
മേജർ ചിത്രങ്ങളുടെ റിലീസ് മാറുന്നു. മോഹൻലാൽ നായകനായി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന തുടരും ഫെബ്രുവരി 14 ലേക്ക് റിലീസ് മാറ്റി. ജനുവരി 30ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനം. ഫെബ്രുവരി 6ന് റിലീസ് നിശ്ചയിച്ച പൊൻമാൻ ജനുവരി 30ന് റിലീസ് ചെയ്യും.
കലാസംവിധായകൻ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന പൊൻമാനിൽ ബേസിൽ ജോസഫ് ആണ് നായകൻ. മമ്മൂട്ടി നായകനായി ഡിനു ഡെന്നിസ് രചനയും സംവിധാനവും നിർവഹിക്കുന്ന ബസൂക്ക ഫെബ്രുവരി 14ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്. മമ്മൂട്ടി മോഹൻലാൽ ചിത്രങ്ങൾ ഒരേ ദിവസം റിലീസ് ചെയ്യേണ്ടെന്ന തീരുമാനത്തിലാണ് നിർമ്മാതാക്കൾ. ഈ സാഹചര്യത്തിൽ ബസൂക്ക വിഷു റിലീസായി എത്തിയേക്കും. ബസൂക്കയുടെ റിലീസ് മാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഫെബ്രുവരി 14ന് പൈങ്കിളി, ബ്രോമാൻസ്, ദാവീദ് എന്നീ ചിത്രങ്ങൾ റിലീസ് ചെയ്യും.
നവാഗതനായ ശ്രീജിത് സംവിധാനം ചെയ്യുന്ന പൈങ്കിളിയിൽ സജിൻ ഗോപുവും അനശ്വര രാജനുമാണ് നായകനും നായികയും. ആവേശം സിനിമയിൽ അമ്പാൻ എന്ന കഥാപാത്രമായി എത്തി തിളങ്ങിയ സജിൻഗോപു ആദ്യമായാണ് നായകവേഷത്തിൽ. രോമാഞ്ചം, ആവേശം, എന്ന് ചിത്രങ്ങളുടെ സംവിധായകനും തിരക്കഥാകൃത്തുമായ ജിതു മാധവൻ ആണ് പൈങ്കിളിയുടെ രചന. ജോ ആൻഡ് ജോ, 18+ എന്നീ ചിത്രങ്ങൾക്കുശേഷം അരുൺ ഡി. ജോസ് സംവിധാനം ചെയ്യുന്ന ബ്രോമാൻസ് യുവതാരങ്ങളുടെ നീണ്ട നിരയിലാണ്. അർജുൻ അശോകൻ, മാത്യു തോമസ്, സംഗീത് പ്രതാപ്, മോഹൻ, മഹിമ നമ്പ്യാർ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ദാവീദ് എന്ന ചിത്രത്തിൽ ആന്റണി വർഗീസും ലിജോ മോളും നായകനും നായികയുമായി എത്തുന്നു. പൂർണമായി ആക്ഷൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ആഷിഖ് അബു എന്ന ബോക്സറുടെ വേഷമാണ് ആന്റണി വർഗീസ് അവതരിപ്പിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |