
സംവിധായകനും തിരക്കഥാകൃത്തുമായ സിദ്ദിഖിന്റെ അകാല വേർപാട് ചലച്ചിത്രലോകത്തിനു സൃഷ്ടിച്ച നഷ്ടം പറഞ്ഞറിയിക്കാനാവുന്നതല്ല.ചലച്ചിത്ര പ്രവർത്തകർ മാത്രമല്ല ആ പ്രതിഭയുടെ കയ്യൊപ്പു പതിഞ്ഞ ചിത്രങ്ങൾകണ്ട് പൊട്ടിച്ചിരിച്ച പ്രേക്ഷക സമൂഹവും ഞെട്ടലോടെയാണ് വിയോഗവാർത്ത ശ്രവിച്ചത്. മലയാളസിനിമയിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് കൂട്ടുകെട്ടായ സിദ്ദിഖ്- ലാൽ ടീം ഒരുക്കിയ സിനിമകൾ ബോക്സ് ഓഫീസിൽ സൃഷ്ടിച്ച തരംഗം മറ്റാർക്കും ഭേദിക്കാനാവുന്നതായിരുന്നില്ല.സിനിമയെ വിനോദോപാധിയായിക്കണ്ട് തിയറ്ററുകളിലെത്തിയ പ്രേക്ഷകരെ ഇവർ ഒരിക്കലും നിരാശരാക്കിയില്ല.സൗഹൃദം നിലനിറുത്തി ആ സംവിധായക കൂട്ടുകെട്ട് പിരിഞ്ഞതിനു ശേഷവും മികച്ച സിനിമകളിലൂടെ സിദ്ദിഖ് തന്റെ മികവ് തെളിയിച്ചുകൊണ്ടിരുന്നു.മലയാളത്തിനു പുറമെ തമിഴകത്തും ബോളിവുഡിലും തെലുങ്കിലും മുദ്രപതിപ്പിക്കുക മാത്രമല്ല കളക്ഷൻ റെക്കാഡുകൾ തിരുത്തുകയും ചെയ്തു.
കൊച്ചിൻ കലാഭവനിലൂടെ മിമിക്രി അവതരിപ്പിച്ചാണ് സിദ്ദിഖിന്റെയും തുടക്കം. അവസരങ്ങൾക്കായി കാത്ത
ആ കാലത്തെ ജീവിതാനുഭവങ്ങളാണ് തന്നെ തിരക്കഥാകൃത്തും സംവിധായകനുമാക്കിയതെന്ന് സിദ്ദിഖ് പറഞ്ഞിട്ടുണ്ട്. പ്രശസ്ത സംവിധായകൻ ഫാസിലിന്റെ അസിസ്റ്റന്റായിട്ടായിരുന്നു സിനിമയിലെ രംഗപ്രവേശം.
നാടോടിക്കാറ്റിന്റെയും പപ്പൻ പ്രിയപ്പെട്ട പപ്പന്റെയും കഥയുമായാണ് സിദ്ദിഖും ലാലും ഫാസിലിന്റെ അടുത്തു ചെല്ലുന്നത്.എന്നാൽ അവ തന്റെ ശൈലിക്കിണങ്ങുന്നതല്ലെന്ന് ഫാസിൽ പറഞ്ഞതോടെ സത്യൻ അന്തിക്കാടിനെ സമീപിക്കുകയായിരുന്നു. രണ്ടും സത്യൻ സംവിധാനം ചെയ്തു. പപ്പൻ പ്രിയപ്പെട്ട പപ്പന് കഥയ്ക്കൊപ്പം തിരക്കഥയുമെഴുതി. സൂപ്പർ ഹിറ്റായ നാടോടിക്കാറ്റിന് നടൻ ശ്രീനിവാസനാണ് തിരക്കഥയെഴുതിയത്.
ഇപ്പോൾ കാണുമ്പോഴും ചിരിയടക്കാനാവാത്ത റാംജിറാവ് സ്പീക്കിംഗ് (1989) എന്ന സിനിമയാണ് സിദ്ദിഖ്-ലാൽ കൂട്ടുകെട്ട് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. മെഗാഹിറ്റായ ആ ചിത്രം മലയാളസിനിമയുടെ ചരിത്രത്തിലെ തന്നെ ട്രെൻഡ്സെറ്ററായി മാറി. കണ്ണുനീരിന്റെ നോവുകലർന്ന ജീവിതഗന്ധിയായ മുഹൂർത്തങ്ങളും ഓരോ ഓർമ്മയിലും ചിരിപ്പിക്കുന്ന രംഗങ്ങളുമായി റാംജിറാവ് കേരളം കീഴടക്കി. തരംതാണ തമാശയ്ക്കു പകരം ഹാസ്യത്തിനു പുതിയ ഭാവുകത്വം പകർന്ന ആ ചിത്രത്തോടെ ഇരുവർക്കും പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. തുടർന്നു വന്ന ഇൻ ഹരിഹർ നഗറും ഗോഡ് ഫാദറും തിയറ്ററുകളിൽ പ്രകമ്പനം സൃഷ്ടിച്ചു.നാടകാചാര്യനായ എൻ.എൻ.പിള്ളയെ ഗോഡ് ഫാദർ എന്ന ചിത്രത്തിൽ നായകനായി അവതരിപ്പിക്കാൻ കഴിഞ്ഞുവെന്നത് ഇരുവരുടെയും സംവിധാനപാടവത്തിന് ഉത്തമ ഉദാഹരണമാണ്.
വിയറ്റ്നാം കോളനി, കാബൂളിവാല എന്നീ ചിത്രങ്ങൾക്കുശേഷം ആ കൂട്ടുകെട്ട് പിരിഞ്ഞ് ലാൽ അഭിനയത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ഹിറ്റ്ലർ എന്ന ചിത്രം സംവിധാനം ചെയ്ത് സിദ്ദിഖ് വീണ്ടും രംഗത്തു വന്നു. ഫ്രണ്ട്സ്, ക്രോണിക് ബാച്ചിലർ, ബോഡിഗാർഡ്, ഭാസ്ക്കർ ദ റാസ്ക്കൽ എന്നിങ്ങനെ സിദ്ദിഖ് സംവിധാനം ചെയ്ത ചിത്രങ്ങളോരോന്നും വൻ വിജയമായി. ദിലീപിനെ നായകനാക്കി മലയാളത്തിലെടുത്ത ബോഡിഗാർഡ് വിജയിനെ നായകനാക്കി കാവലൻ എന്ന പേരിൽ തമിഴിലും സൽമാൻഖാനെ നായകനാക്കി ബോഡിഗാർഡ് എന്ന പേരിൽത്തന്നെ ഹിന്ദിയിലും റീമേക്ക് ചെയ്തതോടെ സിദ്ദിഖിന്റെ പ്രശസ്തി ഇന്ത്യയാകെ പരന്നു. ബോഡിഗാർഡ് ഹിന്ദിയിൽ സൂപ്പർഹിറ്റായിരുന്നു. പിൽക്കാലത്ത് ലാൽ സംവിധാനം ചെയ്ത കിംഗ് ലയറിന് സിദ്ദിഖ് കഥയും തിരക്കഥയുംസംഭാഷണവും രചിച്ചു. മലയാളത്തിലെടുത്ത ബിഗ് ബ്രദറായിരുന്നു സിദ്ദിഖ് സംവിധാനം ചെയ്ത അവസാന ചിത്രം.രണ്ടുചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തു.
സിനിമാരംഗത്തെ ജന്റിൽമാൻ എന്ന വിശേഷണം സിദ്ദിഖിന് നന്നായി ഇണങ്ങും. പെട്ടെന്ന് പിടികൂടിയ രോഗം ഇനിയുമെത്രയോ മികച്ച ചിത്രങ്ങൾ ഒരുക്കേണ്ട ഒരു പ്രതിഭയെയാണ് തട്ടിയെടുത്തത്.വിലമതിക്കാനാവാത്തതാണ് ഈ നഷ്ടം. ആദരാഞ്ജലികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |