
പൃഥ്വിരാജ് ഒടിയാൻ ആകാൻ ഒരുങ്ങുന്നു. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഒടിയൻ ആകുന്നതെന്നാണ് വിവരം. മഞ്ജു വാര്യർ ആണ് മറ്റൊരു പ്രധാന താരം. ഭൂതകാലം, ഭ്രമയുഗം, ഡീയസ് ഈറെ എന്നീ ഹൊറർ ചിത്രങ്ങൾ ഒരുക്കിയ രാഹുൽ സദാശിവനൊപ്പം പൃഥ്വിരാജും മഞ്ജുവാര്യരും ഒരുമിക്കുന്നതിനാൽ പ്രതീക്ഷകൾ ഏറെയാണ്. ഭ്രമയുഗം, ഡീയസ് ഈറെ എന്നീ ചിത്രങ്ങളുടെ നിർമ്മാതാക്കളായ നൈറ്റ് ഷിഫ്ട് സ്റ്റുഡിയോസായിരിക്കും നിർമ്മാണം എന്നറിയുന്നു. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകും എന്നാണ് സൂചന.
വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫ പൂർത്തിയാക്കിയശേഷം രാഹുൽ സദാശിവൻ ചിത്രത്തിൽ പൃഥ്വിരാജ് ജോയിൻ ചെയ്യും. ആനന്ദ് മേനൻ സംവിധാനം ചെയ്യുന്ന ഹാപ്പിലൂപ്പിൽ അഭിനയിക്കുകയാണ് മഞ്ജുവാര്യർ. വിപിൻദാസ് രചനയും സംവിധാനവും നിർവഹിക്കുന്ന സന്തോഷ് ട്രോഫിയിൽ നിന്ന് പൃഥ്വിരാജ് പിൻമാറിയിരിക്കുകയാണ്. ഈ ചിത്രത്തിന്റെ നിർമ്മാണത്തിൽ നിന്ന് പൃഥ്വിരാജ് പ്രൊഡക്ഷൻസും പിൻമാറി. ജോമോൻ ജ്യോതിർ ആണ് സന്തോഷ് ട്രോഫിയിൽ പൃഥ്വിരാജിന് പകരക്കാരനായി എത്തുന്നത്. അതേസമയം ഓണം റിലീസായി ആഗസ്റ്റ് 20ന് തിയേറ്ററിൽ എത്തുന്ന ഖലീഫയിൽ മോഹൻലാൽ അതിഥിവേഷത്തിൽ എത്തുന്നു. സ്വർണക്കള്ളക്കടത്തുകാരൻ മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തുന്ന ചിത്രത്തിൽ സ്റ്റൈലിഷ് ലുക്കിൽ ആണ് താരം . കോഴിക്കോട് ചിത്രീകരണം പുരോഗമിക്കുന്ന ഖലീഫയുടെ രചന ജിനു എബ്രഹാം നിർവഹിക്കുന്നു.എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന വാരാണസിയും പൃഥ്വിരാജിന് പൂർത്തിയാക്കാനുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |