
പുതുവർഷത്തിൽ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ആദ്യ റിലീസ് ജനുവരിയിൽ. മമ്മൂട്ടി നായകനായി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്സ്, മോഹൻലാൽ നായകനായി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന തുടരും എന്നിവയാണ് മെഗാതാരങ്ങളുടെ ചിത്രങ്ങൾ.
ഡൊമിനിക് എന്ന കുറ്റാന്വേഷകനായി സ്റ്റൈലിംഗ് ലുക്കിൽ മമ്മൂട്ടി എത്തുമ്പോൾ തുടരും സിനിമയിൽ ഷൺമുഖം എന്ന സാധാരണക്കാരനായ ടാക്സി ഡ്രൈവറാണ് മോഹൻലാൽ. ഡേവിഡ് ആൻഡ് ദ ലേഡീസ് പഴ്സ് 23ന് തിയേറ്ററിൽ എത്തും.
ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ് ചിത്രം കേരളത്തിൽ വിതരണം ചെയ്യും. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രത്തിൽ ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സുഷ്മിത ഭട്ട് എന്നിവരാണ് മറ്റു താരങ്ങൾ. ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് രചന.
തമിഴിൽ വമ്പൻ ആക്ഷൻ ചിത്രങ്ങളും പ്രണയ ചിത്രങ്ങളും ഒരുക്കിയ ഗൗതം വാസുദേവ് മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള ചിത്രം കോമഡി ത്രില്ലർ ഗണത്തിൽപ്പെടുന്നു.
സൻമനസുള്ളവർക്ക് സമാധാനം, വരവേൽപ്പ് തുടങ്ങിയ സിനിമകളിൽ കണ്ട മോഹൻലാലിനെ വീണ്ടും പ്രേക്ഷകർക്ക് കാട്ടിക്കൊടുക്കുകയാണ് തരുൺമൂർത്തി. 15 വർഷത്തിനുശേഷം മോഹൻലാലും ശോഭനയും ഒരുമിച്ച് എത്തുന്ന തുടരും ജനുവരി 30ന് റിലീസ് ചെയ്യും.
ബിനുപപ്പു, ഫർഹാൻ ഫാസിൽ, മണിയൻ പിള്ള രാജു, ഇർഷാദ്, ആർഷ ചാന്ദിനി ബൈജു എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. കഥ കെ.ആർ. സുനിൽ. തരുൺ മൂർത്തിയും കെ.ആർ. സുനിലും ചേർന്നാണ് തിരക്കഥ.
രജപുത്ര വിഷ്വൽസ് മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് നിർമ്മാണം. ഛായാഗ്രഹണം ഷാജി കുമാർ, സംഗീതം ജക്സ് ബിജോയ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |