മഴയുടെ നനവും രാമായണ മാസത്തിലെ ഭക്തിയും നിറയുന്ന കർക്കടകമാസം കേരളീയരുടെ ആചാരവിശ്വാസങ്ങളിൽ ഏറെ പ്രാധാന്യമുള്ള കാലമാണ്. പിതൃക്കളുടെ ആത്മശാന്തിക്കായി ചെയ്യുന്ന കർക്കടക വാവുബലി ഈ മാസത്തിലെ പ്രധാന ആചാരങ്ങളിലൊന്നാണ്. കർക്കടകമാസത്തിലെ അമാവാസി ദിവസമാണ് കർക്കടക വാവുബലി നടത്തുന്നത്. പൊതുവെ അമാവാസി നാളുകളിൽ ബലിതർപ്പണങ്ങൾ നടത്തുന്നത് മോക്ഷഭാഗ്യം നൽകുമെങ്കിലും കർക്കടകത്തിലെ അമാവാസിയിൽ ഫലം ഇരട്ടിയാകുമെന്നാണ് വിശ്വാസം.
കാലമേറെ മാറിയിട്ടും ബലിതർപ്പണത്തിൽ ഏറെ ശ്രദ്ധേയമായി ഇന്നും ഉപയോഗിക്കുന്ന മൂന്ന് പ്രയോഗങ്ങളാണ് ഇല്ലം, വല്ലം, നെല്ലി എന്നിവ. എന്താണ് ഇവയുടെ അർത്ഥം? ബലിതർപ്പണവുമായി ഇവയ്‌ക്ക് എന്താണ് ബന്ധം?
ബലിതർപ്പണം നടത്തുന്ന പ്രധാന കേന്ദ്രങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ മൂന്നു പ്രയോഗങ്ങളും ഉപയോഗിക്കുന്നത്. ഇല്ലം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സ്വന്തം വീടിനെ തന്നെയാണ്. പഴയകാലത്ത് ക്ഷേത്രങ്ങളിലേക്കും മറ്റ് ബലിതർപ്പണ കേന്ദ്രങ്ങളിലേക്കുമുള്ള യാത്രകൾ ഇന്നത്തെപ്പോലെ സാധാരണമായിരുന്നില്ല. അതുകൊണ്ടുതന്നെ സ്വന്തം വീടുകളിൽതന്നെയാണ് പലരും ബലിതർപ്പണ കർമ്മങ്ങൾ നടത്തിയിരുന്നത്. അതിനാലാണ് ബലിതർപ്പണത്തെ സൂചിപ്പിക്കുന്ന പ്രയോഗങ്ങളിൽ പ്രഥമ സ്ഥാനം ഇല്ലത്തിന് നൽകുന്നത്.
കർക്കടകമാസത്തിലെ ബലിതർപ്പണത്തിന് പ്രാധാന്യമുള്ള ക്ഷേത്രങ്ങളെ സൂചിപ്പിക്കുന്ന പ്രയോഗങ്ങളാണ് വല്ലം, നെല്ലി എന്നിവ. തിരുവനന്തപുരത്തെ തിരുവല്ലം പരശുരാമ ക്ഷേത്രത്തെയാണ് വല്ലം എന്ന പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നത്. കേരളത്തിലെ പ്രധാനപ്പെട്ട ബലിതർപ്പണ കേന്ദ്രങ്ങളിലൊന്നാണ് ഈ ക്ഷേത്രം. വർഷത്തിൽ എല്ലാ സമയത്തും ഇവിടെ പിതൃ കർമ്മങ്ങൾ നടത്താനുള്ള സജീകരണങ്ങൾ ഒരുക്കാറുണ്ട്.
പരശുരാമനുമായി ബന്ധപ്പെട്ട ഐതീഹ്യങ്ങളാണ് തിരുവല്ലത്തെ കേരളത്തിലെ പ്രധാനപ്പെട്ട ബലിതർപ്പണ കേന്ദ്രങ്ങളിലൊന്നാക്കി മാറ്റുന്നത്. പരശുരാമൻ തന്റെ മാതാവിന്റെ ആത്മശാന്തിക്കായി ഇവിടെയാണ് ബലിതർപ്പണം നടത്തിയതെന്നാണ് ഐതീഹ്യം.
നെല്ലി എന്നത് വയനാട്ടിലെ തിരുനെല്ലി മഹാവിഷ്‌ണു ക്ഷേത്രത്തെയാണ് സൂചിപ്പിക്കുന്നത്. ബ്രഹ്മഗിരി മലനിരകളുടെ പശ്ചാത്തലത്തിലുള്ള തിരുനെല്ലി ക്ഷേത്രം കേരളത്തിലെ പ്രശസ്‌തമായ പിതൃതർപ്പണ കേന്ദ്രങ്ങളിലൊന്നാണ്. തിരുനെല്ലിയിലെ പാപനാശിനി തീർത്ഥവും പിതൃകർമ്മങ്ങളുമായി ബന്ധപ്പെട്ട വിശ്വാസങ്ങളിൽ പ്രധാന സ്ഥാനമാണ് വഹിക്കുന്നത്.
ഇന്ന് ധാരാളം ക്ഷേത്രങ്ങളിൽ ബലിതർപ്പണ കർമ്മങ്ങൾ നടക്കാറുണ്ടെങ്കിലും 'ഇല്ലം,വല്ലം,നെല്ലി' എന്ന പഴയ പ്രയോഗം ഇപ്പോഴും കേരളീയ പിതൃസ്‌മരണകളുടെ ഭാഗമായിത്തന്നെ നിലനിൽക്കുന്നു.
‘Illam, Vallam, Nelli’ holds special significance in Kerala’s Karkidaka Vavu Bali tradition, symbolising ancestral rituals performed at home, Thiruvallam and Thirunelli.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |