
ഗാന രചയിതാവായി വെള്ളിത്തിരയിൽ എത്തി ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾക്ക് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി എന്ന അപൂർവതയും മങ്കൊമ്പ് ഗോപാലകൃഷ്ണൻ സ്വന്തമാക്കി
വയലാറും പി. ഭാസ്കരനും അരങ്ങുവാണ തട്ടകത്തിലേക്ക് ഒരുപിടി കവിതകളുമായാണ് മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ വരവ്. കുട്ടനാട്ടിലെ മങ്കൊമ്പിൽ ജനിച്ചു വളർന്ന ഗോപാലകൃഷ്ണൻ ചെറുപ്പംമുതൽ കവിത എഴുതുമായിരുന്നു. നാട്ടിൽ ഒരു പ്രസിദ്ധീകരണത്തിൽ ജോലിക്കിടെ ചെന്നൈയിൽ അന്വേഷണം മാസികയുടെ എഡിറ്ററാകാൻ വിളി വരുന്നു . സിനിമ സ്വപ്നവുമായി മദിരാശിയിൽ എത്തുമ്പോൾ വർഷം 1970. നാടക ഗാനങ്ങൾ എഴുതി എന്നതു മാത്രമാണ് പിൻബലം .1971ൽ പുറത്തിറങ്ങിയ വിമോചനസമരം സിനിമയിൽ ആദ്യമായി പാട്ടെഴുതിയാണ് ഗാന രചനരംഗത്തേക്ക് എത്തുന്നത്. വയലാർ, പി. ഭാസ്കരൻ, പി.എൻ. ദേവ് എന്നിവരോടൊപ്പം ആദ്യ ഗാനം എഴുതാൻ തനിക്ക് കഴിഞ്ഞത് എന്നും വിസ്മയത്തോടെയാണ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ കണ്ടത്.1974- ൽ റിലീസ് ചെയ്ത അയലത്തെ സുന്ദരി സിനിമയിലെ ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ എന്നാരംഭിക്കുന്ന ഗാനം സൂപ്പർ ഹിറ്റായി.പിന്നീട് മങ്കൊമ്പ് കാലം പിറന്നു.ആഷാഢമാസം ആത്മാവിൽ മോഹം, നാടൻപാട്ടിന്റെ മടിശീല കിലുങ്ങുമീ , കാളിദാസിന്റെ കാവ്യഭാവന , ഇളംമഞ്ഞിൻ കുളിരുമായി, പാലരുവീ നടുവിൽ, ഒരു പുന്നാരം, ഇവിടമാണീശ്വര സന്നിധാനം തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾക്ക് ജന്മം നൽകി.
200 ലേറെ മലയാള സിനിമകൾക്കായി എഴുന്നൂറിലേറെ ഗാനങ്ങൾ രചിച്ചു. പത്തിലേറെ സിനിമകൾക്ക് തിരക്കഥ എഴുതി. ആർ.ആർ.ആർ , ബാഹുബലി (രണ്ട് ഭാഗങ്ങൾ) , യാത്ര, ധീര, ഇൗച്ച, ആർ.ആർ.ആർ തുടങ്ങിനിരവധി ചിത്രങ്ങളുടെ മൊഴിമാറ്റ തിരക്കഥകളും അദ്ദേഹത്തിന്റേതായി.തൊണ്ണൂറുകളിൽ ചിരഞ്ജീവിയുടെ തെലുങ്ക് സിനിമകൾ മലയാളത്തിൽ മൊഴിമാറ്രം നടത്തി സമ്പന്നമാക്കിയപ്പോൾ മങ്കൊമ്പിന്റെ പാട്ടുകൾ വിജയ ഫോർമുലയിൽ മുഖ്യപങ്കുവഹിച്ചു . കഥാകൃത്ത്, തിരക്കഥാകൃത്ത്, സംഭാഷണ രചയിതാവ് എന്നീ നിലകളിലും ശ്രദ്ധേയനായി. എം.എസ്. വിശ്വനാഥൻ, ദേവരാജൻ, എം.കെ. അർജുനൻ, രവീന്ദ്രജെയിൻ, ബോംബെ രവി, കെ.വി. മഹാദേവൻ, ബാബുരാജ്, ഇളയരാജ, എ.ആർ. റഹ്മാൻ, കീരവാണി ഹാരിസ് ജയരാജ്, യുവൻ ശങ്കർരാജ് തുടങ്ങിപ്രശസ്ത സംഗീത സംവിധായകർക്കൊപ്പമെല്ലാം പ്രവർത്തിച്ചു.തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ബംഗാളി ഭാഷകളിൽ നിന്ന് സിനിമാഗാനങ്ങൾ മൊഴിമാറ്റി.
സംവിധായകൻ ഹരിഹരനു വേണ്ടിയാണ് മാങ്കൊമ്പ് ഗോപാലകൃഷ്ണൻ ഏറ്റവും കൂടുതൽ ഗാനങ്ങൾ രചിച്ചത്. മങ്കൊമ്പിന്റെ വരികൾക്ക് ഏറ്റവും കൂടുതൽ ഇൗണം പകർന്നത് എം.എസ്. വിശ്വനാഥനും.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾക്ക് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത് മങ്കൊമ്പ് ഗോപാലകൃഷ്ണനാണ്.
എഴുപതുകളിൽ ചലച്ചിത്ര ഗാനരംഗത്ത് എത്തിയ മങ്കൊമ്പ് ഗോപാലകൃഷ്ണൻ എല്ലാ കാലത്തും ഹിറ്റുകൾ തീർത്തു. ബാഹുബലിയിലെ പാട്ടിലൂടെ പുതുതലമുറയ്ക്ക് പരിചിതനായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |