസ്റ്റ് വരെ സാധാരണ ലഭിക്കുന്നതിനേക്കാൾ 22 ശതമാനം മഴക്കുറവാണ് കേരളത്തിൽ ലഭിച്ചത്. ഇത്തവണ സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷ കാലയളവിലെ മഴക്കുറവ് 25 ശതമാനമാണ്. ഈ കാലയളവിൽ 1837.1 മി.മീ മഴയാണ് ലഭിക്കേണ്ടത്. പക്ഷേ,​ രേഖപ്പെടുത്തിയതാകട്ടെ 1,372.4 മി.മീ മാത്രം.

ഇടുക്കിയിലും വയനാട്ടിലുമാണ് ഇത്തവണ ഏറ്റവും കുറച്ച് മഴ ലഭിച്ചത്. വയനാട് 52 ശതമാനവും ഇടുക്കിയിൽ 46 ശതമാനവുമാണ് മഴക്കുറവ്. സാധാരണയായി എൽനിനോ വർഷങ്ങളിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ മഴയിൽ വൻ കുറവ് രേഖപ്പെടുത്താറുണ്ട്. എന്നാൽ,കാലാവസ്ഥാ ശാസ്ത്രജ്ഞരെ ആശങ്കപ്പെടുത്തുന്നത് മറ്റൊന്നാണ്. മഴയുടെ അളവ് കുറയുമ്പോഴും ചുരുങ്ങിയ സമയത്തിനുള്ളിൽ പെയ്യുന്ന തീവ്രമഴയും മിന്നൽ പ്രളയങ്ങളും വർദ്ധിക്കുന്നു. ആഗസ്റ്റിൽ കേരളത്തിൽ പെയ്ത പ്രളയസമാനമായ പേമാരിയും ഉരുൾപൊട്ടലുകളും ഇതിന്റെ സൂചനയാണ്. വമ്പൻ മഴയ്ക്കുപിന്നാലെ ഈ മാസം ആദ്യവാരം സംസ്ഥാനത്ത് കഠിനമായ ചൂട് അനുഭവപ്പെടാൻ തുടങ്ങി.

മൂന്നുമുതൽ നാലുഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയത്. തൊട്ടുപിന്നാലെ മഴയുടെ മുന്നറിയിപ്പും. ആഗോളതലത്തിൽ ശക്തി പ്രാപിക്കുന്ന 'സൂപ്പർ എൽനിനോ' ഇന്ത്യൻ മഹാസമുദ്രത്തിന്റെ താപനിലയെ തകിടംമറിച്ചതാണ് കാലാവസ്ഥയുടെ ഈ പ്രവചനീയ സ്വഭാവത്തിനുകാരണം. വർഷാവസാനം വരെ 'സൂപ്പർ എൽനിനോ'യുടെ പ്രഭാവം നിലനിൽക്കുമെന്ന് അന്താരാഷ്ട്ര കാലാവസ്ഥ ഏജൻസി വിലയിരുത്തുന്നു. എൽനിനോ പ്രതിഭാസം രാജ്യത്തെ മൺസൂൺ വിളകളുടെ കൃഷിയിറക്കലിനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ശക്തമാക്കിയിട്ടുണ്ട്.

എൽനിനോ

പസിഫിക് സമുദ്രത്തിൽ രൂപംകൊള്ളുകയും ലോകമെമ്പാടുമുള്ള കാലാവസ്ഥയെ സ്വാധീനിക്കുകയും ചെയ്യുന്ന ഒരു സ്വാഭാവിക കാലാവസ്ഥാ പ്രതിഭാസമാണ് എൽനിനോ. 'ചെറിയ പയ്യൻ" എന്നാണ് സ്പാനിഷിൽ എൽനിനോ എന്ന പേരിനർത്ഥം. പസഫിക് സമുദ്രത്തിന് മുകളിലൂടെ വീശുന്ന കാറ്റ്, ചൂടുള്ള ഉപരിതല ജലത്തെ തെക്കേ അമേരിക്കയിൽ നിന്ന് ഏഷ്യയുടെയും ഓസ്‌ട്രേലിയയുടെയും ഭാഗത്തേക്ക് കൊണ്ടുവരുന്ന സാധാരണ അവസ്ഥയെയാണ് എൽനിനോ തകിടംമറിക്കുന്നത്.

എൽനിനോ സമയത്ത് ഈ കാറ്റുകൾ ദുർബലമാകുന്നു. അതോടെ ചൂടുവെള്ളം ഏഷ്യയിലേക്ക് വരുന്നതിന് പകരം തെക്കേ അമേരിക്കൻ തീരത്ത് തന്നെ കെട്ടിക്കിടക്കുന്നു. ഇത് അന്തരീക്ഷത്തിലെ മേഘങ്ങളുടെയും മഴയുടെയും ഗതി മാറ്റുന്നു. ഇതിന്റെ ഫലമായി കാറ്റ്, അന്തരീക്ഷമർദ്ദം, മഴയുടെ ക്രമം എന്നിവക്ക് മാറ്റമുണ്ടാകും. ഇന്ത്യൻ മൺസൂണിനെ ദുർബലമാക്കുന്ന എൽനിനോ മഴയുടെ ലഭ്യത കുറയുകയും വരൾച്ചയ്ക്ക് സാദ്ധ്യത കൂടുകയും ചെയ്യും.

1997ലും 2015ലും ലോകത്തെ നടുക്കിയ പ്രകൃതിക്ഷോഭങ്ങൾക്ക് സമാനമായ, അല്ലെങ്കിൽ അതിനേക്കാൾ തീവ്രമായ ഒരു 'സൂപ്പർ എൽനിനോ' പസിഫിക് സമുദ്രത്തിൽ രൂപപ്പെടുന്നു എന്നതാണ് പുതിയ കണ്ടെത്തൽ. സമുദ്രോപരിതലത്തിലെ ഈ താപവർദ്ധനവിനോട് അന്തരീക്ഷം ഇതിനകം തന്നെ പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്. സമുദ്രഅന്തരീക്ഷ വ്യവസ്ഥകൾ പൂർണമായും എൽനിനോ സ്വഭാവം പ്രകടിപ്പിച്ചു തുടങ്ങിയതായി കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു. ജൂൺ മാസത്തോടെ പസഫിക്കിലെ താപനില എൽനിനോ പരിധിയെ മറികടന്നു കഴിഞ്ഞു. ഏപ്രിൽ,​ മേയ്,​ ജൂൺ മാസങ്ങളിലെ ശരാശരി താപനില വ്യതിയാനം എൽനിനോ പരിധിയായ 0.5 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തി. കാലവർഷ സീസണിൽ മിതമായതോ ശക്തമായതോയായ എൽനിനോ പ്രതിഭാസത്തിനാണ് സാദ്ധ്യതയെന്ന് നേരത്തെ തന്നെ വിലയിരുത്തലുകളുണ്ടായിരുന്നു. 2026 ആഗസ്റ്റ് മാസത്തോടെ ഈ പ്രതിഭാസം ഇന്ത്യയുടെ മഴ ലഭ്യതയെ സാരമായി ബാധിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയതുമാണ്.

കൃഷിയെ

ബാധിക്കും

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, എൽനിനോ എന്നാൽ ദുർബലമായ മൺസൂൺ കാറ്റാണ്. പസിഫിക്കിലെ താപനില വർദ്ധിക്കുമ്പോൾ, അത് ഇന്ത്യയിലേക്ക് വീശേണ്ട മഴമേഘങ്ങളെ തടയുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്നു. സാധാരണഗതിയിൽ ഇത് വടക്കൻ, മദ്ധ്യ ഇന്ത്യയിൽ കടുത്ത വരൾച്ചയ്ക്കും തെക്കൻ തീരപ്രദേശങ്ങളിൽ അപ്രതീക്ഷിത പ്രളയത്തിനും കാരണമാകുന്നു. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥനങ്ങളിൽ വരൾച്ചയ്ക്ക് സാദ്ധ്യതയേറും. മദ്ധ്യപ്രദേശിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും സാധാരണയിൽ താഴെ മാത്രമേ മഴ ലഭിക്കൂ. ഇൻഡോർ, ഉജ്ജൈൻ, ഗ്വാളിയോർ, ജബൽപൂർ, സാഗർ തുടങ്ങിയ നഗരങ്ങൾ കടുത്ത ജലക്ഷാമം നേരിടേണ്ടി വന്നേക്കാം. കടുത്ത ചൂടിനൊപ്പം മൺസൂൺ മഴയുടെ കുറവ് കൂടി ചേരുന്നതോടെ ഡൽഹിയിൽ വായുമലിനീകരണവും ഉഷ്ണതരംഗവും രൂക്ഷമാകാൻ സാദ്ധ്യതയുണ്ട്. ഇന്ത്യയിലെ 60 ശതമാനം കർഷകരും ഇപ്പോഴും കൃഷിക്കായി മഴയെ നേരിട്ട് ആശ്രയിക്കുന്നവരാണ്. അതിനാൽ ആഗസ്റ്റിലെ മഴക്കുറവ് വിളവെടുപ്പിനെ സാരമായി ബാധിക്കും.

പാറ്റേൺ പ്രവചിക്കുക

അസാധ്യം

ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ മുൻകാല കണക്കുകൾ പ്രകാരം ജൂൺ മാസത്തിലെ മഴയുടെ അളവും എൽനിനോയും തമ്മിലുള്ള പാറ്റേൺ പ്രവചിക്കുക അസാദ്ധ്യമാണ്. 2015ൽ ഏറ്റവും ശക്തമായ എൽനിനോ രേഖപ്പെടുത്തിയ വർഷമായിരുന്നിട്ടും ജൂണിൽ സാധാരണയേക്കാൾ 14% കൂടുതൽ മഴ ലഭിച്ചു. കടുത്ത വരൾച്ചയിലേക്ക് രാജ്യം നീങ്ങിയ 2002 , 2004 വർഷങ്ങളിൽ ജൂണിൽ സാധാരണ മഴ ലഭിച്ചെങ്കിലും ജൂലായ് മാസത്തിന് ശേഷമാണ് കടുത്ത മഴക്കുറവ് ഉണ്ടായത്. 2009ഉം 2014ലും വർഷങ്ങളിൽ മാത്രമാണ് നിലവിലെ സാഹചര്യത്തിന് സമാനമായി ജൂണിൽ യഥാക്രമം 47%, 44% എന്ന കണക്കിൽ വലിയ മഴക്കുറവ് അനുഭവപ്പെട്ടത്.

2023ലാണ് ഒടുവിൽ എൽനിനോ ഉണ്ടായ വർഷം...അന്ന് ജൂണിൽ 8% കുറവ് മാത്രമാണ് ഉണ്ടായത്. ഇത് സാധാരണ പരിധിക്കുള്ളിലായിരുന്നു. ഈ വർഷം ഏപ്രിലിൽ ഐ.എം.ഡി പ്രവചിച്ച 92% മഴ എന്നത് മെയ് മാസത്തെ പുതുക്കിയ കണക്കിൽ 90% ആയി കുറച്ചിട്ടുണ്ട്. 2015ന് ശേഷമുള്ള കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും നിരാശാജനകമായ പ്രവചനമാണിത്. എൽനിനോ പ്രതിഭാസം ശക്തമായതിനെ തുടർന്ന് രാജ്യവ്യാപകമായി അന്തരീക്ഷ താപനില ഉയരുകയും വൈദ്യുതി ലഭ്യതയിൽ വൻ കുറവ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കേരളത്തിൽ കാലവർഷക്കാലമായിട്ടുപോലും ചൂടിന് കാര്യമായ കുറവില്ലാത്തതിനാൽ വൈദ്യുതി ഉപഭോഗം കുതിച്ചുയരുകയാണ്. ഇതേ തുടർന്ന് രാത്രി സമയങ്ങളിൽ മുന്നറിയിപ്പില്ലാതെ നിയന്ത്രണം ഏർപ്പെടുത്തിക്കഴിഞ്ഞു. കേരളം ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ ലഭിക്കേണ്ട സാധാരണ മഴയുടെ അളവ് ഗണ്യമായി എൽനിനോ കുറയ്ക്കുന്നുണ്ട്. കൃത്യസമയത്ത് മഴ ലഭിക്കാത്തത് രാജ്യത്തെ കാർഷിക മേഖലയെയും ജലലഭ്യതയെയും ഭക്ഷ്യവിലയെയും ദോഷകരമായി ബാധിച്ചുതുടങ്ങിയിരിക്കുന്നു. വേനൽക്കാലത്ത് കടുത്ത ചൂടിനും വരണ്ട അന്തരീക്ഷത്തിനും ഇത് വഴിയൊരുക്കുന്നു. ചുരുക്കത്തിൽ, കേവലമൊരു കാലാവസ്ഥാ മാറ്റം എന്നതിലുപരി നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്കും ജീവന്റെ നിലനിൽപ്പിനും നേരെയുള്ള കടുത്ത വെല്ലുവിളിയായി എൽനിനോ മാറുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KKK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY