
പൊതുജനങ്ങളുടെ അഭിപ്രായങ്ങളെ മൊത്തത്തിൽ സ്വാധീനിക്കാനുള്ള ശക്തി ഏറ്റവും കൂടുതലുള്ളത് മാദ്ധ്യമങ്ങൾക്കാണ്. പ്രത്യേകിച്ചും ഇന്നത്തെക്കാലത്ത് സോഷ്യൽ മീഡിയയുടെ അക്കാര്യത്തിലുള്ള സ്വാധീനം വളരെ പ്രകടമാണ്. ജൂലിയസ് സീസറെ കൊല്ലണമെന്ന് ആക്രോശിച്ച അതേ ജനക്കൂട്ടം തന്നെ മാർക്ക് ആന്റണി പ്രസംഗിച്ചു കഴിഞ്ഞപ്പോൾ ജൂലിയസ് സീസറിന് ജയ് വിളിച്ചു. ജനങ്ങൾ ധരിച്ചുവച്ചിരിക്കുന്ന ചിന്താഗതി തെറ്റാണെന്ന് അവരെ കാര്യകാരണ സഹിതം ബോദ്ധ്യപ്പെടുത്താനാവുമെങ്കിൽ അവർ ഒന്നടങ്കം ആ പക്ഷത്തേക്ക് മാറും. അങ്ങനെ നോക്കുമ്പോൾ ഒരു വ്യക്തിയെ മാറ്റിയെടുക്കുന്നതിനേക്കാൾ എളുപ്പമാണ് ഒരു ആൾക്കൂട്ടത്തിന്റെ മനോഭാവം മാറ്റിയെടുക്കാൻ. തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കാൻ സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് ഒരു വലിയ പരിധിവരെ കഴിയുമെന്നുള്ളത് ഇന്ന് ഏതാണ്ട് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്.
ജനങ്ങളെ ശരിയായ കാര്യങ്ങൾ ശരിയായ രീതിയിൽ ധരിപ്പിക്കാനും വ്യാജമായ കണക്കുകളും ദൃശ്യങ്ങളും സംഭാഷണങ്ങളും മറ്റും കാട്ടി അവരെ തെറ്റിദ്ധരിപ്പിക്കാനും എ.ഐ ടെക്‌നിക്കുകളും മറ്റും ആവിർഭവിച്ചിട്ടുള്ള ഇക്കാലത്ത് വളരെ എളുപ്പമാണ്. ഒരു രാജ്യത്ത് അരക്ഷിതാവസ്ഥ ഉണ്ടാക്കാനും ഇത്തരം കാര്യങ്ങളിലൂടെ വളരെ വേഗം കഴിയുന്നതാണ്. പുറമെ ഒറ്റനോട്ടത്തിൽ നിരുപദ്രവമെന്ന് തോന്നുമെങ്കിലും ഇതിന് പിന്നിൽ രാജ്യത്തെ ഉപദ്രവിക്കണമെന്ന് വ്രതമെടുത്തിരിക്കുന്ന ചില അദൃശ്യ കരങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്നത് വിവേചനബുദ്ധി ഉപയോഗിച്ച് വിവേകിയായ ഓരോ മനുഷ്യനും തിരിച്ചറിയേണ്ട സാഹചര്യമാണ് ഇന്ന് നിലനിൽക്കുന്നത്. എന്തിന്റെ പേരിലായാലും ജനങ്ങളെ വഴിതെറ്റിച്ച് രാഷ്ട്രനിർമ്മാണത്തെ തകിടം മറിക്കാൻ ഒരു ശക്തിയെയും അനുവദിക്കാൻ പാടില്ല.
ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി ആ രാജ്യത്തിന്റെ പൊതുനന്മയ്ക്കായി ജനങ്ങളോട് സംവദിക്കുന്ന വീഡിയോ പ്ളാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്‌തത് സോഫ്ട്‌വെയറിന് പറ്റിയ ഒരു പിശകെന്ന നിലയിൽ ചെറുതാക്കി കാണാൻ കഴിയില്ല. കാരണം രാജ്യത്തെയും പ്രധാനമന്ത്രിയെയും മറ്റും ഏറ്റവും മോശമായി അധിക്ഷേപിക്കുന്ന വീഡിയോകളും മറ്റും അതേ പ്ളാറ്റ്‌ഫോമിൽ നിർബാധം തുടരുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. ഈ പശ്ചാത്തലത്തിൽ വേണം മെറ്റയുടെ മാപ്പിനെ വിലയിരുത്തേണ്ടത്. വ്യാജ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കാൻ വൻതോതിൽ പണം കൈപ്പറ്റിയെന്നും കുട്ടികളെ ദുരുപയോഗം ചെയ്യുന്ന മോശപ്പെട്ട വീഡിയോകളും ഡീപ് ഫെയ്‌ക്കുകളും നിയന്ത്രിക്കുന്നതിൽ ഗുരുതര വീഴ്‌ച സംഭവിച്ചതായും സമ്മതിച്ച് മെറ്റ മേധാവി മാപ്പ് പറഞ്ഞിരിക്കുന്നു. നമ്മുടെ നാട്ടിൽ പ്രവർത്തിച്ചുകൊണ്ട് നമ്മുടെ സമാധാനാന്തരീക്ഷം തകർത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതും നമ്മുടെ ശത്രുക്കളിൽനിന്ന് പണം വാങ്ങുകയും ചെയ്യുന്നത് ഒരു കാരണവശാലും അനുവദിക്കപ്പെടാൻ പാടില്ല. ഒരു മാപ്പ് പറച്ചിലിൽ തീരേണ്ടതുമല്ലിത്.
ഭീമമായ തുക പിഴയായി അടയ്ക്കാൻ അവർ ബാദ്ധ്യസ്ഥരാണ്. പണത്തിന് വേണ്ടിയാണല്ലോ ഇതെല്ലാം ചെയ്യുന്നത്. പണം നഷ്ടപ്പെട്ടാലേ ഭാവിയിൽ അത് ആവർത്തിക്കാതിരിക്കൂ. ഒരു വ്യാജ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടാൽ അത് കാട്ടുതീ പോലെ അണയ്ക്കാൻ പറ്റാത്ത രീതിയിൽ വേഗം പടരുമെന്നതാണ് ഏറ്റവും വലിയ അപകടം. സമൂഹത്തെ വിഭജിക്കാൻ ഇതൊരു ആയുധമാക്കി മാറ്റാൻ ആര് ശ്രമിച്ചാലും അതു തടയപ്പെടേണ്ടതാണ്.
രാഷ്ട്രീയ നേതാക്കളെയും പൊതുപ്രവർത്തകരെയും മറ്റും അപകീർത്തിപ്പെടുത്താൻ നിർമ്മിക്കുന്ന ഡീപ് ഫെയ്‌ക്ക് വീഡിയോകളുടെ യഥാർത്ഥ ലക്ഷ്യം പൊതുജനങ്ങളുടെ ബോധത്തിൽ രോഗവാഹിനികളായ വൈറസുകളെ കടത്തിവിടുക എന്നതാണ്. വിനാശകരവും നിയമവിരുദ്ധവുമായ ഉള്ളടക്കങ്ങൾ ഇത്തരം പ്ളാറ്റ്‌ഫോമുകൾ സ്വയം തടഞ്ഞില്ലെങ്കിൽ വലിയ വില നൽകേണ്ടിവരുമെന്ന് അവരെ ബോദ്ധ്യപ്പെടുത്തുന്ന അതികർശനമായ നടപടികളാണ് ഭരണാധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |