
ഇന്ത്യയുടെ അടുത്ത നയതന്ത്ര അതിർത്തി ഇന്ത്യൻ മഹാസമുദ്രമാണ്. ഇപ്പോൾ കേരളം അതിന്റെ കവാടമാണ്. രാഷ്ട്രങ്ങളുടെ ചിന്ത അടയാളപ്പെടുത്താൻ ഭൂപടങ്ങൾക്കാകും. പതിറ്റാണ്ടുകളായി ദേശീയതന്ത്രത്തെപ്പറ്റി അലോചിക്കുമ്പോൾ ഹിമാലയം, പാകിസ്ഥാൻ, ചൈന എന്നിങ്ങനെയുള്ള വടക്കൻ ഭൂഭാഗങ്ങളിലേക്കായിരുന്നു ഇന്ത്യക്കാർ നോക്കിക്കൊണ്ടിരുന്നത്. എന്നാൽ, ഇന്ന് ഈ സ്ഥിതി മാറി. മറ്റൊരു ഭൂപടത്തിന് പ്രാധാന്യം ഏറി വരുന്നു. തെക്ക് കേരളത്തിൽ നിന്നും ആ നോട്ടം തുടങ്ങുന്നു.
ഇപ്പോൾ വിപുലമായ തന്ത്ര പ്രധാന ലോകം തെളിഞ്ഞു വരികയാണ്. കേരളത്തിന്റെ പടിഞ്ഞാറ് ഗൾഫ് മേഖലയും ആഫ്രിക്കയുടെ കിഴക്കൻ തീരവുമാണ്. തെക്കുഭാഗത്ത് മാലിദ്വീപ്, മൗറീഷ്യസ് , സെയ്ഷെൽസ് എന്നീ രാജ്യങ്ങൾ സ്ഥിതി ചെയ്യുന്നു. തെക്കു കിഴക്കുഭാഗത്താണെങ്കിൽ ശ്രീലങ്ക. ഇതിന്റെയെല്ലാം മദ്ധ്യത്തിലാണ് ഇന്ത്യൻ മഹാസമുദ്രം. കേരളമാകട്ടെ ഇതിന്റെയെല്ലാം വിലങ്ങനെ സ്ഥിതി ചെയ്യുന്നു. ഇന്ത്യൻ മഹാസമുദ്രം ഇന്ത്യയെ ചുറ്റുന്ന ഒരു ജലമാർഗം മാത്രമല്ല. ഇത് ആഗോള സമ്പദ്ഘടനയുടെ സുപ്രധാന പാതയാണ്.
ഏഷ്യ, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളിലെ വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട എണ്ണക്കപ്പൽ, ചരക്കുകൾ, കണ്ടെയ്നറുകൾ എന്നിവയെല്ലാം നീങ്ങുന്നത് ഈ വഴിയാണ്. അതുകൊണ്ട്, ഈ ഭൂ പ്രദേശം സുരക്ഷിതമായി പരുവപ്പെടുത്തുന്നത് സമ്പദ്ഘടന വികസിക്കുന്ന ഇന്ത്യയ്ക്ക് ഏറെ നിർണ്ണായകമാണ്. ഇതിന്റെയർത്ഥം, ഇന്ത്യൻ മഹാസമുദ്രമേഖല സൈനിക കണ്ണിലൂടെ മാത്രം നോക്കിക്കാണണമെന്നല്ല. ഇന്ത്യയുടെ നേട്ടം അതിനേക്കാളൊക്കെ വിപുലമാണ്.
ഇന്ത്യൻ മഹാസമുദ്രത്തിന് കുറുകെയുളള രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം വ്യാപാരവും വികസന പിന്തുണയും ദുരന്ത നിവാരണവും സമുദ്ര ഗതാഗത സുരക്ഷിതത്വവും ഡിജിറ്റൽ കണക്ടിവിറ്റിയും ആരോഗ്യ പരിപാലനവും വിദ്യാഭ്യാസവും ചരിത്രപരമായി ജനങ്ങൾ തമ്മിലുള്ള ബന്ധവും ഒക്കെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഇത് ഇന്ത്യ മാരിടൈം നയതന്ത്രവുമായി ബന്ധപ്പെട്ട് പ്രകടിപ്പിച്ചിട്ടുള്ളതാണ്.
കേരളത്തിന്റെ ഇടം സവിശേഷം
2025 ൽ ഇന്ത്യയുടെ സമുദ്ര ഗതാഗത കാര്യക്ഷമത നിരീക്ഷിക്കുന്ന 'സാഗർ ചട്ടക്കൂട്" 'മഹാ സാഗറാ" യി വികസിപ്പിച്ചു. ഗ്ലോബൽ സൗത്തുമായി വികസനത്തിലൂന്നിയുള്ള വ്യാപാരം, ശേഷിവികസനം, പരസ്പര സുരക്ഷ, സാങ്കേതിക വിദ്യയുടെ പങ്കു വയ്ക്കൽ, സഹകരണം എന്നിവയ്ക്ക് ഊന്നൽ നൽകിയായിരുന്നു ഈ വികസനം. ഇങ്ങനെ വികസിക്കുന്ന സംവിധാനത്തിൽ കേരളത്തിന് സവിശേഷ പ്രാധാന്യമുണ്ട്. ഇതിന്റെ ഏറ്റവും പ്രകടമായ കാരണം വിഴിഞ്ഞമാണ്. പ്രധാന കിഴക്കു - പടിഞ്ഞാറ് കപ്പൽ മാർഗവുമായി ഏറെ സാമീപ്യമുളളതും വളരെ ആഴമേറിയ പ്രകൃതിദത്തമായ തുറമുഖമെന്ന സവിശേഷതയും വിഴിഞ്ഞത്തിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നു.
കണ്ടെയ്നർ കപ്പലുകൾ കൈകാര്യം ചെയ്യുന്നതിലെ വിഴിഞ്ഞത്തിന്റെ ശേഷി തുടക്കത്തിൽത്തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. 2026 ജനുവരിയിൽ ഇവിടെ 1.43 ദശലക്ഷം ടി. ഇ. യു കണ്ടെയ്നറുകൾ വന്നു. ആദ്യഘട്ടത്തിൽ ഒരു ദശലക്ഷത്തിൽ ചില്വാനം ലക്ഷ്യമിട്ടിരുന്ന സ്ഥാനത്താണ് ഈ നേട്ടം. അതുകൊണ്ട് , വിഴിഞ്ഞം കേവലം കേരളത്തിന്റെ അടിസ്ഥാന വികസനമായിട്ടല്ല കാണേണ്ടത്, മറിച്ച് ഇതൊരു ദേശീയ ആസ്തിയായി വേണം കാണാൻ. ഇന്ത്യയുടെ എണ്ണ, വ്യാപാര, നിക്ഷേപ പങ്കാളികളായ ഗൾഫ് രാജ്യങ്ങൾ വിഴിഞ്ഞത്തിന്റെ പടിഞ്ഞാറാണ്. വികസിച്ചു കൊണ്ടിരിക്കുന്ന സമ്പദ് ശക്തിയായ കിഴക്കൻ ആഫ്രിക്ക തെക്കു പടിഞ്ഞാറായിട്ടാണ്. ഇന്ത്യയുടെ മാരിടൈം സുരക്ഷയുമായി ബന്ധപ്പെട്ട മാലിദ്വീപും ശ്രീലങ്കയും തൊട്ടടുത്താണ്. അങ്ങനെ വരുമ്പോൾ, ഈ മേഖലയും ഇന്ത്യയുമായുള്ള സാമ്പത്തിക സമ്പർക്ക മേഖലയായി മാറാൻ കേരളത്തിന് കഴിയും. ഇതാകട്ടെ ഇവിടെ വന്നുപോകുന്ന കണ്ടെയ്നറുകളുടെ എണ്ണത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ളതല്ല.
തെളിയുന്നു മാരിടൈം സമ്പദ്ഘടന
വിജയകരമായി പ്രവർത്തിക്കുന്ന ഒരു തുറമുഖത്തിന് കപ്പലുകളുടെ അറ്റകുറ്റപ്പണി, ലോജിസ്റ്റിക്സ്, വെയർഹൗസിംഗ്, സാമ്പത്തിക സേവനങ്ങൾ, സമുദ്ര സാങ്കേതിക വിദ്യ, സമുദ്ര ഭക്ഷ്യോല്പന്ന സംസ്കരണം, ടൂറിസം, മാനുഫാക്ചറിംഗ് എന്നിവയെയെല്ലാം ആകർഷിക്കാനാവും. സർവകലാശാലകൾക്ക് മാരിടൈം എൻജിനീയറിംഗ്, ലോജിസ്റ്റിക് സ് പ്രോഗ്രാമുകൾ എന്നിവ വികസിപ്പിക്കാൻ കഴിയും. സ്റ്റാർട്ടപ്പുകൾക്ക് ഷിപ്പിംഗ് ടെക്നോളജി, തുറമുഖ യന്ത്രവത്കരണം തുടങ്ങിയവ വികസിപ്പിക്കാനാവും. അതുകൊണ്ട് വിഴിഞ്ഞത്തെ ചുറ്റിപ്പറ്റി കേരളത്തിന് ഒരു മാരിടൈം സമ്പദ്ഘടന തന്നെ രൂപപ്പെടുത്താനാവും. കേരളത്തിന് 'സോഫ്റ്റ് പവറി'ന്റെ സവിശേഷതയുമുണ്ട്. ഗൾഫ്, ആഫ്രിക്ക, മാലിദ്വീപ്, ശ്രീലങ്ക എന്നീ രാജ്യങ്ങളുമായി കേരളത്തിന് കാലങ്ങളായി ആഴത്തിലുള്ള ബന്ധമുണ്ട്. ഇത് ഇന്ത്യയുടെ ദേശീയ നയതന്ത്രത്തിന് മുതൽക്കൂട്ടാകും. പ്രകൃതി ദുരന്തങ്ങളിലുള്ള പ്രതികരണമാണ് മറ്റൊന്ന്. ചുഴലിക്കാറ്റ്, സുനാമി, വെളളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് വിധേയമാണ് ഇന്ത്യൻ മഹാസമുദ്രം. ഈ മേഖലയിലെ ഇത്തരം ദുരന്തങ്ങളിൽ ആദ്യം പ്രതികരിക്കുന്നത് ഇന്ത്യയാണ്. പ്രകൃതി ദുരന്തങ്ങളിൽ കേരളം കാണിക്കുന്ന പ്രതികരണങ്ങളും സവിശേഷമാണ്. കാലാവസ്ഥാ വ്യതിയാനം ഇതിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നുണ്ട്. അതുകൊണ്ട് അവസരങ്ങളേറെയാണ്. ഇന്ത്യൻ മഹാസമുദ്രം കേന്ദ്രീകരിച്ചുള്ള സമ്പദ് ഘടനയ്ക്ക് പ്രസക്തി വർദ്ധിക്കുകയാണ്.
സാദ്ധ്യതകളുടെ വാതായനം
ഗൾഫുമായും ആഫ്രിക്കൻ തുറമുഖങ്ങളുമായും നേരിട്ട് ഷിപ്പിംഗ് നടത്താൻ കേരളത്തിന് അവസരമൊരുങ്ങിയിരിക്കുകയാണ്. ഒരു കാലത്ത് സാമ്പത്തിക ഭദ്രത തേടി വിദേശങ്ങളിലേക്ക് കൊണ്ടുപോയ മലയാളി തലമുറകളെ ഇന്ന് സാമ്പത്തിക ഭദ്രതയ്ക്ക് കേരളത്തിലേക്ക് ആകർഷിക്കുകയാണ്. ഇതാണ് ഈ ഘട്ടത്തിന്റെ പ്രസക്തി. ഇന്ത്യയുടെ നയതന്ത്രജ്ഞതയ്ക്ക് രണ്ടു മാനങ്ങളുണ്ടായിരുന്നു. ഒന്ന് ഭൂഖണ്ഡ പരമായും , മറ്റൊന്ന് സമുദ്ര കേന്ദ്രീകൃതമായും . ആധുനിക ചരിത്രത്തിൽ ഭൂഖണ്ഡപരമായ വെല്ലുവിളികൾക്കാണ് കൂടുതൽ ശ്രദ്ധ കൈവന്നത്. ഇന്ത്യ വ്യാപാര രംഗത്തും മാരിടൈം രംഗത്തും വലിയ സമ്പദ് ശക്തിയായി മാറുമ്പോൾ, ഈ മാരിടൈം മാനം കൂടുതൽ പ്രസക്തമാവുകയാണ്. ഈ മാറ്റത്തിൽ കേരളം കേവലം കാഴ്ചക്കാരല്ല. വിഴിഞ്ഞത്തിന്റെ നേട്ടം കേരളം കൊയ്യാൻ പോവുകയാണ്. അതുകൊണ്ട്, ഇന്ത്യയുടെ അടുത്ത നയതന്ത്ര അതിർത്തി ഇന്ത്യൻ മഹാസമുദ്രമാണ്. കേരളം അതിന്റെ കവാടമായി മാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |