SignIn
Kerala Kaumudi Online
Saturday, 30 May 2026 6.59 PM IST

തന്ത വൈബുമായി ടൊവിനോ

tovino

മുഹ്‌സിൻ പരാരി സംവിധാനം ചെയ്യുന്ന തന്ത വൈബ് ഹൈബ്രിഡ് എന്ന ചിത്രത്തിൽ ടൊവിനോ തോമസ് നായകൻ. നിങ്ങളുടെയുള്ളിലെ കുട്ടിക്ക് എത്ര വയസായി എന്ന ടാഗ് ലൈനിൽ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. ആഷിഖ് ഉസ്‌മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രത്തിന് ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്നു.

വിഷ്ണു വിജയ് സംഗീതം ഒരുക്കുന്നു. ചമൻ ചാക്കോ ആണ് എഡിറ്റർ. ഉണ്ണി മുകുന്ദൻ നായകനായി 2015 ൽ കെ.എൽ. 10 എന്ന സിനിമ സംവിധാനം ചെയ്താണ് മുഹ്സിൻ പരാരി രംഗപ്രവേശം നടത്തുന്നത്.പിന്നീട് സംവിധാന രംഗത്തുനിന്ന് മാറിനിന്ന മുഹ്സിൻ പരാരി സുഡാനി ഫ്രം നൈജീരിയ, വൈറസ് , ഹലാൽ ലൗ സ്റ്റോറി, തല്ലുമാല തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥ എഴുതി. നിരവധി സിനിമകളിൽ പാട്ടുകൾ എഴുതിയിട്ടുണ്ട്. നസ്രിയ - ബേസിൽ ചിത്രമായ സൂക്ഷ്മദർശിനിയിലെ ദുരൂഹമന്ദഹാസം ആണ് മുഹ്സിൻ എഴുതി പുറത്തിറങ്ങിയ അവസാന ഗാനം.

ടൊവിനോ തോമസ് നായകനായ തല്ലുമാല ആദ്യം മുഹ്സിൻ ആണ് സംവിധാനം ചെയ്യാനിരുന്നത്. ആഷിഖ് ഉസ്മാനുമായി ചേർന്ന് മുഹ്സിൻ അയൽവാസി എന്ന ചിത്രം നിർമ്മിച്ചിട്ടുണ്ട്. സൗബിൻ ഷാഹിൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം മുഹ്സിന്റെ സഹോദരൻ ഇർഷാദ് പരാരിയാണ് സംവിധാനം ചെയ്തത്. അതേസമയം അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട പൂർത്തിയാക്കിയ ‌ടൊവിനോ ഇനി പള്ളിച്ചട്ടമ്പിയിലാണ് അഭിനയിക്കുക. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കേരളത്തിന്റെ നവോത്ഥാന ചരിത്രം പറയാതെ വിട്ട ഒരു പ്രതിനായകന്റെ കഥയാണ് പറയുന്നത്. ദാദാസാഹിബ്, ശിക്കാർ, നടൻ, കനൽ തുടങ്ങിയ ചിത്രങ്ങൾ രചിച്ച എസ് . സുരേഷ് ബാബു ആണ് തിരക്കഥ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY