
ഫഹദ് ഫാസിൽ നായകനായി നവാഗതനായ റോയ് സംവിധാനം ചെയ്യുന്ന കരാട്ടെ ചന്ദ്രൻ നാളെ കോട്ടയത്ത് ചിത്രീകരണം ആരംഭിക്കും. ബാബു ആന്റണിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. കരാട്ടെ മാഷിന്റെ വേഷമാണ് ബാബു ആന്റണിക്ക് എന്നറിയുന്നു. ഓടും കുതിര ചാടും കുതിരയ്ക്കുശേഷം ഫഹദ് ഫാസിൽ ചിത്രത്തിന്റെ ഭാഗമായി ബാബു ആന്റണി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.
സുരേഷ് കൃഷ്ണ ആണ് മറ്റൊരു താരം. ബ്ളോക് ബസ്റ്ററായ ബെത് ലഹേം കുടുംബ യൂണിനുശേഷം മികച്ച അഭിനയയാത്രയിലാണ് സുരേഷ് കൃഷ്ണ. ദിലീഷ് പോത്തന്റെ ശിഷ്യനായി പ്രവർത്തിച്ച അനുഭവ സമ്പത്തുമായാണ് റോയ് ആദ്യ ചിത്രം ഒരുക്കുന്നത്. ബെത്ലഹേം കുടുംബ യൂണിറ്റിനും റിലീസിന് ഒരുങ്ങുന്ന പിക്നിക്കിനുശേഷം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഫഹദ് ഫാസിൽ എന്നിവർ ചേർന്നാണ് നിർമ്മാണം.
എസ്. ഹരീഷും വിനോയ് തോമസും ചേർന്നാണ് തിരക്കഥ. ആവേശത്തിനുശേഷം ബ്ളോക് ബസ്റ്റർ ചിത്രങ്ങളൊന്നും ഫഹദിന്റെ കരിയറിൽ ഉണ്ടായിട്ടില്ല. തെലുങ്ക് ചിത്രമായ ഡോണ്ട് ട്രബിൾ ദ ട്രബിൾ ആണ് ഫഹദ് നായകനായി അവസാനം റിലീസ് ചെയ്ത ചിത്രം.കോമഡിയും ഫാന്റസിയും ചേർന്ന ഡോണ്ട് ട്രബിൾ ദ ട്രബിളിൽ ഫഹദിന്റെയും ബാലതാരം സാറ പാലേക്കറിന്റെയും പ്രകടനം ശ്രദ്ധ നേടി. ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ് ചിത്രം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |