SignIn
Kerala Kaumudi Online
Tuesday, 09 June 2026 1.53 AM IST

പാളിയ അളിയൻ ഗ്യാരന്റി,​ വിജയത്തിന് നന്ദിയും

aa

'തമ്പി അളിയാ,തമ്പി അളിയോ.. 'മണിച്ചിത്രത്താഴ് ' എന്ന സിനിമയിൽ ഭൂതപ്രേത പിശാചുക്കളുടെ ആവാസ കേന്ദ്രമെന്ന് കരുതുന്ന പഴയ ഒരു കൊട്ടാരക്കെട്ടിൽ അകപ്പെട്ടു പോകുന്ന ഇന്നസെന്റിന്റെ കഥാപാത്രം ഒപ്പമുണ്ടായിരുന്ന നെടുമുടി വേണുവിന്റെ കഥാപാത്രത്തെ കാണാതെ പരിഭ്രമിച്ച് വിളിക്കുന്നത് കാണികളിൽ ചിരി പടർത്തും. ജീവിതത്തിൽ പലർക്കും സ്വന്തം സഹോദരങ്ങളെക്കാൾ വിശ്വസ്തരും,ചതിക്കാത്ത ചന്തുമാരും സ്വന്തം അളിയന്മാരാണ്. പല മന്ത്രിമാരും,​ നേതാക്കളും ബിനാമി സ്വത്തുക്കൾ വാങ്ങിക്കൂട്ടുന്നതും സ്വന്തം അളിയന്മാരുടെ പേരിലാണെന്നതും, അതിൽ അപൂർവം ചില അളിയന്മാർ ആ സ്വത്ത് മുക്കുന്നതും ചരിത്രം.

രണ്ടാഴ്ചമുമ്പ് അധികാരമേറ്റ വി.ഡി.സതീശൻ സർക്കാർ ഇന്ദിരാ ഗ്യാരന്റിയിലെ സ്ത്രീ,​ വയോജന ക്ഷേമ കാര്യങ്ങൾക്കു പുറമെ, മഞ്ഞക്കുറ്റികൾ തെറിപ്പിക്കലും പ്രഖ്യാപിച്ച് കൈയടി നേടിയപ്പോൾ, കെ.പി.സി.സി പ്രസിഡന്റും, വൈദ്യുതി മന്ത്രിയുമായ സണ്ണി ജോസഫും സ്വന്തം നിലയിൽ ഒരു ഗ്യാരന്റി കൂടി നടപ്പിലാക്കി പുതിയ സർക്കാരിന്റെ 'അന്തസ്' ഉയർത്താൻ നോക്കി- അളിയൻ ഗ്യാരന്റി.

തന്റെ പേഴ്സണൽ സ്റ്റാഫിൽ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭർത്താവ് ബെന്നി തോമസിനെ നിയമിച്ചു. മന്ത്രിയുടെ ഓഫീസിലെ രഹസ്യ ഫയലുകളും മന്ത്രിയുടെ മന:സാക്ഷിയും സൂക്ഷിക്കാൻ ഇത്രയും വിശ്വസ്തൻ മറ്റാരുണ്ട് ? കുറഞ്ഞത് 25പേർ വരുന്ന പേഴ്സണൽ സ്റ്റാഫിൽ സ്വന്തം പാർട്ടിക്കാരുമുണ്ടെങ്കിലും എങ്ങനെ കണ്ണടച്ച് അവരെ നമ്പും?

നിയമിക്കപ്പെട്ടത് വെറും ആപ്പ ഊപ്പ അളിയനുമല്ല.കണ്ണൂർ ഡി.സി.സി സെക്രട്ടറിയും മുൻ പഞ്ചായത്ത് പ്രസിഡന്റുമാണ്. മാതൃകാ പൊതുപ്രവർത്തകനെന്ന സർട്ടിഫിക്കറ്റ് നൽകിയതും അളിയൻ മന്ത്രി. സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറിയുടെ റാങ്കിലാണ് നിയമനമെന്നും, പ്രതിമാസം ഒന്നരലക്ഷം രൂപയിലേറെ ശമ്പളം കിട്ടുമെന്നുമൊക്കയായിരുന്നു അസൂയക്കാരുടെ പറച്ചിൽ.അവർ അതിനപ്പുറവും പറയും. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ ബന്ധുക്കളെ നിയമിച്ചു കൂടെന്ന് നിയമമൊന്നുമില്ല. ആദ്യമൊക്കെ അദ്ദേഹം ഉറച്ചു നിന്നു.

'നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ' എന്നായിരുന്നു ബന്ധുനിയമനത്തെ എതിർത്ത സി.പി.എം നേതാക്കൾക്ക് ചില കോൺഗ്രസ് നേതാക്കളുടെ മറുപടി.മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ മകളുടെ ഭർത്താവിനെയും, പി.ബി അംഗം എ.വിജയരാഘവന്റെ ഭാര്യ ആർ.ബിന്ദുവിനെയും മന്ത്രിമാരാക്കിയില്ലേ.

ബന്ധുനിയമനത്തിന്റെ പേരിൽ ഇ.പി.ജയരാജനും,കെ.ടി.ജലീലിനും മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നില്ലേ.സർവകലാശാലകളിലും കോർപ്പറേഷനുകളിലും ബോർഡുകളിലും,സർക്കാർ വകുപ്പുകളിലും പിൻവാതിലും മുൻവാതിലും വഴി നിയമിക്കപ്പെട്ടവരിൽ ഏറെയും നേതാക്കളുടെ ബന്ധുക്കളല്ലേ.‌‌ പക്ഷേ, 'ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യന്. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തിരുന്ന് സണ്ണി ജോസഫ് നടത്തിയ അളിയൻ നിയമനം യു.ഡി.എഫിലെ മറ്റ് മന്ത്രിമാർക്കും നേതാക്കൾക്കും പ്രചോദനമാവില്ലേ?

പ്രതിപക്ഷത്തിരുന്ന് പറഞ്ഞതൊക്കെ വിഴുങ്ങേണ്ടി വരില്ലേ? സംഗതി പുലിവാലായി. കെ.പി.സി.സി നേതൃയോഗത്തിലും വിമർശനമുയർന്നു. കഴിഞ്ഞ ഇടതുസർക്കാരിലെ ബന്ധു നിയമനങ്ങളെ എതിർത്തിരുന്ന വി.ഡി.സതീശനും,​ രമേശ് ചെന്നിത്തലയും തുണച്ചതുമില്ല. ഗത്യന്തരമില്ലാതെ ബെന്നി തോമസ് രാജിവച്ച് അളിയന്റെയും സർക്കാരിന്റെയും 'മാനം കാത്തു'.



സി.പി.എം പ്രവ‌ർത്തന ശൈലി തിരുത്താതിരുന്നാൽ, ബംഗാളിലെപ്പോലെ കേരളത്തിലും താമസിയാതെ ബി.ജെ.പി ഭരണം പിടിക്കാനുള്ള സാദ്ധ്യത തള്ളാനാവില്ലെന്ന് തുറന്ന് പറഞ്ഞത് മറ്റാരുമല്ല. തലമുതിർന്ന സി.പി.എം നേതാവും മുൻമന്ത്രിയുമായ പാലൊളി മുഹമ്മദ് കുട്ടി. സി.പി.എം ലോക്കൽ,ബ്രാഞ്ച് കമ്മിറ്റി യോഗങ്ങളിലും ഭരണത്തിനും,പാർട്ടിക്കും നേത‌ൃത്വം നൽകിയവർക്കെതിരെ കുറ്റവിചാരണ തുടരുന്നതായാണ് കേൾവി. ഒന്നും പുറത്ത് വരാതിരിക്കാൻ നേതൃത്വം ശ്രമിക്കുന്നു.പുറത്തുവന്നത് തന്നെ ധാരാളം.

സി.പി.എമ്മിന് ഇപ്പോൾ ശനിദശയാണത്രെ.എല്ലാ മാരണങ്ങളും കൂട്ടത്തോടെ.

മൂന്നാം തുടർഭരണം സ്വപ്നം കണ്ടവർ തോറ്റു തുന്നം പാടി. സി.എം.ആർ.എൽ കേസിൽ പിണറായിയുടെ വീട്ടിലെത്തി മകൾ വീണയെ എട്ടര മണിക്കൂർ ചോദ്യം ചെയ്ത് ഇ.ഡി സംഘം. അവർ പുറത്തിറങ്ങിയപ്പോൾ 'രക്ഷാപ്രവർത്തനം' നടത്തിയ അണികൾ ഇനി എത്രനാൾ കൂടി ജയിലഴികൾ എണ്ണേണ്ടി വരുമെന്നറിയില്ല.വീണയെ ഇ.ഡി സമൻസയച്ച് വിളിച്ചു വരുത്തുമെന്നും കേൾക്കുന്നു.

ഏറ്റവുമൊടുവിൽ, കരുവന്നൂർ സഹകരണ ബാങ്കിലെ 300 കോടിയിൽപ്പരം രൂപയുടെ വായ്പാതട്ടിപ്പിൽ പാർട്ടി തൃശൂർ മുൻ ജില്ലാ സെക്രട്ടറിമാരായ എം.പിക്കും എം.എൽ.എയ്ക്കും ഉൾപ്പെടെ കോടതിയുടെ സമൻസ്. ഈ 'ദുരന്തങ്ങൾ'ക്കിടയിലും വല്യേട്ടന്റെ മസിൽപിടിത്തത്തിന് അയവില്ലെന്നാണ് സി.പി.ഐക്കാരുടെ പരാതി. ചോദിച്ചത് ആർക്കും പ്രത്യേകിച്ച് പ്രയോജനമില്ലാത്ത പ്രതിപക്ഷ ഉപനേതാവ് പദവി.പ്രതിപക്ഷ നേതാവിനെപ്പോലെ ക്യാബിനറ്റ് റാങ്കോ, വീടോ,കാറോ,സ്റ്റാഫോ,മറ്റ് പത്രാസുകളോ ഇല്ല.

നിയമസഭയിൽ പ്രതിപക്ഷ നേതാവിന്റെ തൊട്ടടുത്ത കസേരയിൽ രണ്ടാമനായി ഇരിക്കാമെന്നു മാത്രം.അതുപോലും തരില്ലെന്ന് വച്ചാൽ. കിട്ടാതെ പിന്മാറില്ലെന്ന വാശിയിൽ

ബിനോയ് വിശ്വം. ഇവിടെയും ഒടുവിൽ തങ്ങളുടെ മാനം കപ്പൽ കയറുമോ എന്നാണ് സി.പി.ഐക്കാരുടെ സങ്കടം.



'നന്ദി ആരോട് ഞാൻ ചൊല്ലേണ്ടു'?. 102 സീറ്റിന്റെ മിന്നുന്ന വിജയവുമായി നിയമസഭയിലെത്തിയ യു.ഡി.എഫ് എം.എൽ.എമാരിൽ പലർക്കും,തങ്ങൾ ഇത്രയും വലിയ ഭൂരിപക്ഷത്തിൽ ജയിച്ചതായി ഇനിയും വിശ്വസിക്കാനാവുന്നില്ല. എൽ.ഡി.എഫിന്റെ കുത്തക മണ്ഡലങ്ങളിൽ ജയിക്കുമെന്ന് പോലും കരുതാതിരുന്നവരുമുണ്ട്. ഏറെ സ്വപ്നം കണ്ടിരുന്ന

നിയമസഭയിൽ തന്നെയാണോ ഇരിക്കുന്നതെന്ന് ഉറപ്പുവരുത്താൻ ചിലർ സ്വയം നുള്ളി നോക്കുന്നു.

മത്സരിക്കാൻ ടിക്കറ്റ് നൽകിയ സ്വന്തം പാർട്ടിയെക്കാൾ അവർക്ക് കൂടുതൽ നന്ദിയും കടപ്പാടും തങ്ങൾക്ക് ജയിച്ചു വരാനുള്ള സാഹചര്യമൊരുക്കിയ കഴിഞ്ഞ ഇടതു സർക്കാരിനോടും അതിന്റെ ക്യാപ്ടനായിരുന്ന പിണറായി വിജയനോടുമാണ്. നിയമസഭയിലെ കന്നി പ്രസംഗം അവരിൽ പലരും തുടങ്ങിയത് തന്നെ ആ നന്ദി പ്രകടിപ്പിച്ചു കൊണ്ടായിരുന്നു.കഴിഞ്ഞ

സർക്കാരിലെ ചില മന്ത്രിമാരുൾപ്പെടെ ഭരണപക്ഷത്തിരുന്ന പല കിടിലങ്ങളെയും അവിടെ ഇപ്പോൾ കാണാത്തതിലാണ് അവരുടെ സങ്കടം.

അവരുടെ പരിഹാസം സഹിക്കാം.പക്ഷേ,പാർട്ടി നടപടികളെ വെല്ലുവിളിച്ച് പുറത്തു പോയി യു.ഡി.എഫ് പിന്തുണയോടെ അമ്പലപ്പുഴയിലും,പയ്യന്നൂരിലും,തളിപ്പറമ്പിലും ജയിച്ച് സഭയിലെത്തിയ മുൻ സഖാക്കളുടെ കുത്തുവാക്കുകളാണ് തൊലിയുരിക്കുന്നത്.പാർട്ടി മാറിയെങ്കിലും തങ്ങൾ ഇപ്പോഴും കമ്മ്യൂണിസ്റ്റുകാരാണെന്നാണ് അവരുടെ പറച്ചിലും ഭാവവും.

സി.പി.എം നേരിട്ട ദയനീയ തോൽവിക്ക് അതിന്റെ നേതാക്കളാണ് ഉത്തരവാദികളെന്ന് ജി.സുധാകരൻ. പാർട്ടി കോട്ടകളിൽ സി.പി.എം തോറ്റതിന്റെ കാരണങ്ങൾ നിരത്തിയ ടി.കെ.ഗോവിന്ദന്റെ ഉപദേശം സഖാക്കൾ ഇനിയെങ്കിലും അസഹിഷ്ണുത വെടിയണമെന്നാണ്. അധികാരത്തിന്റെ അന്ധത ബാധിച്ച പാർട്ടി നേതൃത്വം പാർട്ടിക്ക് വോട്ട് ചെയ്തിരുന്ന അടിസ്ഥാന വർ‌ഗത്തെ മറന്നുവെന്നാണ് അദ്ദേഹം ആരോപിച്ചത്.കണ്ണൂരിലെ പാർട്ടി ശക്തി കേന്ദ്രങ്ങളിൽ ഉൾപ്പെടെ കമ്മ്യൂണിസ്റ്റുകാരാണ് പാർട്ടിക്കെതിരെ വോട്ട് ചെയ്തതെന്ന ഗോവിന്ദന്റെ വാദം തല കുനിച്ച് കേട്ടിരിക്കുകയേ തരമുള്ളൂ.

നുറുങ്ങ്

മുഖ്യമന്ത്രി വി.ഡി.സതീശനെതിരായ അശ്ലീല ആംഗ്യമുള്ള പോസ്റ്റ് വിവാദമായതോടെ, മുൻ മന്ത്രി ആർ.ബിന്ദു അത് പിൻവലിച്ചു.

►'സുഖമൊരു ബിന്ദു.ദു:ഖമൊരു ബിന്ദു.ബിന്ദുവിൽ നിന്നും ബിന്ദുവിലേയ്ക്കൊരു പെൻഡുലമാടുന്നു.' അതാണ് സംഭവിച്ചത്.

(വിദുരരുടെ ഫോൺ: 9946108221)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY