SignIn
Kerala Kaumudi Online
Wednesday, 16 September 2026 1.39 AM IST

പാളയം ന്യൂ മാർക്കറ്റ് മാറ്രം മാറാതെ വ്യാപാരികൾ....മാറ്റാനുറച്ച് കോർപറേഷൻ

a

ഒരു നഗരത്തിന്റെ ഓർമകളെയും വ്യാപാരത്തിന്റെ നാഡിയെയും ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റിവയ്ക്കാനാകുമോ? കെട്ടിടം മാറ്റാം, കടമുറി മാറ്റാം, ബോർഡുകൾ മാറ്റാം. പക്ഷേ വർഷങ്ങളായി ഒരു വിപണിയുമായി ചേർന്നുനിൽക്കുന്ന ഉപഭോക്താക്കളെയും വ്യാപാരബന്ധങ്ങളെയും അത്ര എളുപ്പത്തിൽ മാറ്റാനാകില്ല. കോഴിക്കോട് പാളയം മാർക്കറ്റിനെ കല്ലുത്താൻകടവിലെ ന്യൂ പാളയം മാർക്കറ്റിലേക്ക് മാറ്റാനുള്ള നീക്കം ഇപ്പോൾ നേരിടുന്ന പ്രതിസന്ധിയുടെ പ്രദാന കാതലും ഇതുതന്നെയാണ്. മാറില്ലെന്ന് വ്യാപാരികളും മാറ്റുമെന്ന് കോർപറേഷനും നിലപാടെടുത്തതോടെ പാളയം പച്ചക്കറി മാർക്കറ്റ് കല്ലുത്താൻകടവിലെ ന്യൂ പാളയം മാർക്കറ്റിലേക്ക് പൂർണമായി മാറ്റാനുള്ള കോർപറേഷൻ നീക്കം വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. പുതിയ മാർക്കറ്റ് മാറ്റവുമായി ബന്ധപ്പെട്ട് ഒരു വിഭാഗം വ്യാപാരികൾ ഇപ്പോഴും സമര രംഗത്തുണ്ട്. പ്രശ്നങ്ങൾ പറഞ്ഞു തീർക്കുന്നതിനായും വ്യാപാരികളെ കേൾക്കാനുമായി വ്യാപാരികളുടെയും ട്രേഡ് യൂണിയൻ സംഘടനകളുടെയും യോഗം കഴിഞ്ഞ ദിവസങ്ങളിൽ വിളിച്ചുചേർത്തിരുന്നുവെങ്കിലും പാളയം കോ-ഓർഡിനേഷൻ കമ്മിറ്റി പ്രതിനിധികൾ പങ്കെടുക്കാതെ വിട്ടു നിന്നു. പിന്നീട് കോ ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളുമായി യോഗം ചേർന്നെങ്കിലും സമവായം ഉണ്ടായില്ല. ഇതോടെ മാർക്കറ്റ് കല്ലുത്താൻകടവിലെ ന്യൂ പാളയം മാർക്കറ്റിലേക്ക് പൂർണമായി മാറ്റുമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കോർപ്പറേഷൻ.പദ്ധതിയുമായി മുന്നോട്ട് പോകാനാണ് നിലവിലെ തീരുമാനം.

വ്യാപാരിയുടെ ഭയം വെറും വാശിയോ

കോർപ്പറേഷന്റെ വാദം വ്യക്തമാണ്. ലൈസൻസുള്ള 153 വ്യാപാരികളെ പുതിയ മാർക്കറ്റിലേക്ക് പുനരധിവസിപ്പിക്കാനായിരുന്നു പദ്ധതി. വ്യാപാരികളുടെ ആവശ്യങ്ങൾ പരിഗണിച്ചിട്ടും വിവിധ കാരണങ്ങൾ പറഞ്ഞ് മാറാതെ നിൽക്കുകയാണ് എന്നാണ് കോർപ്പറേഷൻ പറയുന്നത്. പുതിയ മാർക്കറ്റ് പ്രവർത്തിപ്പിക്കാതെ കിടന്നാൽ കോടികളുടെ നിക്ഷേപം ഉപയോഗശൂന്യമാകുകയും കോർപ്പറേഷന് സാമ്പത്തിക ബാധ്യതയാകുകയും ചെയ്യും. എന്നാൽ വ്യാപാരികളുടെ ആശങ്കയും അവഗണിക്കാനാവില്ല. വർഷങ്ങളായി ഉപഭോക്താക്കൾ എത്തുന്ന പാളയം വിട്ട് പുതിയ സ്ഥലത്തേക്ക് മാറുമ്പോൾ കച്ചവടം എങ്ങനെ നടക്കുമെന്നതാണ് അവരുടെ പ്രധാന ഭയം. ചതുരശ്ര അടിക്ക് 80 രൂപ വാടകയും സാമ്പത്തിക ബാധ്യതയായി അവർ ചൂണ്ടിക്കാട്ടുന്നു.

100 കോടിയുടെ മാർക്കറ്റ്;

തുറന്നത് ഏതാനും കടകൾ

കല്ലുത്താൻകടവ് ഏരിയ ഡവലപ്‌മെന്റ് കമ്പനിയായ കാഡ്കോ നിർമിച്ച ന്യൂ പാളയം മാർക്കറ്റിന് ഏകദേശം 100 കോടി രൂപയാണ് ചെലവായത്. 370 കടമുറികളുള്ള മൂന്നുനില കെട്ടിടത്തിൽ താഴത്തെ നിലയിൽ മാത്രമാണ് ഏതാനും കടകൾ പ്രവർത്തിക്കുന്നത്.

ലൈസൻസുള്ള 153 വ്യാപാരികളെ പുതിയ മാർക്കറ്റിൽ പുനരധിവസിപ്പിക്കാനായിരുന്നു കോർപ്പറേഷന്റെ പദ്ധതി. എന്നാൽ പല വ്യാപാരികളും കടമുറികൾ ഏറ്റെടുക്കാൻ തയ്യാറായില്ല. കച്ചവടക്കാർക്കും സാധനങ്ങൾ വാങ്ങാൻ എത്തുന്നവർക്കും കൂടുതൽ സൗകര്യങ്ങളൊരുക്കിയെങ്കിലും മാർക്കറ്റ് പൂർണമായ തോതിൽ പ്രവർത്തിപ്പിക്കാൻ സാധിച്ചിട്ടില്ല. കല്ലുത്താൻകടവിലേക്ക് മാറാൻ വ്യാപാരികൾ നേരത്തെ മുതൽ തയാറായിരുന്നില്ല. പുതിയ സങ്കേതത്തിൽ കച്ചവടം കുറയുമെന്നും ആളുകൾ എത്താൻ മടിക്കുമെന്നുമായിരുന്നു ആരോപണം. ഇത് ശരിവെക്കുന്ന രൂപത്തിലാണ് പിന്നീട് കാര്യങ്ങൾ നടന്നത്.

ചതുരശ്ര അടിക്ക് 80 രൂപയാണ് വാടക നിശ്ചയിച്ചിരിക്കുന്നത്. വ്യാപാരികളുമായി കൃത്യമായി ആലോചിക്കാതെയാണ് കെട്ടിടം നിർമിച്ചതെന്നും നിലവിലെ സാഹചര്യത്തിൽ കല്ലുത്താൻകടവിലേക്ക് മാറുന്നത് സാമ്പത്തികമായി തിരിച്ചടിയാകുമെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ഒക്ടോബർ 21നാണ് ന്യൂ പാളയം മാർക്കറ്റ് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ തിരക്കൊഴിഞ്ഞാൽ മാർക്കറ്റിലെ കടകൾ തുറന്നുപ്രവർത്തിക്കാനുള്ള സാഹചര്യം ഉണ്ടാക്കുമെന്നാണ് കോർപറേഷൻ അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ സി പി എമ്മിന് ഭരണം കിട്ടിയെങ്കിലും വിചാരിച്ച ഭൂരിപക്ഷം കിട്ടിയില്ല. അതോടെ മാർക്കറ്റ് പുനരുജ്ജീവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച മന്ദഗതിയിലായി. വിവിധ സൗകര്യങ്ങളോടെയുള്ള നൂറുകണക്കിന് മുറികൾ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്.

 സൗകര്യങ്ങൾ ഏറെ, പക്ഷേ,

വ്യാപാരികൾക്ക് വേണ്ട !

ചെറുകിട–മൊത്തവ്യാപാര സൗകര്യങ്ങൾ, 500ലേറെ വാഹനങ്ങൾക്ക് പാർക്കിംഗ്, പഴം–പച്ചക്കറി ശീതീകരണ വിഭാഗം, വിശ്രമകേന്ദ്രം തുടങ്ങിയ സൗകര്യങ്ങളോടെയാണ് മാർക്കറ്റ് നിർമിച്ചത്. ഇതിനിടെ കെട്ടിടത്തിന്റെ മേൽക്കൂരയിൽ ചോർച്ചയുണ്ടാകുന്നതും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. മഴവെള്ളം കെട്ടിനിൽക്കുന്ന സാഹചര്യമുണ്ടെന്നും പരാതിയുണ്ട്. പാളയത്തെ വ്യാപാരികൾ പുതിയ മാർക്കറ്റിലേക്ക് മാറണമെന്നാവശ്യപ്പെട്ട് കോർപ്പറേഷൻ നേരത്തെ അന്ത്യശാസനം നൽകിയിരുന്നു. എന്നാൽ ഇതും ഫലം കണ്ടില്ല. വ്യാപാരികളുടെ എതിർപ്പ് തുടരുന്നതിനിടെയാണ് സമവായത്തിനായി വീണ്ടും യോഗം വിളിച്ചിരിക്കുന്നത്. കോർപറേഷൻ മുന്നോട്ടുവയ്ക്കുന്ന നിർദേശങ്ങളും വ്യാപാരികളുടെ നിലപാടും തമ്മിൽ ധാരണയിലെത്തിയില്ലെങ്കിൽ പാളയം മാർക്കറ്റ് മാറ്റം വീണ്ടും നീളും. രാഷ്ട്രീയകക്ഷികളുടെ യോഗത്തിൽ സമവായം ഉണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കോർപറേഷൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION