
'ശ്രീനാരായണഗുരുവിന്റെ വിവേകാനന്ദൻ' എന്നു പ്രശസ്തി നേടിയ സത്യവ്രത സ്വാമികൾ സമാധി പ്രാപിച്ചിട്ട് ഇന്നേദിവസം നൂറുവർഷം തികയുകയാണ്. 'ശ്രീനാരായണഗുരുവിന് സത്യവ്രതസ്വാമികളെപ്പോലെ മറ്റൊരു ശിഷ്യൻ ഉണ്ടായിട്ടില്ല' എന്ന് സി.കേശവനും 'സത്യവ്രതസ്വാമികളെപ്പോലെ സ്വതന്ത്രചിന്തകനായ ഒരാളെ കണ്ടില്ല' എന്ന് സഹോദരൻ അയ്യപ്പനും രേഖപ്പെടുത്തിയിട്ടുണ്ട്.
കേവലം 33 വയസുകഴിഞ്ഞപ്പോഴായിരുന്നു സ്വാമികളുടെ സമാധി. ശ്രീരാമകൃഷ്ണസന്ദേശം ലോകമൊട്ടാകെ വിവേകാനന്ദസ്വാമികൾ പ്രചരിപ്പിച്ചതുപോലെ സത്യവ്രതസ്വാമികൾ ലോകമൊട്ടാകെ ഗുരുദേവസന്ദേശം പ്രചരിപ്പിക്കുമെന്ന വിശ്വാസം അന്നു സർവസാധാരണമായിരുന്നു. സ്വാമികളുടെ സമാധി വർത്തമാനം കേട്ടിട്ട് ശ്രീനാരായണഗുരുദേവൻ പോലും മൊഴിഞ്ഞു. 'വർത്തമാനം കേട്ടിട്ട് നമുക്കും ക്ഷീണം തോന്നുന്നു. എന്തെല്ലാം ചെയ്യുവാൻ നിശ്ചയിക്കപ്പെട്ട ദേഹമായിരുന്നു. ആ ജീവിതസന്ദേശം ജനങ്ങളുടെ ഇടയിൽ പരത്താൻ ശ്രമിക്കണം'.
ഒരിക്കൽ ഗുരുദേവൻ സഹോദരൻ അയ്യപ്പനോട് പറഞ്ഞു. 'ജാതിഭേദം വരരുത്. അതാണ് വേണ്ടത്. അതുസാധിക്കും. നിശ്ചയമായും സാധിക്കും. സത്യവ്രതനെ നോക്കൂ. സത്യവ്രതന് അശേഷം ജാതിയില്ല. ഉണ്ടോ? നമുക്കാർക്കും അത്ര ജാതി പോയിട്ടില്ലെന്നുതോന്നുന്നു. ബുദ്ധനുകൂടി ഇത്ര ജാതി പോയിരുന്നുവോ എന്ന് നമുക്ക് സംശയമാണ്. സത്യവ്രതൻ അത്ര വ്യത്യാസമില്ലാത്ത ആളാണ്. അങ്ങനെ ജീവിക്കാമല്ലോ?'
പ്രശസ്തരും അപ്രശസ്തരുമടങ്ങിയ മഹത്തായ ഒരു ശിഷ്യസഞ്ചയം ഗുരുദേവനുണ്ടായിരുന്നുവല്ലോ. എന്നാൽ അവരിലാർക്കുംതന്നെ നേടാൻ സാധിക്കാത്ത അനുഗ്രഹ പ്രശംസയാണ്, അംഗീകാരമാണ് സത്യവ്രതസ്വാമികൾ നേടിയെടുത്തത്. അപ്പോൾ ആ ജീവിതം എന്തെന്തു വിശുദ്ധവും മഹത്തരവുമാർന്നിരിക്കാം.
ഗുരുസന്നിധിയിലെ
ദൃഢപ്രതിജ്ഞ
ചങ്ങനാശേരിക്കടുത്ത് കുട്ടനാട് മാമ്പുഴക്കരയിൽ പ്രസിദ്ധമായ ഒരു നായർതറവാട്ടിൽ ജനിച്ച അയ്യപ്പൻപിള്ളയാണ് ഗുരുദേവശിഷ്യനായ സത്യവ്രതസ്വാമികളായത്. അയ്യപ്പൻ ഗുരുദേവനോട് തർക്കിക്കാനും വിമർശിക്കാനുമാണ് ആദ്യം കൃഷ്ണപുരത്ത് വച്ച് കാണുന്നത്. ഒറ്റദർശനത്തിൽ തന്നെ അദ്ധ്യാപകനായ അയ്യപ്പൻ ഗുരുദേവനിൽ ആകൃഷ്ടനായി. ആലുവയിലെ ശിവരാത്രി മഹോത്സവത്തിൽ പങ്കെടുക്കാനെത്തിയ അയ്യപ്പൻപിള്ള മറുകരയിലുള്ള അദ്വൈതാശ്രമത്തിൽ എത്തി.
അയ്യപ്പൻപിള്ള ആശ്രമവും പരിസരവും ഒന്ന് ചുറ്റിനടന്ന് കാണുവാൻ നിശ്ചയിച്ചു. ആശ്രമംവക മഠത്തിന്റെ ചുവരിൽ അക്കാലത്ത് അങ്കിതമായിരുന്ന ഗുരദേവസൂക്തത്തിൽ അദ്ദേഹത്തിന്റെ കണ്ണുകൾ ചെന്ന് പതിച്ചിരിക്കണം. അവിടെ ആലേഖ്യമായിരുന്ന ഗുരുസൂക്തം അത്രയ്ക്ക് ശ്രദ്ധേയമായിരുന്നു. അയിത്തത്തിന്റെ, തീണ്ടലിന്റെ, തൊടീലിന്റെ പേരിൽ എത്രയെത്ര പാവങ്ങളായ സഹോദരങ്ങളെ താൻ നിഷ്ഠൂരമായി മർദ്ദിച്ചിരുന്നു, അതൊക്കെ ഒരിക്കലും തീർത്താൽ തീരാത്ത മഹാപരാധമാണെന്ന് പിള്ളയ്ക്ക് തോന്നി.
ആ തെറ്റുകൾ ഗുരുവിന്റെ മുൻപിൽ സമർപ്പിച്ചു. പശ്ചാത്താപത്തിനും പാപമോചനത്തിനും വേണ്ടി മാപ്പുചോദിച്ചാലോ? ഇപ്രകാരമുള്ള വിചാരധാരകളുടെ പ്രവാഹം പിള്ളയിലൂടെ കടന്നുപോയപ്പോൾ ഗുരുദേവൻ പെട്ടെന്ന് പിള്ളയോട് ചോദിച്ചു: 'എന്താ, എന്താ പറയാനുള്ളതുപോലെ തോന്നുന്നുവല്ലോ?'. പിള്ള: 'ഞാൻ ഒരു തെറ്റ് ചെയ്തുപോയി സ്വാമി.' ഗുരു: 'തെറ്റോ? തെറ്റ് എന്നറിഞ്ഞുകൊണ്ട് ചെയ്‌തോ? ചെയ്തപ്പോൾ ശരിയെന്ന് തോന്നി. ഇപ്പോൾ തെറ്റെന്ന് തോന്നുന്നു അല്ലേ? '
പിള്ള, തന്നെ തീണ്ടിയതിന് ഈഴവനെ തല്ലിയ കഥ ഒരു കുമ്പസാരമെന്നപോലെ ഗുരുദേവനോട് ഉണർത്തി. എന്നിട്ട് അതിനൊരു പരിഹാരം കൂടി കൽപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. സ്വാമി പറഞ്ഞു: 'ചെയ്തത് തെറ്റായിപ്പോയി എന്ന് സ്വയം തോന്നിയല്ലോ? വിവേകം വിധിച്ചു. ചെയ്തതിലുള്ള പശ്ചാത്താപം മതി പ്രായശ്ചിത്തം. അതുപോരേ?' പിള്ള തുടർന്നു: 'സ്വാമി നിശ്ചയിക്കുന്ന പ്രായശ്ചിത്തം ചെയ്യാം.' ഗുരു: 'തീണ്ടൽ ഒരു തെറ്റായ തോന്നലാണ്. ഇനി തീണ്ടിയെന്നു പറഞ്ഞ് ആരെയും തല്ലാതിരിക്കുവാൻ വേണ്ടി പണിയെടുക്കണം'.
പിള്ള ഗുരുദേവന്റെ തൃപ്പാദങ്ങളിൽ വീണ് നമസ്‌കരിച്ചു. ജീവിതകാലം മുഴുവൻ ഗുരുദേവസേവയിലൂടെ ആത്മനിർവൃതി നുകരാനും അധഃകൃതോദ്ധാരണം തന്റെ ജീവിതവ്രതമാക്കി മാറ്റാനും അർപ്പണബോധത്തോടെ പ്രവർത്തിക്കാനും ഗുരുസന്നിധിയിൽ അപ്പോൾ തന്നെ ദൃഢപ്രതിജ്ഞയെടുത്തു. അദ്ദേഹം ഗുരുദേവശിഷ്യത്വം വരിച്ചു. കേരളം കണ്ട ഏറ്റവും വലിയ പ്രഭാഷകനായി, ഗുരുധർമ്മപ്രചാരകനായി മാറി. എസ്.എൻ.ഡി.പി യോഗത്തിന്റെ മൈക്കായി.
വീടു വിട്ടുപോകുമ്പോൾ അമ്മ എന്നെ കാണുവാൻ ആഗ്രഹിക്കുമ്പോൾ ഞാൻ വന്നു കൊള്ളാം എന്ന് മകൻ ഉറപ്പു നൽകിയിരുന്നു. 1926 ആഗസ്റ്റിൽ സത്യവ്രത സ്വാമി അമ്മയെക്കാണാൻ പോയി. ആനന്ദാശ്രമത്തിൽ എത്തി പ്രസംഗിച്ചു. അവിടെനിന്നും വീട്ടിലേക്ക് തിരിച്ചു. വള്ളത്തിലായിരുന്നു യാത്ര. വള്ളം ആറ്റിൽ മറിഞ്ഞു. അപകടത്തിൽപെട്ട ആളുകളെ ദൃഢഗാത്രനും നീന്തൽ വിദഗ്ദ്ധനുമായ സ്വാമികൾ രക്ഷപ്പെടുത്തി. അദ്ദേഹത്തിന് ജ്വരം ബാധിച്ചു. അത് സന്നിപാതജ്വരമായി മാറി. 1926 സെപ്തംബർ 2ന് അദ്ദേഹം സമാധി പ്രാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |