
പ്രളയജലം വീണ്ടും വീടുകളിലേക്ക് ഇരച്ചുകയറിയപ്പോൾ, ദുരന്തത്തിന്റെ നടുക്കത്തിലാണ് മദ്ധ്യകേരളം ഉണർന്നത്. പ്രകൃതിയുടെ ഈ രോഷത്തിന് പ്രധാന കാരണം നദികളുടെയും അണക്കെട്ടുകളുടെയും അടിത്തട്ടിൽ കുന്നുകൂടിയ മണലും ചെളിയുമായിരുന്നു.
ആലപ്പുഴയിൽ കേരളകൗമുദിയുടെ 115ാം വാർഷികാഘോഷ വേദിയിലായിരുന്നു നദികളുടെ ആഴം കൂട്ടേണ്ടതിന്റെ അടിയന്തര പ്രാധാന്യത്തെക്കുറിച്ച് ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഓർമ്മിപ്പിച്ചത്. പരിസ്ഥിതി സംരക്ഷണത്തെ അന്ധമായ വീക്ഷണത്തോടെ കാണാതെ, പ്രകൃതി ദുരന്തങ്ങൾ ഒഴിവാക്കാനായി നദികളിൽ നിന്നുള്ള മണൽനീക്കം ഉറപ്പാക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഉപരാഷ്ട്രപതിയുടെ ഈ വാക്കുകൾക്ക് പിന്നാലെ റവന്യൂമന്ത്രിയുടെ പ്രഖ്യാപനവും വതോടെ, നാളുകളായി ചുവപ്പുനാടയിൽ കുടുങ്ങിക്കിടന്ന മണൽവാരൽ പദ്ധതികൾക്ക് പുതിയ ജീവൻ വച്ചിരിക്കുകയാണ്.
വെള്ളപ്പൊക്ക നിവാരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമൊപ്പം കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും ഉതകുന്ന നദികളിലെ മണൽ വാരൽ പ്രഖ്യാപനത്തെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് കേരളം. സംസ്ഥാനത്തെ നദികളിലും ഡാമിലുമായി കഴിഞ്ഞ എട്ടുവർഷമായി 5,000 കോടിയിലേറെ രൂപ വിപണി മൂല്യമുള്ള മണൽ അടിഞ്ഞു കൂടിയതായാണ് കണക്ക്. 2018ലെ പ്രളയം മുതൽ നദികളിലും ഡാമുകളിലും അടിഞ്ഞുകൂടിയ മണൽ നീക്കി വെള്ളപ്പൊക്കം ഒഴിവാക്കലിനൊപ്പം അധിക വരുമാനവുമാണ് ലക്ഷ്യം. ജല വിഭവ, റവന്യൂ വകുപ്പുകളുടെ ഏകോപനമാണ് ഇതിന് ആവശ്യം. 2022ൽ 11 ജില്ലകളിലെ 36 നദികളിൽ നടത്തിയ സാൻഡ് ഓഡിറ്റിൽ 17 നദികളിൽ ഖനനം ചെയ്യാവുന്ന രീതിയിൽ വൻതോതിൽ മണൽ ശേഖരമുണ്ടെന്നാണ് കണ്ടെത്തിയത്. ഭാരതപ്പുഴ, ചാലിയാർ, കടലുണ്ടി, പെരിയാർ നദികളിലാണ് കൂടുതൽ മണൽശേഖരം. ആകെ കണ്ടെത്തിയ 464 ലക്ഷം ഘനമീറ്ററിൽ നിന്ന് പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിൽ 141 ലക്ഷം ഘനമീറ്റർ മണൽ ഖനനം ചെയ്യാനായിരുന്നു ശുപാർശ.
ഇത്രയും മണൽ നീക്കിയാൽ വെള്ളപ്പൊക്ക സാദ്ധ്യത വലിയതോതിൽ കുറയും. എട്ട് ജില്ലകളിലെ 13 നദികളിൽ മാത്രം 1.75 കോടി മെട്രിക് ടൺ മണലുണ്ട്. ഇതിന് 1,500 കോടിയിലേറെ രൂപയുടെ മൂല്യവുമുണ്ടാകും. നാലുവർഷം മുൻപ് നടന്ന സാൻഡ് ഓഡിറ്റിൽ കണ്ടെത്തിയതാണിത്. നദികളിൽ 3,000 കോടിയിലേറെയും ഡാമുകളിൽ 2,000 കോടിയിലേറെയും മൂല്യമുള്ള മണലുണ്ടെന്നാണ് പ്രാഥമിക നിഗമനം. 2022ന് ശേഷം സാൻഡ് ഓഡിറ്റ് നടത്തിയിട്ടില്ല. ഭാരതപ്പുഴയിൽ 75 ലക്ഷത്തോളം മെട്രിക് ടൺ മണലുണ്ടെന്നാണ് കണക്ക്. പാലക്കാട്ടെ മംഗലം ഡാമിൽ 50 ലക്ഷം ഘനമീറ്റർ മണലുണ്ട്. തിരുവനന്തപുരത്ത് അരുവിക്കരയിൽ 20 ലക്ഷം ഘനമീറ്റററും ചുള്ളിയാർ, ചിമ്മിനി, മലമ്പുഴ തുടങ്ങിയ ഒമ്പതിടത്ത് 10 മുതൽ 30 ലക്ഷം ഘനമീറ്ററും മണലുണ്ട്. മണലടിഞ്ഞ് ഡാമുകളുടെ റഗുലേറ്ററുകളുടെയും ഏപ്രണിന്റെയും ഘടനയ്ക്കും തകരാറുണ്ട്. മണലും ചെളിയും നീക്കിയാലേ അറ്റകുറ്റപ്പണി നടത്താനാവൂ.
15 ശതമാനം സംഭരണശേഷി കൂട്ടാം
കേന്ദ്ര ജലകമ്മിഷൻ റിപ്പോർട്ട് പ്രകാരം മണലടിഞ്ഞത് മൂലം മലമ്പുഴ ഡാമിൽ കഴിഞ്ഞ 55 വർഷത്തിനിടെ 20 ദശലക്ഷം ഘനമീറ്ററും ഇടമലയാറിൽ 33 വർഷത്തിനിടെ 18 ദശലക്ഷം ഘനമീറ്ററും സംഭരണശേഷി കുറഞ്ഞു. ഡാമിൽ 40 ശതമാനം മണലും ചെളിയും നിറഞ്ഞു. മണലെടുത്താൽ സംഭരണശേഷി 15 ശതമാനം കൂട്ടാം. 900 ദശലക്ഷം ഘനമീറ്റർ വെള്ളം അധികമായി സംഭരിക്കാം. അഞ്ച് പുതിയ റിസർവോയർ സ്ഥാപിക്കുന്ന ഗുണം കിട്ടും. 5,000 കോടിയുടെ പരോക്ഷ നേട്ടവുമുണ്ടാവും. മണൽ വിറ്റുകിട്ടുന്നതിൽ 20 ശതമാനം തുക അണക്കെട്ടുകളുടെ അറ്റകുറ്റപ്പണിക്ക് ഉപയോഗിക്കാം. മൂന്ന് മീറ്റർ ആഴത്തിൽ ഖനനം ചെയ്യാനാണ് സാൻഡ് ഓഡിറ്റിലെ ശുപാർശ. മണൽഖനനം പുനരാരംഭിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി വീണ്ടും ഓഡിറ്റിംഗ് നടത്തി മണലിന്റെ തോതും വിപണിമൂല്യവും ഇനിയും കണക്കാക്കേണ്ടി വരും. ഇക്കാര്യത്തിൽ റവന്യൂ- ഇറിഗേഷൻ വകുപ്പുകളുടെ ഏകോപനമുണ്ടാകണം.
സാങ്കേതികക്കുരുക്ക് മാറ്റാൻ ഏകോപനം അനിവാര്യം
നദികളിൽ നിന്ന് നിയന്ത്രണങ്ങളോടെ മണൽഖനനത്തിനുള്ള നടപടികൾ നിലവിൽ സാങ്കേതികക്കുരുക്കിലാണ്. റവന്യൂവകുപ്പ് അംഗീകാരം നൽകിയ പദ്ധതിക്ക് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പാണ് തടസം. മണൽ വാരലിന്റെ മേൽനോട്ടം റവന്യൂ വകുപ്പിനാണ്. തദ്ദേശം, ജലവിഭവം, വ്യവസായം, പരിസ്ഥിതി വകുപ്പുകളുടെ സഹകരണവും ഏകോപനവും അനിവാര്യമാണ്. ജിയോളജി വിഭാഗത്തിന്റെ താൽപ്പര്യപത്രം ലഭിച്ചാലേ തുടർനടപടി മുന്നോട്ടു പോകൂ.
മണൽഖനനത്തിന് അനുമതി നൽകണമെന്ന് വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ജനപ്രതിനിധികളിൽ നിന്നടക്കം ആവശ്യമുയർന്ന സാഹചര്യത്തിലാണ് പദ്ധതി സജീവമാക്കാൻ തയ്യാറായത്. മലപ്പുറം, പാലക്കാട്, തൃശൂർ, കണ്ണൂർ ജില്ലകളുടെ സർവേ റിപ്പോർട്ടിന് സംസ്ഥാനതല പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിയുടെ അംഗീകാരം ലഭിച്ചിരുന്നു. മലപ്പുറം ജില്ലയിലെ 25 കടവുകളിൽ റവന്യൂ, സർവേ, ജിയോളജി, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ അതിർത്തി നിർണയവും പൂർത്തിയാക്കി. എന്നാൽ, കേരള ചെറുകിട ധാതുഖനന ചട്ടത്തിൽ, പുഴമണൽ ഖനനം ചെയ്യാൻ താൽപ്പര്യപത്രം (ലെറ്റർ ഒഫ് ഇൻഡെന്റ്) നൽകാൻ വ്യവസ്ഥയില്ലെന്ന് പറഞ്ഞാണ് ജിയോളജി വകുപ്പ് അനുമതി നിഷേധിച്ചത്. പിന്നീട് കരട് ഭേദഗതി തയാറാക്കി അഡ്വക്കേറ്റ് ജനറലിന് സമർപ്പിച്ചെങ്കിലും തുടർനടപടികളുണ്ടായില്ല. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഇതിലുള്ള തടസം എത്രയും വേഗം നീക്കുകയാണ് വേണ്ടത്.
നീക്കിയത് നാമമാത്രം
2018, 2019 കാലവർഷത്തിന് ശേഷം സംസ്ഥാനത്തെ 43 പുഴകളിൽ നിന്നായി നീക്കം ചെയ്യാൻ ലക്ഷ്യമിട്ട 3.01 കോടി ക്യുബിക് മീറ്റർ മണലിൽ മൂന്നിലൊന്ന് (98.35 ലക്ഷം ക്യുബിക് മീറ്റർ) മാത്രമാണ് 2022ലെ പദ്ധതിയിലൂടെ വാരിമാറ്റിയത്. ശേഖരിച്ചതിന്റെ 7.6 ശതമാനം (7.48 ലക്ഷം ക്യുബിക് മീറ്റർ) ലേലം ചെയ്തു. 2022- 23ൽ 1.57 ലക്ഷം ക്യുബിക് മീറ്ററിന്റെ ലേലം പൂർത്തിയായി. വിൽപ്പനയിലൂടെ സർക്കാരിന് 3.96 കോടി ലഭിച്ചു. ബാക്കി മണൽ ഇപ്പോഴും പലയിടങ്ങളിലായി സൂക്ഷിച്ചു.
ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്റെ ആലപ്പുഴ പ്രസംഗം
'പ്രളയക്കെടുതികളുടെ പശ്ചാത്തലത്തിൽ കേരളത്തോട് വിനീതമായ ഒരു അഭ്യർത്ഥനയുണ്ട്. കൃത്യമായ ഇടവേളകളിൽ മണൽ നീക്കാത്തതിനാൽ നദികളുടെ ആഴം കുറയുന്നു. മഴ ലഭിക്കുമ്പോൾ വെള്ളം ഒഴുകിപ്പോകേണ്ടത് നദികളിലൂടെയാണ്. പരിസ്ഥിതി ഉൾപ്പെടെ ഒരു വിഷയത്തിലും അന്ധമായ സമീപനം സ്വീകരിക്കരുത്, രാഷ്ട്രീയവത്കരിക്കാനും പാടില്ല. അത് വികസന താത്പര്യങ്ങൾക്ക് എതിരാകും. വ്യവസായ, വിദ്യാഭ്യാസ, ആരോഗ്യ, പരിസ്ഥിതി സംരക്ഷണ മേഖലകളിലെല്ലാം മറ്റ് സംസ്ഥാനങ്ങളോടൊപ്പം കേരളവും പുരോഗമിക്കണം. നദികളുടെ ആഴം കൂട്ടേണ്ടതിന്റെ ആവശ്യകത എം.പിമാരോട് പറഞ്ഞിട്ടുണ്ട്. ഈ വിഷയം കോടതിയിലെങ്കിൽ, അവിടെ വ്യക്തമായി വിശദീകരിക്കണം. പത്ത് വർഷം മുമ്പുള്ള നദിയുടെ ആഴവും ഇന്നത്തെ ആഴവും കണക്കും സഹിതം വ്യക്തമാക്കണം. പരിസ്ഥിതിയുടെ പേരിൽ ആഴം കൂട്ടരുതെന്ന് ചിലർ പറയുന്നുണ്ട്. അങ്ങനെ ചെയ്തില്ലെങ്കിൽ മഴവെള്ളം എവിടേക്ക് പോകും. ഒന്നിനെയും വാണിജ്യവത്കരിക്കരുതെന്ന നിലപാടിനോട് യോജിപ്പാണെങ്കിലും പോസിറ്റീവ് നടപടികൾക്ക് പൊതുജനാഭിപ്രായം അനുകൂലമായിരിക്കണം.'
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |