SignIn
Kerala Kaumudi Online
Thursday, 17 September 2026 11.06 AM IST

നടപ്പാക്കാൻ വൈകരുത്

READ ENGLISH VERSION

photo

വനിതാ സംവരണത്തിൽ വ്യവസ്ഥ ചെയ്ത സെൻസസും മണ്ഡല പുനർനിർണയവും 2024ലെ പൊതു തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വരുന്ന സർക്കാരാവും നടപ്പാക്കുക എന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ലോക്‌സഭയിൽ പറഞ്ഞത്. ജനസംഖ്യ നോക്കി മണ്ഡല പുനർനിർണയം നടത്തിയാൽ തങ്ങളുടെ ലോക്‌സഭാ പ്രാതിനിദ്ധ്യം കുറയുമെന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഇപ്പോൾത്തന്നെ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് ശരിവയ്ക്കുന്ന തരത്തിൽ ജനസംഖ്യ നോക്കിയാവും മണ്ഡല പുനർനിർണയമെന്ന് കേന്ദ്ര നിയമമന്ത്രി അർജുൻസിംഗ് മേഘ്‌വാളും സഭയിൽ വ്യക്തമാക്കുകയുണ്ടായി. ഇതൊക്കെ സൂചിപ്പിക്കുന്നത് മണ്ഡല പുനർനിർണയ വിഷയത്തിൽ വിവിധ സംസ്ഥാനങ്ങളുടെ ഭാഗത്തുനിന്നും വിവിധ പ്രതിപക്ഷ കക്ഷികളുടെ ഭാഗത്തു നിന്നും കടുത്ത എതിർപ്പുകൾ ഉയരാൻ സാദ്ധ്യതയുണ്ട് എന്നാണ്. ഇത് നടപടികൾ വൈകിപ്പിക്കാൻ ഇടയാക്കും. അതിനാൽ സർവകക്ഷി യോഗങ്ങളിലെ ചർച്ചകളിൽ സമവായം ഉണ്ടാക്കിയതിന് ശേഷം വേണം സർക്കാർ ഇത്തരം നടപടികളിലേക്ക് കടക്കാൻ. വനിതാ ബിൽ ലോക്‌സഭ പാസാക്കിയത് ചരിത്രസംഭവം തന്നെയാണ്. എന്നാൽ ഇത് നടപ്പാക്കാൻ സെൻസസും മണ്ഡല പുനർനിർണയവും പൂർത്തിയാക്കണമെന്ന വ്യവസ്ഥ ഏറെ ആശയക്കുഴപ്പങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

വനിതകൾക്ക് സംവരണം ചെയ്യുന്ന ലോക്‌സഭ, നിയമസഭ മണ്ഡലങ്ങൾ ഏതെന്ന് വിരമിച്ച സുപ്രീംകോടതി ജഡ്‌ജിയുടെ നേതൃത്വത്തിലുള്ള മണ്ഡല പുനർനിർണയ കമ്മിഷൻ തീരുമാനിക്കുമെന്ന കേന്ദ്ര സർക്കാർ നിലപാട് സ്വാഗതാർഹമാണ്. കേന്ദ്ര സർക്കാർ തീരുമാനിച്ചാൽ പക്ഷപാതപരമാണെന്ന വിമർശനം തീർച്ചയായും ഉയരുമായിരുന്നു. സെൻസസും മണ്ഡല പുനർനിർണയവും പൂർത്തിയാക്കുന്നതിനുള്ള സമയക്രമം കേന്ദ്ര സർക്കാർ പ്രഖ്യാപിക്കാൻ വൈകരുത്. അത് കേന്ദ്രത്തിലെ ഇപ്പോഴത്തെ സർക്കാരിന് തന്നെ കഴിയുന്നതാണ്. അങ്ങനെ വരുമ്പോൾ ഏതുവർഷം മുതൽ വനിതാ ബിൽ നടപ്പായി തുടങ്ങും എന്ന ഏകദേശ ധാരണ ജനങ്ങൾക്ക് ലഭിക്കുകയും ചെയ്യും.

ഭരണത്തിൽ സ്‌ത്രീകളുടെ പ്രാതിനിദ്ധ്യം കൂടുന്നതുകൊണ്ട് നേട്ടമല്ലാതെ യാതൊരു കോട്ടവും ഉണ്ടാകില്ല എന്നതിന് പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ വിജയം മുന്നിലുണ്ട്. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും തദ്ദേശസ്ഥാപനങ്ങളുടെ ഭരണചക്രം തിരിക്കുന്നവരിൽ പകുതിയിലധികവും വനിതാ പ്രതിനിധികളാണ്. വനിതകളുടെ സ്ഥാനം ഗൃഹത്തിൽ മാത്രമാണെന്ന പഴഞ്ചൻ ധാരണ ആദ്യം പൊളിച്ചെഴുതിയത് തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ വനിതകൾക്ക് സംവരണം ഏർപ്പെടുത്തിയതോടയാണ്. അതിനാൽ ലോക്‌സഭ പാസാക്കിയ വനിതാ ബിൽ നടപ്പാകാൻ വർഷങ്ങൾ വൈകുന്നത് രാജ്യത്തിന് നഷ്ടം വരുത്താനേ ഇടയാകൂ. ബിൽ ലോക്‌സഭ കടക്കാൻ മൂന്ന് പതിറ്റാണ്ടോളമാണ് കാത്തിരിക്കേണ്ടിവന്നത്. ആ ദുര്യോഗം അതിന്റെ നടപ്പാക്കലിൽ വരാൻ പാടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WOMEN RESERVATION BILL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY