SignIn
Kerala Kaumudi Online
Saturday, 11 July 2026 5.04 PM IST

കർഷകശ്രീയുടെ വേദനയാരറിയുന്നൂ !

dronar

ന.മോ.ജി ആൾ അടിമുടി താടി കർഷകനാണ്. കർഷകശ്രീ പുരസ്കാരം അദ്ദേഹത്തെ തേടി പലകുറി വരാനിരുന്നതാണെങ്കിലും താടിയുഴിഞ്ഞ് വലംകാൽ കൊണ്ട് അദ്ദേഹം പുരസ്കാരങ്ങളെയെല്ലാം തട്ടിമാറ്റിക്കൊണ്ടിരുന്നതിനാൽ അവയ്ക്ക് വരാനൊത്തില്ല. കർഷകരത്നം അംബാനി കിസാൻജി, കർഷകോത്തമ അദാനി കിസാൻജി എന്നിത്യാദി കണ്ട്രാക്ക് കൂട്ടുകാരന്മാരെ കാണുമ്പോൾ ന.മോ.ജിക്ക് പാടത്ത് കൃഷിക്കിറങ്ങുമ്പോൾ കിട്ടുന്ന ആത്മനിർവൃതിയുണ്ടാകാറുണ്ടെന്ന് കണ്ടിട്ടുള്ളവർ പറയുന്നു.

അങ്ങനെയുള്ള ന.മോ.ജിയെക്കുറിച്ച് ചില കള്ളക്കർഷകർ വെറുതെ അതുമിതുമെല്ലാം പറഞ്ഞുനടന്നു. അത് ന.മോ.ജിയിലുണ്ടാക്കിയ വേദന ചെറുതായിരുന്നില്ല. താടിയുടെ നീളം കൂടിവരുന്നത് വേദന കൂടുന്നതിന്റെ ലക്ഷണമായിരുന്നു.

കർഷകരായ കർഷകരെയെല്ലാം ഇടനില ചൂഷകരിൽ നിന്നും മർദ്ദിതരിൽ നിന്നും വഞ്ചകരിൽ നിന്നും മോചിപ്പിച്ച് ഐശ്വര്യത്തിന്റെ നല്ല നാളെയിലേക്ക് കൊണ്ടുപോകാനാണ് ന.മോ.ജി ആത്മാർത്ഥമായി ആഗ്രഹിച്ചത്. ഭായിയോം ബഹനോം... എന്നുപറഞ്ഞ് അതവരെ ഓർമ്മിപ്പിച്ചിരുന്നു ന.മോ.ജി . അപ്പോൾ ഐശ്വര്യത്തിന്റെ അലാറം അത്യുച്ചത്തിൽ എവിടെയോ മുഴങ്ങിക്കേട്ടതായി പറയപ്പെടുന്നു. ഏതോ ഒരു എട്ടിന്റെയന്ന് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ നിരോധിച്ച്, അമ്പത് ദിവസത്തിനകത്ത് കള്ളപ്പണമെല്ലാമങ്ങ് അറബിക്കടലിൽ ഒഴുക്കുമെന്ന് ന.മോ.ജി പ്രഖ്യാപിച്ചപ്പോഴുണ്ടായ ഒരിണ്ടൽ ഇതുവരെയും പലർക്കും മാറിയിട്ടില്ല.

അതേരീതിയിലായിരുന്നു, കർഷകശ്രീ ന.മോ.ജി, കർഷകരത്നം, കർഷകോത്തമ, കർഷകശ്രീമാൻ മുതലായ കണ്ട്രാക്ക് കർഷക ശിരോമണിമാർക്കൊപ്പം ചേർന്ന് കർഷകരെ ഐശ്വര്യമതികളാക്കാനുള്ള കഠിനാദ്ധ്വാനത്തിലും ഏർപ്പെട്ടത്. എന്തൊക്കെ പ്രതിബന്ധങ്ങൾ വന്നുപെട്ടിട്ടും തന്റെ അദ്ധ്വാനത്തിൽ നിന്ന് പിന്മാറാനദ്ദേഹം തയാറായില്ല. 'കർഷകാ, നീയിനി ഇടനിലക്കാരന്റെ ചൂഷണത്തെ നേരിടേണ്ട, നീ കൃഷിയുണ്ടാക്കിക്കോ, നിനക്ക് മോഹവില തരാൻ കണ്ട്രാക്ക് കർഷകരത്നങ്ങൾ വരി നിൽക്കും' എന്നൊക്കെ ന.മോ.ജി ഉപദേശിച്ച് നോക്കി. എന്തു കാര്യം. കർഷകന്മാർ ഉൾക്കൊള്ളാൻ തയാറായില്ല.

കർഷകന് മാത്രം ഉൾക്കൊള്ളാനാവാത്ത കാർഷികനിയമങ്ങൾ എത്ര നല്ലതാണെന്ന് ന.മോ.ജി ആണയിട്ടാലും പ്രയോജനമുണ്ടാവില്ല. ഇടനിലക്കാരും മണ്ടികളുമെല്ലാം ഇല്ലാതാകുന്ന നല്ല നാളെയിൽ, കർഷകോത്തമ കണ്ട്രാക്ക് അംബാനിജിയും സാദാ കർഷകനും നേർക്കുനേർ വരുമ്പോൾ എന്താണുണ്ടാവുക! കണ്ട്രാക്ക് പറയും സാദാ കർഷകൻ നിന്ന് കേൾക്കും. 'നിന്റെ വയലിൽ ഇനി ഉള്ളി മാത്രം മതി മിത്രമേ എന്ന് കണ്ട്രാക്ക് കല്പിക്കും!' ഞാൻ പറയുന്ന വിലയേ തരൂവെന്ന് പറയും. കർഷകൻ അത് പഞ്ചപുച്ഛമടക്കി വാങ്ങേണ്ടിവരും. ഇത് നമ്മളാരും പറയുന്നതല്ല, കേട്ടോ! കർഷകർ പറയുന്നതാണ്.

മിനിമം താങ്ങുവിലയുണ്ടെങ്കിൽ കണ്ട്രാക്ക് എങ്ങനെ ചൂഷണം ചെയ്യുമെന്ന് ഇവരോട് ചോദിച്ച് നോക്കി. പെട്രോളിനും ഡീസലിനുമൊക്കെ പറ്റിയ പറ്റ് പോലെ, മിനിമം താങ്ങുവില നിശ്ചയിക്കുകയെന്ന മെനക്കെട്ട പണി കൂടി കണ്ട്രാക്കിനെ ഏല്പിക്കില്ലേയീ വിദ്വാൻ എന്ന് 'കർഷക മണ്ടന്മാർ' തിരിച്ച് ചോദിച്ചു.

ഇതുകേട്ടപ്പോൾ ന.മോ.ജിക്ക് തന്റെ രാജാപാർട്ട് കുപ്പായത്തിനിടയിലൂടെ ചിലതെല്ലാം ഇരച്ച് മേലോട്ട് കയറിയതാണ്. സഹനശക്തിയാൽ പിടിച്ചുനിന്നുവെന്നേയുള്ളൂ. ഖാലിസ്ഥാൻ തീവ്രവാദികളാണോ ഇവർ! അതോ മാവോയിസ്റ്റുകളോ. ന.മോ.ജിക്ക് എല്ലാം മനസിലാവുന്നുണ്ടായിരുന്നു. പക്ഷേ, 'വിനാശകാലേ വിപരീതബുദ്ധി' എന്നല്ലേ. അഞ്ചാറിടത്ത് തിരഞ്ഞെടുപ്പ് വരുന്നൂ. കുറച്ച് ദിവസം മുമ്പ് ചില്ലറ തട്ടുകൾ കിട്ടിയിരിക്കുന്നൂ. രാജാപാർട്ടും കൊണ്ട് ഇനിയും കുറേക്കാലം പിടിച്ചുനില്‌ക്കേണ്ടതാണ്. അതുകൊണ്ട് ഒരു കൊല്ലമായ സമരത്തെ ന.മോ.ജി ഗുരു നാനാക്ക് ജയന്തിദിനത്തിൽ കാണാൻ തയാറായി. അതിൽ കാര്യമില്ല. കാലമിനിയുമുരുളും, വർഷം വരും അപ്പോൾ ന.മോ.ജി ആരെന്നും എന്തെന്നും ആർക്കറിയാം!

ഇ-മെയിൽ: dronar.keralakaumudi@gmail.com

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VARAVISHESHAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY