
ലോ ആന്റ് ഓർഡറിൽ അതിഥി താരമായി മമ്മൂട്ടി, ഹൈവാനിൽ മോഹൻലാൽ
ഓണം റിലീസിനെ വെല്ലുന്ന സൂപ്പർ റിലീസിന് സെപ്തംബർ ഒരുങ്ങി. ദുൽഖർ സൽമാൻ നായകനായി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഐ ആം ഗെയിം ആണ് മേജർ റിലീസ്. സെപ്തംബർ 3ന് ചിത്രം റിലീസ് ചെയ്യും. ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന ഐ ആം ഗെയിമിൽ ഡാൻ ജോൺ എന്ന സ്റ്റൈലിഷ് കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. ആന്റണി വർഗീസ്, മിഷ്‌കിൻ, കയാദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ, വിനയ് ഫോർട്ട് തുടങ്ങി നീണ്ട താരനിരയുണ്ട്.
രഞ്ജിത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ലോ ആന്റ് ഓർഡർ സെപ്തംബർ 4ന് റിലീസ് ചെയ്യും. പൊലീസ് സ്റ്റോറിയായിഎത്തുന്ന ചിത്രത്തിൽ പ്രകാശ് വർമ്മ, അഭിരാമി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത ബ്ളാക്ക് സിനിമയിൽ അവതരിപ്പിച്ച കാരിക്കാമുറി ഷൺമുഖനായി മമ്മൂട്ടി കാമിയോയായി എത്തുന്നു. ഉർവശിയും ജോജുവും ആദ്യമായി ഒരുമിക്കുന്ന ആശ സെപ്തംബർ 4ന് റിലീസിന് ഒരുങ്ങുന്നു. ഇൗ ചിത്രത്തിന്റെ റിലീസ് ചിലപ്പോൾ മാറിയേക്കും. നവാഗതനായ സഫർ സനൽ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ തുടങ്ങി നീണ്ട താരനിരയുണ്ട്.
അക്ഷയ് കുമാർ, സെയ്ഫ് അലി ഖാൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഹൈവാൻ സെപ്തംബർ 11ന് റിലീസ് ചെയ്യും. മോഹൻലാൽ നായകനായി പ്രിയദർശൻ ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രം ഒപ്പത്തിന്റെ ഹിന്ദി റീമേക്കാണിത്. മോഹൻലാൽ അതിഥിതാരമായി പ്രത്യക്ഷപ്പെടുന്നു. പാർവതി തിരുവോത്ത് ആദ്യമായി പൊലീസ് വേഷത്തിൽ എത്തുന്ന പ്രഥമ ദൃഷ്ടാ കുറ്റക്കാർ സെപ്തംബർ 11ന് പ്രദർശനത്തിന് എത്തും.
ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രം ഇൻവെസ്റ്റിഗേറ്റീവ് ജോണർ ആണ്. ഫഹദ് ഫാസിൽ നായകനായി നവാഗതനായ ശശാങ്ക് യെലോട്ടി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ഡോണ്ട് ട്രബിൾ ദ ട്രബിൾ സെപ്തംബർ 11ന് റിലീസ് ചെയ്യും. പൃഥ്വിരാജും കരീന കപൂറും ആദ്യമായി ഒന്നിക്കുന്ന ബോളിവുഡ് ചിത്രം ദായ്റ സെപ്തംബർ 18ന് റിലീസ് ചെയ്യും. പൃഥ്വിരാജ് പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രം മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്നു. യഥാർത്ഥ സംഭവങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ത്രില്ലർ ചിത്രം ആണ് ദായ്റ.
സംഗീത് പ്രതാപും ഷറഫുദ്ദീനും ഒന്നിക്കുന്ന ഇറ്റ്സ് എ മെഡിക്കൽ മിറാക്കിളും സെപ്തംബർ 18ന് റിലീസ് ചെയ്യും. കോമയിൽ നിന്ന് ഉണർന്നെഴുന്നേൽക്കുന്ന സംഗീത് പ്രതാപ് കഥാപാത്രത്തിന് സൂപ്പർ ഹിയറിംഗ് ശക്തി കിട്ടുന്നതാണ് പ്രമേയം. അഖില ഭാർഗവൻ ആണ് നായിക. ഡോക്ടർ പോൾസ് എന്റർടെയ്ൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നീ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, സുജിത് ജെ. നായർ എന്നിവർ ചേർന്നാണ് നിർമ്മാണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |