SignIn
Kerala Kaumudi Online
Friday, 23 October 2026 5.06 AM IST

പുതിയ സംവിധായകർക്കൊപ്പം വീണ്ടും മമ്മൂട്ടി

mammotty

യുവ സംവിധായകരുടെ സിനിമയിലേക്ക് വീണ്ടും മമ്മൂട്ടി. ബേസിൽ ജോസഫ് നായകനായി മികച്ച അഭിപ്രായം നേടിയ ഫാലിമി ഒരുക്കിയ നിതീഷ് സഹദേവിന്റെ ചിത്രത്തിൽ മമ്മൂട്ടിയാണ് നായകൻ. ടിനു പാപ്പച്ചന്റെ സിനിമയിലും മമ്മൂട്ടി അഭിനയിക്കുന്നുണ്ട്. ടിനു പാപ്പച്ചൻ പറഞ്ഞ കഥ മമ്മൂട്ടിക്ക് ഇഷ്ടപ്പെട്ടിട്ടുണ്ട്. ടിനു പാപ്പച്ചന് ഉടൻ ഡേറ്റ് നൽകാനാണ് മമ്മൂട്ടി ഒരുങ്ങുന്നത്. ആക്ഷൻ ഗണത്തിൽപ്പെടുന്ന കഥയാണ് മമ്മൂട്ടി- ടിനു പാപ്പച്ചൻ ചിത്രത്തിന്റേത്. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം, ചാവേർ എന്നീ ചിത്രങ്ങൾക്കുശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഉടൻ ഉണ്ടാകുമെന്നാണ് വിവരം.ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്സ് ആണ് പുതുവർഷത്തിൽ മമ്മൂട്ടിയുടെ ആദ്യ റിലീസ്. തമിഴിൽ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ഗൗതം വാസുദേവ് മേനോൻ ആദ്യമായാണ് മലയാളത്തിൽ സിനിമ സംവിധാനം ചെയ്യുന്നത്. ഫെബ്രുവരി 14ന് റിലീസ് ചെയ്യുന്ന ബസൂക്ക ആണ് മമ്മൂട്ടിയുടെ അടുത്ത റിലീസ്. നവാഗതനായ ഡീനോ ഡെന്നിസ് ആണ് ബസൂക്കയുടെ രചനയും സംവിധാനവും. മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുകളിൽ ഒരാളായ കലൂർ ഡെന്നിസിന്റെ മകനാണ് ഡീനോ.

നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രമാണ് ബസൂക്കയ്ക്കുശേഷം മമ്മൂട്ടിയുടെ റിലീസ്. ദുൽഖർ സൽമാൻ നായകനായ കുറുപ്പ് എന്ന ചിത്രത്തിന്റെ കഥാകൃത്താണ് ജിതിൻ. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിക്കുന്നത്. മമ്മൂട്ടിയും മോഹൻലാലും കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി ആദ്യമാണ് . മലയാളത്തിൽ നവാഗത സംവിധായകരുടെ സിനിമകളിൽ ഏറ്റവും കൂടുതൽ അഭിനയിച്ച നടൻ മമ്മൂട്ടിയാണ്. ലാൽ ജോസ്, ബ്ളെസി, അമൽനീരദ്, അൻവർ റഷീദ്, ആഷിഖ് അബു,മാർട്ടിൻ പ്രക്കാട്ട്, ഹനീഫ് അദേനി, ജി. മാർത്താണ്ഡൻ തുടങ്ങിയവരുടെ ആദ്യ ചിത്രത്തിൽ മമ്മൂട്ടിയാണ് നായകനായി അഭിനയിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY