SignIn
Kerala Kaumudi Online
Sunday, 12 July 2026 6.20 PM IST

ഭീകരതയ്ക്കെതിരെ പുതിയ നയം

READ ENGLISH VERSION
a

ഭീകരതയ്ക്കെതിരെ വിട്ടുവീഴ്ച‌യില്ലാത്ത നിലപാട് സ്വീകരിക്കുന്ന ലോക രാജ്യങ്ങളിൽ മുൻപന്തിയിലാണ് ഇന്ത്യയുടെ സ്ഥാനം. വിദേശ രാജ്യങ്ങളുടെ സന്ദർശന വേളകളിലെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ച് നൽകുന്നതും ഭീകരതയ്ക്കെതിരെ ഒന്നിച്ചുനിൽക്കണമെന്ന സന്ദേശമാണ്. പാകിസ്ഥാനിലിരുന്ന് ചരടുവലിക്കുന്ന ഭീകരസംഘങ്ങളുടെ ദുഷ്‌ചെയ്‌തികളുടെ തിക്‌താനുഭവങ്ങൾ പലകുറി അനുഭവിച്ചിട്ടുള്ള രാജ്യം കൂടിയാണ് നമ്മുടേത്. ഭീകരാക്രമണങ്ങളോ അത്തരം പ്രവർത്തനങ്ങളോ ഉണ്ടാകുമ്പോൾ തക്ക തിരിച്ചടി നല്കുമെന്നതിനപ്പുറം,​ ഇതുവരെ ഭീകരതയ്ക്കെതിരെ രേഖാമൂലമുള്ള ഒരു നയം കേന്ദ്ര സർക്കാർ ആവിഷ്കരിച്ചിട്ടില്ലായിരുന്നു. എന്നാൽ ഇതാദ്യമായി കേന്ദ്ര ആഭ്യന്തര വകുപ്പ് ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കിയും,​ ഭീകരവാദത്തെ എതിരിടുന്നതിനുമായി പുതിയ ഒരു നയം പ്രഖ്യാപിച്ചിരിക്കുകയാണ്. 'പ്രഹാർ" എന്നാണ് ഈ കർമ്മപദ്ധതിക്ക് പേര് നൽകിയിരിക്കുന്നത്.

അതിർത്തി കടന്നുള്ള ഭീകരവാദത്തോടൊപ്പം ഗുരുതരമാണ് സൈബർ ആക്രമണങ്ങളെന്നും പുതിയ നയം വ്യക്തമാക്കുന്നു. സൈബർ ആക്രമണങ്ങൾ, ഡ്രോണുകളുടെയും റോബോട്ടുകളുടെയും ദുരുപയോഗം, ഡിജിറ്റൽ സാമ്പത്തിക കുറ്റങ്ങൾ തുടങ്ങിയ ആധുനിക ഭീകര ഭീഷണികൾ കൂടി നേരിടാൻ ലക്ഷ്യമിട്ടാണ് പുതിയ നയത്തിന് രൂപം നൽകിയിരിക്കുന്നത്. ഭീകരാക്രമണങ്ങളിൽ നിന്ന് ഇന്ത്യൻ പൗരന്മാരെയും അവരുടെ താത്‌പര്യങ്ങളെയും സംരക്ഷിച്ച് നിറുത്താനും ഭീകരപ്പണികൾക്ക് ഉചിതവും വേഗമേറിയതുമായ പ്രതികരണം നൽകാനും ഉദ്ദേശിച്ചുള്ള ദേശീയ ഭീകരവിരുദ്ധ പദ്ധതിയാണ് 'പ്രഹാർ." ഭീകരവാദത്തെ ഏതെങ്കിലുമൊരു പ്രത്യേക മതവുമായോ വംശീയതയുമായോ ദേശീയതയുമായോ ഇന്ത്യ ബന്ധിപ്പിച്ചിട്ടില്ലെന്ന് പുതിയ നയം വ്യക്തമാക്കുന്നുണ്ട്. ഏതു ഭാഗത്തുനിന്നുണ്ടാകുന്ന ഭീകരപ്രവർത്തനത്തോടും മതപരമോ വംശീയമോ ആയ പ്രതികരണങ്ങളല്ല ഇന്ത്യ പ്രകടിപ്പിക്കുന്നതെന്ന് നമ്മൾ നേരത്തേയും വ്യക്തമാക്കിയിട്ടുള്ളതാണ്.

അൽ- ഖ്വയ‌്‌ദ, ഐസിസ് പോലുള്ള ആഗോള ഭീകര സംഘടനകളുടെ ഇന്ത്യയിലെ പ്രവർത്തനം, ഭീകര ഗ്രൂപ്പുകളും ആഭ്യന്തര ക്രിമിനൽ സംഘങ്ങളും തമ്മിലുള്ള ബന്ധം, ആയുധ വിതരണം, റിക്രൂട്ട്‌മെന്റ്, എൻക്രിപ്റ്റ് ചെയ്ത സന്ദേശങ്ങൾ, ഇന്റർനെറ്റിലെ ഡാർക്ക് വെബ് സൈറ്റുകളിലെ നീക്കങ്ങൾ തുടങ്ങിയവ നിരീക്ഷിക്കാൻ 'പ്രഹാർ" എന്ന പുതിയ നയത്തിന്റെ ഭാഗമായി സ്ഥിരം സംവിധാനമുണ്ടാകും. ആധുനിക കാലത്ത് ഭീകരപ്രവർത്തനം പ്രോത്സാഹിപ്പിക്കപ്പെടുന്നത് ക്രിപ്‌റ്റോ കറൻസി ഫണ്ടിംഗിലൂടെയാണ്. ഇത് തടയാൻ പ്രത്യേക വിദഗ്ദ്ധ പരിശീലനം ലഭിച്ച സേനാ ഗ്രൂപ്പുകൾക്കേ കഴിയൂ. ഇതിനു പുറമെ ജനങ്ങളുടെ സഹകരണം കൂടി തേടിക്കൊണ്ടുള്ള ഭീകരവിരുദ്ധ പരിപാടികളാണ് നയത്തിന്റെ ഭാഗമായി നടപ്പാക്കുക. സർക്കാരിന്റെ സേനാ വിഭാഗങ്ങൾക്ക് വിവരങ്ങൾ നൽകാനും സംശയാസ്പദമായി തോന്നുന്ന സംഭവങ്ങളും നീക്കങ്ങളും സുരക്ഷാ വിഭാഗങ്ങളെ അറിയിക്കാനും ജനങ്ങളെ സജ്ജമാക്കാനും നയം ആഹ്വാനം ചെയ്യുന്നു. ഇതിന്റെ ഭാഗമായി യുവാക്കൾക്ക് ബോധവത്‌കരണ പരിപാടികൾ സംഘടിപ്പിക്കും.

ഭീകരസംഘങ്ങളുടെ ഗൂഢപദ്ധതികൾ വിജയിക്കുന്നത് പലപ്പോഴും പ്രാദേശികമായ സഹായം ലഭിക്കുമ്പോഴാണ്. രാജ്യത്തേക്ക് നുഴഞ്ഞുകയറുന്ന ഭീകരവാദികൾ ആദ്യം ചെയ്യുന്നതും,​ തങ്ങളുടെ രഹസ്യപ്രവർത്തനങ്ങൾക്കും വിദ്ധ്വംസക പ്രവർത്തനങ്ങളുടെ നിർവഹണത്തിനും പ്രാദേശികമായ പിന്തുണ ആർജ്ജിക്കാൻ വേണ്ടുന്ന കാര്യങ്ങൾ ചെയ്യുക എന്നതാണ്. അതുകൊണ്ടാണ് ഭീകരസംഘങ്ങൾ സൈന്യത്തിന്റെ പിടിയിലാകുന്ന സന്ദർഭങ്ങളിൽ,​ അതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മിക്കപ്പോഴും ചില പ്രദേശവാസികളോ പ്രാദേശിക ഗ്രൂപ്പകളോ കൂടി ഉണ്ടാവുന്നത്! ഭീകരവാദത്തിനും അതിന്റെ സ്വാധീനത്തിനും പ്രചാരണത്തിനും

വഴിയൊരുക്കുന്ന ഇത്തരം സാഹചര്യങ്ങളെ ദുർബലപ്പെടുത്തി ഇല്ലാതാക്കേണ്ടതുണ്ട്. ചുരുക്കിപ്പറഞ്ഞാൽ സമൂഹത്തെയാകെ ഉൾക്കൊണ്ടുകൊണ്ടുള്ള പ്രതിരോധ, വീണ്ടെടുക്കൽ നടപടികളാണ് ഈ നയപ്രഖ്യാപനത്തിലൂടെ കേന്ദ്ര ആഭ്യന്തര വകുപ്പ് വിഭാവനം ചെയ്തിരിക്കുന്നത്.
ഭീകരവിരുദ്ധ നടപടികൾക്ക് കൂടുതൽ വിശ്വാസ്യതയും വ്യക്തതയും നൽകാൻ ഈ നയം ഉപകരിക്കപ്പെടുമെന്ന് കരുതാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION