
ആർ.എസ്.എസ് സർ സംഘ ചാലക് മോഹൻ ഭാഗവത് ന്യൂയോർക്ക് നഗരത്തിലെ മാഡിസൺ സ്ക്വയറിൽ നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്തഭാഗങ്ങൾ.
''
വ്യക്തിയുടെ താത്പര്യം മാത്രം മുന്നിൽവച്ച് സമൂഹത്തെ കാണുമ്പോൾ വിഭജനം സ്വാഭാവികമാകും. 'എന്റേത്' എന്നതിൽ നിന്ന് 'നമ്മുടേത്' എന്ന ചിന്തയിലേക്കുള്ള മാറ്റമാണ് ആവശ്യം.
...................................................
അമേരിക്കയെ വിശേഷിപ്പിക്കുമ്പോൾ 'പ്ലൂറലിസം' എന്നും ഭാരതത്തെക്കുറിച്ച് പറയുമ്പോൾ 'വൈവിദ്ധ്യത്തിലെ ഏകത' എന്നുമാണ് ലോകം പറയുന്നത്. ശരിയാണ്. ലോകം വൈവിദ്ധ്യങ്ങളാൽ നിറഞ്ഞതാണ്. ഓരോ സമൂഹത്തിനും സ്വന്തം വിശ്വാസങ്ങളും ആചാരങ്ങളും ഭാഷയും സംസ്‌കാരവുമുണ്ട്. എന്നാൽ ഈ വൈവിദ്ധ്യങ്ങൾക്കപ്പുറം മനുഷ്യരാശിയുടെ അടിസ്ഥാന ഏകത്വമുണ്ട്. വ്യത്യസ്ത വഴികളിലൂടെ സഞ്ചരിച്ചാലും മനുഷ്യൻ അന്വേഷിക്കുന്നത് ഒരേ സത്യത്തെയാണ്. ഒരേ സത്യത്തെ വ്യത്യസ്ത പേരുകളിലും വ്യത്യസ്ത രീതികളിലും മനുഷ്യർ തിരിച്ചറിയുന്നു.
ഇതാണ് ഭാരതത്തിന്റെ പ്രത്യേകത. വൈവിദ്ധ്യത്തെ ഭീഷണിയായി കാണാതെ അംഗീകരിച്ചും ബഹുമാനിച്ചുമാണ് ഭാരതീയ സമൂഹം വളർന്നത്. അതുകൊണ്ടുതന്നെ 'വൈവിദ്ധ്യത്തിലെ ഏകത' ഒരു മുദ്രാവാക്യം മാത്രമല്ല; ഭാരതത്തിന്റെ സ്വഭാവവും സ്വത്വവുമാണ്.
ഒരു മതം മറ്റൊരു മതത്തെ ഇല്ലാതാക്കണമെന്നോ ഒരു സംസ്‌കാരം മറ്റൊന്നിനെ കീഴടക്കണമെന്നോ ഉള്ള ചിന്ത ഭാരതീയ പാരമ്പര്യത്തിന്റേതല്ല. വിശ്വാസങ്ങളും ആരാധനാ രീതികളും വ്യത്യസ്തമായിരിക്കാം. എന്നാൽ അതിന്റെ പേരിൽ മനുഷ്യരെ വേർതിരിക്കാനാവില്ല.
മുസ്ലിം വിരുദ്ധത ഹിന്ദുത്വമല്ല
മറ്റുള്ളവരെ ഒഴിവാക്കുന്നതല്ല ഹിന്ദുത്വത്തിന്റെ അടിസ്ഥാനം. എല്ലാവരെയും ഉൾക്കൊള്ളുന്ന ജീവിതദർശനമാണ് ഹിന്ദുത്വം. ഭാരതീയതയെ ഒരു മതത്തിന്റെ പരിധിയിൽ ഒതുക്കാനാവില്ല. വിവിധ സമൂഹങ്ങളുടെയും വിശ്വാസങ്ങളുടെയും സഹവർത്തിത്വത്തിലൂടെയാണ് ഭാരതത്തിന്റെ സാംസ്‌കാരിക പാരമ്പര്യം രൂപപ്പെട്ടത്. ഭാരതത്തിൽ മുസ്ലിങ്ങൾ ഉണ്ടാകരുത് എന്ന് ഒരു ഹിന്ദു ചിന്തിക്കുന്നുവെങ്കിൽ അയാൾ ഹിന്ദുവായി തുടരില്ല. വ്യത്യാസങ്ങൾ നിലനിൽക്കട്ടെ. എന്നാൽ അവ വൈരമായി മാറരുത്. മതവിശ്വാസം മനുഷ്യരെ തമ്മിൽ ബന്ധിപ്പിക്കുന്ന ശക്തിയാകണം; വേർതിരിക്കുന്ന ആയുധമാകരുത്.
'ജീവിക്കുക; മറ്റുള്ളവരെയും
ജീവിക്കാൻ അനുവദിക്കുക'
മനുഷ്യസമൂഹത്തിൽ രണ്ട് തരത്തിലുള്ള ചിന്താഗതികളുണ്ട്. ഒന്ന് 'ഞാൻ ജീവിക്കും, മറ്റുള്ളവരെയും ജീവിക്കാൻ അനുവദിക്കും'. മറ്റൊന്ന് 'എന്റെ വാക്ക് അനുസരിക്കുന്നവർക്ക് മാത്രമേ ജീവിക്കാൻ അവകാശമുള്ളൂ'. തന്നെ അനുസരിക്കുന്നവരെ മാത്രം സംരക്ഷിക്കുന്ന സമീപനം മനുഷ്യസമൂഹത്തെ വിഭജിക്കും. അതിനപ്പുറം, മറ്റൊരാൾ തന്റെ വാക്ക് കേൾക്കുന്നുണ്ടോ, തനിക്ക് അനുകൂലമാണോ, തനിക്ക് പ്രയോജനപ്പെടുന്നുണ്ടോ എന്നതൊന്നും നോക്കാതെ എല്ലാവരും മനുഷ്യരാണെന്ന ബോധത്തിൽ സഹോദരത്വത്തോടെ ജീവിക്കുകയാണ് വേണ്ടത്.
എന്റേതിൽ നിന്ന്
നമ്മുടേത് ആകണം
'നരൻ കർമ്മം ചെയ്താൽ നാരായണനാകും. ശരിയായ രീതിയിൽ ചിന്തിച്ചാൽ മനുഷ്യൻ ദൈവികതയിലേക്ക് അടുക്കും. തെറ്റായ വഴിയിലൂടെ ചിന്തിച്ചാൽ മൃഗീയതയിലേക്ക് നീങ്ങും. ശരിയായ ദിശയിൽ ജീവിതം രൂപപ്പെടുത്തുന്ന മനുഷ്യൻ സമൂഹത്തോടും ലോകത്തോടും ഉത്തരവാദിത്വമുള്ള പൗരനായി മാറും.
മനുഷ്യസമൂഹം നേരിടുന്ന വലിയ പ്രശ്നങ്ങളിലൊന്നാണ് 'ഞാൻ' എന്ന ചിന്തയുടെ അമിതവളർച്ച. വ്യക്തിയുടെ താത്പര്യം മാത്രം മുന്നിൽവച്ച് സമൂഹത്തെ കാണുമ്പോൾ വിഭജനം സ്വാഭാവികമാകും. 'എന്റേത്' എന്നതിൽ നിന്ന് 'നമ്മുടേത്' എന്ന ചിന്തയിലേക്കുള്ള മാറ്റമാണ് ആവശ്യം. മനുഷ്യൻ ഒറ്റയ്ക്ക് ജീവിക്കുന്നില്ല. അവൻ ഉപയോഗിക്കുന്ന ഓരോ വസ്തുവിനും പിന്നിൽ മറ്റൊരാളുടെ അദ്ധ്വാനമുണ്ട്. അതിനാൽ സമൂഹത്തിൽ നിന്ന് സ്വീകരിക്കുന്നതിനെക്കുറിച്ച് മാത്രമല്ല, സമൂഹത്തിന് തിരിച്ചുനൽകുന്നതിനെക്കുറിച്ചും ഓരോ വ്യക്തിയും ചിന്തിക്കണം. സമ്പത്ത് നേടുന്നതിൽ മാത്രം ജീവിതത്തിന്റെ വിജയം അളക്കാനാവില്ല. മറ്റുള്ളവർക്കായി എന്ത് ചെയ്തു എന്നതും മനുഷ്യന്റെ ജീവിതത്തിന്റെ മൂല്യം നിർണയിക്കണം.
'എത്ര സമ്പാദിച്ചു' അല്ല,
'എത്ര പങ്കിട്ടു'
സമ്പത്തും ഭൗതികസൗകര്യങ്ങളും ജീവിതത്തിന്റെ ഭാഗമാണ്. ഭാരതീയ ചിന്ത അവയെ നിരാകരിക്കുന്നില്ല. എന്നാൽ ഭൗതികസുഖം മാത്രം സ്ഥിരമായ സംതൃപ്തി നൽകില്ല.
ഒരേ ഭക്ഷണം ആവർത്തിച്ച് ലഭിക്കുമ്പോൾ ആദ്യത്തെ ആസ്വാദനം പിന്നീട് കുറയുന്നതുപോലെ ഭൗതികസുഖത്തിനും പരിധിയുണ്ട്. കൂടുതൽ ലഭിച്ചാൽ കൂടുതൽ സന്തോഷം എന്നത് സ്ഥിരമായ സത്യമല്ല.
അതുകൊണ്ട് കരിയറിന്റെയും വിജയത്തിന്റെയും അളവുകോൽ എത്ര സമ്പാദിച്ചു എന്നതിൽ മാത്രം ഒതുങ്ങരുത്; എത്ര പങ്കുവച്ചു എന്നതും പ്രധാനമാണ്. ചിലരുടെ മാത്രം സമ്പന്നതയെ വികസനമായി കാണാനാവില്ല. പിന്നാക്ക വിഭാഗങ്ങളെ പിന്നിലാക്കി നടത്തുന്ന മുന്നേറ്റം യഥാർത്ഥ പുരോഗതിയല്ല. എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനമാണ് ആവശ്യം. മനുഷ്യന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം പ്രകൃതിയെയും സംരക്ഷിക്കണം.
വ്യത്യസ്ത ശരീരങ്ങൾ, വസ്ത്രങ്ങൾ, ഭാഷകൾ, മതങ്ങൾ, ആരാധനാരീതികൾ... മനുഷ്യർ പുറമേ വ്യത്യസ്തരാണ്. എന്നാൽ മാലയിലെ വ്യത്യസ്ത മണികളെ ഒരൊറ്റ നൂൽ ബന്ധിപ്പിക്കുന്നതുപോലെ മനുഷ്യരെ ബന്ധിപ്പിക്കുന്ന ഒരു അന്തർധാരയുണ്ട്. അതാണ് ആത്മാവ്. ശരീരം നശിക്കും. എന്നാൽ മനുഷ്യന്റെ ഉള്ളിൽ നശിക്കാത്ത ഒന്നുണ്ടെന്നാണ് വിവിധ ആത്മീയ പാരമ്പര്യങ്ങൾ പറയുന്നത്. വിശ്വാസങ്ങൾ വ്യത്യസ്തമായാലും ഉള്ളിൽ നിലനിൽക്കുന്ന ഏകതയുടെ ബോധമാണ് പ്രധാനം.
കർമ്മഭൂമി അമേരിക്ക;
ജന്മഭൂമി ഭാരതം
അമേരിക്കയാണ് നിങ്ങളുടെ കർമ്മഭൂമിയെങ്കിൽ അവിടത്തെ സമൂഹത്തിനും രാജ്യത്തിനും സംഭാവന നൽകണം. സ്വന്തം കഴിവും അറിവും ഉപയോഗിച്ച് സമൂഹത്തിന്റെ പുരോഗതിയിൽ പങ്കാളികളാകണം. അതേസമയം ഭാരതം ജന്മഭൂമിയെന്ന നിലയിൽ നൽകിയ മൂല്യങ്ങൾ ജീവിതത്തിൽ നിലനിറുത്തണം. കർമ്മഭൂമിയോടുള്ള കടമ നിറവേറ്റിയശേഷം ഭാരതത്തിനായി എന്തെങ്കിലും ചെയ്യാനുള്ള ആഗ്രഹമുണ്ടെങ്കിൽ അതിന് വിലക്കില്ല. എന്നാൽ ഭാരതം നിങ്ങളിൽ നിന്നു പ്രതീക്ഷിക്കുന്നത് പണം അയയ്ക്കുക മാത്രമല്ല; ഭാരതം നൽകിയ ജീവിതമൂല്യങ്ങൾ ലോകത്ത് മാതൃകയാക്കുകയാണ്. വിദേശമണ്ണിൽ കഴിയുമ്പോഴും സുസ്ഥിരമായ മൂല്യങ്ങളിലും ജീവിതശൈലിയിലും ഉറച്ചുനിന്ന് ജീവിക്കുക. സ്വന്തം വേരുകൾ മറക്കാതെ ജീവിക്കുകയും കഴിയുന്ന സമൂഹത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്യുക.
ധർമ്മം മതമല്ല
ലോകത്തിന് ഭാരതം നൽകേണ്ടത് മതപ്രചാരണമല്ല; ധർമ്മത്തിന്റെ സന്ദേശമാണ്. ധർമ്മം ഒരു പ്രത്യേക മതമോ ആരാധനാരീതിയോ അല്ല. എല്ലാറ്റിനെയും കൂട്ടിയിണക്കുകയും നിലനിറുത്തുകയും ചെയ്യുന്ന തത്വമാണ് ധർമ്മം. ഭിന്നതകൾക്കിടയിൽ സന്തുലനം സൃഷ്ടിക്കുന്നതും വിഭജനം തടയുന്നതും എല്ലാവർക്കും ഒരേസമയം മുന്നേറാനുള്ള സാഹചര്യം ഒരുക്കുന്നതുമാണ് ധർമ്മം. വ്യക്തിയും സമൂഹവും പരിസ്ഥിതിയും ഒരുമിച്ച് പുരോഗമിക്കണം. വ്യക്തിയുടെ വളർച്ചയ്ക്കായി സമൂഹത്തെ അടിച്ചമർത്തേണ്ടതില്ല; സമൂഹത്തിന്റെ വളർച്ചയ്ക്കായി പ്രകൃതിയെ നശിപ്പിക്കാനും പാടില്ല. വ്യക്തി-സമൂഹം-പരിസ്ഥിതി: മൂന്നിന്റെയും സന്തുലിതമായ പുരോഗതിയാണ് യഥാർത്ഥ വികസനം.
ശത്രുക്കളും ദുഷ്ടരും പാപികളും ഉണ്ടെന്നത് ജീവിതത്തിന്റെ യാഥാർത്ഥ്യമാണ്. എന്നാൽ അവരുടെ നാശത്തിനായി പ്രാർത്ഥിക്കുന്നതല്ല ഭാരതീയ പാരമ്പര്യം. അവരുടെ ദുഷ്ബുദ്ധി മാറട്ടെ എന്നാണ് പ്രാർത്ഥന. കാരണം ഇന്നത്തെ ശത്രുത സ്ഥിരമായ ഒന്നല്ല. സാഹചര്യങ്ങളും മനുഷ്യരുടെ പ്രവൃത്തികളുമാണ് പലപ്പോഴും വൈരത്തിന് കാരണമാകുന്നത്.
ഭാരതത്തിന്റെ നിയതി
ലോകം ഇന്ന് സംഘർഷത്തിലും അസഹിഷ്ണുതയിലും വിഭജനത്തിലും കുടുങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഭാരതത്തിന്, ലോകത്തിന് ഒരു പിന്തുണയും നിലനിൽപ്പിനുള്ള വഴിയും നൽകാനാകണം. സ്വാമി വിവേകാനന്ദൻ പറഞ്ഞതുപോലെ ഓരോ രാജ്യത്തിനും ലോകത്തിന് നൽകാനുള്ള ഒരു സന്ദേശമുണ്ട്. ഓരോ രാജ്യത്തിനും പൂർത്തിയാക്കാനുള്ള ഒരു ദൗത്യമുണ്ട്. ഓരോ രാജ്യത്തിനും നിറവേറ്റാനുള്ള ഒരു നിയതിയുണ്ട്.
വൈവിദ്ധ്യത്തിലെ ഏകതയെ സ്വയം തിരിച്ചറിയുകയും കാലാകാലങ്ങളിൽ ആ ഏകതയുടെ സന്ദേശം ലോകത്തെയും ബോദ്ധ്യപ്പെടുത്തുക എന്നതാണ് ഭാരതത്തിന്റെ നിയതി. നാം ഒന്നാണ്. വൈവിദ്ധ്യം ആ ഏകതയെ കൂടുതൽ മനോഹരമാക്കുന്നു. അതുകൊണ്ട് വൈവിദ്ധ്യം ആഘോഷിക്കണം, ബഹുമാനിക്കണം, അംഗീകരിക്കണം. അതോടൊപ്പം ഈ ഏകതയുടെ ബോധം നമ്മുടെ മനസിൽ നിലനിറുത്തുകയും വേണം. ലോകം ഒരു കുടുംബമാണ് 'വസുധൈവ കുടുംബകം'. ആ സത്യം പ്രസംഗത്തിലല്ല, ജീവിതത്തിലൂടെ ലോകത്തിന് കാണിച്ചുകൊടുക്കുകയാണ് ഭാരതത്തിന്റെ ദൗത്യം.
(ആർ.എസ്.എസ് സർ സംഘ ചാലക് മോഹൻ ഭാഗവത് ന്യൂയോർക്ക് നഗരത്തിലെ മാഡിസൺ സ്ക്വയറിൽ നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്തഭാഗങ്ങൾ )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |