SignIn
Kerala Kaumudi Online
Thursday, 13 August 2026 12.37 PM IST

'പ്രണയം സമ്മാനിച്ചത് മാനസിക-ശാരീരിക ചൂഷണം; കുട്ടികൾ വേണ്ടെന്ന് പോലും തോന്നി; ആത്മഹത്യ ചെയ്തിരുന്നെങ്കിൽ സ്‌നേഹം ലഭിച്ചേനെ'

anupama-parameswaran-
അനുപമാ പരമേശ്വരൻ

ജീവിതത്തിലുണ്ടായ കടുത്ത ട്രോമകളെക്കുറിച്ചും മോശം അനുഭവങ്ങളെക്കുറിച്ചും വെളിപ്പെടുത്തി നടി അനുപമാ പരമേശ്വരൻ. പ്രണയബന്ധവും അതിനെത്തുടർന്നുണ്ടായ മാനസിക-ശാരീരിക ബുദ്ധിമുട്ടുകളെയും കുറിച്ചാണ് അനുപമ ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞത്. കടുത്ത നാർസിസ്റ്റിക് അബ്യൂസിനും മാനസിക-ശാരീരിക ചൂഷണങ്ങൾക്കും താൻ ഇരയായെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് താരം നടത്തിയത്. എന്നാൽ പങ്കാളിയുടെ പേര് താരം വെളിപ്പെടുത്തിയില്ല.

സാമ്പത്തിക നേട്ടങ്ങൾക്കും ഉയർന്ന പദവിക്കും വേണ്ടിയാണ് താൻ ആ പ്രണയബന്ധം തുടങ്ങിയതെന്നും പണം കായ്ക്കുന്ന മരത്തിലാണ് പിടിച്ചതെന്നുമുള്ള നിരവധി ആക്ഷേപങ്ങൾ താൻ കേട്ടിരുന്നെന്നും അനുപമ പറഞ്ഞു. ബന്ധം തുടങ്ങിയ ആദ്യ മാസങ്ങളിൽ തന്നെ വിവാഹനിശ്ചയത്തിനായുള്ള കടുത്ത സമ്മർദ്ദമുണ്ടായിരുന്നു. എന്നാൽ താൻ അത് നീട്ടിവയ്ക്കാൻ ശ്രമിച്ചു. പ്രണയബന്ധത്തെത്തുടർന്ന് കടുത്ത ഉത്കണ്ഠയും ഭയവും കാരണം ആങ്സൈറ്റി മരുന്നുകൾ കഴിച്ചിരുന്നു. ശരീരഭാരം ക്രമാതീതമായി കുറഞ്ഞുവെന്നും അനുപമ പറഞ്ഞു.

തുടർന്നാണ് സോഷ്യൽ മീഡിയയിൽ അനുഭവം പങ്കുവച്ചത്. പന്ത്രണ്ടോളം പ്രമുഖർ തന്നെ വിളിച്ച് സമാനമായ അനുഭവങ്ങൾ പങ്കുവച്ചതായും അനുപമ വ്യക്തമാക്കി. ഇത്തരത്തിൽ ടോക്സിക് ബന്ധങ്ങളിൽപ്പെട്ടുപോയവർക്ക് അതിൽ നിന്ന് പുറത്തുവരാനുള്ള ആത്മവിശ്വാസം നൽകുന്നതിനാണ് തന്റെ അനുഭവം പങ്കുവച്ചതെന്നും താരം വ്യക്തമാക്കി. പലതരത്തിലുള്ള പ്രതികരണങ്ങളാണ് ആ പോസ്റ്റിന് താഴെ വന്നത്. ഒരു വിഭാഗം ആളുകൾ താൻ ഹീൽ ആകുന്നതിൽ സന്തോഷിച്ചപ്പോൾ മറ്റൊരുവിഭാഗം കുറ്റപ്പെടുത്തി. ഒരു രാത്രി കൊണ്ട് സംഭവിച്ച കാര്യങ്ങളല്ല ആ പോസ്റ്റിൽ പറയുന്നത്. രണ്ട് വർഷത്തെ ശാരീരികവും മാനസികവുമായ തകർച്ചയാണ് ആ പോസ്റ്റിന് പിന്നിലുള്ളത്.

മാനസികമായി തകർന്ന സമയത്ത് കുറച്ചുനാൾ സമൂഹമാദ്ധ്യമങ്ങളിൽ നിന്ന് പൂർണമായും വിട്ടുനിന്നു. പൂർണമായും ഭേദപ്പെട്ടതിനുശേഷമാണ് ഞാൻ എന്റെ അനുഭവം സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തിയത്. എന്നെപ്പോലെ നിരവധിപേർ ഉണ്ടാകും. നാർസിസ്റ്റിക് അബ്യൂസിലൂടെ കടന്നുപോയവരും

ട്രോമ ബോണ്ടിംഗിൽപ്പെട്ടവരും. അവർക്ക് ചുറ്റുമുള്ള ആളുകൾക്കും അറിയാമായിരിക്കും ആ വ്യക്തി പ്രണയബന്ധത്തിൽ ബുദ്ധിമുട്ടുകയാണെന്ന്. എന്നാൽ മറ്റൊരു വിഭാഗത്തിന് ഇതിനെപ്പറ്റി ധാരണയുണ്ടാകില്ല. അവർ നാർസിസ്റ്റിക് റിലേഷൻഷിപ്പിലാണെന്ന് അവർ തിരിച്ചറിയുന്നുണ്ടാവില്ല. രണ്ടുവർഷം മുമ്പ് ഞാനും അങ്ങനെയായിരുന്നു.

ഇത്തരക്കാർ ചിലപ്പോൾ ആ ബന്ധത്തിൽ നിന്ന് ബ്രേക്ക് അപ്പ് ആയേക്കാം. സ്വയം തകർന്ന് ആത്മഹത്യ ചെയ്തേക്കാം. താനും അങ്ങനെ ചെയ്തിരുന്നെങ്കിൽ ആളുകൾ മഞ്ഞ ഉടുപ്പിട്ട ചിത്രത്തിന് പകരം മറ്റൊരു ചിത്രം വച്ച് ‘റെസ്റ്റ് ഇന്‍ പീസ് അനുപമ’ എന്ന് പോസ്റ്റ് ഇട്ടേനെ. 'ആത്മഹത്യ ചെയ്തിരുന്നിെങ്കിൽ ഒരുപാട് സ്നേഹം ലഭിക്കുമായിരുന്നു. പകരം ഞാൻ ഹീൽ ചെയ്യാനാണ് ആഗ്രഹിച്ചത്. ഇത് ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമാണെന്ന് ഞാൻ ഇട്ട പോസ്റ്റിനുതാഴെ വന്ന് ചിലർ പറഞ്ഞു.'- അനുപമ വ്യക്തമാക്കി

'ഒരു ആരോഗ്യകരമായ ബന്ധത്തിൽ നിങ്ങൾ വളരുകയും സന്തോഷിക്കുകയും ചെയ്യും. എന്നാൽ നാർസിസിസ്റ്റിക് അബ്യൂസ് വളരെ നിശബ്ദമാണ്. അത് പെട്ടെന്ന് ബഹളത്തോടെയല്ല തുടങ്ങുന്നത്. നാർസിസത്തെക്കുറിച്ച് പല തെറ്റിദ്ധാരണകളുമുണ്ട്. നാർസിസിസ്റ്റുകൾ സ്വയം അമിതമായി സ്നേഹിക്കുന്നവരാണെന്നാണ് ആളുകൾ കരുതുന്നത്. എന്നാൽ യാഥാർഥ്യത്തിൽ അവർ സ്വയം വെറുക്കുന്നവരാണ്. നിങ്ങൾ കാണുന്ന ഏറ്റവും വലിയ അപകർഷതാബോധമുള്ളവരും സ്വാഭിമാനം ഇല്ലാത്തവരുമാണ് അവർ. ഒരു ശൂന്യമായ പാത്രം പോലെയാണവർ. അതുകൊണ്ട് തന്നെ അവർക്ക് മറ്റുള്ളവരുടെ മേൽ നിയന്ത്രണം വേണം. തങ്ങളെക്കുറിച്ച് എപ്പോഴും പ്രശംസകളും അംഗീകാരങ്ങളും ആവശ്യമാണ്. അവർ ശ്രദ്ധ ആകർഷിക്കാൻ ആഗ്രഹിക്കുന്നവരാണ്. അതിജീവനത്തിന് അവർക്ക് പ്രശംസകൾ അത്യാവശ്യമാണ്.

ഇങ്ങനെയുള്ള ഒരാൾ കടുത്ത ആത്മവിശ്വാസമുള്ള, സ്വതന്ത്രയായ, സുരക്ഷിതത്വം അനുഭവിക്കുന്ന ഒരു പെൺകുട്ടിയെ കണ്ടെത്തുന്നു. അവരെ നിരീക്ഷിച്ച് അവരുടെ പ്രതിബിംബം പോലെ അഭിനയിച്ച് വൈകാരികമായി വലയിലാക്കുന്നു. ആകർഷകമായ, സൗമ്യനായ, ശാന്തനായ വ്യക്തിയായി അഭിനയിക്കുന്നു. തുടക്കത്തിൽ അവർ ആ നല്ല രൂപം നിങ്ങൾക്ക് കാണിച്ചു തരികയും നിങ്ങളുടെ ബലഹീനതകൾ മലസിലാക്കുകയും ചെയ്യും. അവരുടെ സങ്കടങ്ങളും അനുഭവങ്ങളും നമ്മളോട് തുറന്നുപറയാൻ തുടങ്ങും. അതുകേട്ട് നമ്മൾ അനുകമ്പയോടെ സംസാരിക്കും. ഇതാണ് നമ്മുടെ ആത്മബന്ധമുള്ള പങ്കാളി എന്ന് തോന്നിത്തുടങ്ങും. ആ അഭിനയം അത്രയും വിശ്വസനീയമായിരിക്കും. ഈ ഘട്ടത്തെയാണ് 'ലവ് ബോംബിങ്' എന്ന് വിളിക്കുന്നത്. അത് വേർതിരിച്ചറിയാൻ കഴിയില്ല. രണ്ട് വർഷത്തെ ബന്ധത്തിൽ, വളരെ സാവധാനത്തിലാണ് അവർ നിയന്ത്രണം ഏറ്റെടുക്കുന്നത്. എന്തോ തെറ്റ് സംഭവിക്കുന്നുണ്ടെന്ന് നിങ്ങൾക്ക് തോന്നുമെങ്കിലും മനസിലാകില്ല.

മൂന്ന് മാസംകൊണ്ട് വിവാഹ നിശ്ചയത്തെക്കുറിച്ച് സംസാരിച്ച് തുടങ്ങും. കുടുംബത്തിനെ പരിചയപ്പെടുത്തും. ഇതിന് പിന്നിൽ സ്നേഹമല്ല നമ്മളെ പൂർണമായി കസ്റ്റഡിയിലെടുക്കാനുള്ള ധൃതിയാണെന്ന് എനിക്ക് മനസിലായി. അതുകൊണ്ട് തന്നെ വിവാഹനിശ്ചയം നടക്കാതിരിക്കാൻ പല കാരണങ്ങൾ പറഞ്ഞ് ഞാൻ അത് നീട്ടിവച്ചു. പങ്കാളിയുടെ അടുത്ത് സമാധാനം തോന്നുന്നതിന് പകരം, "ഞാൻ ഇത് പറഞ്ഞാൽ അവന്റെ പ്രതികരണം എന്തായിരിക്കും?" എന്ന് ഓർത്ത് ഭയപ്പെടാൻ തുടങ്ങുന്ന അവസ്ഥയിലായിരുന്നു ഞാൻ.

ഒരു ദിവസം അവനെപ്പോലെ ഒരാളെ കിട്ടിയതിൽ ഞാൻ എത്ര ഭാഗ്യവതിയാണെന്ന് തോന്നും. എന്നാൽ അടുത്ത ദിവസം, മറ്റൊരാൾ നിങ്ങളെ കുത്തിക്കൊല്ലുന്നത് കണ്ടാൽ പോലും അവൻ തിരിഞ്ഞുനോക്കില്ല. തൊട്ടടുത്ത ദിവസം കരഞ്ഞു കാലുപിടിച്ച് മാപ്പ് പറയും. ഈ സർക്കിൾ തുടർന്നുകൊണ്ടേയിരിക്കും. തുടക്കത്തിൽ സ്നേഹമാണെങ്കിലും പിന്നീട് അത് ഒരു അടിമത്തവും മാനസികമായ ആശ്രിതത്വവുമായി മാറുന്നു.'- അനുപമ പറഞ്ഞു.

മറ്റുള്ളവരോട് നല്ല രീതിയിൽ സംസാരിച്ചാൽ പോലും ശിക്ഷിക്കപ്പെടുന്ന അവസ്ഥയായിരുന്നു. സ്വന്തം സഹോദരനെപ്പോലും ഭയം കാരണം ഞാൻ തൊടാതായി. തന്റെ കാമുകന് സന്തോഷമുണ്ടെങ്കിൽ തനിക്കും സന്തോഷിക്കാം,​ അവൻ സങ്കടത്തിലാണെങ്കിൽ തനിക്കും കടുത്ത മാനസിക സമ്മർദ്ദ തരും. പലപ്പോഴും സിനിമയുടെ ചിത്രീകരണം നിർത്തിവച്ച് വാനിൽ പോയിരുന്ന് കരയേണ്ട അവസ്ഥയുണ്ടായിട്ടുണ്ടെന്നും അനുപമ പറഞ്ഞു.

'അന്ന് ആ വിവാഹ നിശ്ചയം ഞൻ തടഞ്ഞില്ലായിരുന്നെങ്കിൽ ആ വ്യക്തിയെ വിവാഹം കഴിക്കുകയും ഒടുവിൽ അത് വിവാഹമോചനത്തിൽ കലാശിക്കുകയും ചെയ്യുമായിരുന്നു. ഞാൻ അഭിനയം നിർത്താൻ വേണ്ടിയുള്ള അവരുടെ തിടുക്കം മാത്രമായിരുന്നു അത്. വളരെ സത്യസന്ധമായി പറഞ്ഞാൽ, "സുഖമാണോ?" എന്ന് ആരെങ്കിലും ചോദിച്ചാൽ ഞാൻ കരഞ്ഞുപോകുമോ എന്ന് എനിക്ക് ഭയമായിരുന്നു. എന്റെ കൂടെയുള്ള സ്റ്റാഫുകളുമായി ഞാൻ വളരെ അടുത്ത ബന്ധമുള്ളയാളാണ്, പക്ഷേ ഞാൻ കരഞ്ഞുപോകുമോ എന്ന് ഭയന്ന് അവരുടെ കണ്ണുകളിലേക്ക് പോലും ഞാൻ നോക്കാറില്ലായിരുന്നു.

നാർസിസിസ്റ്റിക് അബ്യൂസീവ് ബന്ധത്തിൽ നിങ്ങൾ തെറ്റ് ചെയ്തതിനല്ല ശിക്ഷിക്കപ്പെടുന്നത്, മറിച്ച് മറ്റേയാളുടെ അപകർഷതാബോധവും ട്രോമകളും കാരണമാണ്. മാനസികമായി തകർന്നതുകൊണ്ട് പലപ്പോഴും സിനിമയുടെ ചിത്രീകരണം നിർത്തിവയ്ക്കേണ്ടിവന്നത് എനിക്ക് വലിയ നാണക്കേട് തോന്നിയിരുന്നു. എനിക്ക് കുട്ടികൾ വേണ്ട എന്ന് വരെ തോന്നിപ്പോയി. ഒരു സ്ത്രീയായി ജനിച്ചതിൽ തന്നെ എനിക്ക് വിഷമം തോന്നി. ഒരുപാട് ആളുകൾ സ്വപ്നം കാണുന്ന ജീവിതമാണ് ഞാൻ നയിക്കുന്നത്, എന്നാൽ കഴിഞ്ഞ രണ്ട് വർഷത്തെ എന്റെ യഥാർത്ഥ ജീവിതം ഇങ്ങനെയായിരുന്നു'- അനുപമ പറഞ്ഞു.

English Summary

Actress Anupama Parameswaran opened up about enduring severe narcissistic abuse, emotional and physical trauma during a past relationship. She described love bombing, manipulation, controlling behaviour, anxiety, weight loss and emotional dependence, without naming her partner. Anupama said she delayed an engagement, eventually left the toxic relationship, healed, and shared her experience publicly to encourage others facing similar abuse.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACTRESS, ANUPAMA PARAMESWARAN, LOVE AFFAIR, TOXIC LOVE, NARCISSISTIC ABUSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY