
രാഷ്ട്രീയം, തൊഴിൽ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ സ്‌ത്രീകൾ മുൻനിരയിൽ തിളങ്ങുന്ന ഒരു കാലഘട്ടമാണിത്. വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെട്ട് നൂറ്റാണ്ടുകളായി വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ തളച്ചിടപ്പെട്ട നാരീശക്തി രാഷ്ട്രനിർമ്മാണത്തിൽ പുരുഷനൊപ്പം തുല്യപങ്ക് വഹിക്കേണ്ടതാണെന്ന നിലയിലേക്ക് ഉയർന്നത് വർഷങ്ങൾ നീണ്ട സഹനത്തിന്റെ പോരാട്ടത്തിലൂടെയാണ്. ഒരു മേഖലയിലും ഇന്നവരെ രണ്ടാം സ്ഥാനത്തേക്ക് മാറ്റിനിറുത്താൻ പറ്റില്ലെന്ന സ്ഥിതി സംജാതമായതിന്റെ പ്രധാന കാരണം വിദ്യാഭ്യാസത്തിലൂടെ അവർ നേടിയ പുരോഗതി തന്നെയാണ്. കുട്ടികളെയും പരിപാലിച്ച് വീട്ടിൽ കഴിയേണ്ടവളാണ് സ്ത്രീ എന്ന യാഥാസ്ഥിതിക മനോഭാവം പാടെ തകർന്നിരിക്കുന്നു. പുരുഷ മേധാവിത്വത്തിന്റെ ആധിപത്യത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള പല വനിതാ പ്രസ്ഥാനങ്ങളും വിദേശ രാജ്യങ്ങളിലാണ് ഉടലെടുത്തതെങ്കിലും ഇന്ത്യയിൽ അത്തരം വലിയ പ്രസ്ഥാനങ്ങളുടെയൊന്നും പിൻബലമില്ലാതെതന്നെ സ്‌ത്രീകൾ മുൻനിരയിലേക്ക് ഉയർന്നു വന്നിരിക്കുന്നു.
സ്‌ത്രീകളുടെ ശാക്‌തീകരണത്തിലും എണ്ണത്തിലും ഇന്ത്യയിൽ വലിയ വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരം ഇന്ത്യയിൽ പുരുഷന്മാരേക്കാൾ സ്‌ത്രീകളുടെ എണ്ണം വർദ്ധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 1000 പുരുഷന്മാർക്ക് 1020 സ്‌ത്രീകൾ എന്ന നിലയിലാണത്. പുരുഷന്റെ പങ്കാളി എന്ന നിലയിൽനിന്ന് മാറി ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ നട്ടെല്ലായി നാരീശക്തി പരിണമിച്ചുകൊണ്ടിരിക്കുകയാണ്. ഗ്രാമീണ സംരംഭകർ മുതൽ കോർപ്പറേറ്റ് നേതാക്കൾവരെ ആയിക്കൊണ്ട് സ്‌ത്രീകൾ ഇന്ത്യയുടെ വികസന മുന്നേറ്റത്തിന് നേതൃത്വം നൽകുന്ന ഇക്കാലത്ത് അവർക്ക് അനുകൂലമായും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായും നിയമങ്ങളും സ്‌ത്രീകൾക്ക് പൊതുഗതാഗത മേഖലയിൽ സൗജന്യ യാത്ര തുടങ്ങിയ മറ്റ് പരിരക്ഷകളും ഉണ്ടായി വരുന്നതിൽ അതിശയിക്കേണ്ടതില്ല. വൈകിയെങ്കിലും അർഹതപ്പെട്ടത് അവർ നേടിയെടുക്കുന്നു എന്ന നിലയിലേ അതിനെ വീക്ഷിക്കാനാവൂ. നൂറ്റാണ്ടുകളുടെ അവഗണനയ്ക്കുള്ള പ്രായശ്ചിത്തം കൂടിയാണത്.
ഇതൊക്കെയാണെങ്കിലും വീട്ടമ്മയുടെ സേവനം വരുമാനം അർഹിക്കാത്ത സൗജന്യമായാണ് സമൂഹം കണക്കാക്കിയിരുന്നത്. ഇതാദ്യമായി സുപ്രീംകോടതിയുടെ ഒരു നിർണായക വിധി ആ കാഴ്ചപ്പാടിൽ മാറ്റം സൃഷ്ടിക്കാൻ നിമിത്തമായിരിക്കുന്നു. വാഹനാപകടത്തിൽ കുടുംബനാഥയുടെ ജീവൻ നഷ്ടപ്പെട്ടാൽ നഷ്ടപരിഹാരം നിർണയിക്കുമ്പോൾ 'കുടുംബത്തിന്റെ പരിപാലന നഷ്ടം' എന്ന ഇനത്തിൽ പ്രതിമാസം കുറഞ്ഞത് 30,000 രൂപ കണക്കാക്കണമെന്ന് സുപ്രീംകോടതി വിധിച്ചിരിക്കുകയാണ്. തുക മൂന്ന് വർഷത്തിലൊരിക്കൽ പത്തു ശതമാനം വർദ്ധിപ്പിക്കണമെന്നും ജഡ്‌ജിമാരായ സഞ്ജയ് കരോൾ, എൻ.കെ. സിംഗ് എന്നിവരുടെ ബെഞ്ച് നിർദ്ദേശിച്ചിട്ടുണ്ട്. വീടിന്റെ പരിപാലനം, രാഷ്ട്ര പരിപാലനമാണ്. കുടുംബനാഥ എന്ന നിലയിൽ അവർ നിർവഹിക്കുന്ന സേവനത്തിലൂടെ രാഷ്ട്രനിർമ്മാണത്തിലാണ് അവർ പങ്കാളികളാകുന്നതെന്നും കോടതി നിരീക്ഷിച്ചു.
വീട്ടുകാര്യങ്ങൾ നിർവഹിക്കുന്ന വിവാഹിതയെ ഇപ്പോൾ 'ഹൗസ് മേക്കർ' എന്നാണ് വിളിക്കുന്നത്. അല്ലാതെ ഹൗസ് വൈഫ് എന്നല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 2001ൽ വാഹനാപകടത്തിൽ മരിച്ച മുപ്പത്തിയഞ്ചുകാരിയുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം 8.43 ലക്ഷം രൂപയിൽ നിന്ന് 62.77 ലക്ഷമാക്കി സുപ്രീംകോടതി ഉയർത്തുകയും ചെയ്തു. വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണൽ 2.42 ലക്ഷം രൂപയാണ് നഷ്ടപരിഹാരം നിശ്ചയിച്ചത്. അപ്പീലിൽ ഹൈക്കോടതി ഇത് 8.43 ലക്ഷമാക്കി ഉയർത്തി. ഇതിനെതിരെ ഭർത്താവ് നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ ചരിത്രപരമായ ഈ വിധി. സമൂഹത്തിൽ സ്‌ത്രീകളുടെ മൂല്യവും വീട്ടമ്മ എന്ന നിലയിലുള്ള അവരുടെ സേവനവും പണത്തിന്റെ കണക്കിൽ അളക്കാൻ പറ്റുന്നതിന്റെ അപ്പുറമാണെങ്കിലും നിയമപരമായ ഇത്തരം ഉത്തരവുകൾ ഉണ്ടാകാതെ സ്ഥാപനവത്‌കരിക്കപ്പെട്ട നമ്മുടെ സമൂഹം അത് അംഗീകരിക്കുമായിരുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |