
''അവനവനാത്മ സുഖത്തിന്നാചരിക്കുന്നവ
അപരന് സുഖത്തിനായ് വരേണം""
- ശ്രീനാരായണ ഗുരുദേവൻ
എല്ലാവരേയും പോലെ അയാളും ശമ്പളത്തിനായി കാത്തിരുന്നു. എന്നാൽ ഒരു വ്യത്യാസമുണ്ട്. ആ ശമ്പളത്തിൽ നിന്ന് ഒരു പൈസ പോലും സ്വന്തം ആവശ്യത്തിനെടുത്തില്ല. വഴിക്കണ്ണോടെ കാത്തിരിക്കുന്ന അനേകം കുഞ്ഞുങ്ങളിലേയ്ക്ക്, പാവം മനുഷ്യരിലേയ്ക്ക് അയാൾ നടന്നു. അതും തികയാതായപ്പോൾ അറിയാവുന്ന ജോലികളെല്ലാം ചെയ്തു. ഹോട്ടൽവെയിറ്ററായും തുണികൾ തേച്ചും വരുമാനം കണ്ടെത്തി. കൂട്ടിവച്ച പണംകൊണ്ട് ഭക്ഷണവും പുസ്തകങ്ങളുമായി നൂറുകണക്കിന് മനുഷ്യരിലേയ്ക്ക് അലിഞ്ഞിറങ്ങി.
35 വർഷം ജോലി ചെയ്ത പണം, പെൻഷൻ തുക, എന്തിന് അവാർഡുതുകയായി ലഭിച്ച 30 കോടി രൂപ... എല്ലാം അശരണർക്കും കുഞ്ഞുങ്ങൾക്കും ദളിതർക്കും ആദിവാസികൾക്കുമൊക്കെ നീക്കിവച്ചു. ആശ്രയക്കൈപിടിച്ച് വളർന്നുവന്ന എണ്ണിയാൽ തീരാത്ത കുട്ടികൾ, മരണവക്കിൽ നിന്ന് ജീവിതത്തിന്റെ സ്വാദറിഞ്ഞ മനുഷ്യർ, വളർന്നു പന്തലിച്ച എത്ര മരങ്ങൾ..!
86-ാം വയസിലും അയാളുടെ മനസിനെ വാർദ്ധക്യം ബാധിച്ചിട്ടില്ല. ഇന്നും കഷ്ടപ്പെടുകയാണ്; ഒരു കുഞ്ഞു പോലും വിശന്നിരിക്കാതിരിക്കാൻ. കേട്ടറിഞ്ഞ പലരും അദ്ഭുതത്തോടെ കാണുന്നയാൾ. അദ്ദേഹത്തിന്റെ സേവനങ്ങൾക്ക് 2023ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. നടൻ രജനീകാന്ത് പിതാവായി ദത്തെടുക്കാൻ ആഗ്രഹിച്ച മനുഷ്യൻ. ദയയുടെയും നന്മയുടെയും ആഴം വാക്കുകൾക്ക് അതീതമാണെന്ന് പഠിപ്പിച്ചൊരാൾ. മനുഷ്യസ്നേഹത്തിന്റെ, സഹജീവികളോടുള്ള കരുതലിന്റെ പര്യായമായ ഒരു പഴയ ലൈബ്രേറിയൻ. എത്ര കിട്ടിയാലും മതിയാകാത്ത മനുഷ്യരുടെ ലോകത്ത് ഇങ്ങനെ ചിന്തിക്കുന്നയാളെ അദ്ഭുതം എന്നല്ലാതെ എന്തു വിളിക്കും. നിർവചനങ്ങളിലൊന്നും ഒതുങ്ങിനിൽക്കാത്ത അത്രമേൽ സുന്ദരമായ ഒരു മനുഷ്യൻ, പാലം കല്യാണ സുന്ദരം!
അമ്മയേകിയ
ജീവിത പാഠം
''സന്തുഷ്ടരായിരിക്കാൻ അത്യാഗ്രഹത്തെ ദൂരെക്കളയണം, പത്തു രൂപ കിട്ടിയാൽ അതിലൊരു പങ്ക് പാവങ്ങൾക്ക് നൽകണം""- ക്ളാസ് മുറികളിൽ നിന്ന് കിട്ടാത്ത പാഠം അമ്മയാണ് കുട്ടിക്കാലത്ത് ചൊല്ലിക്കൊടുത്തത്. അമ്മയുടെ ഉപദേശം അക്ഷരംപ്രതി പാലിച്ച കല്യാണ സുന്ദരം ലോകത്തിലെ തന്നെ അപൂർവ വ്യക്തിയായി. തമിഴ്നാട് തിരുനെൽവേലി ജില്ലയിലെ മേലക്കരിവേലംകുളം എന്ന കൊച്ചു ഗ്രാമത്തിൽ 1940ലാണ് കല്യാണസുന്ദരത്തിന്റെ ജനനം. ഒരു വയസുള്ളപ്പോൾ പിതാവ് മരിച്ചു. പിന്നീടങ്ങോട്ട് കഷ്ടപ്പാടിന്റെ നാളുകൾ. ഇല്ലായ്മയിലും അമ്മയുടെ ജീവിതത്തിലും വാക്കിലും എന്നും നിറഞ്ഞുനിന്നിരുന്നത് 'കഴിയുന്നത്ര മറ്റുള്ളവരെ സഹായിക്കണം" എന്നതായിരുന്നു. എന്നാൽ കിട്ടുന്നതിൽ പാതിയല്ല, മുഴുവനും കല്യാണസുന്ദരം പാവങ്ങൾക്കായി നീക്കിവച്ചു. റോഡോ, വൈദ്യുതിയോ എത്തിയിട്ടില്ലാത്ത ഗ്രാമത്തിൽ നിന്ന് ദിവസവും 10 കിലോമീറ്റർ നടന്നായിരുന്നു സ്കൂൾ യാത്ര. ദൂരവും യാത്രയും കൂട്ടുമില്ലാത്തതിനാൽ ഗ്രാമത്തിലെ പല കുട്ടികളും സ്കൂളിൽ പോയിരുന്നില്ല. തനിയെ പോകാനുള്ള മടിയിൽ നിന്നാണ് അവൻ മറ്റ് കുട്ടികളെ ഒപ്പം കൂട്ടിത്തുടങ്ങിയത്. ഒടുവിൽ ഗ്രാമത്തിലെ കുട്ടികളെല്ലാവരും അവനൊപ്പം സഞ്ചരിച്ചു, പഠിച്ചു. മറ്റ് കുട്ടികളേയും സ്കൂളിലെത്തിക്കുന്നത് തന്റെ കടമയായി കണ്ടു. ഫീസടയ്ക്കാനാവാത്തതിനാൽ സ്കൂളിൽ പോകാൻ കഴിയാത്തവർക്കുവേണ്ടി ചെറുജോലി ചെയ്ത് തുക കണ്ടെത്തി. അവർക്ക് പുസ്തകങ്ങളും വസ്ത്രങ്ങളും നൽകി. അമ്മയേകിയ പാഠം ജീവിതത്തിൽ പകർത്തുമ്പോൾ കല്യാണസുന്ദരത്തിന് വയസ് 14. ചെറുപ്പത്തിൽ ഗാന്ധിയൻ ആദർശം കല്യാണ സുന്ദരത്തിന്റെ മനസിൽ കല്ലുപോലെയുറച്ചു.
1962ലെ ഇന്ത്യ-പാക് യുദ്ധസമയം. രാജ്യത്തെ സഹായിക്കാൻ ഉദാരമനസ്കതയോടെ മുന്നോട്ടുവരാൻ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ആഹ്വാനം. പ്രചോദനം ഉൾക്കൊണ്ട കല്യാണസുന്ദരം നേരെ തമിഴ്നാട് മുഖ്യമന്ത്രി കാമരാജിനെ കണ്ടു. അമ്മ കഷ്ടപ്പെട്ട് വാങ്ങിക്കൊടുത്ത സ്വർണമാല ഊരിനൽകി. ഞെട്ടിപ്പോയ കാമരാജ് കല്യാണസുന്ദരത്തെ ആദരിച്ചാണ് മടക്കി അയച്ചത്.
തകർന്നുപോയ
നാളുകൾ
മികച്ച അക്കാഡമിക് പശ്ചാത്തലവും ജീവിത ലക്ഷ്യവും ഉണ്ടായിരുന്നിട്ടും കല്യാണ സുന്ദരം തകർന്നുപോയ നാളുകളുമുണ്ടായിട്ടുണ്ട്. സ്ത്രൈണസ്വഭാവമുള്ള, വളരെ പതിഞ്ഞ ശബ്ദമാണ് അദ്ദേഹത്തിന്റേത്. പഠിച്ചുകൊണ്ടിരിക്കുമ്പോൾ സഹപാഠികളിൽ പലരും ശബ്ദത്തിന്റെ പേരിൽ പരിഹസിച്ചു. പരിഹാസം ഭയന്ന് ആളുകളോട് സംസാരിക്കാതെയായി. ആൾക്കൂട്ടത്തെ ഭയപ്പെട്ടു. പരിഹാസം സഹിക്കാനാവാതെ ആത്മഹത്യയെപ്പറ്റിയുംചിന്തിച്ചു. അക്കാലത്താണ് വ്യക്തിത്വ വികസനത്തെക്കുറിച്ച് പുസ്തകങ്ങൾ എഴുതുന്ന തമിഴ്വാനൻ എന്ന വ്യക്തിയെ പരിചയപ്പെടുന്നത്. ''നീ എങ്ങനെ സംസാരിക്കുന്നു എന്നതിലല്ല, മറ്റുള്ളവർ നിന്നെക്കുറിച്ച് എന്ത് സംസാരിക്കുന്നു എന്നതിലാണ് കാര്യം"" ആ വാചകം ജീവിതത്തെ മാറ്റിമറിച്ചു. ഒരിക്കൽ അപമാനമായി തോന്നിയ ശബ്ദം പിന്നീടിങ്ങോട്ട് മനുഷ്യത്വത്തിന്റെ മുഴക്കമായി !
സ്വർണമെഡലോടെ
ബിരുദം
അമ്മയുടെ കഷ്ടപ്പാടിന് ഫലം കിട്ടണമെങ്കിൽ നന്നായി പഠിക്കണമെന്നും ജോലി നേടണമെന്നും കല്യാണസുന്ദരം തീരുമാനിച്ചുറപ്പിച്ചിരുന്നു. മാത്രമല്ല, ഒരുപാട് പേർക്ക് കൈത്താങ്ങാകണം. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം മദ്രാസ് സർവകലാശാലയിൽ നിന്ന് സാഹിത്യത്തിലും ചരിത്രത്തിലും ബിരുദം നേടി. ലൈബ്രറി സയൻസിൽ ബിരുദാനന്തര ബിരുദം സ്വർണമെഡലോടെ പൂർത്തിയാക്കി. ഇന്നത്തെ തൂത്തുക്കുടി ജില്ലയിലുള്ള ശ്രീവൈകുണ്ഠത്തെ കുമാരഗുരുപര ആർട്സ് കോളേജിൽ ലൈബ്രേറിയനായി. തുടക്ക ശമ്പളം 140 രൂപ. പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ആരെങ്കിലും തങ്ങളുടെ ഒരു വർഷത്തെ ശമ്പളം സംഭാവന ചെയ്യുമോ എന്ന് സഹപ്രവർത്തകർക്കിടയിയിൽ യാദൃശ്ചികമായാണ് ചർച്ചയുണ്ടായത്. എന്തുകൊണ്ടായിക്കൂടാ എന്ന കല്യാണ സുന്ദരത്തിന്റെ ചോദ്യം പിന്നീടങ്ങോട്ട് അദ്ദേഹത്തിന്റെ ശീലമായി, ജീവിതവും.
ആദ്യ ശമ്പളം ലഭിച്ചപ്പോൾ കല്യാണസുന്ദരം തീരുമാനമെടുത്തു. 'അനാഥർക്കും നിർദ്ധന വിദ്യാർത്ഥികൾക്കും സഹായമാകണം". ഒന്നും രണ്ടുമല്ല, 35 വർഷം, പെൻഷനാകുന്നതുവരെ ആ തീരുമാനത്തിൽ ഒരിളക്കവുമുണ്ടായില്ല. പട്ടിണി കിടക്കേണ്ടി വന്നപ്പോഴും ഒരു പൈസ പോലും ശമ്പളത്തിൽ നിന്നെടുക്കാതെ, ഹോട്ടലുകളിലും അലക്കുകടകളിലും ജോലി ചെയ്ത് ചെലവു നടത്തി.
1998ൽ വിരമിച്ചപ്പോൾ ലഭിച്ച പത്തുലക്ഷം രൂപ, അപ്പോൾ തന്നെ പാവപ്പെട്ട കുഞ്ഞുങ്ങൾക്കായി നീക്കിവച്ചു. ആകെയുണ്ടായിരുന്ന പൂർവിക സ്വത്തും പൊതുപ്രവർത്തനങ്ങൾക്കായി മാറ്റിവച്ചു. വിരമിച്ച ശേഷം ഹോട്ടലിൽ വെയിറ്ററായും ട്യൂഷനെടുത്തും വരുമാനം കണ്ടെത്തി. സ്വന്തം ചെലവുകഴിച്ചുള്ള തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്. അങ്ങനെ പാവപ്പെട്ട മനുഷ്യർക്കായി കല്യാണസുന്ദരം ജീവിച്ചു. മനുഷ്യരുടെ കഷ്ടപ്പാടുകളെക്കുറിച്ചോർത്ത്, അവരെ കാണാനും അറിയാനും ഊണും ഉറക്കവും കളഞ്ഞ് തെരുവുകളിൽ അലഞ്ഞു. അവർക്കില്ലാത്ത ഒരു സുഖസൗകര്യവും തനിക്കും വേണ്ടെന്ന് സ്വയം പറഞ്ഞു കൊണ്ടേയിരുന്നു.
രണ്ടിടങ്ങളെ
ബന്ധിപ്പിക്കുന്ന പാലം
പാലം-സഹായം നൽകാൻ ആഗ്രഹിക്കുന്നവരും അത് ആവശ്യമുള്ളവരും തമ്മിലുള്ള കണ്ണിയാണ്. വിരമിച്ചാൽ തന്റെ സഹായങ്ങളും പ്രവർത്തനങ്ങളും നിലയ്ക്കുമോ എന്ന് സർവീസ് കാലത്ത് കല്യാണസുന്ദരം ഭയന്നിരുന്നു. ചെറുജോലികൾ ചെയ്ത് പോകാമെന്നുവച്ചാലും അത് എത്ര പേർക്ക് മതിയാകും? അങ്ങനെയാണ് ഒരു 'പാല"മായാലെന്തെന്ന ആശയമുദിച്ചത്. സഹായം ആവശ്യമുള്ളവരെയും അത് നൽകാൻ സന്നദ്ധരായവരെയും തമ്മിൽ ബന്ധിപ്പിക്കുന്നതിനായി 'പാലം"എന്ന സംഘടനയ്ക്ക് രൂപം നൽകി. പ്രധാനമായും കുഞ്ഞുങ്ങളുടെ ക്ഷേമത്തിനാണ് സംഘടന പ്രവർത്തിച്ചത്. വിദ്യാഭ്യാസം, അനാഥരുടെ സംരക്ഷണം, വസ്ത്രം, പുസ്തകങ്ങൾ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നിവയ്ക്കൊപ്പം പ്രകൃതിദുരന്തങ്ങളിലുൾപ്പെടെ ദുരിതമനുഭവിക്കുന്നവർക്കും പാലം കൈത്താങ്ങായി. നിരവധി പ്പേരുടെ പിന്തുണയോടെ ഇന്നും ഉറപ്പുള്ള പാലമായി സംഘടന നിലനിൽക്കുന്നു. ഔദ്യോഗിക വരുമാനം നിലച്ചാലും ചിട്ടയോടെ തുടർന്നുപോകാൻ തക്ക രീതിയിലാണ് പാലത്തിന്റെ പ്രവർത്തനങ്ങൾ അദ്ദേഹം അത് ആസൂത്രണം ചെയ്തത്.
ആഗ്രഹിക്കാത്ത
അംഗീകാരങ്ങൾ
നന്ദിയുടെ നോട്ടം പോലും അദ്ദേഹം ആഗ്രഹിച്ചിട്ടില്ല, അത്രമേൽ നിശബ്ദ യാത്ര. പല തവണ മാദ്ധ്യമങ്ങളിൽ നിന്ന് അകന്നുനടന്നു. എന്നാൽ ആ പ്രവർത്തനങ്ങളെല്ലാം ലോകം കാണുന്നുണ്ടായിരുന്നു. ഐക്യരാഷ്ട്രസംഘടന, 20-ാം നൂറ്റാണ്ടിലെ വിശിഷ്ടവ്യക്തികളിലൊരാൾ എന്ന് കല്യാണസുന്ദരത്തെ വിശേഷിപ്പിച്ചു.
യു.എസ് 'മാൻ ഒഫ് ദ മില്ലേനിയം സംഘടന" എന്ന ബഹുമതിയും കേംബ്രിഡ്ജിലെ ദി ഇന്റർനാഷണൽ ബയോഗ്രഫിക്കൽ സെന്റർ, നൂറ്റാണ്ടിലെ ഏറ്റവും ഉദാത്തനായ വ്യക്തി എന്ന ബഹുമതിയും നൽകി ആദരിച്ചു. മാൻ ഓഫ് ദ മില്ലേനിയം പുരസ്കാരത്തിന്റെ ഭാഗമായി ലഭിച്ചത് 30 കോടി രൂപ! 2011ൽ ആജീവനാന്ത സേവനത്തിനുള്ള റോട്ടറി ഇന്റർനാഷണൽ അവാർഡ്, 2012 ലെ മികച്ച ലൈബ്രേറിയനുള്ള അവാർഡ്, കേന്ദ്രസർക്കാരിന്റെ ഏറ്റവും മികച്ച ലൈബ്രേറിയൻ അവാർഡ് എന്നിവയും തേടിയെത്തി. 2012ൽ സൗത്ത് ഇന്ത്യയിലെ ബുക്ക് സെല്ലേഴ്സ് ആൻഡ് പബ്ലിഷേഴ്സ് അസോസിയേഷന്റെ മികച്ച ലൈബ്രേറിയനുള്ള പുരസ്കാരവും ലഭിച്ചു.
ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി ലോകത്തിലെ മികച്ച പത്ത് ലൈബ്രേറിയൻമാരിൽ ഒരാളായി തിരഞ്ഞെടുത്തത് കല്യാണസുന്ദരത്തെയാണ്. പഞ്ചാബ് സർക്കാർ അദ്ദേഹത്തെ മികച്ച ലൈബ്രറി പണ്ഡിതനായി ആദരിച്ചു. സാമൂഹിക സേവനത്തിന് 2023ൽ പദ്മശ്രീയിലൂടെ രാജ്യത്തിന്റെ ആദരവും.
രജനികാന്തിന്റെ
അച്ഛന്റെ സ്ഥാനത്ത്
2012ൽ സൂപ്പർ സ്റ്റാർ രജനീകാന്ത് അദ്ദേഹത്തെ പിതാവായി സ്വീകരിക്കാൻ താത്പര്യം പ്രകടിപ്പിച്ചു. തന്റെ വീട്ടിൽ താമസിക്കാൻ ക്ഷണിച്ചു. രജനിയോടുള്ള സ്നേഹവും ബഹുമാനവും ആവോളമുണ്ടെങ്കിലും വിനയത്തോടെ ആ ക്ഷണം നിരസിച്ചു. ജീവിതം ഇല്ലെന്നു കരുതുന്നവർക്കൊപ്പമുള്ള ജീവിതമാണ് ആഗ്രഹിച്ചതെന്നും ലളിതവും സ്വതന്ത്രവുമായ ജീവിതം തുടരണമെന്നും അറിയിച്ചു. ഇന്നും രജനിയുടെ വീട് കല്യാണസുന്ദരത്തിനായി തുറന്നുകിടക്കുകയാണ്. ആ സ്നേഹവും പരിഗണനയും മാത്രം മതി തനിക്കെന്ന് പറയുന്നു കല്യാണസുന്ദരം. കല്യാണസുന്ദരത്തിന്റെ ജീവിതത്തെകുറിച്ച് വായിച്ചറിഞ്ഞ അമിതാഭ് ബച്ചൻ അദ്ദേഹത്തിന്റെ കഥ സിനിമയാക്കാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. അങ്ങനെ ഒരുപാട് മനുഷ്യരുടെ ഉള്ളുതൊട്ട് ഹീറോകളുടെ ഹീറോയുമായി മാറി സുന്ദരം.
കല്യാണമില്ലാത്ത സുന്ദരം
പേരിൽ കല്യാണം ഉണ്ടെങ്കിലും വിവാഹം വേണ്ടെന്ന് മുന്നേ തീരുമാനിച്ചതാണ്. വിവാഹം കഴിച്ചാൽ തനിക്കൊരിക്കലും ഇത്രത്തോളം മനുഷ്യരിലേക്കിറങ്ങില്ലെന്നും സാമൂഹിക സേവനം ചെയ്യാൻ കഴിയില്ലെന്നും സുന്ദരം ചിന്തിച്ചു. ജോലി ചെയ്തുണ്ടാക്കുന്ന പണം സമൂഹത്തിനുവേണ്ടി നൽകുമ്പോൾ, പങ്കാളിയും അങ്ങനെയൊരാൾ ആയിരിക്കണമല്ലോ?
''വിജയം എന്നത് സ്വന്തം നേട്ടമായി മാത്രം കണക്കാക്കുന്ന ലോകത്ത്, ഇങ്ങനെയൊക്കെ ചെയ്യുന്നതാണ് വിജയമെന്ന് ഞാൻ കരുതുന്നു. ഹോട്ടലിലും ചെറിയ കടകളിലുമൊക്കെ ചെറിയ ജോലികൾ ചെയ്ത് ജീവിക്കാൻ കഴിയും. സ്വന്തമായി ഒന്നും സമ്പാദിക്കണമെന്ന ആഗ്രഹമില്ല. 30 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകിയതാണ് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിലൊന്ന്. നൽകുന്നയാൾക്ക് എന്തെങ്കിലും യഥാർത്ഥമായ ത്യാഗം സഹിക്കേണ്ടിവരുമ്പോഴാണ് ഒരു സഹായം അർത്ഥവത്തായിത്തീരുന്നത് .ജീവകാരുണ്യപ്രവർത്തനം സമൃദ്ധിയിൽ നിന്ന് ചെയ്യേണ്ട ഒന്നല്ല, മറിച്ച് പരിമിതികൾക്കിടയിൽ നിന്ന് തോന്നേണ്ടതാണ്. സ്വന്തം അദ്ധ്വാനത്തിൽ നിന്ന് ലഭിച്ച പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകുന്നതിനേക്കാൾ സംതൃപ്തി മറ്റൊന്നിനുമില്ല "" ചെന്നൈയിലെ സൈദാപേട്ടിയിലെ ചെറിയ വീട്ടിൽ അതിസുന്ദരവും ആഴവുമുള്ള ഫിലോസഫിയുമായി ഒരു ചെറിയ മനഷ്യൻ വലിയ ജീവിതം ആസ്വദിക്കുന്നു. ദിവസവും രാവിലെ അഡയാറിലെ ' പാല" ത്തിന്റെ ഓഫീസിലെത്തും. അവശതയനുഭവിക്കുന്ന, കൈത്താങ്ങ് വേണ്ടവർക്കായി ഒരു വിളിപ്പാടകലെ താനുണ്ടെന്ന് സ്വയം ഉറപ്പിക്കും.
''ഏതെങ്കിലും തരത്തിൽ സമൂഹത്തിന് സംഭാവന നൽകിയില്ലെങ്കിൽ നമുക്ക് നിലനിൽക്കാനാവില്ല. സാമൂഹിക നന്മയ്ക്കായി ഒരാൾ തന്റെ പങ്ക് നന്നായി നിറവേറ്റിയാൽ പോലും വലിയ മാറ്റം ഉണ്ടാകുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്. ഇതിനെല്ലാം വേണ്ടത് മനസാണ്. എല്ലാം മനസിന്റെ അവസ്ഥയാണ്. അവസാനം, ഈ ഭൂമിയിൽ നിന്ന് പോകുമ്പോൾ നമ്മൾ എന്താണ് കൂടെ കൊണ്ടുപോകുന്നത്?""-ആയിരക്കണക്കിന് മനുഷ്യരുടെ ഹൃദയവും സ്നേഹവും പ്രാർത്ഥനയും കൂടെയുള്ളപ്പോൾ, ആ ചോദ്യം മുഴങ്ങുന്നു. ഭൂമിയിൽ നിന്ന് പോകുമ്പോൾ നമ്മൾ എന്താണ് കൂടെ കൊണ്ടുപോകുന്നത് ?
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |