SignIn
Kerala Kaumudi Online
Saturday, 22 August 2026 1.52 AM IST

എം.എം.ഡി.ആർ ഭേദഗതി ; ഭാവിയിലേക്കുള്ള ചുവടുവയ്പ്പ്

khani

2026ലെ ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) ഭേദഗതി നിയമത്തെ വെറുമൊരു ധനകാര്യപരമോ അല്ലെങ്കിൽ നിയന്ത്രണപരമായ ഭേദഗതിയായോ മാത്രമല്ല കാണേണ്ടത്, മറിച്ച് ഖനന വ്യവസായത്തിന്റെ ഭാവിയിലേക്ക് ഇന്ത്യയെ സജ്ജമാക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പാണിത്. ധാതുക്കൾ,​ പ്രത്യേകിച്ച് നിർണായകവും തന്ത്രപ്രധാനവുമായ ധാതുക്കൾ ഊർജ്ജ സുരക്ഷ, അത്യാധുനിക നിർമ്മാണം, സാമ്പത്തിക കരുത്ത് എന്നിവയ്ക്ക് കേന്ദ്രബിന്ദുവായി മാറിക്കൊണ്ടിരിക്കുന്ന ഈ സമയത്ത്, പ്രവചനീയവും മത്സരശേഷിയുള്ളതും ദീർഘകാല നിക്ഷേപങ്ങളെ ആകർഷിക്കാൻ ശേഷിയുള്ളതുമായ ഒരു ഖനന ചട്ടക്കൂട് ഇന്ത്യയ്ക്ക് ആവശ്യമാണ്.

ഇന്ന് നമ്മുടെ ധാതുമേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് വിഭവങ്ങളുടെയോ കഴിവുകളുടെയോ അഭാവമല്ല, മറിച്ച് ലഭ്യമായ സാങ്കേതികവിദ്യയും ഖനികളിൽ അവയുടെ വൻതോതിലുള്ള ഉപയോഗവും തമ്മിലുള്ള അന്തരമാണ്. നിർമ്മിത ബുദ്ധി, ഓട്ടോമേഷൻ, ഡിജിറ്റൽ പര്യവേക്ഷണം, അത്യാധുനിക ധാതു സംസ്കരണം, വിഭവങ്ങളുടെ വീണ്ടെടുപ്പ്, ഉത്തരവാദിത്വമുള്ള ഖനനം എന്നിവയ്ക്ക് വൻതോതിലുള്ള നിക്ഷേപത്തോടൊപ്പം വ്യവസായം, അക്കാഡമിക് രംഗം, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയ്ക്കിടയിൽ ശക്തമായ സഹകരണവും ആവശ്യമാണ്. നയം ആത്മവിശ്വാസവും ദീർഘകാല കാഴ്ചപ്പാടും നൽകുമ്പോഴാണ് ഇത്തരം നിക്ഷേപങ്ങൾ എത്തിച്ചേരുന്നത്.

ഈ പശ്ചാത്തലത്തിൽ, അവസരങ്ങളുടെ സാദ്ധ്യത വളരെ വലുതാണ്. ലേലത്തിനും വികസനത്തിനുമായി തിരിച്ചറിഞ്ഞ 1,500ലധികം ധാതു ബ്ലോക്കുകൾ ഇന്ത്യയിലുണ്ട്. എന്നിരുന്നാലും നിലവിൽ അവയുടെ ഒരു ചെറിയ ഭാഗം മാത്രമേ പ്രവർത്തനക്ഷമമായിട്ടുള്ളൂ. ഇത് ഉത്പാദന വിപുലീകരണത്തിനും മൂല്യവർദ്ധനവിനുമുള്ള വലിയ സാദ്ധ്യതകളെയാണ് സൂചിപ്പിക്കുന്നത്. ബ്ലോക്കുകൾ വേഗത്തിൽ പ്രവർത്തനക്ഷമമാക്കുന്നതിലൂടെ, സ്റ്റീൽ, സിമന്റ്, ബാറ്ററികൾ, ഇലക്ട്രോണിക്സ് തുടങ്ങിയ അനുബന്ധ വ്യവസായങ്ങളെ ശാക്തീകരിക്കുന്നതിനൊപ്പം ഈ പങ്കാളിത്തം വലിയതോതിൽ വർദ്ധിപ്പിക്കാനും സാധിക്കും.

ഇന്ത്യയുടെ ഇറക്കുമതി ആശ്രിതത്വം ആഭ്യന്തര ധാതു ഉത്പാദനം ത്വരിതപ്പെടുത്തേണ്ടതിന്റെ അടിയന്തര ആവശ്യകത കൂടുതൽ വ്യക്തമാക്കുന്നു. വരുമാനത്തിന്റെയും നിക്ഷേപത്തിന്റെയും കാഴ്ചപ്പാടിൽ നിന്നും ഈ പരിഷ്കാരം അനുയോജ്യമായ സമയത്തുള്ളതാണ്. പ്രീമിയം, റോയൽറ്റി, ഡി.എം.എഫ്, എൻ.എം.ഇ.ടി തുടങ്ങിയ നിയമപരമായ സംഭാവനകൾ വഴി ഇന്ത്യയുടെ ധാതു ലേല സമ്പ്രദായം സംസ്ഥാനങ്ങൾക്കായി പതിനായിരക്കണക്കിന് കോടി ഇതിനകം ഉറപ്പാക്കിക്കഴിഞ്ഞു.

പ്രധാനമായും, ഖനന കമ്പനികൾ നടത്തുന്ന ആകെ പേയ്‌മെന്റുകളിൽ ലേല പ്രീമിയം, റോയൽറ്റി, ഡി.എം.എഫ്, മറ്റ് നിയമപരമായ തീരുവകൾ എന്നിവയുൾപ്പെടെയുള്ള വരുമാനത്തിന്റെ 96 ശതമാനത്തോളം നേരിട്ട് സംസ്ഥാന ​ഗവൺമെന്റുകളിലേക്കാണ് എത്തുന്നത്. ഈ വരുമാന പങ്കിടൽ ഘടന 2026ലെ എം.എം.ഡി.ആർ ഭേദഗതി നിയമത്തിന് ശേഷവും മാറ്റമില്ലാതെ തുടരും. 2020-21 മുതൽ 2025-26 വരെയുള്ള കാലയളവിൽ, പ്രധാന ഖനന സംസ്ഥാനങ്ങൾ ലേലം ചെയ്ത 100 ഖനികളിൽ നിന്ന് മാത്രം ലേല പ്രീമിയമായി 96,000 കോടിയിലധികം ശേഖരിച്ചു; ഇത് റോയൽറ്റി, ഡി.എം.എഫ്, ജി.എസ്.ടി തുടങ്ങിയ മറ്റ് വരുമാന മാർഗങ്ങൾക്ക് പുറമെയാണ്.

സംസ്ഥാനങ്ങളുടെ

സാമ്പത്തിക അടിത്തറ

ധാതുക്കളുടെ മേലുള്ള നികുതികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനേക്കാൾ, കൂടുതൽ ധാതു ബ്ലോക്കുകൾ ലേലം ചെയ്യുകയും അവ പ്രവർത്തനക്ഷമമാക്കുകയും ചെയ്യുന്നതിലൂടെ ഉത്പാദനവും വരുമാനവും വിപുലീകരിക്കുന്നതിലാണ് സംസ്ഥാനങ്ങളുടെ വലിയ അവസരം എന്ന് ഇത് വ്യക്തമായി തെളിയിക്കുന്നു. കൂടുതൽ ഏകീകൃതവും പ്രവചനീയവുമായ സാമ്പത്തിക ചട്ടക്കൂടിന് നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടും വർദ്ധിപ്പിക്കാനും, ഇന്ത്യൻ ധാതു നിക്ഷേപങ്ങളെ പ്രമുഖ തദ്ദേശീയ-ആഗോള നിക്ഷേപകർക്ക് കൂടുതൽ ആകർഷകമാക്കാനും സാധിക്കും.

അതുപോലെ തന്നെ പ്രധാനമാണ് ധാതു ബ്ലോക്കുകൾ വേഗത്തിൽ ലേലത്തിൽ കൊണ്ടുവരുന്നതും, തുടർന്ന് അവയെ അതിവേഗം ഉത്പാദനക്ഷമമാക്കുന്നതും. നിലവിൽ, വിഭവം തിരിച്ചറിയുന്നത് മുതൽ ഖനനം ആരംഭിക്കുന്നത് വരെയുള്ള സമയദൈർഘ്യം വർഷങ്ങളോളം നീണ്ടുനിൽക്കാറുണ്ട്. മികച്ച ഡാറ്റാ സംവിധാനങ്ങൾ, ഡിജിറ്റൽ അംഗീകാരങ്ങൾ, സ്ഥാപനപരമായ ശേഷി വർദ്ധിപ്പിക്കൽ എന്നിവയിലൂടെ ഈ സമയദൈർഘ്യം 30-40 ശതമാനംവരെ കുറയ്ക്കുന്നത് ധാതു ഉത്പാദനവും നിക്ഷേപവരവും ഗണ്യമായി വർദ്ധിപ്പിക്കും.

ധാതുസമ്പന്ന സംസ്ഥാനങ്ങൾക്ക് ഇത് അവസരങ്ങൾ നഷ്ടപ്പെടുന്ന ഒന്നായി കാണേണ്ടതില്ല. നേരെമറിച്ച്, കൂടുതൽ പ്രവർത്തനക്ഷമമായ ഖനികളും ബ്ലോക്കുകളും ഉയർന്ന നിക്ഷേപവും അന്തിമമായി സംസ്ഥാനങ്ങൾക്ക് വലുതും സുസ്ഥിരവുമായ ഒരു സാമ്പത്തിക അടിത്തറയാണ് ഉറപ്പുനൽകുന്നത്. ഖനന വരുമാനത്തിന്റെ വലിയൊരു പങ്ക് സംസ്ഥാനങ്ങൾക്ക് തന്നെ തുടർന്നും ലഭിക്കും.

കൂടാതെ, വേഗത്തിലുള്ള ഉത്പാദന ചക്രങ്ങൾ നേരിട്ട് ഉയർന്ന റോയൽറ്റി വരവിലേക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലേക്കും പ്രാദേശിക വ്യവസായ വികസനത്തിലേക്കും നയിക്കുന്നു. ഖനനം ലാഭകരമല്ലാതാക്കുന്ന പ്രവചനാതീതമായ അധിക സാമ്പത്തിക ബാദ്ധ്യതകൾ തടയുമ്പോൾ തന്നെ, സംസ്ഥാനങ്ങളുടെ നിലവിലുള്ള വരുമാന ഘടന സംരക്ഷിക്കാനാണ് ഈ ഭേദഗതി ലക്ഷ്യമിടുന്നത് എന്ന് അനുബന്ധ വിലയിരുത്തൽ വ്യക്തമാക്കുന്നുണ്ട്.

ഭാവികേന്ദ്രീകൃതം

ഇതൊരു ഭാവികേന്ദ്രീകൃതവും പ്രാപ്തമാക്കുന്നതുമായ ഒരു പരിഷ്കാരമായി ഞാൻ കാണുന്നു. കൽക്കരി-ഖനന വകുപ്പ് മന്ത്രി ജി. കിഷൻ റെഡ്ഡി നൽകുന്ന ദിശാബോധം പ്രത്യേകിച്ചും പ്രാധാന്യമർഹിക്കുന്നതാണ്. കാരണം ഇത് വരുമാനമെന്ന ഉടനടിയുള്ള ചോദ്യത്തിനപ്പുറം ധാതു സുരക്ഷ, വ്യാവസായിക മത്സരശേഷി, വികസിത ഭാരതം 2047 എന്ന വലിയ ദേശീയ ലക്ഷ്യം എന്നിവയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.


(സെന്റർ ഓഫ് എക്സലൻസ് ഫോർ ക്രിട്ടിക്കൽ മിനറൽസ് മേധാവിയും ടെക്നോളജി ട്രാൻസ്ലേഷണൽ റിസർച്ച് പാർക്ക് ഡയറക്ടറുമാണ് ലേഖകൻ)​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KHANI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY