SignIn
Kerala Kaumudi Online
Wednesday, 16 September 2026 1.48 PM IST

പടനായകനൊരു തോൽവി പിണഞ്ഞാൽ...

varavisesham

കോട്ടയത്തെത്ര മത്തായിമാരുണ്ട് എന്ന് ചോദിക്കുന്നത് പോലെയാണ് കോൺഗ്രസിനെത്ര ഭടജനമുണ്ട് എന്ന് ചോദിക്കുന്നതും. സംഗതി കോൺഗ്രസായത് കൊണ്ട് അതാരും ചോദിക്കുന്നില്ല.

കോൺഗ്രസിൽ, വിശിഷ്യാ, കെ.പി.സി.സിയിൽ കാക്കത്തൊള്ളായിരം കാവൽപ്പടയാളികളുണ്ടെന്നാണ് ഒരേകദേശ കണക്ക്. ആകാശവും ഭൂമിയും പാതാളവും കൈകാര്യം ചെയ്യാൻ പോന്നത്ര ജനറൽ സെക്രട്ടറിമാർ ഒരു ഭാഗത്ത്. പതിനെട്ടക്ഷൗഹിണിപ്പട കണക്കെ, സെക്രട്ടറിമാർ. എക്സിക്യൂട്ടീവംഗങ്ങളെ തട്ടി ഇന്നാട്ടിലാർക്കും നടക്കാൻ പറ്റാത്ത സ്ഥിതിയാണ്. പണ്ടേതോ പണ്ഡിതന്റെ വീട്ടിൽ മരുമകനായെത്തിയയാൾ ഗോവണിപ്പടിയിലടക്കം പണ്ഡിതന്റെ പുസ്തകങ്ങൾ നിരത്തിവച്ചതിനാൽ ചവിട്ടിമാറ്റി മുകളിലേക്ക് കയറിപ്പോയ കഥ കേട്ടിട്ടുണ്ട്. അതുപോലെ എക്സിക്യൂട്ടീവന്മാരെ കാലും കൈയും കൊണ്ട് തട്ടി മാറ്റിയാണ് പലരും റോഡിലൂടെ നടക്കുന്നത്.

പക്ഷേ പറഞ്ഞിട്ടെന്ത് പ്രയോജനമുണ്ട് ! പടനായകനൊരു തോൽവി പിണഞ്ഞാൽ ഭടജനമെല്ലാം ഓടിയൊളിക്കും എന്ന് നമ്പ്യാർ പാടിയത് പോലെയാണ് കാര്യങ്ങൾ. തോറ്റപ്പോൾ ഒറ്റ കാവൽപ്പടയാളിയെയും കാണ്മാനില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു തോൽവി പിണഞ്ഞുവെന്നത് വാസ്തവമാണ്. തോറ്റശേഷം തിരിഞ്ഞ് നോക്കുമ്പോൾ അവശേഷിക്കുന്നത് പടനായകൻ ചോമ്പാൽഗാന്ധി മുല്ലപ്പള്ളിജി മാത്രമേ ഉള്ളൂ. പടനായകരിൽ വമ്പനായി വിലസിയിരുന്ന ചെന്നിത്തലഗാന്ധി രമേശ് ജി ആണെങ്കിൽ ഞാനൊന്നുമറിഞ്ഞീല, രാമനാരായണ മട്ടിലാണെന്ന് മുല്ലപ്പള്ളിജി കലശലായി സംശയിക്കുന്നു. ഓ.സി ഗാന്ധിയുടെ അവസ്ഥ അതിലും ദയനീയം. അപരാഹ്നത്തിന്റെ അനന്തനീലിമയിൽ, അനന്തപഥങ്ങളിൽ അവൻ നടന്നകന്നൂ എന്ന മട്ടായിരുന്നുവെങ്കിൽ സാരമില്ലായിരുന്നു. പക്ഷേ ഇത് അതല്ലല്ലോ. താടിക്ക് തീ പിടിച്ചപ്പോൾ ഈ ബീഡിയൊന്ന് കത്തിച്ചോട്ടെയെന്ന് ചോദിക്കുന്നത് പോലെയാണെന്നാണ് ആളുകൾ അടക്കം പറയുന്നത്. ഗ്രൂപ്പ് യോഗം വിളിച്ച് ചെന്നിത്തലഗാന്ധിയെയും ചോമ്പാൽഗാന്ധിയെയും ഒരുപോലെ നിഷ്കാസനം ചെയ്യാനുള്ള പദ്ധതികൾ അണിയറയിൽ ആസൂത്രണം ചെയ്യുകയായിരുന്നുവത്രെ അദ്ദേഹം.

ശരിക്കും പറഞ്ഞാൽ എന്തൊക്കെയായിരുന്നു നാട്ടിൽ നടക്കേണ്ടിയിരുന്നത് ! സെഞ്ച്വറി അടിക്കേണ്ടതായിരുന്നു ചോമ്പാൽ ഗാന്ധിയുടെ കണക്കിൽ. കൊവിഡ് മഹാമാരിയുടെ കാലത്ത് നോർത്ത് ബ്ലോക്കിൽ അമർന്നിരുന്ന് ശ്വാസം വിട്ട ശേഷം സായാഹ്നങ്ങളിലെ കുതിരസവാരി പോലെ പിണറായി സഖാവ് നടത്തുന്ന മാതിരി പത്രസമ്മേളനം നടത്തുന്നതായിരുന്നു ചെന്നിത്തല ഗാന്ധി രമേശ്ജി കണ്ടുകൊണ്ടിരുന്ന സ്വപ്നം. പരിപാടി നൂറുദിനം വേണോ ഇരുന്നൂറ് ദിനം വേണോ എന്നാലോചിച്ച് തല പുകയ്ക്കുന്നുണ്ടായിരുന്നു മേയ് രണ്ടാംതീയതി രാവിലെ എട്ടൊമ്പത് മണി വരെ. ആ നേരത്ത് കന്റോൺമെന്റ് ഹൗസ് വഴി പോയവരാണ് ഇക്കാര്യം സാക്ഷ്യപ്പെടുത്തിയത്. അവിടെ പുകക്കുഴലിലൂടെ നേർത്ത പുകച്ചുരുളുകൾ പോകുന്നത് കണ്ടാണ് അവർ തല പുകയ്ക്കുന്ന കാര്യം തീർച്ചപ്പെടുത്തിയത്.

എന്തായാലും പിണറായി സഖാവ് തുടർഭരണം കൊണ്ടുപോയ സ്ഥിതിക്ക് ഇനി പറഞ്ഞിട്ട് കാര്യമില്ല. ചെന്നിത്തലഗാന്ധി രമേശ്ജി പ്രതിപക്ഷനേതാവ് സ്ഥാനം നിലനിറുത്താനും ചോമ്പാൽഗാന്ധി മുല്ലപ്പള്ളിഗാന്ധി കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം നിലനിറുത്താനുമായി നിയമസഭാ മന്ദിരത്തിന് വടക്കുവശത്തെ പാളയം ഒ.ടി.സി ഹനുമാൻ ക്ഷേത്രത്തിൽ ഹനുമാന് ഒരു വെറ്റിലമാലയും രമേശ്ജി പ്രത്യേകമായി ഹരിപ്പാട്ട് ഒരു കാവടി തുലാപ്പായസവും നേരുന്നത് നന്നായിരിക്കും.

................................

തൃപ്പൂണിത്തുറയിൽ എന്തുകൊണ്ട് നമ്മൾ തോറ്റു? വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകൽച്ചയിലായിരുന്നുവെങ്കിലും അവർ തമ്മിലെ അന്തർധാര ശക്തമായിരുന്നു. ബൂർഷ്വാസികൾ തക്കം പാർത്തിരിക്കുകയായിരുന്നു.

അപ്പോൾ പിന്നെ കണ്ണാക്ക് ബാബു ഗാന്ധി അവിടെ ജയിച്ചതിൽ അദ്ഭുതപ്പെടാനെന്തിരിക്കുന്നു ! മലപ്പുറത്ത് നിന്നെത്തിയ സ്വരാജ് സഖാവിന്റെ രണ്ട് കക്ഷങ്ങളിലും ഓരോ തേങ്ങ ജന്മനാ ഘടിപ്പിച്ചുവച്ചിട്ടുണ്ടെന്ന് തൃപ്പൂണിത്തുറക്കാർ പറയുന്നുണ്ടെങ്കിലും അതിലൊരു സ്ഥിരീകരണമൊന്നും ഇതുവരെ കിട്ടിയിട്ടില്ല. ആ തേങ്ങകളൊന്നുടയ്ക്കാനാണ് ബൂർഷ്വാസികൾ തക്കം പാർത്തിരുന്നത് എന്നാണ് ഇന്റലിജന്റ്സുകാർ പറയുന്നത്. സഖാവിന്റെ മറ്റൊരു പ്രത്യേകത, സഖാവ് വിളിച്ചാൽ വിളി കേൾക്കുന്നത് നേരെ നോക്കാതെയാണത്രെ. നോക്കിയാലും ആ മുഖത്ത് ഒരു കോട്ടിയ ചിരിയാണത്രെ വിടരുന്നത്. അതുതന്നെ അരിഷ്ടിച്ച്. ചിരിയാണോ, കരച്ചിലാണോ എന്ന് തിരിച്ചറിയാത്ത വിധമായതിനാൽ വിഘടനവാദികളും പ്രതിക്രിയാവാദികളും ഒരുപോലെ ആശങ്കാകുലരായിരുന്നു.

അതുകൊണ്ടാണ് പ്രഥമദൃഷ്ട്യാ അകൽച്ചയിലായിട്ടും അവർക്കിടയിലെ അന്തർധാര ശക്തമായതും സ്വരാജ് സഖാവിനെ തോല്പിച്ചതും. വിഘടനവാദികളുടെയും പ്രതിക്രിയാവാദികളുടെയും വേലയായതിനാൽ സ്വരാജ് സഖാവ് തോറ്റിട്ടില്ല എന്നുതന്നെ സങ്കല്പിച്ചാൽ അല്പം ആശ്വാസം കിട്ടിക്കൂടായ്കയില്ല.

..............................................

പാണ്ടിക്കടവത്ത് കുഞ്ഞാപ്പ ഡൽഹിയിൽ ഫാസിസത്തെ കഷ്ടപ്പെട്ട് തോല്പിച്ചിവിടെ തിരിച്ചെത്തിയപ്പോൾ ഒന്ന് വിശ്രമിക്കാമെന്ന് കരുതിയതാണ്! പക്ഷേ, ഇവിടെ പിണറായി സഖാവിന്റെ വക പന്തംകൊളുത്തിപ്പടയാണ്. നേരിടുക തന്നെ, അല്ലാതെന്ത് വഴി !

ഇ-മെയിൽ: dronar.keralakaumudi@gmail.com

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VARAVISESHM, PADANAYAKAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY