സെപ്തംബർ 13നാണ് നടി അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകൻ നിമിഷ് രവിയുടെയും വിവാഹം നടന്നത്. കഴിഞ്ഞദിവസം ഇവരുടെ വിവാഹ വീഡിയോ പുറത്തിറങ്ങിയതും ഹിറ്റായിരുന്നു. വിവാഹ ദിനത്തിലെ ചിത്രങ്ങളും വീഡിയോകളും പുറത്തിറങ്ങിയതിന് പിന്നാലെ അഹാനയുടെ വിവാഹ ലുക്കിനും ഹെയർസ്റ്റൈലിലുമൊക്കെ വിമർശനങ്ങളും ഉയർന്നിരുന്നു. മുടി കെട്ടിയത് ശരിയായില്ല, നൃത്തത്തിനായി ഒരുങ്ങുന്നതുപോലെ എന്നിങ്ങനെയുള്ള കമന്റുകളും ഉയർന്നിരുന്നു. ഇപ്പോഴിതാ വിമർശനങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് അഹാന കൃഷ്ണ. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയായിരുന്നു മറുപടി.
പോസ്റ്റിന്റെ പൂർണരൂപം
എന്റെ ജീവിതത്തിൽ എനിക്ക് ഏറ്റവും സുന്ദരിയായി തോന്നിയ നിമിഷം!
നിങ്ങളുടെ കാഴ്ചപ്പാടും, അതിനായുള്ള പരിശ്രമങ്ങളും, ഒടുവിലത്തെ ഫലവും എല്ലാം കൂടി ഒത്തുചേരുമ്പോൾ ലഭിക്കുന്ന ഒരു പ്രത്യേക സംതൃപ്തിയുണ്ട്. ഈ ലുക്ക് എനിക്ക് അത്തരമൊരു പൂർണതയുടെ അനുഭവം നൽകി. വീണ്ടുമൊരിക്കൽ കൂടി ഒരുങ്ങാൻ അവസരം ലഭിച്ചാൽ, ഒട്ടും മാറ്റം വരുത്താതെ, അതേപടി തന്നെ ഞാൻ വീണ്ടും ഒരുങ്ങും!
ഈ വേഷം മാറ്റരുതെന്ന് എന്നെ നോക്കി അമ്മ പറഞ്ഞു. കാരണം അമ്മയ്ക്ക് എന്നെത്തന്നെ നോക്കിയിരിക്കാൻ തോന്നുന്നുവെന്ന്!
പ്രിയ വധുക്കളെ, നിങ്ങളുടെ വിവാഹദിവസം (അല്ലെങ്കിൽ മറ്റേതൊരു ദിവസവും) നിങ്ങൾ എങ്ങനെ ഒരുങ്ങണം എന്ന് തിരഞ്ഞെടുക്കുന്നത്, നിങ്ങൾ നിങ്ങളെത്തന്നെ എങ്ങനെ കാണുന്നു എന്നതിന്റെയും, നിങ്ങളുടെ വ്യക്തിത്വ സവിശേഷതകൾ, ഇഷ്ടങ്ങൾ, ആഗ്രഹങ്ങൾ, വികാരങ്ങൾ എന്നിവയുടെയും അടിസ്ഥാനത്തിലാണ്. നിങ്ങളെക്കുറിച്ച് ഏറ്റവും നന്നായി അറിയാവുന്നത് നിങ്ങൾക്ക് തന്നെയാണ്!
നിങ്ങളുടെ മുടി അല്പം കൂടി വ്യത്യസ്തമായി ചെയ്യാമായിരുന്നു എന്നോ, വസ്ത്രധാരണം മറ്റൊന്നായിരുന്നുവെങ്കിൽ നന്നായിരുന്നു എന്നോ, ആഭരണങ്ങൾ ഇങ്ങനെയാകരുതായിരുന്നു എന്നോ, നിറം മറ്റൊന്നായിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു എന്നോ ഒക്കെ അഭിപ്രായം പറയുന്നവർ എപ്പോഴും ഉണ്ടാകും.
എന്നാൽ സത്യം പറഞ്ഞാൽ, അതൊന്നും ഒരു വിഷയമേയല്ല. വാസ്തവത്തിൽ, അതൊരിക്കലും ഒരു വിഷയമാകാനും പാടില്ല.
നിങ്ങളും, നിങ്ങൾ തിരഞ്ഞെടുക്കുന്ന വേഷവിധാനത്തിലും മറ്റാരും ഇടപെടേണ്ടതില്ല. കണ്ണാടിയിൽ നിങ്ങളെത്തന്നെ നോക്കുമ്പോൾ നിങ്ങൾക്ക് എന്ത് തോന്നുന്നു എന്നത് മാത്രമാണ് പ്രധാനം.
എന്നെ സംബന്ധിച്ചിടത്തോളം, കണ്ണാടിയിൽ എന്നെത്തന്നെ നോക്കിയപ്പോൾ എനിക്ക് അതിസുന്ദരിയായി തോന്നി. ഉള്ളിൽ നിന്ന് ഉദിച്ച്, ചുറ്റും പ്രഭ പരത്തുന്ന പോലൊരു സൗന്ദര്യം!
അതുകൊണ്ട്, നിങ്ങളിലെ ആ തിളക്കം കണ്ടെത്തൂ. മറ്റെവിടെയും അതിനായി തിരയേണ്ടതില്ല. അത് നിങ്ങൾക്ക് ഉള്ളിൽ തന്നെയുണ്ട്!
Actress Ahaana Krishna responded to criticism of her wedding look and hairstyle following her September 13 marriage to cinematographer Nimish Ravi. In an Instagram post, she said she felt most beautiful in her bridal look and would choose it again without changes. She encouraged brides to follow their personal preferences and reminded them that self-confidence matters more than others’ opinions.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |