SignIn
Kerala Kaumudi Online
Saturday, 13 June 2026 3.13 AM IST

മുഖ്യമന്ത്രിയുടെ ഇടപെടലിൽ തളിർക്കുന്ന പ്രതീക്ഷകൾ

1

സർക്കാർ നടപടിക്രമങ്ങളിലെ കാലതാമസം സൂചിപ്പിക്കാൻ പ്രചാരത്തിലുള്ള 'ചുവപ്പുനാട' എന്ന പ്രയോഗം വെറുമൊരു പ്രയോഗമല്ല,​ അനുഭവ യാഥാർത്ഥ്യമാണെന്ന് എന്തെങ്കിലും കാര്യത്തിന് ഒരിക്കലെങ്കിലും സർക്കാർ ഓഫീസുകളിൽ കയറേണ്ടിവന്നിട്ടുള്ള ഓരോരുത്തരും പറയും. നാട്ടിൽ എന്തെങ്കിലും സംരംഭം തുടങ്ങാമെന്നു കരുതി പണം മുടക്കി,​ അനുമതിക്ക് അപേക്ഷിക്കുന്ന പ്രവാസി സംരംഭകർ കുടിക്കേണ്ടിവന്ന കണ്ണീരിന്റെ കഥ എത്രയെങ്കിലുമുണ്ട്. അക്കൂട്ടത്തിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കിയതാണ് 2019-ൽ കണ്ണൂർ ജില്ലയിലെ ആന്തൂർ നഗരസഭാ പരിധിയിൽ 15 കോടി രൂപ മുടക്കി കൺവെൻഷൻ സെന്റർ പണിത സാജൻ പാറയിൽ എന്ന സംരംഭകന് നേരിടേണ്ടിവന്ന ദുര്യോഗത്തിന്റെ കഥ. നഗരസഭാ അധികൃതർ സംരംഭത്തിന് പ്രവർത്തനാനുമതി നിഷേധിച്ചതോടെ സാജന് ആത്മഹത്യ ചെയ്യേണ്ടിവന്ന സംഭവം രാഷ്ട്രീയ കേരളത്തിന്റെ മനസിൽ ഇപ്പോഴുമുണ്ട്.

ഇത്തരം ദുര്യോഗങ്ങളുടെ തുടർക്കഥയുടെ ഒടുവിൽ,​ ഇരുട്ടിലെ തിരിനാളം പോലെ സംഭവിച്ച ഒരു ശുഭവാർത്ത,​ 'മുഖ്യമന്ത്രിയെ അറിയിച്ചു,​ വ്യവസായഭൂമി ഉടൻ റെഡി' എന്ന തലക്കെട്ടിൽ ഞങ്ങൾ കഴിഞ്ഞ വ്യാഴാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. അതിന് വഴിയൊരുക്കിയത് കേരളകൗമുദിയാണെന്ന വിവരം കൂടി പങ്കുവച്ച്,​ ജോഷി തോമസ് എന്ന ആ സംരംഭകന്റെ വിജയകഥ ഞങ്ങൾ ഇന്നലെ നല്കി. പാലക്കാട് കഞ്ചിക്കോട്ട് ജില്ലാ വ്യവസായ കേന്ദ്രത്തിനു കീഴിലുള്ള ഇൻഡസ്ട്രിയൽ പാർക്കിൽ പെയിന്റ് നിർമ്മാണ യൂണിറ്ര് തുടങ്ങാനുള്ള പ്രാഥമികാനുമതിക്കായി ഒരുവർഷമായി വ്യവസായ കേന്ദ്രത്തിലും താലൂക്ക് ഓഫീസിലും കയറിയിറങ്ങുകയായിരുന്ന ജോഷിക്ക്,​ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇടപെട്ടതിനെ തുടർന്ന് ഒറ്റദിവസംകൊണ്ടാണ് സ്ഥലത്തിന്റെ സ്കെച്ച് ഒപ്പിട്ടു കിട്ടിയത്!

കേരളകൗമുദിയുടെ 115-ാം വാ‍ർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി,​ വ്യവസായ പ്രമുഖർക്ക് മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാനും അവസരമൊരുക്കിയിരുന്നു. അതിൽ നിംസ് മെഡിസിറ്റി എം.ഡിയായ എം.എസ്. ഫൈസൽഖാന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നല്കിയ മറുപടിയിൽ,​ 'ഒരു സംരംഭകനെയും ശത്രുവായി കാണില്ല' എന്ന് അദ്ദേഹം പറഞ്ഞത് ഉൾപ്പെടെയുള്ള കാര്യങ്ങൾ കേരളകൗമുദി ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതു കണ്ടാണ് ജോഷി തോമസ് എന്ന സംരംഭകൻ അതിനു താഴെ സ്വന്തം അനുഭവം വിവരിച്ച് തന്റെ മൊബൈൽ നമ്പർ സഹിതം കമന്റിട്ടിത്. അരമണിക്കൂറിനകം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നു വിളിച്ച് വിവരങ്ങൾ ശേഖരിക്കുകയായിരുന്നു. ആ ഇടപെടലിനെ തുടർന്നാണ് ഒരുവ‍ർഷമായി ഉദ്യോഗസ്ഥർ ഉടക്കിട്ട് വച്ചിരുന്ന സ്കെച്ച് ഒറ്റദിവസംകൊണ്ട് ജോഷിക്ക് കൈയിൽ കിട്ടിയത്.

ജന്മനാട്ടിൽ വ്യവസായ സംരംഭം തുടങ്ങാൻ ആഗ്രഹമുണ്ടെങ്കിലും,​ അതുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ കിട്ടേണ്ട അനുമതികൾക്കു വേണ്ടുന്ന കാലതാമസവും,​ സംരംഭം തുടങ്ങിയാലും നേരിട്ടേക്കാവുന്ന രാഷ്ട്രീയ ഇടപെടലുകളും ഓർത്ത് മനസു മടിച്ചു നിൽക്കുന്ന ഓരോരുത്തർക്കും പ്രതീക്ഷയും ആഹ്ളാദവും പകരുന്ന ഇടപെടലാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട് ജോഷിയുമായി ഞങ്ങൾ ഫോണിൽ സംസാരിച്ചപ്പോൾ അദ്ദേഹം പറ‌ഞ്ഞ പ്രധാന കാര്യം,​ വ്യവസായ സംരംഭങ്ങൾക്ക് കാലതാമസമില്ലാതെ അനുമതി കിട്ടണമെങ്കിൽ വിവിധ സർക്കാർ വകുപ്പുകൾ തമ്മിൽ നല്ല ഏകോപനമുണ്ടാകണമെന്നാണ്. അത്തരമൊരു ഏകോപനം ഇനിയെങ്കിലും ഉറപ്പാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കുകയാണ് വേണ്ടത്. അതു മാത്രം പോരാ,​ അനുമതികൾക്കായി ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെടുന്നില്ലെന്നും,​ സംരംഭകരോട് പ്രതികാര മനോഭാവത്തോടെ പെരുമാറുന്നില്ലെന്നും ഉറപ്പാക്കുകയും വേണം. അപ്പോഴേ വ്യവസായ കേരളത്തിലേക്കുള്ള യഥാർത്ഥ വാതിൽ തുറന്നുകിട്ടൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY