
ഇരുട്ടിന്റെ ശൂന്യതയിൽ നിന്ന് ചിറകൊടിഞ്ഞൊരു മാലാഖയെ പോലെ ആ മനുഷ്യൻ ഭൂമിയിലേയ്ക്ക് വീണു. അഗ്നിഗോളമായി മാറിയ പേടകത്തിനുള്ളിൽ അയാൾ കത്തിയെരിഞ്ഞു. മരണമാണ് മുന്നിലെന്നറിഞ്ഞിട്ടും തന്റെ രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്താനായി ആകാശത്തിന്റെ അനന്തതയിലേയ്ക്ക് പറന്ന ആ മനുഷ്യനെ എന്നും ഒരു വിങ്ങലോടെ മാത്രമേ ഓർക്കാനാകൂ... വ്ലാഡിമിർ കൊമറോവ് !
അമേരിക്കയുമായുള്ള ബഹിരാകാശ പോരാട്ടത്തിനിടെ അനവധി നേട്ടങ്ങൾ കൈവരിച്ച സോവിയറ്റ് യൂണിയന്റെ ചരിത്ര പുസ്തകത്തിലെ കണ്ണീരിൽ കുതിർന്ന അദ്ധ്യായമാണ് കൊമറോവിന്റെ ദാരുണാന്ത്യം. '' ഒരിക്കലെങ്കിലും പറന്നുയർന്നവർ, അല്ലെങ്കിൽ ഒരിക്കലെങ്കിലും വിമാനം പറത്തിയിട്ടുള്ളവർ ഒരിക്കലും വിമാനത്തോടോ ആകാശത്തോടെ വിടപറയാൻ ആഗ്രഹിക്കില്ല "".... ആകാശവും വിമാനവും ആവേശമായി കൊണ്ടുനടന്ന കൊമറോവിന്റെ ഈ വാക്കുകൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ അതേപടി സംഭവിച്ചു. ബഹിരാകാശ യാത്രക്കിടെ കൊല്ലപ്പെട്ട ലോകത്തെ ആദ്യ മനുഷ്യനെന്ന ദൗർഭാഗ്യമാണ് മിടുക്കനായ ആ പൈലറ്റിനായി വിധി കാത്തുവച്ചത്.
ഗഗാറിന്റെ ചങ്ങാതി
യൂറി ഗഗാറിനെ അറിയാത്തവരായി ആരുമില്ല. ലോകത്തെ ആദ്യ ബഹിരാകാശ സഞ്ചാരി. 1961ൽ വോസ്റ്റോക് - 1 പേടകത്തിൽ സോവിയറ്റ് മണ്ണിൽ നിന്ന് കുതിച്ചുയർന്ന് ചരിത്രം കുറിച്ച മനുഷ്യൻ. ഗഗാറിന്റെ അടുത്ത സുഹൃത്തും സഹപ്രവർത്തകനുമായിരുന്നു കൊമറോവ്.
സോവിയറ്റ് യൂണിയനും അമേരിക്കയും തമ്മിലെ ശീതയുദ്ധം ബഹിരാകാശ പോരാട്ടത്തിലേയ്ക്ക് വഴിമാറിയതോടെ അമ്പരപ്പിക്കുന്ന ശാസ്ത്രനേട്ടങ്ങൾക്കാണ് ലോകം സാക്ഷിയായത്. സോവിയറ്റ് യൂണിയന്റെ കോസ്മോനട്ട് പടയാളികളിൽ ഏറ്റവും പ്രഗത്ഭരായിരുന്നു ഗഗാറിനും കൊമറോവും.
ലോകത്തെ ആദ്യ കൃത്രിമോപഗ്രഹമായ 'സ്പുട്നിക് -1", 1957 ഒക്ടോബറിൽ സോവിയറ്റ് യൂണിയൻ വിക്ഷേപിച്ചതോടെ പോരാട്ടങ്ങൾ തുടങ്ങി. 1957ൽ ബഹിരാകാശത്തേയ്ക്ക് ലെയ്ക എന്ന നായയുമായി സോവിയറ്റ് യൂണിയന്റെ 'സ്പുട്നിക് 2 " വിക്ഷേപിക്കപ്പെട്ടു.
ചരിത്രത്തിൽ ആദ്യമായി ഒരു ജീവന്റെ തുടിപ്പിനെ ബഹിരാകാശത്തേയ്ക്ക് എത്തിച്ചു. മോസ്കോയിലെ തെരുവിൽ ജനിച്ചു വളർന്ന മോൺഗ്രൽ ഇനത്തിലെ പാവം ലെയ്ക അറിഞ്ഞില്ല ആകാശത്തിനപ്പുറത്തേക്കുള്ള തന്റെ യാത്ര ദുരന്തത്തിലാണ് അവസാനിക്കുകയെന്ന്. പേടകം ഭൂമിയുടെ ഭ്രമണപഥം കടന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ, ചൂടും സമ്മർദ്ദവും സഹിക്കാനാകാതെ ലെയ്കയ്ക്ക് ജീവൻ നഷ്ടമായി. മനുഷ്യനെ ബഹിരാകാശത്തേയ്ക്ക് അയക്കുന്നതിന്റെ ചവിട്ടുപടിയായിരുന്നു ലെയ്കയുടെ യാത്ര.
ജീവനോടെ ഭൂമിയിൽ തിരിച്ചെത്തിക്കാനാകില്ലെന്ന തിരിച്ചറിവോടെയാണ് ശാസ്ത്രജ്ഞർ ലെയ്കയെ ബഹിരാകാശത്തേയ്ക്കയച്ചത്. നടക്കുന്നത് എന്താണെന്നറിയാതെ നിഷ്കളങ്കമായ മുഖത്തോടെ ആകാശത്തേക്ക് യാത്രയായ ലെയ്ക ഇന്നും തീരാവേദനയാണ്. രണ്ട് വർഷങ്ങൾക്കിപ്പുറം 1959ൽ സോവിയറ്റിന്റെ ചാന്ദ്ര പര്യവേഷണ ദൗത്യങ്ങളായ ലൂണ1, ലൂണ 2 എന്നിവയും കുതിച്ചുയർന്നു. പിന്നാലെയായിരുന്നു ഗഗാറിന്റെ ചരിത്ര നിയോഗം. ഇതിന് ശേഷം 1963ൽ ബഹിരാകാശത്തേയ്ക്ക് ഒരു വനിതയും സോവിയറ്റ് മണ്ണിൽ നിന്ന് വിണ്ണിലേയ്ക്ക് കുതിച്ചുയർന്നു, വാലന്റീന തെരഷ്കോവ.
1964ൽ വോസ്ഖോഡ് 1 പേടകത്തിലാണ് കൊമറോവിന്റെ ആദ്യ ബഹിരാകാശ യാത്ര. ആ യാത്രയ്ക്കും ഒരു പ്രത്യേകതയുണ്ടായിരുന്നു. ഒന്നിൽ കൂടുതൽ പേർ ഭാഗമായ ആദ്യത്തെ ബഹിരാകാശ ദൗത്യമായിരുന്നു അത്. കൊമറോവിനൊപ്പം മറ്റ് രണ്ട് പേരും ഉണ്ടായിരുന്നു.
ചരിത്ര യാത്ര
1967ൽ റഷ്യൻ വിപ്ലവത്തിന്റെ 50-ാം വാർഷികത്തിന്റെ ഭാഗമായി അവിസ്മരണീയമായ ഒരു ബഹിരാകാശ നേട്ടം കൈവരിക്കണമെന്ന് സോവിയറ്റ് യൂണിയൻ തീരുമാനിച്ചു. കൊമറോവിനെയാണ് ദൗത്യത്തിനായി തിരഞ്ഞെടുത്തത്. രണ്ട് സ്പേസ് ക്യാപ്സ്യൂളുകൾ. ഇതിൽ ആദ്യം വിക്ഷേപിക്കുന്നത് സോയൂസ് 1. ഇതിലെ യാത്രികനാണ് കൊമറോവ്. അദ്ദേഹം ബഹിരാകാശത്തെത്തിയ ശേഷം രണ്ടാമത്തേതായ സോയൂസ് 2 വിക്ഷേപിക്കും. ബഹിരാകാശത്ത് വച്ച് ഈ രണ്ട് പേടകങ്ങളിലേയും യാത്രക്കാർ പരസ്പരം പേടകങ്ങൾ മാറി ഭൂമിയിലേയ്ക്ക് തിരിച്ചു വരണം. അമേരിക്ക പോലും പരീക്ഷിക്കാത്ത അതിസങ്കീർണമായ ദൗത്യം. കൊമറോവിന് അവസാന നിമിഷം യാത്ര ചെയ്യാൻ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ ആ സ്ഥാനത്തേയ്ക്ക് പകരക്കാരനായി നിശ്ചയിച്ചിരുന്നത് ഗഗാറിനെയായിരുന്നു.
കാത്തിരുന്ന ദുരന്തം
1967 ഏപ്രിൽ 23. ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്ന് ( ഇന്നത്തെ കസഖ്സ്ഥാനിൽ. നിയന്ത്രണം റഷ്യൻ സ്പേസ് ഏജൻസിയായ റോസ്കോസ്മോസിനാണ്) സോയൂസ് 1ൽ കൊമറോവ് ബഹിരാകാശത്തേയ്ക്ക് യാത്ര തിരിച്ചു. ബഹിരാകാശത്തേയ്ക്ക് രണ്ട് തവണ യാത്ര നടത്തുന്ന ആദ്യ സോവിയറ്റുകാരനെന്ന നേട്ടവുംപേറിയായിരുന്നു യാത്ര.
24 മണിക്കൂറിനിടെ 16 തവണ കൊമറോവ് പേടകത്തിൽ ഭൂമിയെ ഭ്രമണം ചെയ്തു. പക്ഷേ കാര്യങ്ങൾ കരുതിയപോലെ നടന്നില്ല. ഭ്രമണം ചെയ്യുന്നതിനുള്ള ഊർജമേകുന്ന രണ്ട് സോളാർ പാനലുകളിലൊന്ന് തുറന്നില്ല. ഇത് പേടകത്തെ പ്രതികൂലമായി ബാധിച്ചു.
പിന്നാലെ ബൈക്കനൂറിൽ ശക്തമായ മഴയും കാറ്റുമുണ്ടായതോടെ 'സോയൂസ് 2" വിക്ഷേപണം ഉപേക്ഷിച്ചു. അധികൃതർ കൊമറോവിനോട് ഭൂമിയിലേയ്ക്ക് മടങ്ങാൻ നിർദ്ദേശിച്ചു. ഇതിനോടകം പേടകത്തിലെ പല സിസ്റ്റങ്ങളും പ്രവർത്തിക്കാതെ വന്നതോടെ അവയുടെ നിയന്ത്രണം കൊമറോവിന് ഏറ്റെടുക്കേണ്ടിവന്നിരുന്നു.
റെട്രോ റോക്കറ്റുകൾ പ്രവർത്തിപ്പിച്ച് കൊമറോവ് ഭൂമിയിലേയ്ക്ക് മടങ്ങാൻ തുടങ്ങി. രണ്ട് തവണ കൂടി ഭൂമിയെ വലംവച്ച ശേഷമാണ് റൊട്രോ റോക്കറ്റുകൾ പ്രവർത്തിപ്പിക്കാൻ കൊമറോവിന് സാധിച്ചത്. പക്ഷേ, തിരിച്ചുവരവിലും സാങ്കേതിക തകരാറുകൾ നേരിട്ടു. ഭൂമിയിൽ നിന്ന് 23,000 അടി മുകളിൽവച്ച് നിവർത്തേണ്ടിയിരുന്ന പാരഷൂട്ട് തുറക്കാനുള്ള കൊമറോവിന്റെ ശ്രമം വിഫലമായി. പേടകത്തിന്റെ വേഗത നിയന്ത്രിക്കുന്നത് ഈ പാരഷൂട്ടായിരുന്നു. റിസേർവ് പാരഷൂട്ടും പരാജയപ്പെട്ടു. ഒടുവിൽ, സകല നിയന്ത്രണങ്ങളും വിട്ട് പേടകം ഭൂമിയിലേയ്ക്ക് കൂപ്പുകുത്തി.
കത്തിയമർന്നു
1967 ഏപ്രിൽ 24, സമയം രാവിലെ 8.22. റഷ്യയിലെ ഓറെൻബർഗ് നഗരത്തിന് സമീപമുള്ള ഒരു കൃഷി ഇടത്തിലേയ്ക്ക് സോയൂസ് 1 മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയിൽ പാഞ്ഞെത്തി ഇടിച്ചുവീണ് പൊട്ടിത്തെറിച്ചു. പിന്നീടുള്ള കാഴ്ച ഭീകരമായിരുന്നു. തിരിച്ചറിയാനാകാത്ത വിധം സോയൂസ് കത്തിയമർന്നു. രക്ഷാപ്രവർത്തകർ തീകെടുത്തി അവശിഷ്ടങ്ങൾക്കിടയിൽ പരിശോധിച്ചപ്പോൾ പേടകത്തിന്റെ ഉള്ളിലെ സീറ്റിലായിരുന്നു കൊമറോവിന്റെ ശരീരം. കത്തിയെരിഞ്ഞ വസ്ത്രങ്ങളും തിരിച്ചറിയാനാകാത്ത ചില ശരീര ഭാഗങ്ങളും മാത്രം.
പേടകം നിലത്തിടിച്ച നിമിഷം കൊമറോവ് മരിച്ചു. പിന്നാലെയാണ് ഭീകരമായ പൊട്ടിത്തെറിയുണ്ടായതും കത്തിയമർന്നതും. മോസ്കോയിലെ റെഡ് സ്ക്വയറിലുള്ള ക്രെംലിൻ വാൾ നെക്രോപൊലിസിൽ കൊമറോവിന്റെ ചിതാഭസ്മം ഔദ്യോഗിക ബഹുമതികളോടെ അടക്കം ചെയ്തു. ധീരതയ്ക്കുള്ള ഒട്ടനേകം മരണാനന്തര ബഹുമതികൾ കൊമറോവിന് സോവിയറ്റ് യൂണിയൻ നൽകി. ഭാര്യ വാലന്റീനയേയും രണ്ട് മക്കളേയും തനിച്ചാക്കി40-ാം വയസിൽ കൊമറോവ് ചുവന്ന താരകമായി!
എല്ലാം അറിഞ്ഞിട്ടും....
സോയൂസ് പേടകത്തിനുണ്ടായിരുന്ന ഗുരുതര പിഴവുകൾ സോവിയറ്റ് അധികൃതർ മന:പൂർവം മറച്ചുവച്ചതുൾപ്പെടെ നിരവധി ആരോപണങ്ങൾ ഉയർന്നു. മരണത്തിന് മുന്നേ സോവിയറ്റ് നേതൃത്വത്തെ ശപിച്ചുകൊണ്ട് കോപത്തോടെ കരയുന്ന കൊമറോവിന്റെ ശബ്ദ സന്ദേശം ലഭിച്ചെന്ന തരത്തിൽ അമേരിക്ക അടക്കം പാശ്ചാത്യ ലോകത്ത് പ്രചാരണങ്ങൾ അഴിച്ചുവിട്ടു. എന്നാൽ ഇത് ശരിയല്ലെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
അതേ സമയം, തന്റെ മരണം കൊമറോവ് മുൻകൂട്ടി കണ്ടിരുന്നു എന്നതിനെ സാധൂകരിക്കുന്ന നിരവധി രേഖകൾ പുറത്തുവന്നിട്ടുണ്ട്. വെറും 15 വയസുള്ളപ്പോൾ സോവിയറ്റ് എയർഫോഴ്സിൽ അംഗമായ കൊമറോവ് 1949ലാണ് എയർ ഫോഴ്സ് പൈലറ്റായി മാറിയത്.
1959ൽ സുകോവ്സ്കി എയർ ഫോഴ്സ് എൻജിനിയറിംഗ് അക്കാഡമിയിൽ നിന്ന് ബിരുദവും പൂർത്തിയാക്കിയിരുന്നു. തന്റെ പരിചയ സമ്പന്നത കൊണ്ട് സോയൂസ് 1ന്റെ രൂപകല്പനയിലെ പാളിച്ചകൾ കൊമറോവ് തിരിച്ചറിഞ്ഞിരുന്നു.
പിഴവുകൾ എൻജിനിയർമാർ തന്നെ ചൂണ്ടിക്കാട്ടിയിട്ടും ദൗത്യം മുന്നോട്ടുകൊണ്ടുപോകാൻ ഭരണകൂടം സമ്മർദ്ദം ചെലുത്തിയെന്ന് മുൻ ഇന്റലിജൻസ് ഓഫീസർമാർ വെളിപ്പെടുത്തി. അപകടം മണത്ത ഗഗാറിൻ കൊമറോവിനെ ദൗത്യത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചെന്നും പറയപ്പെടുന്നു. താൻ പിൻമാറിയതുകൊണ്ട് ദൗത്യം ഭരണകൂടം ഉപേക്ഷിക്കില്ലെന്നും പകരം ഗഗാറിനെ നിയോഗിക്കുമെന്നും കൊമറോവിന് അറിയാമായിരുന്നു.
തന്റെ സുഹൃത്തിനെ മരണത്തിലേയ്ക്ക് തള്ളിവിടാൻ കൊമറോവിന് കഴിയുമായിരുന്നില്ല. അതിനാൽ അദ്ദേഹം എല്ലാം അറിഞ്ഞുകൊണ്ട് അവസാന യാത്ര തിരിച്ചതാണെന്ന് പറയപ്പെടുന്നുണ്ട്. നിർഭാഗ്യമെന്ന് പറയട്ടെ, ഗഗാറിനും അകാല മരണമായിരുന്നു വിധി. കൊമറോവ് മരിച്ച് ഒരു വർഷം തികയുംമുന്നേ34കാരനായ ഗഗാറിൻ യുദ്ധവിമാനം തകർന്ന് ഓർമയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |