മുംബയ്: ബോളിവുഡ് നടൻ കാർത്തിക് ആര്യന് ഷൂട്ടിംഗിനിടെ പരിക്ക്. കാൽമുട്ടിന് പരിക്കേറ്റ നടനെ മുംബയിലെ മഹിമ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കിയതായാണ് വിവരം. സംവിധായകൻ കബീർ ഖാന്റെ പുതിയ ചിത്രത്തിനായി ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. 2024ൽ പുറത്തിറങ്ങിയ സ്‌പോർട്‌സ് ഡ്രാമയായ ചന്ദു ചാമ്പ്യൻ എന്ന ചിത്രത്തിന് ശേഷം കാർത്തിക് ആര്യനും കബീർ ഖാനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.
72-ാമത് ദേശീയ ചലച്ചിത്രപുരസ്‌കാരത്തിൽ മികച്ച നടനുള്ള പുരസ്‌കാരം കാർത്തിക് ആര്യന് ലഭിച്ചിരുന്നു. ചന്ദു ചാമ്പ്യൻ എന്ന ചിത്രത്തിൽ പാരാലിമ്പിക് സ്വർണ മെഡൽ ജേതാവ് മുരളികാന്ത് പേട്‌കറെ അവതരിപ്പിച്ച പ്രകടനത്തിനാണ് പുരസ്‌കാരം ലഭിച്ചത്. മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിക്കൊപ്പമാണ് കാർത്തിക് മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടത്.
പ്യാർ കാ പഞ്ച്നാമ ഫ്രാഞ്ചൈസി, സോനു കേ ടിറ്റു കി സ്വീറ്റി, ഭൂൽ ഭുലയ്യ 2, ഭൂൽ ഭുലയ്യ 3 തുടങ്ങിയ ചിത്രങ്ങളിലൂടെയും കാർത്തിക് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഷിമിത് അമീൻ സംവിധാനം ചെയ്യുന്ന ക്യാപ്‌റ്റൻ ഇന്ത്യ എന്ന ചിത്രത്തിൽ അഭിനയിക്കാനിരിക്കെയാണ് അപകടമുണ്ടായിരിക്കുന്നത്. പാർവതി തിരുവോത്തും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |