
പെയ്യാൻ കാത്തുനിൽക്കുകയായിരുന്നു മാനം. കോഴിക്കോട് നിന്ന് അമ്മയ്‌ക്കൊപ്പം വണ്ടി കയറുമ്പോൾ എവിടേയ്‌ക്കെന്ന് ആ ഒൻപതുകാരൻ ചോദിച്ചില്ല. വിശന്നെരിയുന്ന വയറിന്റെ സങ്കടം പെരുമഴയാകുമെന്ന് കണ്ണുകൾ പറയുന്നുണ്ടായിരുന്നു. അതിവേഗമുള്ള യാത്രയിൽ മലയും മരങ്ങളും മനുഷ്യരുമൊക്കെ പിന്നോട്ടു പാഞ്ഞു. മുഷിഞ്ഞ കുപ്പായത്തലപ്പുകൊണ്ട് ആയാസപ്പെട്ടു മുഖം തുടച്ചപ്പോഴേയ്ക്കും അമ്മ പറഞ്ഞു. ''സ്ഥലമെത്തി, ഇറങ്ങാം''. അമ്മക്കൈകൾ ഇറുക്കെപ്പിടിച്ച് മുന്നോട്ടു നടക്കുന്നതിനിടെ ബോർഡിലെ അക്ഷരങ്ങൾ പെറുക്കിയെടുത്തു വായിച്ചു, ചിൽഡ്രൻസ് ഹോം കോഴിക്കോട്. 'ചിൽഡ്രൻസ് ഹോം' എന്തെന്ന് അറിയാത്ത മകന്റെ നിസാഹയത മനസിലാക്കി അമ്മ പറഞ്ഞു '' ഇനി ഇവിടെയാണ് മോനേ നീ. സ്വർഗമാണ്''. ഓഫീസിലെ നീലപുറംചട്ടയുള്ള രജിസ്റ്റർ ബുക്കിൽ പുതിയ അന്തേവാസിയുടെ പേര് ചേർത്തു, ടി.കെ. ശ്രീലേഷ്!
ഭക്ഷണം കഴിച്ച് പിരിയുമ്പോൾ കരഞ്ഞുകലങ്ങിയ അമ്മക്കണ്ണുകൾ ഇടനാഴിയിലെ ഗ്രില്ലിനിടെയിലൂടെ ശ്രീലേഷ് കണ്ടു. ''അമ്മേ ഞാനും'' അലർച്ചയിൽ ഗ്രില്ല് പിടിച്ച് പലതവണ കുലുക്കി. എത്ര സ്വർഗമെങ്കിലും അമ്മച്ചൂടില്ലാത്ത ജീവിതം സങ്കൽപ്പിക്കാൻ പോലുമാവാത്ത കുരുന്ന് നിലവിളി, ആർത്തുപെയ്യുന്ന പെരുമഴക്കിടെ കേട്ടില്ലെന്ന് വരുത്തി നടന്നു. ഇന്ന് ശ്രീലേഷിന് 32 വയസായി. പഠിച്ച് മിടുക്കനായി. വിദേശത്ത് ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഉപേക്ഷിച്ചു. പി.എസ്.സി ടെസ്റ്റ് എഴുതി ചിൽഡ്രൻസ് ഹോമിൽ കെയർ ടേക്കറായുള്ള നിയമന ഉത്തരവ് കിട്ടിയപ്പോൾ അമ്മ പണ്ട് പറഞ്ഞ സ്വർഗം കൺമുന്നിലെന്ന് തോന്നി. തന്നേപ്പോലെ സങ്കടങ്ങൾ അനുഭവിക്കുന്നവർക്ക് ആനന്ദമാണ് ശ്രീലേഷ്. 'തലശേരി ഗവ. ചിൽഡ്രൻസ് ഹോം ഫോർ ബോയ്സിലെ' സ്‌നേഹനിധിയായ കെയർടേക്കർ!
സർക്കാർ വിലാസക്കാരൻ
കോഴിക്കോട് വെള്ളിമാട് കുന്നിലെ ഫുട്ബാൾ മൈതാനത്ത് ലക്ഷ്യം തേടി ഓടുന്ന അതിസമർത്ഥയുണ്ടായിരുന്നു. സംസ്ഥാന വനിതാ ഫുട്‌ബോൾ ടീം വരെ എത്തിയ മിടുക്കിക്കുട്ടി. വീട്ടുകാർ എതിർത്ത പ്രണയം. പിന്നെ വിവാഹം. ജീവിതം കീഴ്‌മേൽ മറിയാൻ വർഷങ്ങളുടെ അകലം. ഏക ആശ്രയം നിർദയമുപേക്ഷിച്ച് പോയപ്പോൾ പകച്ചു പോയി. വിശപ്പിനപ്പുറം മറ്റൊരു വികാരവുമില്ലെന്നറിഞ്ഞു. ആ അമ്മയ്ക്ക് മറ്റുവഴിയില്ലായിരുന്നു. ശ്രീലേഷ് സർക്കാർ വിലാസക്കാരനായത് അങ്ങനെയാണ്.
അവിടം തടവറയായിരുന്നു. അമ്മയോർമ്മകൾ പൊള്ളിച്ചു കൊണ്ടേയിരുന്നു. ഫുട്പാത്ത് കച്ചവടക്കാരിയായ അമ്മ. ഏതെങ്കിലും ആഴ്ചയവസാനങ്ങളിൽ അമ്മവരും. മനസിൽ സന്തോഷത്തിന്റെ പെരുമഴ പെയ്യും. കെട്ടിപ്പിടിച്ച് വർത്തമാനം പറഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ മടങ്ങും. മനസിലെ മഴ, കണ്ണുകളിലേയ്ക്ക് ഭാവം മാറിപ്പെയ്യും. പിന്നെ അടുത്തകാഴ്ചയ്ക്കുള്ള കാത്തിരിപ്പ്.
ഹോമിനോട് ചേർന്നുള്ള സർട്ടിഫൈഡ് സെൻട്രൽ യു.പി.എസിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അനാഥരും ജുവനൈൽ ഹോമിലുള്ളവരുമൊക്കെ സഹപാഠികൾ. വ്യത്യസ്ഥ സ്വഭാവക്കാർ. പഠിക്കാൻ മിടുക്കനായിരുന്നതിനാൽ അദ്ധ്യാപകരുടെ വാത്സല്യമേൽക്കാനായി. എട്ടു മുതൽ ശ്രീരാമകൃഷ്ണ മിഷൻ സ്കൂളിൽ. പത്താം ക്ളാസിൽ 80 ശതമാനം മാർക്ക്. പ്ളസ് ടുവിന് ഹ്യുമാനാറ്റീസ് ഗ്രൂപ്പിൽ എൺപത് ശതമാനമാനത്തിന് മുകളിൽ മാർക്ക്. ചിൽഡ്രൻസ് ഹോമിലുള്ളവർക്കൊക്കെ ഒരു കല്യാണം കൂടാൻ കൊതിയാണ്. ചിൽഡ്രൻസ് ഹോമിലുള്ളവരെ ആര് വിവാഹം ക്ഷണിക്കാൻ. പലപ്പോഴും വിവാഹ സ്ഥലങ്ങളിൽ മുൻകൂർ അനുവാദം വാങ്ങി കുട്ടികളുമായി പോകും. സാമൂഹിക ജീവിതം പഠിപ്പിക്കാൻ. വരിനിന്ന് അധികൃതരുടെ കൺവെട്ടത്തിൽ നീങ്ങുന്ന കുട്ടികളുടെ മുഖത്തേയ്ക്ക് നീങ്ങുന്ന പരിഹാസ നോട്ടങ്ങൾ. അടക്കം പറച്ചിലുകൾ... അനാഥത്വത്തിന് അപ്പുറുമൊരു സങ്കടമില്ലെന്ന് അറിയാതെ തോന്നിപ്പോവും. അവധിക്കാലത്ത് ആളുകളുടെ വീട്ടിൽ അതിഥിയായി കഴിയാം. നല്ല മനസുള്ളവർ ചേർത്തുപിടിക്കും.
മടുപ്പു മാറ്റാൻ കലാകാരനായി
ഉച്ചവരെ സ്‌കൂൾ, പിന്നെ ചുവരുകൾക്കുള്ളിൽ. പുറംലോകം കാണണമെങ്കിൽ ഒരൊറ്റ വഴിയേ ഉള്ളൂ. കല പഠിക്കണം. അങ്ങനെ ശ്രീലേഷ് നൃത്തം പഠിക്കാൻ തീരുമാനിച്ചു. പക്ഷേ, ആ തീരുമാനം ജീവിതത്തെ മാറ്റിമറിക്കുമെന്ന് അന്നറിഞ്ഞില്ല. കലാമണ്ഡലം സുമംഗലയ്ക്ക് ദക്ഷിണവച്ചു. ഭരതനാട്യവും കുച്ചുപ്പുടിയും പഠിച്ചു. ഫീസ് സർക്കാർ വഹിച്ചു. കലോത്സവ വേദികളിൽ സമ്മാനങ്ങൾ നേടി.
150ഓളം കുട്ടികൾ തിങ്ങിനിറഞ്ഞ ആ ഹോമിൽ ശ്രീലേഷ് തനിച്ചായിരുന്നില്ല. എല്ലാവരും സ്‌നേഹത്തോടെ കഴിഞ്ഞു. അനാഥർ, അഭയമില്ലാത്തവർ, മാതാപിതാക്കൾ ഗതികേടുകൊണ്ട് ചേർത്തവർ... ഓരോ കുരുന്നിനും ഓരോ സങ്കടകഥ. ചിൽഡ്രൻസ് ഹോം വീടാകുന്നത് നല്ല കെയർ ടേക്കർ ഉണ്ടാകുമ്പോഴാണ്. കുട്ടിയുടെ തലയിൽ എണ്ണ തേച്ചു നൽകുമ്പോൾ, മുറിവിൽ മരുന്നുവച്ചു കെട്ടുമ്പോൾ, വാത്സല്യത്തോടെ ചേർത്തുപിടിക്കുമ്പോഴൊക്കെ സ്‌നേഹമൂതിയുണർത്തുന്ന മുളംതണ്ടു പോലെ അവരുടെ മനസ് സന്തോഷത്തിന്റെ സംഗീതം പൊഴിക്കും. ശ്രീലേഷിന് കരുതലൊരുക്കിയവരേറെ. അനുഭവങ്ങളുടെ തെളിച്ചമാണ് ചിൽഡ്രൻസ് ഹോമിലെ അന്തേവാസികൾക്കായി ജീവിതം ഉഴിഞ്ഞുവയ്ക്കാൻ ഊർജം.
പ്രവാസത്തിലെ കണ്ണീർ രാത്രികൾ
2004 മുതൽ 2012 വരെ താമസിച്ച കോഴിക്കോട് ചിൽഡ്രൻ ഹോമിൽ നിന്ന് പ്ലസ് ടു കഴിഞ്ഞ് തലശേരി ആഫ്റ്റർ കെയർ ഹോമിലേയ്ക്ക്. 2012 മുതൽ 2016 വരെ അവിടെയായിരുന്നു. പ്ലസ്ടുവിന് ശേഷം മെറിറ്റിൽ ബി.ബി.എയും ടൂറിസത്തിൽ എം.ബി.എയും നേടി. 18 തികയും വരെ സർക്കാർ സംരക്ഷണയിൽ. ട്രിച്ചി എയർപോർട്ടിൽ കസ്റ്റമർ കെയർ ജോലി. പിന്നെ ഗൾഫ് എയർപോർട്ടിൽ. പണത്തിന് പഞ്ഞമില്ലാതെ, സ്വപ്നം കണ്ടതൊക്കെ കൈവെള്ളയിൽ. പക്ഷേ, ശ്രീലേഷിന് സങ്കടമായിരുന്നു. ശീതീകരിച്ച മുറിയിലും ഉരുകുന്ന മനസോടെ ഉറക്കമില്ലാത്ത പ്രവാസകാലം.
ലഗേജ് ട്രോളികളുടെ ഉരുളുന്ന ശബ്ദം നാടിന്റെ ചിന്ത ഉണർത്തി. രാത്രികളിൽ ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ജീവിതം താണ്ടിയ ചിൽഡ്രൻസ് ഹോം ഇടനാഴി മനസിൽ തെളിയും. അവിടെയുള്ള പുതിയ കുട്ടിയുടെ പകപ്പിനെക്കുറിച്ചോർക്കും. ഒൻപത് മാസത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ശ്രീലേഷ് മടങ്ങി. കുട്ടികളെ ചേർത്തുപിടിക്കണം. അവരുടെ കലാഭിരുചികൾക്ക് ഒപ്പം നിൽക്കണം. തിരിച്ചു വന്ന് കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരനായി. പിന്നീടായിരുന്നു തലശേരിയിൽ സ്ഥിര നിയമനം.
അമ്മയുടെ കൂടെ
സംസ്ഥാന ഫുട്‌ബാൾ ടീമംഗമായിരുന്നിട്ടും ജീവിതം ഫുട്പാത്തിൽ ഒതുക്കേണ്ടി വന്ന അമ്മയുടെ ദുരിതകഥ ഇതിനിടെ മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നു. അമ്മയ്ക്ക് എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴി തലശേരി അ്ര്രഫർ കെയർ ഹോമിൽ പാചക തൊഴിലാളിയായി ആദ്യം താത്കാലിക നിയമനം, പിന്നീട് സ്ഥിരമായി. അമ്മ ജോലി ചെയ്യുന്ന ആ്ര്രഫർ കെയർ ഹോമിനോട് ചേർന്നുള്ള തലശേരി ചിൽഡ്രൻസ് ഹോമിലേയ്ക്ക് ഇപ്പോൾ ശ്രീലേഷും. അമ്മയും മകനും ഒരേ ദൗത്യത്തിന്റെ രണ്ടു മുഖങ്ങളായി.
കനലുകൾ ഊതിക്കത്തിക്കുമ്പോൾ
ഹോമിൽ ഒരു ചടങ്ങുണ്ട്. ദുരിതക്കയത്തിൽ നിന്ന് വന്നുചേരുന്ന കൊച്ചുജീവൻ ആദ്യമായി ആ വാതിൽ കടക്കുമ്പോൾ ഹോം ഒന്നിച്ചൊരുമിക്കും. ചിലർ പാടും. ചിലർ ആടും. പ്രതിഭ ആദ്യം വെളിപ്പെടുന്ന നിമിഷം കൂടിയാണത്. കലയുടെ കനലുണ്ടായാൽ ശ്രീലേഷ് ഊതിക്കത്തിക്കും.
കർണ്ണാടക സ്വദേശിയായ ആറ് വയസുകാരനായ ഒരു കുട്ടി. ജ്യേഷ്ഠൻ എട്ടുവയസുകാരനൊപ്പം തൃക്കരിപ്പൂരിലെ തെരുവിൽ. ദുരിത ജീവിതം കണ്ട നാട്ടുകാർ തലശേരി ചിൽഡ്രൻസ് ഹോമിൽ ഇരുവരേയുമെത്തിച്ചു. ഇളയവൻ ശ്രീകൃഷ്ണൻ കഴിഞ്ഞ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മോണോ ആക്ടിലെ വിജയിയാണ്. ശ്രീലേഷായിരുന്നു പരിശീലകൻ. ശ്രീകൃഷ്ണനെപ്പോലെ എത്രയോ പ്രതിഭകൾക്ക് അറിവിന്റെ ശ്രീത്വമായിട്ടുണ്ട് ശ്രീലേഷ്. ''ഞാൻ കൂടെയുണ്ടാകും. ഞങ്ങൾ ഇനിയും സമ്മാനങ്ങൾ നേടും. ഫസ്റ്റ് വേണ്ട, ബെസ്റ്റ് മതി'' ട്രോഫികൾ ചൂണ്ടിക്കാട്ടി ശ്രീലേഷ് പറയുന്നു. തുടർച്ചയായ രണ്ട് വർഷം സംസ്ഥാന ചിൽഡ്രൻസ് ഫെസ്റ്റ് ഓവറോൾ ചാമ്പ്യൻഷിപ്പും ഇവിടെയാണ്.
ചിൽഡ്രൻസ് ഹോം അലമാരകൾ നിറയെ ട്രോഫികളും ഫലകങ്ങളുമാണ്. ഓരോന്നും അവിടെയുള്ള കുട്ടികൾ ലോകത്തിന് നൽകിയ ഉത്തരമാണ്. സന്തോഷങ്ങളെല്ലാം ആഘോഷിക്കും. കഴിഞ്ഞ പത്താം ക്ലാസ് പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയാണ് ശ്രീകൃഷ്ണൻ വിജയിച്ചത്. കേക്ക് മുറിച്ചായിരുന്നു ആഘോഷം.
ശ്രീലേഷ് പുലർച്ചെ ഉണരും. ഇരുപത്തിയെട്ട് കൊച്ചുജീവനുകളെ വിളിച്ചുണർത്തും. അമ്മ മക്കളെ ഉണർത്തുന്നതുപോലെ. സ്‌കൂളെന്നത് ചിലർക്ക് ആഹ്ലാദമാണ്. മറ്റു ചിലർക്ക് പേടിയും വിരസതയും. അത്കൃത്യമായി ശ്രീലേഷിന് അറിയാം. ക്ലാസ് കഴിഞ്ഞ് കുട്ടികൾ മടങ്ങിവരുമ്പോൾ ഗേറ്റിനടുത്ത് കാത്തുനിൽക്കും. ആരുടെ മുഖത്താണ് സന്തോഷം, ആരുടെ ചുണ്ടത്ത് പരാതിയുണ്ട്, ആരുടെ കണ്ണിൽ കണ്ണുനീരുണ്ട് എല്ലാം ചോദിച്ചറിയും. ക്ഷമയോടെ ഹോം വർക്ക് ചെയ്യിപ്പിക്കും. ടീച്ചർ ശകാരിച്ചതിന്റെ വിങ്ങൽ ഉള്ളിലൊതുക്കി വന്നവരുണ്ടാകും. ഓരോ കഥയും കേൾക്കും സങ്കടങ്ങൾ ഏറ്റുവാങ്ങും.
ഗൾഫിലെ ജോലി ഉപേക്ഷിച്ചതിൽ ഖേദമില്ലേ? ''ജനിച്ചു വളർന്ന നാടും വീടും വിട്ടു നിൽക്കുമ്പോൾ ആർക്കും സങ്കടമുണ്ടാകില്ലേ. ചിൽഡ്രൻസ് ഹോമിലാണ് വളർന്നതെങ്കിലും എനിക്കും അതുപോലൊരു അനുഭവമായിരുന്നു. അനാഥക്കുട്ടികളും ചിൽഡ്രൻസ് ഹോമും എന്റെ ഹൃദയമാണ്. ഇവിടെ നിന്ന് മാറിയപ്പോൾ ഹൃദയത്തിന്റെ ഒരു ഭാഗം ഇല്ലാതായപോലെ''. ഇടനാഴിയൂടെ കൊച്ചുകുട്ടി ഓടിവന്ന് അരികിൽചേർന്നു, അവന്റെ തലയിൽ തലോടി പറഞ്ഞു,
'' എനിക്ക് ഇത് ഒരു ജോലിയല്ല''!
കാലത്തിന്റെ മാറ്റം
ശിശുഭവനങ്ങൾ ദുഃസ്വപ്നങ്ങളുടെ ഇടങ്ങളായി മാറിയ ചരിത്രമുണ്ട്. ശിശുഭവനങ്ങളിൽ പീഡനവും ചൂഷണവും ഒരു കാലത്ത് നിത്യസംഭവങ്ങളായിരുന്നു. എന്നാൽ ഇന്ന് ആ ഇരുട്ടിൽ നിന്ന് വ്യക്തമായ ദൂരം പിന്നിട്ടിരിക്കുന്നു. ബാലാവകാശ കമ്മിഷന്റെ ക്രമമായ സന്ദർശനങ്ങൾ, കൗൺസലർമാരുടെ സേവനം, കുട്ടികൾക്ക് ഏതു പരാതിയും നേരിട്ടറിയിക്കാനുള്ള സംവിധാനങ്ങൾ ഇവ ഭവനങ്ങളെ ക്രമേണ ഒരു ബദൽ കുടുംബമായി പരിണമിപ്പിച്ചു. ചൂഷണത്തിനും പീഡനത്തിനും ഒളിക്കാൻ ഇടം ഇല്ലാതാക്കുന്ന ഈ ജാഗ്രതയുടെ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഭൂതകാലത്തിന്റെ നിഴൽ ഇല്ലാതെ, നല്ല നാളേക്കുള്ള പ്രതീക്ഷയോടെ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |