പെൺകുട്ടികൾക്ക് ആറുമാസംമുതൽ ഒരുവയസുവരെയുള്ളപ്പോഴാണ് സാധാരണ കാതുകുത്താറുള്ളത്. ദേശത്തിനനുസരിച്ച് ഇതിൽ മാറ്റങ്ങൾ ഉണ്ടാവാം. സൗന്ദര്യവുമായി ബന്ധപ്പെട്ടുമാത്രമാണ് കാതുകുത്തെന്നാണ് പൊതുവെയുള്ള വിശ്വാസം. സൗന്ദര്യത്തിനൊപ്പം ആചാരപരവും ശാസ്ത്രീയപരവുമായ കാര്യങ്ങൾ കാതുകുത്തിനുണ്ട്.
ഹിന്ദു ആചാരപ്രകാരം ഏറ്റവും പ്രധാനപ്പെട്ടതാണ് കാതുകുത്തൽ അഥവാ കർണവേദ.കുഞ്ഞിന്റെ കേൾവി ശക്തി മെച്ചപ്പെടുത്താനും ആയുസും ആരോഗ്യവും വർദ്ധിപ്പിക്കാനും ഈ ചടങ്ങ് സഹായിക്കുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. കുഞ്ഞിന്റെ ചെവി തുളയ്ക്കുന്നതിലൂടെ പവിത്രമായ ശബ്ദങ്ങൾ കേൾക്കാനും നല്ല അറിവുകൾ നേടാനുമുള്ള കഴിവ് കൂടുന്നു എന്നും ചിലർ വിശ്വസിക്കുന്നുണ്ട്. സ്വർണംകൊണ്ടോ, വെള്ളികൊണ്ടോ ഉള്ള കമ്മലുകളാണ് കാതുകുത്തുകഴിഞ്ഞ് ധരിക്കേണ്ടത്. പെൺകുട്ടികൾക്കൊപ്പം ചിലയിടങ്ങളിൽ ആൺകുട്ടിൾക്കും ഈ ചടങ്ങ് നടത്താറുണ്ട്. ജ്യോതിഷപ്രകാരം നല്ല നക്ഷത്രങ്ങൾ നോക്കിയാണ് കാതുകുത്തിനുള്ള സമയം നിശ്ചയിക്കുന്നത്.
ശരീരത്തിലെ ഊർജപ്രവാഹത്തെ നിയന്ത്രിക്കാനും ആരോഗ്യവും ഊർജസ്വലതയും നിലനിറുത്താനും കാതുകുത്തിലൂടെ കഴിയുമെന്നാണ് പൊതുവെ കരുതുന്നത്. ആയുർവേദവും അക്യുപ്രഷർ ചികിത്സയും അനുസരിച്ച് ശരീരത്തിലെ ചില ഭാഗങ്ങളിൽ മർദ്ദം പ്രയോഗിക്കുന്നത് ദഹനം, മാനസികാരോഗ്യം,പ്രത്യുല്പാദനം എന്നിവ മെച്ചപ്പെടുത്തും. ചെവികുത്തുന്നതോടെ വാഗസ് നാഡിയെ ഉത്തേജിപ്പിച്ച് നാഡീവ്യൂഹത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ആസ്ത്മ പോലുള്ള ശ്വസനപ്രശ്നങ്ങളെ ഒരുപരിധിവരെ പ്രതിരോധിക്കാനും കാതുകുത്തുന്നത് സഹായിക്കുമത്രേ. എന്നാൽ ഇതിൽ പലതിനും ശാസ്ത്രീയമായ തെളിവുകൾ ഇല്ല എന്നാണ് വിദഗ്ദ്ധർ പറയുന്നത്. തെളിവുകളില്ലെങ്കിലും നമ്മുടെ നാടുൾപ്പെടെ പലയിടങ്ങളിലും ഇത്തരത്തിൽ വിശ്വസിക്കുന്നവർ ഏറെയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |