
ഒരു കവിയുടെ മരണം അദ്ദേഹത്തിന്റെ ശബ്ദത്തിന്റെ അവസാനമല്ല. അദ്ദേഹം എഴുതിയ വരികളിലൂടെ, പകർന്ന വികാരങ്ങളിലൂടെ, സമൂഹത്തിന് നൽകിയ സന്ദേശങ്ങളിലൂടെ വീണ്ടും വീണ്ടും ജനിക്കുന്നു. അത്തരത്തിൽ മലയാള സാഹിത്യ,സാംസ്‌കാരിക രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കവിയും ഗാനരചയിതാവുമാണ് പഴവിള രമേശൻ. അദ്ദേഹം ഒരു എഴുത്തുകാരൻ മാത്രമായിരുന്നില്ല. ജീവിതത്തെ അടുത്തറിഞ്ഞ ഒരു മനുഷ്യസ്‌നേഹിയായിരുന്നു.
സാധാരണ മനുഷ്യരുടെ ജീവിതാനുഭവങ്ങളും അവരുടെ സ്വപ്നങ്ങളും വേദനകളും പ്രതീക്ഷകളുമായിരുന്നു അദ്ദേഹത്തിന്റെ എഴുത്തുകളുടെ പ്രമേയം. മലയാള കവിത കുഴിച്ചാൽ പലയിടത്തും പഴവിള രമേശനുണ്ടാകും. പ്രതീക്ഷിക്കാത്തിടത്ത് അത് മുളപൊട്ടും. ഭാഷാകേന്ദ്രിതമായ അസ്ഥിത്വത്തിൽ കാവ്യഭാഷയെ സസൂഷ്മം തിരിച്ചറിഞ്ഞ കവിയാണ് പഴവിള. അതനുവാചകന്റെ ഇന്ദ്രിയങ്ങളിലേയ്ക്ക് പകരാനുള്ള സവിശേഷമായ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു.
അനുഭവങ്ങളെ അദ്ദേഹം വാക്കിലേയ്ക്കും തിരിച്ചും സന്നിവേശിപ്പിച്ചു. ശുദ്ധ കല എന്നു പറയുന്നത്, കലാകാരൻ നയിച്ച ജീവിതത്തിന്റെ ഉത്പന്നമാണെങ്കിൽ പഴവിള കവിതകൾ അതിന്റെ സാക്ഷ്യമാണ്. കേവലം മനുഷ്യ ദർശനത്തിന്റെ അടയാളമായല്ല, നിരന്തര ജീവിത പ്രതീക്ഷയുടെ പ്രതീകമായാണ് ആ കവിതകൾ ഇതൾ വിടർത്തിയത്. ജീവിത വാസനകളുടെ മൗലികതയാണ് ആ കവിതകളുടെ ആത്മാവ്. കേവല ലാവണ്യരൂപങ്ങളെ അദ്ദേഹം കവിതയുടെ അയലത്തുപോലും കൊണ്ടുവന്നില്ല. എന്നാൽ, സൗന്ദര്യത്തിന്റെ ശക്തിസ്വരൂപങ്ങൾ പ്രിയപ്പെട്ടവയായി. സൗന്ദര്യത്തെ പ്രപഞ്ച ചൈതന്യത്തോടടുപ്പിക്കാനുള്ള ഉപകരണമായി കവിതകളും ഗാനങ്ങളും മാറി.
ഒരു ഗാനരചയിതാവെന്ന നിലയിൽ അദ്ദേഹം രചിച്ച വരികൾ വെറും വാക്കുകളുടെ കൂട്ടായ്മയായിരുന്നില്ല; വികാരങ്ങളുടെ സംഗീതമായിരുന്നു. ജീവിതത്തിന്റെ നന്മയും നൊമ്പരവും സ്‌നേഹവും സാമൂഹിക ബോധവും അദ്ദേഹത്തിന്റെ ഗാനങ്ങളിൽ നിറഞ്ഞുനിന്നു. ലളിതമായ ഭാഷയിൽ ആഴമുള്ള ആശയങ്ങൾ അവതരിപ്പിക്കാനുള്ള കഴിവ് അദ്ദേഹത്തിന്റെ രചനകളെ ജനകീയമാക്കി.
കവിത അദ്ദേഹത്തിന് ഒരു സാഹിത്യരൂപം മാത്രമായിരുന്നില്ല; അത് സമൂഹത്തോടുള്ള സംവാദമായിരുന്നു. മനുഷ്യന്റെ അന്തഃസംഘർഷങ്ങളും കാലത്തിന്റെ വെല്ലുവിളികളും അദ്ദേഹം തന്റെ വരികളിലൂടെ അവതരിപ്പിച്ചു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ രചനകൾ കാലം കടന്നുപോയിട്ടും പ്രസക്തമായി നിലനിൽക്കുന്നത്. കലാകാരന്മാർ പലരും ഉണ്ടാകും. എന്നാൽ ജീവിതത്തെയും മനുഷ്യനെയും സ്‌നേഹിക്കുന്ന കലാകാരന്മാർ വിരളമാണ്. പഴവിള രമേശൻ അത്തരത്തിലൊരാളായിരുന്നു. അദ്ദേഹത്തിന്റെ എഴുത്തിൽ മനുഷ്യനോടുള്ള കരുതലും സമൂഹത്തോടുള്ള പ്രതിബദ്ധതയും വ്യക്തമായി കാണാമായിരുന്നു.
കൊല്ലം ജില്ലയിലെ പേരുകേട്ട കുടുംബങ്ങളിൽ ഒന്നാണ് പഴവിള. ചെറുപ്പംമുതലേ അദ്ദേഹത്തിന് രാഷ്ട്രീയപ്രവർത്തകരുമായിട്ടൊക്കെ വലിയ അടുപ്പമാണ്. അവിഭക്തകമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അണികളായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. ഒ.എൻ.വിയായിരുന്നു അദ്ദേഹത്തിന്റെ ഗുരു.
രാഷ്ട്രീയത്തോടുള്ള അതേ അടുപ്പം സിനിമയോടും പഴവിള നിലനിറുത്തിയിരുന്നു. സംവിധായകൻ രാമുകാര്യാട്ടുമായി ഉറ്റ സൗഹൃദമുണ്ടായിരുന്നു. സൗഹൃദം മാത്രമായിരുന്നു അദ്ദേഹത്തിന്റെ ആദർശം. കവിതകൾ മാത്രമല്ല, നാലോ അഞ്ചോ വാല്യങ്ങളുള്ള സ്മരണകൾ അദ്ദേഹം എഴുതിയിട്ടുണ്ട്, മനോഹരമായിരുന്നു എഴുത്തുകൾ. അമ്മയെക്കുറിച്ച് അദ്ദേഹം എഴുതിയ കവിത ഏറെ ശ്രദ്ധേയമായിരുന്നു.
കെ.ബാലകൃഷ്ണന്റെ പത്രാധിപത്യത്തിൽ ഇറങ്ങിയിരുന്ന കൗമുദിയായിരുന്നു അദ്ദേഹത്തിന്റെ കളരി. സത്കാരപ്രിയനായിരുന്നു. ധാരാളം വായിക്കും, ധാരാളം എഴുതും. ദേഷ്യം മറച്ചുവച്ച് പെരുമാറുന്ന സ്വഭാവം ഇല്ല. മനസിലുള്ളത് മുഖത്ത് പ്രകടിപ്പിക്കും. ജോലിയിൽ നിന്ന് വിരമിച്ച ശേഷമാണ് പ്രമേഹം കഠിനമായി കാലിനെ ബാധിക്കുകയും മുറിച്ചുകളയുന്നതും. യാത്രകളില്ലാത്ത പഴവിളയെ ഓർക്കുക തന്നെ പ്രയാസമായിരുന്നു. അടൂർ, പാരീസ് വിശ്വനാഥൻ, പഴവിള എന്നിവർ ഒരുമിച്ചുനടത്തിയ ഒരു അഖലേന്ത്യാ പര്യടനത്തിന്റെ കഥ ഏറെക്കാലം അത്ഭുതമായിരുന്നു.
വിശ്രമജീവിതം എന്ന വാക്ക് പഴവിളയുടെ കാര്യത്തിൽ അറംപറ്റിപ്പോയതായി തോന്നിയിട്ടുണ്ട്. എങ്കിലും തന്റെ മനസിന്റെ ബലം കൊണ്ട് ഓരോ ദിവസവും അദ്ദേഹം ഊർജസ്വലമാക്കി. ധാരാളം വായിച്ചു. ഒട്ടേറെ രചനകളും അക്കാലത്തുണ്ടായി. ലോകത്തിന്റെ നാനാഭാഗത്തുനിന്നും കവിതകൾ ശേഖരിച്ചുവായിക്കും. കട്ടിലിന്റെ നാലുഭാഗവും പുസ്തകങ്ങൾ നിരത്തിയിട്ട് അതിന് നടുക്കാണ് പഴവിളയുടെ കിടത്തം. സൗഹൃദങ്ങൾക്ക് വലിയ വിലനൽകിയിരുന്ന അദ്ദേഹവുമായി ഒരിക്കലെങ്കിലും ഇടപെട്ട ആളുകൾ വീണ്ടും അദ്ദേഹത്തെ അന്വേഷിച്ചു ചെല്ലുമായിരുന്നു.
കൈവിടാത്ത
നർമ്മബോധം
കെ. ബാലകൃഷ്ണന്റെ കൗമുദി ആഴ്ചപ്പതിപ്പിൽ സഹപത്രാധിപരായിരുന്ന കാലം പഴവിളയുടെ ജീവിതത്തിലെ ഏറ്റവും രസകരമായ കാലഘട്ടമായിരുന്നു. അക്കാലത്ത് പത്രാധിപരും സുഹൃത്തുക്കളുമായി ഒത്തുചേരുമ്പോൾ ഉണ്ടാകുന്ന തർക്കങ്ങളിലും ചർച്ചകളിലും പഴവിള രമേശന്റെ നർമ്മം കലർന്ന ഇടപെടലുകൾ പ്രസിദ്ധമായിരുന്നു. സാംസ്‌കാരിക രംഗത്ത് സജീവമായിരുന്നെങ്കിലും, ആരെങ്കിലും അദ്ദേഹത്തെ 'സാംസ്‌കാരിക നായകൻ' എന്ന് വശേഷിപ്പിക്കുന്നത് ഇദ്ദേഹത്തിന് ഒട്ടും ഇഷ്ടമല്ലായിരുന്നു. അകംപൊള്ളയായ കെട്ടുകാഴ്ചകളെയും പദവികളെയും അദ്ദേഹം എപ്പോഴും പരിഹസിച്ചു.
ജീവിതത്തിന്റെ അവസാന കാലഘട്ടത്തിൽ കടുത്ത പ്രമേഹം കാരണം അദ്ദേഹത്തിന്റെ ഒരു കാൽ മുറിച്ചുമാറ്റേണ്ടി വന്നിരുന്നു. എന്നാൽ ആ വലിയ പ്രതിസന്ധിയിലും അദ്ദേഹം നർമ്മബോധം കൈവിട്ടില്ല. തന്നെ കാണാൻ വരുന്ന സുഹൃത്തുക്കളോട് സങ്കടപ്പെടുന്നതിന് പകരം, 'ഇപ്പോൾ എനിക്ക് ഭാരം പകുതി കുറഞ്ഞു' എന്ന രീതിയിൽ തമാശകൾ പറഞ്ഞ് അദ്ദേഹം അവരെ ആശ്വസിപ്പിക്കുമായിരുന്നു.
നാടക ഗാനം
എഴുതി തുടക്കം
കൊല്ലം പെരിനാട് കണ്ടച്ചിറ പഴവിളയിൽ എൻ.എ.വേലായുധന്റെയും കെ.ഭാനുക്കുട്ടി അമ്മയുടെയും മകനായി 1936 മാർച്ച് 29നാണ് പഴവിള രമേശന്റെ ജനനം. പതിനാലാമത്തെ വയസിൽ നാടകങ്ങൾക്ക് ഗാനം എഴുതിക്കൊണ്ട് ഗാനരംഗത്തെത്തിയ അദ്ദേഹം 1961മുതൽ 1968വരെ കെ.ബാലകൃഷ്ണന്റെ 'കൗമുദി' ആഴ്ചപ്പതിപ്പിൽ സഹപത്രാധിപരായിരുന്നു. തുടർന്ന് 1968 മുതൽ 1993വരെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്തികകളിലും ജോലി നോക്കി.
ഭരത് ഗോപി സംവിധാനം ചെയ്ത 'ഞാറ്റടി'ക്ക് വേണ്ടിയാണ് ആദ്യമായി ഗാനങ്ങൾ രചിക്കുന്നത്. വി.രാജകൃഷ്ണൻ സംവിധാനം ചെയ്ത ശ്രാദ്ധം എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുമുണ്ട്. കേരള സാഹിത്യ അക്കാഡമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടി. 2019 ജൂൺ 13ന് വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |