SignIn
Kerala Kaumudi Online
Thursday, 03 September 2026 11.41 PM IST

നാളെ ശ്രീകൃഷ്ണ ജയന്തി ; അഷ്ടമിരോഹിണി വ്രതം എടുക്കുന്നത് ഇരട്ടിഫലം നൽകുമെന്ന് വിശ്വാസം

sreekrishna-

നാളെയാണ് ശ്രീകൃഷ്ണ ജയന്തി. ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിനമാണ് ശ്രീകൃഷ്ണ ജയന്തിയായി ആഘോഷിക്കുന്നത്. ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും അഭിഷേകങ്ങളും ശോഭായാത്രകളും ഉറിയടിയുമായി ആഘോഷ പൂർവ്വമാണ് അഷ്ടമി രോഹിണി ദിനം കൊണ്ടാടുന്നത്. ഈ വർഷം സെപ്തംബർ നാല് വെള്ളയാഴ്ചയാണ് അഷ്ടമി രോഹിണി. അഷ്ടമി രോഹിണി വ്രതം അനുഷ്ടിച്ച് ഭഗവാനെ ആരാധിച്ചാൽ ആഗ്രഹങ്ങൾ സഫലമാകുമെന്നാണ് വിശ്വാസം.

അഷ്ടമിയും രോഹിണിയും ഒന്നിക്കുന്ന ദിവസം

ദ്വാപര യുഗത്തിൽ ഭദ്രപാദ മാസത്തിലെ കൃഷ്ണപക്ഷ അഷ്ടമി തിഥിയിൽ രോഹിണി നക്ഷത്രത്തിലാണ് ശ്രീകൃഷ്ണൻ അവതരിച്ചതെന്നാണ് ഐതീഹ്യം. അഷ്ടമി തിഥിയും രോഹിണി നക്ഷത്രവും ഒത്തുചേരുന്ന ദിവസമാണ് കേരളത്തിൽ അഷ്ടമി രോഹിണിയായി ആചരിക്കുന്നത്. ഉത്തരേന്ത്യയിലെ പലഭാഗങ്ങളിലും അഷ്ടമി തിഥിക്കാണ് ജന്മാഷ്ടമി ആഘോഷിക്കുന്നത്.

വ്രതം തുടങ്ങേണ്ടത് എപ്പോൾ?

അഷ്ടമി രോഹിണിയുടെ തലേന്നാൾ സൂര്യാസ്തമയം മുതൽ വ്രതം ആരംഭിക്കുന്നതാണ് പതിവ്. അത്താഴത്തിന് അരിയാഹാരം ഉൾപ്പെടെയുള്ള ധാന്യവിഭവങ്ങൾ ഒഴിവാക്കി പഴങ്ങളും പാലും കഴിക്കാം. ആരോഗ്യ സ്ഥിതിയപം ശരീര ശേഷിയും പരിഗണിച്ചുവേണം വ്രതാനുഷ്ഠാനം. പിറ്റേന്ന് ഉച്ചയോടെ ഭക്ഷണം കഴിച്ച് വ്രതം അവസാനിപ്പിക്കാം.

വ്രതദിനത്തിൽ ഓം നമോ നാരായണായ,​ ഓം നമോ ഭഗവതേ വാസുദേവായ... മന്ത്രങ്ങൾ ജപിക്കാം. ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തുന്നതും വഴിപാട് സമർപ്പിക്കുന്നതും നല്ലതാണ്.

പാൽപ്പായസം,​ ഉണ്ണിയപ്പം,​ നെയ്യപ്പം,​ ഇളനീർ,​ വെണ്ണ നിവേദ്യം എന്നിവയാണ് പ്രധാന വഴിപാടുകൾ. ഉണ്ണിക്കണ്ണന് വെണ്ണ സമർപ്പിക്കുന്നതും പ്രധാനമാണ്.

ശ്രീകൃഷ്ണൻ അർധരാത്രിയിലാണ് അവതരിച്ചതെന്നാണ് വിശ്വാസം. അതിനാൽ അഷ്ടമിരോഹിണി ദിവസം ഭാഗവതം, ഭഗവദ്ഗീത, വിഷ്ണു സഹസ്രനാമം, ഹരിനാമകീർത്തനം, നാരായണീയം, ശ്രീകൃഷ്ണ കർണാമൃതം, കൃഷ്ണഗാഥ തുടങ്ങിയവ പാരായണം ചെയ്യുന്നതും ശ്രവിക്കുന്നതും പുണ്യകരമാണെന്നാണ് വിശ്വാസം. അഷ്ടഗോപാല മന്ത്രങ്ങൾ ഓരോന്നും 41 തവണ ജപിക്കുന്നത് സദ്‌ഫലം നൽകുമെന്ന വിശ്വാസവും നിലനിൽക്കുന്നു. മന്ത്രോപദേശം ലഭിച്ചവർക്കും ലഭിക്കാത്തവർക്കും 'ഓം നമോ നാരായണായ' എന്ന അഷ്ടാക്ഷരി മന്ത്രം ജപിക്കാവുന്നതാണ്.

ശ്രീകൃഷ്ണ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ സന്താന ഗോപാല, രാജഗോപാല മന്ത്രങ്ങൾ ഉപയോഗിച്ച് പൂജ നടത്തുന്നതും ആയുർഗോപാല, വിദ്യാഗോപാല, ഹയഗ്രീവ ഗോപാല മന്ത്രങ്ങൾ ഉപയോഗിച്ച് അർച്ചന നടത്തുന്നതും വിശേഷമായി കണക്കാക്കുന്നു. അഷ്ടമിരോഹിണി വ്രതം അടുത്ത ദിവസം പുലർച്ചെ ശ്രീകൃഷ്ണ ക്ഷേത്രദർശനം നടത്തിയ ശേഷം വ്രതം അവസാനിപ്പിക്കാം. ക്ഷേത്രത്തിൽ നിന്ന് തീർത്ഥം സേവിച്ചും വ്രതം അവസാനിപ്പിക്കാം. തുളസിവെള്ളം സേവിക്കുന്നതും ആചാരത്തിന്റെ ഭാഗമാണ്.

അഷ്ടമിരോഹിണി ദിവസം തുളസിത്തൈ നടുന്നതും കൃഷ്ണക്ഷേത്രങ്ങളിൽ തുളസീഹാരം സമർപ്പിക്കുന്നതും വിശേഷമായി കരുതുന്നു. ഭക്തിയും പ്രാർഥനയും നിറഞ്ഞ ഈ ദിനം ശ്രീകൃഷ്ണസ്മരണയോടെ ആചരിക്കുകയാണ് വിശ്വാസികളുടെ പ്രധാന ലക്ഷ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SREE KRISHNA JAYANTHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY