
സൂപ്പർ ഹിറ്റായ ഗരുഡനുശേഷം സുരേഷ് ഗോപിയും ലിസ്റ്റിൻ സ്റ്റീഫനും ഒരുമിക്കുന്നു. ചിത്രീകരണം നവംബറിൽ ആരംഭിക്കും. നവാഗതനായ രാജേഷ് ഭാസ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്നു. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ഷാരിസ് മുഹമ്മദ് തിരക്കഥയൊരുക്കിയ 'പ്രിൻസ് ആൻഡ് ഫാമിലിയുടെ ചീഫ് അസോസിയേറ്റ് ഡയറക്ടർ ആണ് രാജേഷ് ഭാസ്കർ.ഒാണം റിലീസായി പ്ലാൻ ചെയ്യുന്ന ചിത്രത്തിൽ വൻതാരനിരയുണ്ട്.മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ബോക്സ് ഓഫീസ് ഹിറ്റായി മാറിയ ജനഗണമനയുടെ തിരക്കഥയും ഷാരിസ് മുഹമ്മദ് ആണ്. ഒറ്റക്കൊമ്പനുശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.
നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ അവസാനഘട്ട ചിത്രീകരണത്തിലാണ്. സുരേഷ് ഗോപിയുടെ 250-ാമത് ചിത്രമായ ഒറ്റക്കൊമ്പനിൽ തെന്നിന്ത്യൻ താരം അഭിനയ ആണ് നായിക. മീനച്ചിൽ താലൂക്കിലെ പാലായെയും പരിസര പ്രദേശങ്ങളെയും ഒരുകാലത്ത് തന്റെ കൈപ്പിടിയിൽ ഒതുക്കിയ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന യഥാർത്ഥ കഥാപാത്രത്തിന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒറ്റക്കൊമ്പൻ ഒരുങ്ങുന്നത്.
ക്ളീൻ ഫാമിലി ആക്ഷൻ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ ഇന്ദ്രജിത്ത്, കബീർ ദുഹാൻസിംഗ്, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആന്റണി, ബിജുപപ്പൻ, മേഘ്നരാജ്, സുചിത്ര നായർ എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. ഷിബിൻ ഫ്രാൻസിസ് ആണ് രചന. ഷാജികുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം: ഹർഷവർദ്ധൻ രാമേശ്വർ, എഡിറ്റിംഗ്: വിവേക് ഹർഷൻ, ഗാനങ്ങൾ: വയലാർ ശരത്ചന്ദ്രവർമ്മ, കലാ സംവിധാനം: ഗോകുൽദാസ്, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ: സിദ്ധു പനയ്ക്കൽ, ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമ്മാണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |